ഇബ്ലീസും മക്കളും ഒരു ദിവസം ഒരുമിച്ചുകൂടി. എന്നിട്ടവർ ഗൗരവമായ ചർച്ച തുടങ്ങി. "അയ്യൂബ് നബിയുടെ മനസ്സ് ചലിപ്പിക്കണം. ഒന്നു ബേജാറാക്കണം. അതിനെന്താ വഴി..?"
മിടുക്കന്മാരായ ചില ശൈത്വാന്മാർ ഇബ്ലീസിനോട് ചോദിച്ചു:
"ആദമിനെ സ്വർഗത്തിൽ നിന്ന് പുറത്തു ചാടിച്ച ആളല്ലേ നിങ്ങൾ? അയ്യൂബിനെ അങ്കലാപ്പിലാക്കാൻ നിങ്ങൾക്കെന്താ ഇത്ര പ്രയാസം? ആദമിന്റെ ഭാര്യയെ നിങ്ങൾ വശീകരിച്ചു. വിശ്വസിപ്പിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിപ്പിച്ചു. അവർ സ്വർഗത്തിൽ നിന്ന് പുറത്തായി. ഇവിടെയും ആ തന്ത്രം പ്രയോഗിച്ചുകൂടേ..?
ഇബ്ലീസ് നിരാശയോടെ മറുപടി പറഞ്ഞു: "എന്റെ മക്കളേ അയ്യൂബിന്റെ ഭാര്യ റഹ്മത്ത് ആരാണെന്നാ നിങ്ങളുടെ വിചാരം? യൂസുഫ് നബി (അ)ന്റെ മകന്റെ മകളാണ്. റഹ്മത്തിന്റെ സിരകളിൽ ഓടുന്നത് പ്രവാചക രക്തമാണ്. അവർ വഞ്ചനയിൽ വീഴില്ല. ആദമിനെക്കുറിച്ചും ഹവ്വായെക്കുറിച്ചും അവർ നന്നായി പഠിച്ചിട്ടുണ്ട്...
"അയ്യൂബിന്റെ ഏറ്റവും വിലപ്പെട്ട സമ്പത്ത് എന്താണ്?"
"ഒട്ടകങ്ങൾ. മുവ്വായിരം ഒട്ടകങ്ങൾ"
"മുവ്വായിരം ഒട്ടകങ്ങൾ നശിച്ചുപോയി എന്ന് കേട്ടാൽ അയ്യൂബ് ഞെട്ടില്ലേ?മനസ്സ് പതറില്ലേ?
മുവ്വായിരം ഒട്ടകങ്ങൾ കൈവിട്ടുപോയി എന്ന് കേട്ടാൽ ഏത് മനുഷ്യനും പതറിപ്പോകും ദുഃഖിക്കും അയ്യൂബ് നിമിഷ നേരത്തേക്ക് പതറിയാൽ നാം വിജയിക്കും." ആ പരിപാടി അംഗീകരിക്കപ്പെട്ടു. ഇനി അത് നടപ്പിൽ വരാൻ പോവുകയാണ്.
പരിസര നാടുകളിൽ കൊള്ളക്കാരും അക്രമികളുമുണ്ട്. അവരെ ഇബ്ലീസ് പ്രോത്സാഹിപ്പിച്ചു. പല കൊള്ളസംഘങ്ങൾ വന്നു. ഒട്ടകങ്ങളെ കട്ടുകൊണ്ടുപോയി. ബാക്കിയുള്ള ഒട്ടകങ്ങളെയും അവയുടെ സംരക്ഷകരായ സേവകന്മാരെയും കൊന്നുകളഞ്ഞു. വല്ലാത്തൊരു ഭീകര കാഴ്ച തന്നെ. വലിയ ഒട്ടകങ്ങൾ ചത്തു വീണു കിടക്കുന്നു. കൂടെ നൂറുകണക്കിൽ പരിചാരകരും...
ഒരു ഒട്ടകത്തെ മാറ്റിനിർത്തിയിരുന്നു. ഇബ്ലീസ് ഒരു പരിചാരകന്റെ വേഷത്തിൽ ആ ഒട്ടകപ്പുറത്ത് കയറി. നബിയുടെ വീട്ടിലേക്ക് സഞ്ചരിച്ചു. നിസ്കാര സമയമാണത്. നബി നിസ്കാരത്തിൽ പ്രവേശിച്ചു. അപ്പോൾ ഒട്ടകപ്പുറത്ത് ഒരാൾ കരഞ്ഞ് വിളിച്ചു കൊണ്ട് വരുന്നു. ആളുകൾ അത് കേൾക്കുന്നു. കാണുന്നു. അമ്പരക്കുന്നു...
"കേട്ടില്ലേ? വിവരമറിഞ്ഞില്ലേ? അയ്യൂബിന്റെ ഒരുപാട് ഒട്ടകങ്ങളെ കൊള്ളക്കാർ പിടിച്ചു കൊണ്ടുപോയി. ബാക്കിയുള്ളതിനെയെല്ലാം കൊന്നുകളഞ്ഞു. ഒട്ടകങ്ങളുടെ പരിചാരകന്മാരെ മുഴുവൻ കൊന്നുകളഞ്ഞു. ഇതെങ്ങനെ സഹിക്കും"
ഒട്ടകപ്പുറത്തിരിക്കുന്ന ആൾ ഉറക്കെ വിളിച്ചു പറഞ്ഞു കരയുന്നു...
കേട്ടവരൊക്കൊ ഞെട്ടിപ്പോയി. അമ്പരന്ന് നിൽക്കുകയാണ്.
"ഞാൻ വിവരം പറയാൻ ധൃതി പിടിച്ചു വരികയാണ് എവിടെ അയ്യൂബ്?" ഒട്ടകക്കാരൻ ബദ്ധപ്പാടോടെ ചോദിക്കുന്നു...
"നിസ്കാരത്തിലാണ്..."
നിസ്കാരം വേഗം നിർത്തിവരാൻ പറയൂ... ഞാനൊന്ന് സംസാരിക്കട്ടെ..!
"നിസ്കാരത്തിന് അതിന്റേതായ സമയമുണ്ട്. അത് കഴിഞ്ഞേ വരൂ..." ചിലർ പറഞ്ഞു.
"ഇതങ്ങനെ കാത്തുനിൽക്കാൻ പറ്റുന്ന കാര്യമല്ല. മുവ്വായിരം ഒട്ടകങ്ങളാണ് നഷ്ടപ്പെട്ടത്. പെട്ടെന്ന് എന്തെങ്കിലും ആലോചിച്ചു തീരുമാനമെടുക്കണം. നിസ്കാരം വേഗത്തിൽ തീരില്ലേ?" ഒട്ടകക്കാരൻ ധൃതി കൂട്ടി. അയാൾ പറയുന്നതാണ് ശരിയെന്ന് പലർക്കും തോന്നി...
"ഇതെന്തൊരു നിസ്കാരം?"
ആളുകൾ അക്ഷമയോടെ ചോദിക്കാൻ തുടങ്ങി. സമയമായപ്പോൾ നിസ്കാരം അവസാനിച്ചു. ഒട്ടകക്കാരൻ വെപ്രാളത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു. ആൾക്കൂട്ടം അക്ഷമയോടെ കേട്ടുനിൽക്കുന്നു...
"ഏതോ നാട്ടിൽ നിന്ന് ആക്രമികൾ വന്നു ഒരുപാട് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയി. ബാക്കിയുള്ള ഒട്ടകങ്ങളെയും കൊന്നുകളഞ്ഞു. പരിചാരകന്മാരെയും കൊന്നു. ഞാൻ ഒരു വിധത്തിൽ രക്ഷപ്പെട്ട് വരികയാണ്."
എല്ലാവരും നബിയുടെ മുഖത്തേക്ക് നോക്കുന്നു. അവിടെ ഭാവമാറ്റങ്ങൾ കാണാനില്ല. ശാന്തമായ മുഖം. ശാന്ത സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:
"ഒട്ടകങ്ങളെ തന്നവൻ അല്ലാഹുﷻവാണ്. അവയെ തിരിച്ചെടുത്തതും അവൻ തന്നെ. ഒട്ടകങ്ങളെ നൽകുകയും എന്നിട്ട് തിരിച്ചെടുക്കുകയും ചെയ്ത അല്ലാഹുﷻവിനാണ് സകല സ്തുതിയും."
ഒട്ടകപ്പരിചാരകനായി വന്ന ഇബ്ലീസിന്റെ മുഖം നിരാശകൊണ്ട് നിറഞ്ഞു. എന്തൊരു പ്രതീക്ഷയായിരുന്നു. എല്ലാം തകർന്നു പോയി. ഒരു നിമിഷ നേരത്തെ വെപ്രാളം പോലും ഉണ്ടാക്കാൻ തന്നെക്കൊണ്ടായില്ല. അയ്യൂബ് ചില്ലറക്കാരനൊന്നുമല്ല.
"പോ ... ശൈത്വാനേ...."
നബി അവനെ ആട്ടിപ്പുറത്താക്കി...
ബന്ധുക്കളും നാട്ടുകാരും അത്ഭുതത്തോടെ നബിയെ നോക്കി. ഇതെന്ത് പറ്റിപ്പോയി? മുവ്വായിരം ഒട്ടകങ്ങളല്ലേ നഷ്ടപ്പെട്ടത് എന്നിട്ടിവന് ഒരു ദുഃഖവുമില്ല. ഏത് മനുഷ്യനും നടുങ്ങിപ്പോവുന്ന സംഭവമാണിത്. കേട്ടവർക്കെല്ലാം ദുഃഖമുണ്ട്. ഉടമസ്ഥന് മാത്രം ഭാവമാറ്റമില്ല ഇതെന്ത് കഥ..?
അയ്യൂബ് നബി (അ)ൽ വിശ്വസിച്ചവർ പോലും ഇപ്പോൾ അങ്ങനെയാണ് ചിന്തിക്കുന്നത്...
ഇബ്ലീസ് ദുഃഖിതനും നിരാശനുമായി നാണംകെട്ട് മടങ്ങിപ്പോയി...