ബന്ധുക്കളും നാട്ടുകാരും അത്ഭുതത്തോടെ നബിയെ നോക്കി. ഇതെന്ത് പറ്റിപ്പോയി? മുവ്വായിരം ഒട്ടകങ്ങളല്ലേ നഷ്ടപ്പെട്ടത് എന്നിട്ടിവന് ഒരു ദുഃഖവുമില്ല. ഏത് മനുഷ്യനും നടുങ്ങിപ്പോവുന്ന സംഭവമാണിത്. കേട്ടവർക്കെല്ലാം ദുഃഖമുണ്ട്. ഉടമസ്ഥന് മാത്രം ഭാവമാറ്റമില്ല ഇതെന്ത് കഥ..?
അയ്യൂബ് നബി (അ)ൽ വിശ്വസിച്ചവർ പോലും ഇപ്പോൾ അങ്ങനെയാണ് ചിന്തിക്കുന്നത്. ഇബ്ലീസ് ദുഃഖിതനും നിരാശനുമായി നാണംകെട്ട് മടങ്ങിപ്പോയി. മാനക്കേടായി മടങ്ങിച്ചെന്നപ്പോൾ ശൈത്വാൻ കുട്ടികൾ കളിയാക്കി. ഒന്നുകൂടി ശ്രമിച്ചുനോക്കാൻ പ്രേരിപ്പിച്ചു. ഇബ്ലീസ് തോറ്റു പിൻമാറില്ല. പല തന്ത്രങ്ങളും പരീക്ഷിച്ചു നോക്കും...
ഒട്ടകങ്ങൾ പോയപ്പോൾ നബി പതറിയില്ല. കൃഷി നശിച്ചാലോ? പതറിപ്പോകും. കാരണം, കൃഷിയില്ലെങ്കിൽ ധാന്യമില്ല. ധാന്യമില്ലെങ്കിൽ ആഹാരവുമില്ല. ആഹാരമില്ലെങ്കിൽ വിശക്കും. വിശന്നാൽ മനസ്സ് ഇടറും. ദൈവ സ്മരണ മനസ്സിൽ നിന്ന് മാറി നിൽക്കും. ആ വഴിക്കാവട്ടെ ഇനിയത്തെ ശ്രമം. ഇബ്ലീസിന്റെ മനസ്സിൽ ആശയങ്ങൾ വിടർന്നുവരാൻ തുടങ്ങി...
ആദ്യം കാലികളെ മുഴുവൻ നശിപ്പിക്കുക. അയ്യൂബിന്റെ മനസ്സിൽ മാറ്റം വരുന്നുണ്ടോ എന്ന് നോക്കാം. ഇല്ലെങ്കിൽ കൃഷി നശിപ്പിക്കാം. ക്രൂരന്മാരായ ശൈത്വാന്മാർ ഇറങ്ങി കാലികളെ നശിപ്പിക്കാൻ. ഏഴായിരം ആടുകൾ. സാധുജീവികൾ ശൈത്വാൻമാർ ഘോര ശബ്ദമുണ്ടാക്കി. ആടുകൾ പേടിച്ചു വിറച്ചു. പിന്നെ ചത്തുവീണു. മുഴുവൻ ആടുകളും ചത്തുപോയി. ഇടയന്മാരും മരിച്ചു വീണു. കേട്ടവരെല്ലാം നടുങ്ങിപ്പോയി...
ആടുകൾ ചത്തു വീണുകിടക്കുന്നത് കാണാൻ നിരവധിയാളുകളെത്തി. ഇബ്ലീസ് ഇടയന്റെ വേഷത്തിൽ അവരുടെ മുമ്പിലുണ്ട്. ആരുടെയും മനസ്സിളക്കുന്ന വിധത്തിൽ അവൻ സംസാരിക്കുന്നു. എന്തൊരു വാചാലത. എല്ലാവരും ആ വാചാലതയിൽ കുടുങ്ങിക്കഴിഞ്ഞു. അവരെയെല്ലാം ഇബ്ലീസ് അയ്യൂബിന്റെ വിമർശകരാക്കി മാറ്റി...
ഇപ്പോൾ എല്ലാവരും നബിയെ ക്രൂരമായി വിമർശിക്കുകയാണ്. ദൈവം അയ്യൂബിനോട് കോപിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇത്രയും വലിയ നാശം സംഭവിച്ചത്. അവന്റെ നിസ്കാരംകൊണ്ടെന്ത് ഫലം? അത് ദൈവം അംഗീകരിച്ചിട്ടില്ല. എന്തോ പാപം ചെയ്തിട്ടുണ്ട്. ആ പാപം കാരണമാണ് ഇതൊക്കെ സംഭവിച്ചത്...
ഒരു നാട് മുഴുവൻ അയ്യൂബ് നബി(അ)നെ വിമർശിക്കുന്നു. ആശ്വാസവചനങ്ങളില്ല. വിമർശനങ്ങൾ. കുറ്റപ്പെടുത്തലുകൾ. ആക്ഷേപശരങ്ങൾ അവ മാത്രം. റഹ്മത്ത് എല്ലാം കേട്ട് സഹിക്കുകയാണ്. മക്കളും കേട്ട് സഹിക്കുന്നു. ക്ഷമ അതാണവർക്ക് കരണീയം. വല്ലാത്ത ക്ഷമയാണവർ മുറുകെപ്പിടിച്ചത്...
ശൈത്വാൻമാർ അറ്റ കൈ പ്രയോഗിക്കാൻ പോവുകയാണ്. കൃഷി കരിച്ചുകളയുക. ഒരു ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുക. ശൈത്വാൻമാർ രംഗത്തിറങ്ങിക്കഴിഞ്ഞു. വിളഞ്ഞു നിൽക്കുന്ന ഗോതമ്പുപാടങ്ങൾക്കു തീ പിടിച്ചു. തീ കത്തിപ്പടർന്നു. ഭീകരമായ കാഴ്ച തന്നെ. കണ്ടവരെല്ലാം പേടിച്ചുപോയി.. തീ നാലു ഭാഗത്തേക്കും പടരുകയാണ്. നിയന്ത്രിക്കാൻ ഒരു വഴിയുമില്ല. എന്തൊരു ചൂട്.. സഹിക്കാനാവുന്നില്ല...
അനേകം ഏക്കർ സ്ഥലത്ത് പടർന്നു കിടക്കുന്ന കൃഷിയാണ്. നോക്കെത്താ ദൂരത്തോളമുള്ള പാടങ്ങൾ. നാനാഭാഗത്തേക്കും തീ പടരുന്നു. ഗോതമ്പു ചെടികളും പുല്ലും കത്തിത്തീർന്ന വയലുകളും. തീ അണഞ്ഞുതുടങ്ങി. പുതിയ പ്രദേശങ്ങളിലേക്ക് തീ പടർന്നുപിടിക്കുന്നു. ചൂടുകാറ്റടിച്ചപ്പോൾ അഗ്നിയുടെ വേഗത കൂടി. എല്ലാം കത്തിയമർന്നു ചാമ്പലായി. എത്രയോ നാളത്തെ മനുഷ്യ പ്രയത്നം ഇതാ ചാമ്പലായിക്കിടക്കുന്നു...
ഇബ്ലീസ് വരുന്നു ഒരു കർഷകന്റെ വേഷത്തിൽ. വന്നപ്പോൾ നബിയെ കാണാനായില്ല. കാത്തിരുന്നു. നബി നിസ്കാരത്തിലാണ്. വീട്ടിലും പരിസരത്തും ആളുകൾ തിങ്ങിനിറഞ്ഞു. നാടിനെ നടുക്കിയ നഷ്ടമാണ് സംഭവിച്ചത്. അയ്യൂബിന്റെ മനസ്സ് ഇടറില്ലേ? പതറില്ലേ?
ഈ സന്ദർഭത്തിലും നിസ്കാരമോ? ഇതൊന്നു നിർത്തിക്കൂടേ? നഷ്ടങ്ങൾക്ക് കണക്കുണ്ടോ?എന്നിട്ടും ഇവനെന്താ ഒരു കുലുക്കവുമില്ലേ..?
ആളുകൾ മുറുമുറുപ്പു തുടങ്ങി. പ്രതിഷേധം ഉയർന്നു തുടങ്ങി. ശാപം പിടിച്ചവൻ. ഇവന്റെയൊരു ദൈവ സ്മരണ. ഇത് കപടനാണ്. വ്യാജൻ. ഈ കാണിക്കുന്നത് കപട ഭക്തിപ്രകടനമാണ്...
നിസ്കാരം കഴിഞ്ഞു നബി പുറത്തു വന്നു. ഇബ്ലീസ് കർഷകനായി മുമ്പിൽ നിൽക്കുന്നു. മുഖത്ത് ദയനീയ ഭാവം. ഒരു സങ്കടം പറയാനുണ്ട്. താങ്കളുടെ കൃഷിയെല്ലാം കത്തിപ്പോയി. എല്ലാം ചാമ്പലായി. ഒന്നും ബാക്കിയില്ല. ഈ ദുഃഖവാർത്ത അറിയിക്കാനാണ് ഞാൻ വന്നത്. താങ്കൾ വന്ന് അതൊന്ന് കാണണം...
നബി പറഞ്ഞത് ഇത്ര മാത്രം: "കൃഷി തന്നവൻ അല്ലാഹുﷻ. അത് തിരിച്ചെടുത്തതും അല്ലാഹുﷻ. കൃഷി തരികയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത അല്ലാഹുﷻവിനാണ് സർവ സ്തുതിയും."
കേട്ടുനിന്നവർക്ക് ആ വാക്കുകൾ ഉൾക്കൊള്ളാനായില്ല. അവർ പ്രതിഷേധം മുഴക്കി. പാപം ചെയ്തവനാണിവൻ. ഇത് പാപത്തിന്റെ ശിക്ഷയാണ്. ഇവന്റെ കൂടെ നിൽക്കാൻ പറ്റില്ല. ജനങ്ങൾ ശബ്ദമുയർത്തി സംസാരിക്കുന്നു...
അയ്യൂബ് (അ)ഇബ്ലീസിന്റെ മുഖത്തേക്ക് നോക്കി. രൂക്ഷ
മായ നോട്ടം. എന്നിട്ട് ആട്ടിവിട്ടു...
"പോ...ശൈത്വാനെ"
ഇബ്ലീസ് നിരാശനായി. ശൈത്വാന്മാരെല്ലാം നിരാശനായി. ഇങ്ങനെയുണ്ടോ ഒരാൾ? എല്ലാം നശിച്ചിട്ടും ദൈവ സ്മരണ തന്നെ. ആളുകൾ പിൻവാങ്ങി. അകന്നുനിന്ന് വിമർശിക്കുന്നു. എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ചു ആ പുണ്യസ്മരണയിൽ മുഴുകിപ്പോയി അയ്യൂബ് (അ)...