അന്ത്യപ്രവാചകനാണ് മുഹമ്മദ് മുസ്തഫ ﷺ. തൗഹീദിന്റെ സന്ദേശം പ്രചരിപ്പിക്കാൻ രംഗത്തെത്തി. ശത്രുക്കളിൽ നിന്ന് ക്രൂര മർദ്ധനങ്ങൾ ഏൽക്കേണ്ടിവന്നു. തൗഹീദിന്റെ ശത്രുക്കൾ ശക്തരായിരുന്നു. അവർ ശിർക്കിനെ സ്നേഹിച്ചു. തൗഹീദിനെ വെറുത്തു...
ആരാധനക്കർഹൻ അല്ലാഹു ﷻ മാത്രമാകുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനാകുന്നു. ഈ വചനം ഉച്ചരിച്ചവരെ തേടിപ്പിടിച്ചു മർദ്ദിച്ചു. കഷ്ടപ്പാടുകൾ നിറഞ്ഞ കാലം. എവിടെ ആശ്വാസം? അല്ലാഹു ﷻ ആശ്വസിപ്പിച്ചു. എങ്ങനെ..?
പൂർവികരായ പ്രവാചകന്മാർ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിച്ചുകൊണ്ട്. ദിവ്യസന്ദേശങ്ങൾ വഴി. നബി ﷺ തങ്ങൾക്ക് വിവരം കിട്ടി. പൂർവ പ്രവാചകരുടെ മഹത്തായ ചരിത്രം.
അങ്ങനെ ലഭിച്ചതാണ് അയ്യൂബ് നബി (അ) ന്റെ ചരിത്രം. മറ്റ് പല പ്രവാചകന്മാരെപ്പറ്റിയും വിവരം കിട്ടി...
തൗഹീദിന്റെ ശത്രുക്കൾ പീഡിപ്പിച്ച പതിനൊന്ന് പ്രവാചകരെപ്പറ്റി ഒരൊറ്റ വചനത്തിൽ പറയുന്നുണ്ട്. സൂറത്തുന്നിസാഇലാണ് ഈ വചനമുള്ളത്. വചനത്തിന്റെ ആശയം ഇങ്ങനെ:
"നൂഹ് നബിക്കും അദ്ദേഹത്തിന്റെ ശേഷമുള്ള നബിമാർക്കും നാം സന്ദേശം നൽകിയതുപോലെ നിശ്ചയമായും നാം താങ്കൾക്കും സന്ദേശം നൽകിയിരിക്കുന്നു. ഇബ്രാഹിം, ഇസ്ഹാഖ്, യഹ്ഖൂബ്, അദ്ദേഹത്തിന്റെ സന്താനങ്ങൾ, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂൻ, സുലൈമാൻ എന്നീ നബിമാർക്കും നാം സന്ദേശം നൽകിയിട്ടുണ്ട്. ദാവൂദ് നബിക്ക് നാം സബൂർ നൽകുകയും ചെയ്തു" (4:163)
ഇവിടെ എടുത്ത് പറഞ്ഞ പ്രവാചകന്മാരുടെ കൂട്ടത്തിൽ നാം അയ്യൂബ് (അ)നെയും കാണുന്നുണ്ട്. ശത്രുക്കൾ പീഡിപ്പിച്ച പ്രവാചകന്മാർ നിരവധിയുണ്ട്. എല്ലാവരെക്കുറിച്ചും പറഞ്ഞിട്ടില്ല. പ്രവാചകന്മാരിൽ ചിലരെക്കുറിച്ചു താങ്കളോട് പറഞ്ഞു. ചിലരെക്കുറിച്ച് പറഞ്ഞില്ല.
ഇങ്ങനെയാണ് അല്ലാഹു ﷻ അറിയിച്ചത്...
മൂസാ നബി (അ) നോട് നേരിട്ട് സംസാരിച്ച കാര്യം എടുത്തു പറയുന്നുമുണ്ട്. ഈ വചനം കാണുക : "താങ്കൾക്ക് ഇതിന് മുമ്പ് (ഖുർആൻ മുഖേന) വിവരിച്ചുതന്ന ദൂതന്മാരെയും, താങ്കൾക്ക് വിവരിച്ചു തന്നിട്ടില്ലാത്ത ചില ദൂതന്മാരെയും (നാം അയച്ചിട്ടുണ്ട്). മൂസാ നബിയോട് അല്ലാഹുﷻ നേരിട്ട് സംസാരിച്ചിട്ടുമുണ്ട്." (4:164)
നബി ﷺ തങ്ങളിൽ നിന്ന് സ്വഹാബികൾ ഈ വചനം കേട്ടു. പഠിച്ചു നബിമാരുടെ ചരിത്രം പഠിച്ചു. അയ്യൂബ് നബി (അ)ന്റെ ചരിത്രം അവരെ ആശ്ചര്യഭരിതരാക്കി. ഏതെല്ലാം രീതിയിലുള്ള പരീക്ഷണങ്ങൾ. പ്രവാചകന്മാരുടെ മൊത്തത്തിലുള്ള അവസ്ഥ മനസ്സിലാക്കാൻ സ്വഹാബികൾക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാവരും തൗഹീദ് പ്രബോധനം ചെയ്തു. ശിർക്കിന്റെ ശക്തികൾ ശക്തമായി എതിർത്തു...
പ്രവാചകന്മാർ അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കുവാൻ ജനങ്ങളോട് പറഞ്ഞു. അല്ലാഹുﷻവിന്റെ ആജ്ഞകൾ അനുസരിച്ചാൽ വമ്പിച്ച പ്രതിഫലം ലഭിക്കുമെന്ന സന്തോഷവാർത്ത അറിയിച്ചു. അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിക്കാതെ ധിക്കാരികളായി ജീവിച്ചാൽ വമ്പിച്ച ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പും നൽകി. പ്രവാചകന്മാർ സന്തോഷവാർത്ത അറിയിക്കുന്നവരായി. മുന്നറിയിപ്പുകാരുമായി...
പ്രവാചകന്മാർ സന്തോഷവാർത്ത നൽകി ജനങ്ങളെ സന്മാർഗത്തിലേക്കു വരാൻ പ്രേരിപ്പിച്ചു. ദുർമാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി നിരന്തരം മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. പരലോകത്ത് മനുഷ്യരെല്ലാം ഒരുമിച്ചു ചേർക്കപ്പെടും. വിചാരണ നടക്കും. മനുഷ്യർ കാര്യങ്ങൾ അവിടെവെച്ചു നിഷേധിക്കരുത്. അതിന് വേണ്ടിയാണ് ഇത്രയേറെ നബിമാരെ അയച്ചത്...