Saturday - 13 June, 2026 26-Dhu al-Hijjah-1447

ആശ്വാസ വചനങ്ങൾ (1)

   മനുഷ്യനും പിശാചും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്താണ് ? മനുഷ്യന്ന് പിശാചിനെ കാണാൻ കഴിയില്ല. പിശാച് മനുഷ്യനെ കാണുന്നു. പിശാച് ഏത് വഴിക്കുവരണം മനുഷ്യന്ന് അത് മനസ്സിലാക്കാൻ കഴിയില്ല. ഓരോ മനുഷ്യന്റെയും ദൗർബല്യങ്ങൾ പിശാചിന്നറിയാം. അത് ഉപയോഗിച്ച് മനുഷ്യനെ ചതിയിൽ ചാടിക്കും...


പിശാച് മനുഷ്യന്റെ ശരീരത്തിൽ പ്രവേശിക്കും. രക്തം സഞ്ചരിക്കുന്ന സ്ഥലത്തെല്ലാം സഞ്ചരിക്കും. ഓരോ അവയവത്തെക്കൊണ്ടും തെറ്റ് ചെയ്യിക്കും. കാണാൻ പാടില്ലാത്തത് കണ്ണ് കാണും. കേൾക്കാൻ പാടില്ലാത്തത് ചെവി കേൾക്കും. കൈകാലുകൾ ചെയ്യാൻ പാടില്ലാത്തത് ചെയ്യും. മനസ്സ് അരുതാത്തത് ചിന്തിക്കും. പറയാൻ പാടില്ലാത്തത് നാവ് പറയും. വിലക്കപ്പെട്ട ഭക്ഷണം വായിലൂടെ കഴിക്കും. അത് വയറ്റിലെത്തും. അതിൽ നിന്നുണ്ടാവുന്ന എന്തും വിലക്കപ്പെട്ടതാണ്. എല്ലാം പിശാച് ഭംഗിയാക്കി കാണിക്കാം. തെറ്റിലൂടെ ശരീരം നീങ്ങുമ്പോൾ റൂഹ് മലിനപ്പെടും. ഓരോ അവയവത്തിൽ നിന്നും പിശാചിനെ ഓടിക്കണം. പകരം തൗഹീദ് വരണം. മനസ്സിലും ശരീരത്തിലും തൗഹീദ് പടരണം ...


ആദം (അ) ന്റെ റൂഹിലും ശരീരത്തിലുമെല്ലാം തൗഹീദാണ്. അതിന്റെ ഉഗ്രശക്തികൊണ്ട് ഇബ്ലീസ് ആദം (അ) നെ സമീപിക്കാൻ കഴിയുന്നില്ല. ആദം സന്തതികളുടെ ഈമാനിനെ ദുർബ്ബലമാക്കാനാണ് ഇബ്ലീസ് ശ്രമിച്ചത്. അവരെ തൗഹീദിൽ നിന്നകറ്റുക. ശിർക്കിലേക്ക് അടുപ്പിക്കുക ശൈത്വാൻമാരുടെ പ്രവർത്തന ശൈലിയാണിത്. മനുഷ്യമനസ്സിൽ എപ്പോഴും നിറഞ്ഞ് നിൽക്കേണ്ടത് തൗഹീദാണ്. ഖൽബിന്റെ തുടിപ്പും ശ്വാസഗതിയും അതിനൊപ്പമായിരിക്കണം. ഒരു മനുഷ്യൻ ആ രീതിയിൽ ജീവിച്ചാൽ ശൈത്വാന് അവനെ സമീപിക്കാൻ കഴിയില്ല. ഈ അവസ്ഥ തകിടം മറിക്കാൻ ശൈത്വൻ ശ്രമിക്കും ...


ശൈത്വാൻ ശരീരേച്ഛകളെ ഇളക്കിവിടും. അതിനെ നേരിടണം ഇച്ഛകളുമായി യുദ്ധം ചെയ്യണം. ഇച്ഛകളെ പരാജയപ്പെടുത്തണം. ഇച്ഛകളെ പരാജയപ്പെടുത്താനും പിശാചിനെ ആട്ടിയകറ്റാനും നബിമാർ തങ്ങളുടെ അനുയായികളെ സഹായിച്ചു. നബിമാരുടെ കാലഘട്ടം കഴിഞ്ഞു അതിന്നുശേഷം ഔലിയാക്കന്മാരാണ് ഇക്കാര്യത്തിൽ ജനങ്ങളെ സഹായിച്ചുവരുന്നത് ...


സ്വാലിഹായ ഒരു മനുഷ്യന്റെ സഹായം കിട്ടണം. യോഗ്യനായ ശൈഖിന്റെ തർബിയത്ത്. അപ്പോൾ ശൈത്വാനെ അകറ്റാം. ഈമാൻ ശക്തിപ്പെടുത്താം. ശൈത്വാൻ മനുഷ്യനെ പേടിക്കുന്ന നിലവരും ...


സൂറത്ത് അഹ്റാഫിലെ വചനം നോക്കാം. 

"ആദമിന്റെ സന്തതികളേ, ശൈത്വാൻ നിങ്ങളുടെ മാതാപിതാക്കളെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയത് പോലെ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവർ ഇരുവരുടെയും വസ്ത്രം അവൻ ഉരിഞ്ഞ് കളഞ്ഞു അവരുടെ നഗ്നത കാണിക്കുവാൻ വേണ്ടി. തീർച്ചയായും അവനും അവന്റെ ഗോത്രക്കാരും നിങ്ങളെ കാണുന്നു. നിങ്ങളവരെ കാണുന്നുമില്ല. 

സത്യവിശ്വാസികളല്ലാത്തവർക്ക് നാം ശൈത്വാൻമാരെ ബന്ധുമിത്രങ്ങളാക്കിയിരിക്കുന്നു. (7:27)


ഇക്കാലത്ത് പിശാചുക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്ന ധാരാളം മനുഷ്യരുണ്ട്. പലതരം സേവകളും, പൂജകളും, ബലികളും, നേർച്ചകളും നടത്തുന്നു. പിശാചിന്റെ ദുർബോധനങ്ങളെ അവർ വിശ്വസിക്കുന്നു. അത് സത്യമാണെന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. പിശാചിന്റെ സ്വാധീന വലയം വികസിക്കുന്നു. നാശത്തിലേക്കുള്ള നെട്ടോട്ടം ...


ആദം (അ) ഭൂമിയിൽ വന്നത് വളരെയേറെ ദുഃഖത്തോട് കൂടിയായിരുന്നു. അല്ലാഹുﷻ എന്ത് മാത്രം കൃപാലുവാണ് തനിക്ക് എന്തുമാത്രം അനുഗ്രഹങ്ങളാണ് ചൊരിഞ്ഞ് തന്നത്. തന്നെ ആദരിച്ചു. മലക്കുകൾ തന്നെ ആദരിക്കുന്ന അവസ്ഥയുണ്ടാക്കി. അങ്ങനെയുള്ള റബ്ബിന്റെ കല്പന തെറ്റിച്ചു. ലജ്ജകൊണ്ട് തലതാഴ്ന്നുപോയി. ദുഃഖം മനസ്സിൽ കത്തിപ്പടരുകയാണ്. ആദം (അ) ന്റെ ദുഃഖത്തിന് ആശ്വാസം ലഭിക്കാനായി ജിബ്രീൽ (അ) ബാങ്ക് കൊടുത്തു. 

അശ്ഹദു അന്ന മുഹമ്മറസൂലുല്ലാഹ് എന്നുകേട്ടപ്പോൾ ആദം (അ) ന്ന് ആശ്വാസം തോന്നി ...


ഈ വിധത്തിൽ ഒരു റിപ്പോർട്ടിൽ കാണുന്നു. അതിവിശാലമായ സ്വർഗം. ഇടുക്കം തോന്നിക്കുന്ന ഭൂമി. രണ്ടും കണ്ടു അനുഭവിച്ചു. എത്ര വ്യത്യസ്തമായ അനുഭവങ്ങൾ. അന്തരീക്ഷത്തിലെ മാറ്റം.  

സ്വർഗ്ഗം ആശ്വാസത്തിന്റെ കേന്ദ്രമാണ്. ശാന്തിയുടെ പറുദീസ ഭൂമിയോ..? ഉൽകണ്ഠയും ബേജാറുമാണിവിടെ. പലതരം വിത്തുകൾ അല്ലാഹുﷻ ഭൂമിയിലേക്ക് കൊടുത്തയച്ചിരുന്നു. അവയിൽ ചിലത് ഇബ്ലീസ് അലങ്കോലമാക്കി. ഉപയോഗ ശൂന്യമായി അവശേഷിച്ചത് കൃഷി ചെയ്തു. സ്വർഗ്ഗത്തിലെ മേന്മകൂടിയ പഴങ്ങൾ കഴിച്ച ആദം (അ) ഭൂമിയിലെ നിലവാരം കുറഞ്ഞ കായ്കനികൾ ഭക്ഷിക്കാൻ തുടങ്ങി. അതോടെ മലമൂത്ര വിസർജ്ജനം വേണ്ടി വന്നു. ആദം (അ) ന്ന് വല്ലാത്ത അസ്വസ്ഥത വന്നു... 


മലമൂത്ര വിസർജ്ജനം അനിവാര്യമായി വരുമ്പോഴുള്ള വല്ലാത്ത അസ്വസ്ഥത. എന്ത് ചെയ്യണമെന്നറിയില്ല. ജിബ്രീൽ (അ) കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. മലമൂത്ര വിസർജ്ജനം നടന്നു. ആശ്വാസമായി ആശ്വാസം വന്നപ്പോൾ അല്ലാഹുﷻവിനെ വാഴ്ത്തി. ആദം (അ) ദുഃഖം നിറഞ്ഞ ശബ്ദത്തിൽ പ്രാർത്ഥിച്ചു: 


"റബ്ബേ! ഞാൻ തെറ്റ് ചെയ്തുപോയി എന്നോട് തന്നെയാണ് ഞാൻ തെറ്റ് ചെയ്തുപോയത് പൊറുത്ത് തരേണമേ!" അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് വിളിയാളമുണ്ടായി. "നിന്റെ ദുഃഖം നിറഞ്ഞ ശബ്ദം കേട്ടു. നിനക്ക് പറ്റിയ അബദ്ധം പൊറുത്തു തന്നിരിക്കുന്നു...


 എന്തൊരു ആശ്വാസ വചനം...