Wednesday - 22 April, 2026 4-Dhu al-Qadah-1447

വസ്ത്രം മൂന്നുതരം (2)

   ശൈത്വാൻ മനുഷ്യവർഗ്ഗത്തിന്റെ ശത്രുവാണെന്ന് ഓരോ നബിയും വ്യക്തമായി പറഞ്ഞുതന്നു. എന്നിട്ടും മനുഷ്യൻ ശൈത്വാനെ കൂട്ടുപിടിക്കുന്നു. വിലക്കപ്പെട്ടത് ഭക്ഷിക്കുന്നു...


 മനുഷ്യർ നബിമാരുടെ നിരോധനം അവഗണിച്ചു. നബിമാരുടെ നിരോധനം അല്ലാഹുﷻവിന്റെ നിരോധനമാണെന്ന കാര്യം മറന്നുകളഞ്ഞു. ശൈത്വാനെ അനുസരിച്ചു. അവർക്കുതന്നെയല്ലേ നരകം നൽകേണ്ടത്. അത് തന്നെയല്ലേ നീതി. അവർക്കും പശ്ചാത്താപിക്കാൻ അവസരമുണ്ട്. സത്യമായും പശ്ചാത്തപിച്ചാൽ അല്ലാഹുﷻ സീകരിക്കും. അവൻ പൊറുത്തുകൊടുക്കും. പിശാച് അതിനും സമ്മതിക്കില്ല. മരണം തൊണ്ടക്കുഴിയിൽ എത്തിയാൽ പോലും ശൈത്വാൻ പിൻമാറില്ല. റൂഹ് പിരിയാൻ നേരം ശൈത്വാൻ എല്ലാ അടവുകളും പ്രയോഗിക്കും. വഴിപിഴപ്പിക്കാൻ. ഈമാൻ കിട്ടാതെ മരിച്ചാൽ ശൈത്വാൻമാർക്ക് വലിയ സന്തോഷമാണ്. ആഹ്ലാദം കൊണ്ട് തുള്ളിച്ചാടും ...


ആദം (അ) ന്റെയും ഹവ്വ (റ) യുടേയും തൗബയുടെ വചനം സൂറത്ത് അഹ്റാഫിൽ കാണാം. അതിങ്ങനെ:

അവർ ഇരുവരും പറഞ്ഞു : "ഞങ്ങളുടെ റബ്ബേ! ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചു. നീ ഞങ്ങൾക്ക് പൊറുത്തു തരികയും ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്തില്ലെങ്കിൽ നിശ്ചയമായും ഞങ്ങൾ നഷ്ടപ്പെടവരുടെ കൂട്ടത്തിൽപ്പെട്ടവരായിത്തീരും." (7:23)


ആധുനിക മനുഷ്യവർഗ്ഗം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങൾ തങ്ങളോട് തന്നെ ചെയ്യുന്നു. സ്വന്തം സ്വന്തത്തോട് തെറ്റ് ചെയ്യുന്നു. ആദ്യപിതാവിന്റെയും ആദ്യമാതാവിന്റെയും പ്രാർഥന പ്രാർത്ഥിക്കണം.


റബ്ബനാ ളലംനാ...

സൂറത്ത് അഹ്റാഫിൽ തുടർന്നു പറയുന്നതിങ്ങനെ 

"അല്ലാഹുﷻ പറഞ്ഞു : ഇറങ്ങിക്കൊള്ളുവീൻ. നിങ്ങളിൽ ചിലർ ചിലർക്കു ശത്രുവാകുന്നു. ഭൂമിയിൽ നിങ്ങൾക്ക് നിശ്ചിത സമയം വരെ താമസവും ഉപയോഗവും ഉണ്ടായിരിക്കും."  (7:24)

"അല്ലാഹുﷻ പറഞ്ഞു : അതിൽ തന്നെ നിങ്ങൾ ജീവിക്കും. അതിൽ തന്നെ നിങ്ങൾ മരിക്കും അതിൽ നിന്നു തന്നെ  നിങ്ങൾ പുറത്ത് വരുത്തപ്പെടുകയും ചെയ്യും."  (7:25)


തുടർന്നുള്ള വചനങ്ങളിൽ അല്ലാഹുﷻ ആദം സന്തതികളായ മനുഷ്യവർഗ്ഗത്തെയാണ് അഭിസംബോധന ചെയ്യുന്നത്. നഗ്നതയിൽ നിന്ന് തന്നെയാണു തുടക്കം. മാനമായി വസ്ത്രം ധരിക്കണം. എന്നിട്ടുവേണം ആരാധന. വസ്ത്രം ഭൂമിയിൽ തന്നെയുണ്ട്. അല്ലാഹുﷻ ശുദ്ധീകരിക്കാനുള്ള വിദ്യ മനുഷ്യരെ പഠിപ്പിച്ചു. നൂൽ നിർമ്മാണം പഠിപ്പിച്ചു. നൂൽകൊണ്ട് വസ്ത്രം നെയ്തെടുക്കാൻ പഠിപ്പിച്ചു. എന്തെല്ലാം തരം വസ്ത്രങ്ങൾ നാണം മറയ്ക്കാൻ വസ്ത്രം. അലങ്കാരത്തിനുള്ള വസ്ത്രം. തഖ് വയുടെ വസ്ത്രം. തഖ് വയുടെ വസ്ത്രം എന്നാലെന്ത് ? അല്ലാഹുﷻവിനെ സൂക്ഷിക്കുക. തഖ് വ. മനസ്സിൽ അല്ലാഹുﷻ ഇഷ്ടപ്പെടാത്ത വികാരമോ വിചാരമോ വന്ന് പോകുമോ എന്നു ഭയക്കുക സൂക്ഷിക്കുക ...


നാക്കിൽ നിന്ന് ഉതിർന്നുവീഴുന്ന വാക്കുകളിൽ ചിലത് അല്ലാഹുﷻ ഇഷ്ടപ്പെടാത്തത് ആയിപ്പോകുമോ എന്ന ഭയം. അക്കാര്യത്തിലെ സൂക്ഷ്മത തന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ചിലത് അല്ലാഹുﷻവിന്റെ കോപം വിളിച്ചുവരുന്നതായിപ്പോകുമോ എന്ന ഭയം. അക്കാര്യത്തിലെ സൂക്ഷ്മത തഖ് വ. 


തഖ് വ അടിമുടിവേണം. തഖ് വയെ വസ്ത്രത്തോടുപമിക്കാം. തഖ് വയാകുന്ന വസ്ത്രം എപ്പോഴും ധരിക്കണം. അതാണ് ഏറ്റവും ഉത്തമമായ വസ്ത്രം. നാണം മറയ്ക്കുന്ന വസ്ത്രത്തെക്കാളും അലങ്കാരവസ്ത്രത്തെക്കാളും പ്രാധാന്യം തഖ് വയാകുന്ന വസ്ത്രത്തിനാകുന്നു...


ഇന്ന് പലരും നാണം മറയ്ക്കാൻ അടിവസ്ത്രം ധരിക്കും. അതിന്ന് മീതെ വിലകൂടിയ അലങ്കാര വസ്ത്രം ധരിക്കും. തഖ് വായുടെ വസ്ത്രം കാണാനേയില്ല. ഇന്നത്തെക്കാലത്ത് തഖ് വയുടെ വസ്ത്രം ധരിക്കാൻ കുറച്ചൊന്നുമല്ല പ്രയാസപ്പെടേണ്ടിവരിക. 

ശൈത്വാനുമായി പടവെട്ടി ജയിക്കണം. വളരെ ചുരുക്കം പേർക്കേ അതിന്ന് കഴിയുകയുള്ളു. ആദം സന്തതികളെ വിളിച്ചുകൊണ്ട് അല്ലാഹുﷻ സംസാരിക്കുന്നത് ശ്രദ്ധിക്കൂ...


"ആദമിന്റെ സന്തതികളേ നിങ്ങളുടെ മറയ്ക്കുന്ന വസ്ത്രവും, അലങ്കാര വസ്ത്രവും നാം നിങ്ങൾക്ക് ഇറക്കിത്തന്നിട്ടുണ്ട്. 

തഖ്  വ (സൂക്ഷ്മത - ഭയഭക്തി) യാകുന്ന വസ്ത്രമാണ് കൂടുതൽ ഉത്തമം.

അത് അല്ലാഹുﷻവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു. മനുഷ്യർ ചിന്തിച്ചു മനസ്സിലാക്കിയേക്കാം. (7:26)