ആദം (അ) നെ സൃഷ്ടിച്ച് ശരീരത്തിൽ ആത്മാവ് ഊതപ്പെട്ട സർന്ദർഭത്തിൽ ഒരു കാഴ്ചകണ്ടിരുന്നു. അർശിൽ എഴുതപ്പെട്ട വചനം. ലാഇലാഹ ഇല്ലള്ളാഹു മുഹമ്മദുറസൂലുല്ലാഹ്. ഭൂമിയിൽ വെച്ച് അക്കാര്യം ഓർമ്മ വന്നു. ആദം (അ) ഇങ്ങനെ പ്രാർത്ഥിച്ചു: "മുഹമ്മദ് നബി (ﷺ) തങ്ങളുടെ ഹഖ്കൊണ്ട് പൊറുത്തു തരേണമേ." അങ്ങനെ പ്രാർത്ഥിച്ചപ്പോൾ അല്ലാഹുﷻ പൊറുത്തു കൊടുത്തു ...
ഒരു റിപ്പോർട്ടിൽ ഇപ്രകാരം കാണുന്നു. ആദം (അ) ന്റെ ദുഃഖം അകറ്റാൻ വേണ്ടി ജിബ്രീൽ (അ) വന്നു ഒരു യാത്രപോകാൻ ക്ഷണിച്ചു. ഭൂമിയിലൂടെ ഒരു ദീർഘയാത്ര. ഇത് കഅബാലയം നിലകൊള്ളുന്ന സ്ഥലത്തേക്കാണ് പോയത്. അവിടെ വെള്ളമായിരുന്നു. ജിബ്രീൽ (അ) ചിറകിട്ടടിച്ചു. അപ്പോൾ ഒരു കെട്ടിടത്തിന്നാവശ്യമായ സ്ഥലം പ്രത്യക്ഷമായി. അവിടെ ബൈത്തുൽ മഹ്മൂർ പണിതുയർത്തി. അവിടെ നിസ്കരിക്കുകയും ത്വവാഫ് നടത്തുകയും ചെയ്തു. ആദം (അ) ന്ന് ആശ്വാസമായി...
ബൈത്തുൽ മഹ്മൂർ ആദം (അ) ന്റെ ജീവിതകാലം തീരുംവരെയും ഭൂമിയിൽ ഉണ്ടായിരുന്നു. പിന്നീടതിനെ ആകാശത്തേക്ക് ഉയർത്തി. മൂന്നാം ആകാശത്തിലോ, നാലാം ആകാശത്തിലോ, അല്ലെങ്കിൽ ഏഴാം ആകാശത്തിലോ അതിനെ സ്ഥാപിച്ചു. കഅബയുടെ നേരെ മുകളിലായി അത് സ്ഥിതി ചെയ്യുന്നു. ദിവസം തോറും എഴുപതിനായിരം മലക്കുകൾ അതിനെ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്നു. പ്രളയകാലം വരെ ബൈത്തുൽ മഹ്മൂർ ഭൂമിയിലുണ്ടായിരുന്നു എന്ന് ചില പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്. മഹാപ്രളയകാലത്ത് ആകാശത്തേക്ക് ഉയർത്തി ...
മറ്റൊരു റിപ്പോർട്ട് കാണുക. ഭൂമിയെ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം. വെള്ളത്തിന് മുകളിൽ പതപോലെ തെളിഞ്ഞ മണ്ണ് പ്രത്യക്ഷപ്പെട്ടു. കഅബ നിൽക്കത്തക്ക വിധം അത് വികസിച്ചു. ആ പ്രദേശത്തെ മലക്കുകൾ പ്രദക്ഷിണം ചെയ്തു.
ആ പ്രദേശം ഉൾപ്പെടുത്തി ഭൂമി സൃഷ്ടിച്ചു. സ്വർഗ്ഗത്തിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ട് അതീവ ദുഃഖിതനായി കഴിഞ്ഞിരുന്ന ആദം (അ) നെ ജിബ്രീൽ (അ) ആ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി പ്രാർത്ഥിക്കാൻ നിർദ്ദേശിച്ചു. ആദം (അ) ദുഃഖത്തോടെ പ്രാർത്ഥിച്ചു. അത് സ്വീകരിക്കപ്പെട്ടു. ആദം (അ) നെ മലക്കുകൾ അഭിവാദ്യം ചെയ്തു. അവർ പറഞ്ഞു രണ്ടായിരം വർഷമായി ഞങ്ങളിവിടെ ത്വവാഫ് ചെയ്യുന്നു.
ഇവിടെ കഅബ സ്ഥാപിക്കപ്പെട്ടു. സ്വർഗ്ഗത്തിൽ നിന്ന് കൊണ്ട് വന്ന ഹജറുൽ അസ് വദ് സ്ഥാപിച്ചു. അക്കാലത്ത് അതിന്ന് നല്ല ശോഭയുണ്ടായിരുന്നു. ജിബ്രീൽ (അ) അദം (അ)ന്ന് ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിച്ചു കൊടുത്തു. ഹജ്ജ് കാലം വ്യക്തമാക്കിക്കൊടുത്തു. ഇന്ത്യയിൽ നിന്ന് നാല്പത് തവണ ആദം (അ) കാൽനടയായി ഹജ്ജിന്ന് പോയിട്ടുണ്ട്. നാല്പത്തഞ്ച് തവണ എന്നും അഭിപ്രായമുണ്ട്. ഇന്ത്യമുതൽ മക്കവരെ ആദം (അ)പാദം വെച്ച സ്ഥലങ്ങളെല്ലാം ഫലപുഷ്ടി നിറഞ്ഞതായിത്തീർന്നു...
മഹാപ്രളയ കാലത്ത് ഹജറുൽ അസ് വദ് ജിബ്രീൽ (അ) അബൂഖുബൈസ് പർവ്വതത്തിൽ കുഴിച്ചിടുകയായിരുന്നു. ഇബ്രാഹിം (അ) മകൻ ഇസ്മാഈൽ (അ) എന്നിവർ കഅബ പുതുക്കിപ്പണിതപ്പോൾ പുറത്തെടുത്തു കൊണ്ടു കൊടുക്കയായിരുന്നു. ആദം (അ) ഭൂമിയിലെത്തിയതോടെ ശരീരത്തിന്റെ നിറം മാറി കറുപ്പുനിറമായി...
ദീർഘകാലം പശ്ചാത്തപിച്ചു കരഞ്ഞു. അല്ലാഹുﷻ തൗബ സ്വീകരിച്ചു. എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് നോൽക്കാൻ കല്പിച്ചു. ചന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങൾ നോമ്പ് നോറ്റതോടെ ആദം (അ) ന്റെ ശരീരത്തിന്റെ നിറം പഴയത്പോലെയായി. ഈ ദിവസങ്ങൾ അയ്യാമുൽബീള് എന്നറിയപ്പെടുന്നു. പിൽക്കാലത്ത് വന്ന പല പ്രവാചകന്മാർക്കും ഈ നോമ്പ് നിർബന്ധമായിരുന്നു. നമുക്ക് സുന്നത്താണ്. അറഫാ എന്ന സ്ഥലത്തേക്കു പോകാൻ ആദം (അ) നോട് ജിബ്രീൽ (അ) നിർദ്ദേശിച്ചു. മുസ്ദലിഫയിൽ വെച്ച് ഹവ്വാ (റ) യെ കണ്ടുമുട്ടി. അവർ ഒന്നിച്ചു ചേർന്ന സ്ഥലമാണത്. അക്കാരണത്താൽ ആ സ്ഥലത്തിന്ന് മുസ്ദലിഫ (ഒന്നിച്ചു ചേർന്നസ്ഥലം) എന്ന പേർകിട്ടി ...
അറഫയിൽ വെച്ചാണ് അവർ പരസ്പരം കണ്ടുമുട്ടിയത് എന്നും അഭിപ്രായമുണ്ട്. കണ്ടുമുട്ടി തിരിച്ചറിഞ്ഞു, അറിഞ്ഞു എന്നാണ് അറഫ എന്ന വാക്കിനർത്ഥം. രണ്ട് പേരും പരസ്പരം തിരിച്ചറിഞ്ഞത് കൊണ്ട് ആ സ്ഥലത്തിന്ന് അറഫ എന്ന പേർവന്നു. അറഫയും മുസ്ദലിഫയും ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ്. സ്ഥലപ്പേരുകൾ കാണിക്കുന്ന ബോർഡുകളുണ്ട് അവർ കണ്ടു മുട്ടുന്ന കാലത്ത് എന്താണുള്ളത് ..? സർവ്വത്രവിജനം ...
തൗബ സ്വീകരിക്കപ്പെട്ട ശേഷം ആദം (അ) നടത്തിയ ഒരു പ്രാർഥന വളരെ പ്രസിദ്ധമാണ്. അത് ഇപ്രകാരമായിരുന്നു. "എന്റെ റബ്ബേ! ശപിക്കപ്പെട്ട ഇബ്ലീസ് ഞങ്ങളുടെ ശത്രുവാണ്. ഞങ്ങളുടെ സന്താനങ്ങളുടെയും ശത്രുവാണ്. നിന്റെ അദൃശ്യസഹായമില്ലാതെ ഞങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുകയില്ല. നീ ഞങ്ങളെ സഹായിക്കേണമേ..."
അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ മറുപടിയുണ്ടായി.
"നിന്റെ സന്തതികളിൽ ഓരോരുത്തരുടെ കൂടെയും സഹായത്തിനായി ഓരോ മലക്കിനെ ഞാൻ നിയോഗിക്കും."
ആദം (അ)വീണ്ടും ദുആ ചെയ്തു. "അല്ലാഹുﷻവേ അത് പോരാ കൂടുതൽ സഹായം നൽകി അനുഗ്രഹിക്കേണമേ...."
അല്ലാഹു ﷻ ഇങ്ങനെ മറുപടി നൽകി.
"നിന്റെ സന്തതികളിൽ ഒരു സൽക്കർമ്മം ചെയ്താൽ പത്ത് സൽക്കർമ്മത്തിന്റെ കൂലി ലഭിക്കും. ഒരു ദുഷിച്ച കർമ്മം ചെയ്താൽ ഒരു ദുഷ്കർമ്മത്തിന്റെ ശിക്ഷയാണ് നൽകുക."
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങിനെ കാണാം ...
ഒരു സൽകർമ്മത്തിന്ന് പത്തോ അതിലധികമോ സൽക്കർമ്മങ്ങളുടെ പ്രതിഫലം ലഭിക്കും. ഒരു ദുഷ്കർമ്മത്തിന്ന് ഒന്നോ അതിന്റെ ഇരട്ടിയോ ദുഷ്കർമ്മം ചെയ്ത ശിക്ഷ ലഭിക്കും...
ആദം (അ) വീണ്ടും ദുആ ചെയ്തു. "അല്ലാഹുﷻവേ ഇനിയും സഹായം നൽകിയാലും..." അല്ലാഹുﷻ അറിയിച്ചു "ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ പശ്ചാത്തപിച്ചു മടങ്ങാനുള്ള അവസരം ഞാൻ നൽകുന്നു."
ആദം (അ)ന്ന് തൃപ്തിയായി. ഈ ചാൻസുകൾ എന്റെ സന്താനപരമ്പര ഉപയോഗപ്പെടുത്തിയാൽ അവർക്ക് രക്ഷപ്പെടാൻ കഴിയും. ആദ്യപിതാവിന്ന് ആശ്വാസമായി. അതാണോ പിൽക്കാലത്ത് സംഭവിച്ചത് ..? ആ ചാൻസുകൾ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ ആദം സന്തതികളിൽ എത്ര പേർക്ക് കഴിയുന്നു ..?
അല്ലാഹുﷻ നൽകിയ മൂന്ന് അവസരങ്ങളും പാഴാക്കിക്കളയാനാണ് ഇബ്ലീസ് ശ്രമിച്ചത്. മലക്ക് നന്മയിലേക്ക് പ്രേരിപ്പിച്ചു. ശൈതാൻ തിന്മയിലേക്ക് നയിച്ചു. മനുഷ്യൻ ശൈത്വാനെ അനുസരിച്ചു തിന്മകൾ ചെയ്തുകൂട്ടി നാശത്തിൽ പതിച്ചു ...