Wednesday - 22 April, 2026 4-Dhu al-Qadah-1447

ദിവ്യപ്രകാശം

   പ്രസിദ്ധ സ്വഹാബിവര്യനായ ജാബിർ (റ) ഒരിക്കൽ നബി (സ)തങ്ങളോട് ചോദിച്ചു: "അല്ലാഹുﷻ ആദ്യമായി സൃഷ്ടിച്ചത് എന്തായിരുന്നു ..? 

പ്രവാചകൻ ഇങ്ങനെ മറുപടി നൽകി. "നിന്റെ നബിയുടെ പ്രകാശം."


നബി (സ) എന്നിട്ടൊരു വിശദീകരണവും നൽകി. "ആ പ്രകാശം സൃഷ്‌ടിക്കപ്പെടുന്ന കാലത്ത് ഇവിടെ ഒന്നും തന്നെയില്ല. പിന്നീട് ഈ പ്രകാശത്തെ നാലായി ഭാഗിച്ചു. ഒന്നാം ഭാഗത്തിൽ നിന്ന് ഖലാമിനെയും, രണ്ടാം ഭാഗത്തിൽ നിന്ന് ലൗഹിനെയും സൃഷ്ടിച്ചു. മൂന്നാം ഭാഗത്തിൽ നിന്ന് അർശിനെയും സൃഷ്ടിച്ചു. നാലാം ഭാഗത്തെ വീണ്ടും നാലായി ഭാഗിച്ചു. ഒന്നാമത്തേതിൽ നിന്ന് അർശിനെ ചുമക്കുന്ന മലക്കുകളെ പടച്ചു. രണ്ടിൽ നിന്ന് കുർസിയ്യിനെയും, മൂന്നിൽ നിന്ന് മറ്റ് മലക്കുകളെയും സൃഷ്ടിച്ചു...


നാലാമത്തേത് വീണ്ടും നാലായി ഭാഗിച്ചു. ഒന്നിൽ നിന്ന്  ആകാശങ്ങൾ. രണ്ടിൽ നിന്ന് ഭൂമികൾ. മൂന്നിൽ നിന്ന് സ്വർഗ്ഗവും നരകവും. ഈ വിധത്തിൽ പടച്ചു. നാലാമത്തേത് വീണ്ടും നാലായി ഭാഗിച്ചു. ഒന്നാമത്തേതിൽ നിന്ന് മുഹ്മിനിന്റെ കണ്ണിലെ പ്രകാശം. രണ്ടാമത്തേതിൽ നിന്ന് മുഹ്മിനിന്റെ ഖൽബിലെ പ്രകാശം (മഅരിഫത്ത്). മൂന്നാമത്തേതിൽ നിന്ന് മുഹ്മിനിന്റെ നാവിലെ പ്രകാശം.  (തൗഹീദിന്റെ രണ്ട് വചനങ്ങൾ) 

നാലാമത്തേത് അർശിന്റെ താഴെ പ്രത്യേക മറയിൽ സൂക്ഷിച്ചു. ആയിരം വർഷം അങ്ങനെ കഴിഞ്ഞു. 

പിന്നെ അതിനെ വെളിപ്പെടുത്തി. വിളക്കുപോലെ പ്രകാശ ഗോളമായി. പിന്നീടാണ് കളിമണ്ണ് കൊണ്ട് ആദമിന്റെ രൂപമുണ്ടാക്കിയത്. ഈ പ്രകാശഗോളം അതിൽ നിക്ഷേപിച്ചു. മീതെ ആയിരം വർഷം എന്ന് പറഞ്ഞത് ഭൂമിയിലെ ഇന്നത്തെ ആയിരം വർഷമല്ല. അക്കാലത്തെ സുദീർഘമായൊരു കാലഘട്ടമായിരുന്നു അത്. ഭാവനയിലൊതുങ്ങാത്ത കാലം. 


ഒരിക്കൽ ജിബ്രീൽ (അ) നബി (സ) തങ്ങളോട് ഇങ്ങനെ പറഞ്ഞു : "ആദം നബി (അ) നെ സൃഷ്ടിക്കുന്നതിന് മുമ്പ് ചക്രവാളത്തിൽ നല്ല പ്രകാശമുള്ള ഒരു നക്ഷത്രം പ്രത്യക്ഷപ്പെടുമായിരുന്നു. എഴുപതിനായിരം വർഷം കഴിയുമ്പോൾ ഒരു തവണയാണ് അത് പ്രത്യക്ഷപ്പെടുക. ആ പ്രകാശത്തെ ഞാൻ എഴുപത്തിരണ്ടായിരം തവണ കണ്ടിട്ടുണ്ട്.

നബ (സ) തങ്ങൾ പറഞ്ഞു : 

അത് എന്റെ പ്രകാശമായിരുന്നു. ആ പ്രകാശത്തിന്റെ പഴക്കമെത്ര? ജിബ്രീൽ (അ) ന്റെ പ്രായമെത്ര ...? 


ആദം (അ) വിലക്കപ്പെട്ട കനി തിന്നു. സ്വർഗ്ഗത്തിൽ നിന്ന് പുറത്തായി. ഭൂമിയിലെത്തി. അനേകകാലം പശ്ചാത്തപിച്ചു. ആദം (അ) ഇങ്ങനെ പ്രാർത്ഥിച്ചു : "റബ്ബേ! മുഹമ്മദ് നബി (സ) യുടെ ഹഖ് കൊണ്ട് എനിക്ക് നീ പൊറുത്തുതരേണമേ...

അപ്പോൾ അല്ലാഹുﷻ ചോദിച്ചു : "ഭൗതികലോകത്ത് സൃഷ്ടിക്കപ്പെടാത്ത മുഹമ്മദ് നബി (സ) തങ്ങളെ എങ്ങനെയാണ് നീ അറിഞ്ഞത് ...?  


"ഞാൻ സ്വർഗത്തിലായിരുന്നപ്പോൾ ആ പേര് ഞാൻ ധാരാളമായി കണ്ടിട്ടുണ്ട്. കൊട്ടാരവാതിലുകളിൽ, മലക്കുകളുടെ ചിറകുകളിൽ,  ഹൂറികളുടെ നെറ്റിയിൽ... നിന്റെ പേരിനോട് ചേർത്ത് എഴുതപ്പെട്ട നാമം. അർശിൽ ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹി എന്നെഴുതപ്പെട്ടതും ഞാൻ കണ്ടു." ആദം (അ) മറുപടി നൽകി. അല്ലാഹുﷻ ഇങ്ങനെ മറുപടി അറിയിച്ചു. "മുഹമ്മദ് നബിയെ സൃഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെങ്കിൽ നിന്നെപ്പോലും സൃഷ്ടിക്കുമായിരുന്നില്ല. ഈ രീതിയിൽ പ്രാർത്ഥിച്ചത് കൊണ്ട് നിനക്ക് ഞാൻ പൊറുത്തു തന്നിരിക്കുന്നു..." 


ആദം (അ)ന്ന് അറുപത് മുഴം പൊക്കമുണ്ടായിരുന്നു. ആദം (അ) ൽ നിന്ന് കാലം അകന്നുപോകുംതോറും മനുഷ്യന്റെ പൊക്കം കുറഞ്ഞുവന്നു. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരുടെയെല്ലാം ഉയരം അറുപത് മുഴം ആയിരിക്കും. സലാം പറയുന്ന സമ്പ്രദായം ആദം (അ)ലൂടെ ആരംഭിച്ചു. ആദം (അ)ന്റെ ജീവിതത്തിൽ ജുമുഅഃ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്.

അബൂഹുറൈറ (റ)റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി  (സ)തങ്ങൾ പറഞ്ഞു : 


"സൂര്യനുദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅഃ ദിവസമാകുന്നു. ആദം (അ) സൃഷ്ടിക്കപ്പെട്ടത് അന്നാണ്. സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെട്ടതും അവിടെനിന്ന് പുറത്താക്കപ്പെട്ടതും ജുമുഅഃ ദിവസത്തിലാകുന്നു..." 


ആദമിൽ അല്ലാഹുﷻ റൂഹിനെ ഊതിയപ്പോൾ ആദം (അ) തുമ്മി.  അല്ലാഹുﷻവിനെ സ്തുതിച്ചു. പിന്നീട് മലക്കുകളുടെ അടുത്തേക്ക് പോയി സലാം പറയാൻ ആവശ്യപ്പെട്ടു. ആദം (അ)മലക്കുകൾക്ക് സലാം ചൊല്ലി. അവർ സലാം മടക്കിയതിങ്ങനെ 

"വ അലൈകും സലാം വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു..."


അല്ലാഹുﷻ പറഞ്ഞു :"ഓ ആദം ഇതാണ് നിന്റെ അഭിവാദ്യം. സലാം പറയുന്ന രീതി. നിന്റെ സന്താനപരമ്പരയുടെ അഭിവാദനരീതിയും ഇത് തന്നെ..."  


ആദം (അ) സൃഷ്ടിക്കപ്പെട്ട ശേഷം അല്ലാഹുﷻ ആദം (അ) ന്റെ മുതുകിൽ തടവി. അപ്പോൾ സന്താന പരമ്പരയെ കണ്ടു. അല്ലാഹുﷻ പറഞ്ഞു : "ഇവരെല്ലാം സ്വർഗത്തിലേക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാകുന്നു." 


രണ്ടാമതും തടവി. സന്താനപരമ്പരയിൽ ബാക്കിയുള്ളവരെയെല്ലാം പുറപ്പെടുവിച്ചു. എന്നിട്ട് അല്ലാഹുﷻ പറഞ്ഞു : "ഇവരെല്ലാം നരകത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് ..."