Wednesday - 22 April, 2026 4-Dhu al-Qadah-1447

ഇബ്ലീസിന് കിട്ടിയ വാഗ്ദാനം (3)

   അതാ ഒരു തണൽമരം. അതിന്ന് താഴെ ഒരാൾ വിശ്രമിക്കുന്നു. ചെന്നുനോക്കി. ഹാബീൽ തന്നെ.

ഇത് തന്നെ നല്ല അവസരം. കണ്ണടച്ച് കിടക്കുകയാണ്.

ചെറിയ മയക്കം. യാത്രാക്ഷീണം കൊണ്ടായിരിക്കും...


ആദ്യത്തെ കൊലപാതകം നടക്കാൻ പോവുന്നു. ആദ്യ പിതാവിന്റെ മൂത്ത പുത്രൻ കെലപാതകിയാവാൻ പോവുന്നു. ഇബ്ലീസ് കണ്ട് രസിക്കുന്നു. ഖാബീൽ ഭാരം കൂടിയ കല്ല് കൈകളിൽ പൊക്കിപ്പിടിച്ചിരിക്കുന്നു. നിഷ്കളങ്കനായ ഹബീലിന്റെ മനോഹരമായ ശിരസ്സിനു നേരെയാണ് കല്ല് വരുന്നത്. ശക്തമായ ഇടി. ശിരസ്സ് തകർന്നു പോയി. രക്തം ചിതറി വീണു. കളങ്കമില്ലാത്ത പുത്രൻ വധിക്കപ്പെട്ടു. വിജനമായ പ്രദേശം വിറങ്ങലിച്ചു  നിന്നു. അപ്പോൾ ശൈത്വാൻ പൊട്ടിച്ചിരിച്ചു ...


സഹോദരന്റെ  ചലനങ്ങൾ നിലച്ചു. ഇനിയെന്ത്..? ചേതനയറ്റ ശരീരം എന്ത് ചെയ്യണം..? അറിയില്ല. അറുപത് വയസ്സ് മാത്രം പ്രായമുള്ള ഹാബീലിന്റെ ജീവനില്ലാത്ത ശരീരവുമായി ഖാബീൽ നടന്നു. നാല്പത് ദിവസം കടന്നു പോയി. ആകെ പരവശനായി. ക്ഷീണിതനായി. അപ്പോൾ അയാൾ ആ കാഴ്ചകണ്ടു. കാട്ടുമൃഗങ്ങളും പക്ഷികളും തമ്മിലുള്ള പോരാട്ടം. ചിലപക്ഷികൾ പോരാട്ടത്തിൽ ചത്തു ...


ഒരു കാക്ക താഴ്‌ന്നു പറന്നു വരുന്നത് ഖാബീൽ കണ്ടു. കാക്കയുടെ പ്രവർത്തനം കൗതുകത്തോടെ നോക്കിനിന്നു. ചുണ്ട് കൊണ്ട് ഭൂമിയിൽ കൊത്തുന്നു. മണ്ണ് നീക്കുന്നു. കുറെക്കഴിഞ്ഞപ്പോൾ ഒരു കുഴിയുണ്ടായി. ചത്ത പക്ഷിയെ കടിച്ചു വലിച്ചുകൊണ്ട് വന്നു. കുഴിയിലിട്ടു മൂടി. സംസ്കരണം പൂർത്തിയായി. കാക്ക പറന്നകന്നു. അപ്പോൾ ഖാബീൽ സ്വയം ചോദിച്ചതിങ്ങനെ ... "കാക്കയുടെ വിവരം പോലും തനിക്കില്ലാതെ പോയെല്ലോ ..?" സഹോദരനെ വധിച്ചത് കാരണം ഞാൻ ഈ കാക്കക്ക് തുല്യനായിപ്പോയി. വേണ്ടിയിരുന്നില്ല എന്ന തോന്നൽ. ഖാബീൽ ഭൂമിയിൽ വലിയൊരു കുഴിയുണ്ടാക്കി. സഹോദരന്റെ മയ്യിത്ത് അതിലിട്ട് മൂടി...


സൂറത്ത് മാഇദയിൻ ഈ സംഭവം വിവരിക്കുന്നത് കാണുക. " (നബിയേ,) നീ അവര്‍ക്ക് ആദമിന്‍റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ഭയഭക്തിയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹുﷻ സ്വീകരിക്കുകയുള്ളൂ."(5:27)


ഹാബീൽ ശാന്തസ്വരത്തിൽ പറഞ്ഞു. എന്നെ കൊല്ലാൻ വേണ്ടി എന്റെ നേരെ  നീ കൈ നീട്ടിയേക്കാം. എന്നാലും നിന്നെ കൊല്ലാൻ വേണ്ടി നിന്റെ നേരെ ഞാൻ കൈ നീട്ടുകയില്ല. ലേകരക്ഷിതാവായ അല്ലാഹുﷻവിനെ തീർച്ചയായും ഞാൻ ഭയപ്പെടുന്നു. കൊലപാതകം അതീവ ഗുരുതരമാണെന്ന് ഹബീൽ സഹോദരനെ ഓർമിപ്പിക്കുന്നു. ഇബ്ലീസിന്റെ ചതിയിൽ പെട്ടുപോയ ഖാബീലിന്ന് ഉപദേശം ഫലം ചെയ്തില്ല...


വിശുദ്ധ ഖുർആൻ പറയുന്നു: "എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈനീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുﷻവെ ഭയപ്പെടുന്നു." (5:28) ഹാബീൽ ഇത്രകൂടിപ്പറഞ്ഞു: "കൊലപാതകത്തിന്റെ കുറ്റം നിനക്കുണ്ട്. എന്റെ കുറ്റവും നീ ഏറ്റെടുക്കണം. രണ്ട് കുറ്റങ്ങളുമായി നീ മടങ്ങിക്കൊള്ളുക." അത് കേട്ടിട്ടും ഖാബലിന്ന് കുലുക്കമില്ല. കൊലനടത്തിയേ അടങ്ങൂ എന്ന വാശി...


ഇബ്ലീസിനെ അനുസരിക്കാൻ നിന്നാൽ ആ അവസ്ഥയിൽ മനുഷ്യൻ എത്തിച്ചേരും. വിശുദ്ധ ഖുർആൻ പറയുന്നു: "നിശ്ചയമായും നിന്റെ കുറ്റവും എന്റെ കുറ്റവും നീ വഹിക്കണമെന്നാണ് ഞാനുദ്ദേശിക്കുന്നത്. അങ്ങനെ നീ നരകത്തിന്റെ ആൾക്കാരിൽ പെട്ടവനായിരിക്കാനും. അത് അക്രമികളുടെ പ്രതിഫലമാകുന്നു." (5:29) 


"എന്നിട്ട് അവന്റെ സഹോദരനെ കൊല്ലുന്നതിന്ന് അവന്റെ മനസ്സ് വഴങ്ങിക്കൊടുത്തു. അങ്ങനെ അവൻ സഹോദരനെ കൊലചെയ്തു. അതിനാൽ അവൻ നഷ്ടക്കാരിൽ പെട്ടവനായിത്തീർന്നു." (5:30)


"അപ്പോൾ ഭൂമിയിൽ മാന്തിക്കുഴിക്കുന്ന ഒരു കാക്കയെ അല്ലാഹുﷻ അയച്ചു. തന്റെ സഹോദരന്റെ നഗ്ന ജഡം എങ്ങനെ മറവ് ചെയ്യണമെന്ന് അവന്ന് കാണിച്ചുകൊടുക്കുവാൻ വേണ്ടി. അവൻ പറഞ്ഞു : എന്റെ നഷ്ടമേ! ഞാൻ ഈ കാക്കയെപ്പോലെ ആയിരിക്കുകയും, എന്റെ സഹോദരന്റെ നഗ്ന ജഡം മറവുചെയ്യാൻ എനിക്ക് കഴിയാതാവുകയും ചെയ്തല്ലോ. അങ്ങനെ അവൻ ഖേദക്കാരിൽ പെട്ടവനായിത്തീർന്നു." (5:31)


മനുഷ്യൻ പലഘട്ടങ്ങളിലും എടുത്തുചാട്ടക്കാരനായിമാറുന്നു. പലകാര്യങ്ങളിലും അനാവശ്യ ധൃതി കാണിക്കും. അനാവശ്യ ധൃതി പിശാചിന്റെ വികൃതിയാകുന്നു.  കുറ്റം ചെയ്യുക.  പിന്നെ കുറ്റംബോധം തോന്നുക.  ഖാബീലിന്ന് കൊല നടത്തിയ ശേഷം കുറ്റബോധം തോന്നി. എന്ത് പ്രയോജനം ... സ്വയം നിയന്ത്രിക്കാൻ കഴിയണം. വികാരാവേശങ്ങൾക്ക് അടിപ്പെടരുത്. അതാണ് സത്യവിശ്വാസിയുടെ ലക്ഷണം ...


നബി (സ) തങ്ങൾ പ്രസ്താവിച്ചത് കാണുക : "മൽപിടുത്തത്തിൽ അപരനെ തോൽപിക്കുന്നവനല്ല യഥാർത്ഥ ബലവാൻ. കോപം വരുമ്പോൾ തന്നത്താൻ അധീനപ്പെടുത്തുന്നവനാണ് ബലവാൻ." 

അകാരണമായി ഒരാളെ കൊന്നാൽ


മനുഷ്യരേ മുഴുവൻ കൊന്നവനെപ്പോലെയായി ഘാതകൻ. ഒരാളുടെ ജീവൻ രക്ഷിച്ചാൽ സകലജനങ്ങളുടെയും ജീവൻ രക്ഷിച്ചത് പോലെയുമായി...


ഇസ്രാഈലി സമൂഹത്തെ ഇക്കാര്യം അല്ലാഹുﷻ ഓർമ്മപ്പെടുത്തുകയുണ്ടായി. വിശുദ്ധ ഖുർആനിൽ അത് കാണാം. "അക്കാരണത്താൽ ഇസ്രാഈലി സന്തതികളുടെ മേൽ നാം രേഖപ്പെടുത്തി. ഒരാളെ കൊല ചെയ്തതിനോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിനോ പകരമല്ലാതെ ആരെങ്കിലും ഒരു ദേഹത്തിനെ കൊലപ്പെടുത്തിയാൽ, അവൻ മനുഷ്യരെ മുഴുവൻ കൊല ചെയ്തത് പോലെയായി. ആരെങ്കിലും ഒരു ദേഹത്തെ ജീവിപ്പിക്കുന്നതായാൽ, അവൻ മനുഷ്യരെ മുഴുവൻ ജീവിപ്പിച്ചത് പോലെയുമായി. നമ്മുടെ ദൂതന്മാർ വ്യക്തമായ തെളിവുകളുമായി അവരിലേക്ക് ചെല്ലുകയുണ്ടായി. പിന്നെ അതിന്നുശേഷം അവരിൽ വളരെ ആളുകൾ ഭൂമിയിൽ അതിര് കവിഞ്ഞവർ തന്നെയായിരുന്നു."  (5:32) 


ആദ്യമനുഷ്യൻ ആദം  (അ). ആദം (അ)ന്റെ മൂത്തപുത്രൻ ഖാബീൽ. അവൻ തന്റെ സഹോദരനെ കൊല്ലുന്നു. എന്താകാരണം? പെണ്ണിന്റെ സൗന്ദര്യം. മനുഷ്യ വർഗ്ഗം ഇതിൽ നിന്ന് പാഠം പഠിക്കണം. പെണ്ണിന്റെ സൗന്ദര്യത്തിന്റെ പേരിൽ നടന്ന ഏറ്റുമുട്ടലുകൾക്കും കൊലപാതകങ്ങൾക്കുമുണ്ടോ വല്ല കണക്കും ..? അത് തുടർക്കഥയായി നീണ്ടുപോവുന്നു ...


ഖാബീൽ ഇഖ്ലീമയെ ബലമായി കൊണ്ടുപോയി. അതിൽ താമസിച്ചു. ധാരാളം സന്താനങ്ങളുണ്ടായി. ഹാബിലിന്റെ സംസ്കരണം കഴിഞ്ഞ ഉടനെ ഭൂമി ഖാബീലിനെ അരവരെ വിഴുങ്ങി. പിന്നെ നെഞ്ച് വരെ വിഴുങ്ങി. മുഹമ്മദ് മുസ്തഫാ (സ) തങ്ങളുടെ ഹഖ് കൊണ്ട് രക്ഷിക്കേണമേയെന്ന് കരഞ്ഞുപ്രാർത്ഥിച്ചപ്പോൾ രക്ഷപ്പെട്ടു. അതിനുശേഷം ഇഖ്ലീമയുമായി യമനിൽ പോയി താമസിച്ചു. ഇങ്ങനെയെല്ലാം റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട് ...