മനുഷ്യരെപ്പോലെയുള്ള മറ്റൊരു സൃഷ്ടിയാണ് ജിന്നുകൾ. അവരിൽ മുസ്ലിംകളും കാഫിറുകളുമുണ്ട്. മുസ്ലിം ജിന്നുകൾ പരിശുദ്ധമായ ജീവിതം നയിക്കുന്നു. കാഫിർ ജിന്നുകൾ ശൈത്വാൻമാരാകുന്നു ...
ജിന്നുകൾ അഗ്നിയിൽനിന്ന് സൃഷ്ടിക്കപ്പെട്ടു. അത് കാരണം മനുഷ്യർക്ക് അവരെ കാണാൻ കഴിയില്ല. ജിന്നിന്ന് ശരീരമുണ്ട്. വേഗത്തിൽ സഞ്ചരിക്കുന്നു. അവർ വസ്ത്രം ധരിക്കുന്നുണ്ട്. മുസ്ലിം ജിന്നുകളായ സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കും. പർദ്ദ ധരിക്കും. മുസ്ലിം ജിന്നുകൾ രണ്ട് കാലിലും ചെരുപ്പ് ധരിക്കും. പിശാചുക്കൾ ഒരു കാലിൽ ചെരിപ്പ് ധരിക്കും ...
അബൂഹുറൈറ (റ)വിൽനിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം : നിങ്ങളിൽ ആരും തന്നെ ഒരു ചെരിപ്പ് ധരിച്ച് നടക്കരുത്. തീർച്ചയായും പിശാച് ഒരു ചെരിപ്പ് ധരിച്ചാണ് നടക്കുന്നത്. ജിന്നിന്ന് പല വേഷങ്ങൾ കെട്ടാൻ കഴിയും. മനുഷ്യരൂപത്തിൽ വരും. മറ്റ് പല ജീവികളുടെ രൂപവും സ്വീകരിക്കും. പാമ്പുകളായി വരും. ശപിക്കപ്പെട്ട ഇബ്ലീസ് മനുഷ്യരൂപത്തിൽ വന്ന ഒരു സംഭവം വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട്. ബദറിന്റെ തൊട്ട് മുമ്പു നടന്ന സംഭവം...
സുറാഖത്ത് ബ്നു മാലിക്കിന്റെ രൂപത്തിലാണ് വന്നത്. ആര് കണ്ടാലും സുറാഖത്താണെന്ന് ധരിക്കും. യഥാർത്ഥ സുറാഖത്തായി ആയിരുന്നില്ല. വെറും തട്ടിപ്പ്.
കിനാന ഗോത്രത്തിന്റെ ഒരു ശാഖയാണ് ബനൂബകർ. ആ ശാഖയുടെ നേതാവാണ് സുറാഖത്ത്. കിനാനയും ഖുറൈശികളും തമ്മിൽ ശത്രുത നിലനിന്നിരുന്ന കാലമാണത്. അവർക്കിടയിൽ യുദ്ധം നടന്നിട്ടുണ്ട്. ഖുറൈശികൾ ബദറിലേക്കു പുറപ്പെട്ടു. മുസ്ലിംകളെ യുദ്ധം ചെയ്തു നശിപ്പിക്കാൻ. അപ്പോൾ അവർക്കൊരു ഭയം വന്നു കിനാന എന്ത് നിലാപാട് സ്വീകരിക്കും. നമ്മെ ഉപദ്രവിക്കുമോ ...?
ഈ ഭയം ഇബ്ലീസ് കണ്ടു. ഭയം അകറ്റണം ഖൈറശികൾക്ക് ധൈര്യം നൽകണം. ധീരമായി യുദ്ധം ചെയ്തു മുസ്ലിംകളെ നശിപ്പിക്കണം. കിനാന ഗോത്രത്തിന്റെ പിന്തുണയുണ്ടെന്ന് ഖുറൈശികളെ ബോധ്യപ്പെടുത്തണം. അതിനുവേണ്ടിയാണ് കിനാനയുടെ പ്രതിനിധിയെന്നോണം ഇബ്ലീസ് വരുന്നത് ...
സുറാഖത്തിന്റെ വേഷത്തിൽ ഇബ്ലീസ് വന്നു. ഖുറൈശി നേതാവിന്ന് കൈകൊടുത്തു. ഹസ്തദാനം. ഖുറൈശികളെ യുദ്ധത്തിന്ന് പ്രോത്സാഹിപ്പിച്ചു. വലിയ ആവേശത്തിലാണ് യാത്ര. യുദ്ധരംഗത്തേക്ക് മലക്കുകൾ വരുന്നത് ഇബ്ലീസ് കണ്ടു. ഇനി രക്ഷയില്ല. ഒരു ഖുറൈശി പ്രമുഖന്റെ കൈയിലായിരുന്നു സുറാഖത്ത് എന്ന ഇബ്ലീസിന്റെ കൈ. ആ കൈ ഇബ്ലീസ് പെട്ടെന്ന് പിൻവലിച്ചു. എന്നിട്ട് അവൻ പറഞ്ഞു : "നിങ്ങൾ കാണാത്ത ചിലത് ഞാൻ കാണുന്നു. ഞാനിതാ പോവുന്നു. ഇനി നിങ്ങളായി നിങ്ങളുടെ പാടായി." വഞ്ചകനായ ഇബ്ലീസ് ഖുറൈശികളെ കൈവിട്ടു ...
ഈ സംഭവം സൂറത്ത് അൻഫാലിൽ സൂചിപ്പിക്കുന്നു. അതിങ്ങനെ :
"പിശാച് അവർക്ക് അവരുടെ പ്രവർത്തികളെ ഭംഗിയാക്കി തോന്നിപ്പിച്ച സന്ദർഭം. അവന്‍ പറഞ്ഞു: "ഇന്ന് നിങ്ങളെ ജയിക്കുന്നവരായി ജനങ്ങളിലാരുമില്ല. ഉറപ്പായും ഞാന്‍ നിങ്ങളുടെ രക്ഷകനായിരിക്കും.” അങ്ങനെ ഇരുപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ അവന്‍ പിന്മാറി. എന്നിട്ടിങ്ങനെ പറയുകയും ചെയ്തു: "എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നുണ്ട്. ഞാന്‍ അല്ലാഹുﷻവെ ഭയപ്പെടുന്നു. അല്ലാഹുﷻ കഠിനമായി ശിക്ഷിക്കുന്നവനാണല്ലോ.” പിശാചിന്റെ ഉഗ്രമായ ചതിയാണ് നാം ഇവിടെ കണ്ടത്. അവൻ മനുഷ്യ വേഷത്തിൽ വന്ന് മനുഷ്യരെ വഞ്ചിച്ച നിരവധി സന്ദർഭങ്ങളുണ്ട് ...
ലൂത്വ് നബി (അ)ന്റെ സമുഹത്തെ സ്വവർഗ്ഗ ഭോഗികളാക്കിയത് ഇബ്ലീസാണ്. സുമുഖനായ ചെറുപ്പക്കാരനെപ്പോലെ വന്നു ആ സൗന്ദര്യം കണ്ട് ആരും നോക്കി നിന്നുപോവും. ചെറുപ്പക്കാരൻ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ചു. പലരും ക്ഷണം സ്വീകരിച്ചു. പുരുഷന്മാർ പരസ്പരം ലൈംഗിക വേഴ്ച നടത്താൻ ഇബ്ലീസ് പ്രേരിപ്പിച്ചു. സ്ത്രീകൾ വേണ്ട. പുരുഷൻ മതി എന്ന അവസ്ഥയായി...
കൊടുംപാപമാണ് സ്വവർഗഭോഗം. ആ ജനതയെ അല്ലാഹുﷻ കീഴ്മേൽ മറിച്ചുകളഞ്ഞു. ആ പ്രദേശമാണ് ചാവുകടൽ. സ്വവർഗ്ഗഭോഗികൾക്ക് കിട്ടിയ ശിക്ഷയുടെ എക്കാലത്തേയും സ്മാരകം. ചാവുകടൽ. ഇന്നും ഈ ദുഷിച്ച നടപടി തുടരുന്നു. ലോകം അനിഷ്ട സംഭവങ്ങൾ നേരിടുകയും ചെയ്യുന്നു. ഇതിൽ ഏർപ്പെടുന്നവന്റെ മനസ്സും ശരീരവും നാശത്തിലാണ് ...
ശൈത്വാൻമാർ ഇടത് കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു. നബി (സ) തങ്ങൾ ഇക്കാര്യം സ്വഹാബിമാരോട് പറഞ്ഞിട്ടുണ്ട്. ഇബ്നു ഉമർ (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസ്. നബി (സ്വ) തങ്ങൾ പറഞ്ഞു. " നിങ്ങളിൽ ആരെങ്കിലും തിന്നുകയാണെങ്കിൽ അവന്റെ വലത് കൈ കൊണ്ട് തിന്നട്ടെ. കുടിക്കുകയാണെങ്കിൽ വലതുകൈ കൊണ്ട് കുടിക്കട്ടെ. തീർച്ചയായും പിശാച് ഇടത് കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു..."
മുസ്ലിം ജിന്നുകൾ ശാന്തരായി ജീവിക്കുന്നു. അവർ അല്ലാഹുﷻവിന്റെ കല്പനകൾ അനുസരിച്ചു ജീവിക്കുന്നു. പിശാചിന്റെ ലോകം വളരെ വിശാലമാണ്. ഭൂമിയിൽ മനുഷ്യവാസമുള്ള പ്രദേശങ്ങൾ കുറവാണ്. വനങ്ങളും, പർവ്വതങ്ങളും, ചതുപ്പുനിലങ്ങളും, മരുഭൂമികളും, മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളാണ്. അവിടെയെല്ലാം പിശാചുക്കൾ വാഴുന്നുണ്ട് ...
മനുഷ്യരുടെ സാമ്രാജ്യത്തേക്കാൾ വളരെ വലുതാണ് പിശാചുക്കളുടെ സാമ്രാജ്യം. അത് ഭരിക്കാൻ ശക്തരായ ശൈത്വാൻമാരുണ്ട്. മന്ത്രിമാരും, ഉദ്യോഗസ്ഥരും, ഓഫീസുകളുമെല്ലാമുണ്ട്. ശക്തമായ വൻ സൈന്യവുമുണ്ട്. ലോകം മുഴുവൻ ശൈത്വാൻമാരുടെ സ്വാധീന വലയത്തിലാണ്. ദീനിന്റെ പേരിൽ നിലനിൽക്കുന്ന സ്ഥാപനങ്ങളിലും സംഘടനകളിലുമെല്ലാം അവർ നുഴഞ്ഞു കയറുന്നു...