Wednesday - 22 April, 2026 4-Dhu al-Qadah-1447

ഇബ്ലീസ് (1)

   ആദം നബി (അ) അവർകളുടെ ചരിത്രം പറയുമ്പോൾ ശപിക്കപ്പെട്ട ഇബ്ലീസിനെപ്പറ്റിയും ധാരാളമായി പറയേണ്ടി വരും. മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദം (അ) ആകുന്നു. ജിന്ന് വർഗ്ഗത്തിന്റെ പിതാവ് ഇബ്ലീസ് ആകുന്നു. ഈ വിധത്തിൽ റിപ്പോർട്ടുകൾ കാണുന്നു. ഇബ്ലീസ് മലക്കുകളിൽ പെട്ടവനാണെന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട്...


ഇബ്ലീസ് ജിന്നാണെന്ന് പറഞ്ഞവർ ഏറെയാണ്. ഇരുകൂട്ടരും തെളിവുകൾ നിരത്തുന്നുണ്ട്. ഇബ്ലീസ് മലക്കായിരുന്നു. പാപം ചെയതപ്പോൾ അവസ്ഥമാറി.  ജിന്നായിമാറി എന്നാണ് ഒരഭിപ്രായം. ചില മലക്കുകളെ ജിന്നുകളായി മാറ്റപ്പെടുന്നു. അതിനുശേഷം അവരിൽ സന്താനോൽപ്പാദനം നടക്കുന്നു എന്ന് പറഞ്ഞവരുമുണ്ട്...


ആദം നബി (അ) ന്റെ കൂടെ ഇബ്ലീസ് ഉണ്ടായിരുന്നു. ആദം നബി (അ) സന്താന പരമ്പരയാണ് മനുഷ്യവർഗ്ഗം. ഒരോ മനുഷ്യപുത്രന്റെയും കൂടെ ഇബ്ലീസ് ഉണ്ട്. ആ വർഗ്ഗത്തിന്റെ പ്രത്യക്ഷശത്രുവാണവൻ...


ഇബ്ലീസിനെക്കുറിച്ച്  ളഹാക്ക് (റ) ഇബ്നു അബ്ബാസ് (റ) വിൽ നിന്നുദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം ; "ജിന്നുകൾ  ഭൂമിയിൽ  കലാപമുണ്ടാക്കി. രക്തം ചിന്തി. അപ്പോൾ അവരെ അടിച്ചമർത്താൻ അല്ലാഹുﷻ ഇബ്ലീസിനെ നിയോഗിച്ചു. മലക്കുകളുടെ ഒരു സൈന്യവുമായി ഇബ്ലീസ് ഭുമിയിലിറങ്ങി. ജിന്നുകളിൽ പലരേയും കൊന്നൊടുക്കി. അവശേഷിച്ചവരെ അഗാധ സമുദ്രത്തിലെ ദ്വീപുകളിലേക്ക് നാട് കടത്തി"...


മുഹമ്മദ്ബ്നു ഇസ്ഹാഖ് (റ) റിപ്പോർട്ട് ചെയ്യുന്നു. പാപം ചെയ്യുന്നതിന്ന് മുമ്പ് ഇബ്ലീസിന്റെ പേര് അസാസിൽ എന്നായിരുന്നു. പാണ്ഡിത്യത്തിലും ആരാധനയിലും മറ്റാരെക്കാളും മുന്നിട്ടു നിന്നിരുന്നു. ഇബ്നു അബീ ഹാതിം (റ) റിപ്പോർട്ട് ചെയ്യുന്നു. അസാസിൽ എന്നായിരുന്നു പേര്. മലക്കുകളിൽ സമുന്നത പദവിയുള്ളവരിൽ ഒരാളായിരുന്നു...


ചില റിപ്പോർട്ടുകളിൽ കാണുന്നത്. മലക്കുകളിലെ ഉന്നത ഗോത്രത്തിൻ പെട്ട ആളായിരുന്നു ഇബ്ലീസ്. ദുനിയാവിനോടടുത്ത ആകാശത്തിന്റെ  കാവൽക്കാരനായിരുന്നു. ഭൂമിയുടെ അധികാരിയായിരുന്നു. സഈദുബ്നു മുഅയ്യബ് (റ) പറയുന്നു: "ഇബ്ലീസ് ദുനിയാവിന്റെ ആകാശത്തിലെ മലക്കുകളുടെ നേതാവായിരുന്നു. ഇബ്ലീസിന്റെ പദവികൾ കാണിക്കുന്ന  ധാരാളം റിപ്പോർട്ടുകളുണ്ട്. അവന്ന് ഒരു പദവിയും ഫലപ്പെട്ടില്ല...


അല്ലാഹുﷻ ആദരിച്ചവരെ ആദരിക്കണം. ആദം (അ) നെ ഇബ്ലീസ് ആദരിച്ചില്ല. അത് കാരണം  അല്ലാഹുﷻ  അവനെ  ശപിച്ചു. ഇറങ്ങിപ്പോവാൻ കല്പിച്ചു. നിന്ദ്യനും നിസ്സാരനുമായി ഇറങ്ങിപ്പോവാൻ കല്പിച്ചു. അപ്പോഴും അവൻ പശ്ചാത്തപിച്ചില്ല. ആദമിനോടുള്ള കോപവും അസൂയയും മനസ്സിൽ നിറഞ്ഞു. ആദം സന്തതികളെ വഴിപിഴപ്പിക്കും. അതാണവന്റെ ജീവിത ലക്ഷ്യം ...


ഖിയാമം നാളിൽ ഒന്നാമത്തെ കാഹളത്തിൽ ഊതപ്പെടും. അപ്പോൾ  എല്ലാ  ജീവജാലങ്ങളും  നശിക്കും. അക്കാലം വരെ തന്റെ ആയുസ്സു നീട്ടിത്തരണമെന്ന് ഇബ്ലീസ് ആവശ്യപ്പെട്ടു. ആ ആവശ്യം അല്ലാഹുﷻ അംഗീകരിച്ചുകൊടുത്തു. മനുഷ്യശരീരത്തിനകത്തും പുറത്തും ഇബ്ലീസ് സഞ്ചരിക്കും. മനുഷ്യനെ വഴിപിഴപ്പിക്കും...


സുറത്തു അഅറാഫിൽ ഇങ്ങനെ കാണാം: " അല്ലാഹുﷻ പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു."(7:13)


സ്വർഗ്ഗത്തിൽ നിന്ന് പുറത്ത് പോവുക. ആകാശത്തിൽ നിന്ന്  പുറത്ത് പോവുക. മലക്കുകളുടെ കൂട്ടത്തിൽ നിന്ന്  പുറത്ത്  പോവുക. എല്ലാ  പദവികളും നഷ്ടപ്പെട്ടു. നിസ്സാരനായി. നിന്ദ്യനായി. എല്ലാം നഷ്ടപ്പെട്ടപ്പോഴും പ്രതികാര ചിന്തയാണ് ഇബ്ലീസിന്റെ മനസ്സിൽ നിറഞ്ഞു നിന്നത്. പശ്ചാത്താപമല്ല...


സുറത്ത് അഅറാഫിൽ ഇങ്ങനെ കാണാം.  ഇബ്ലീസ് പറഞ്ഞു: "എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസംവരെ എനിക്കു കാലാവധി നല്‍കിയാലും.”(7:14)

അല്ലാഹുﷻ പറഞ്ഞു: "തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു."(7:15)


പുനരുത്ഥാന  ദിവസംവരെ ആയുസ്സുനീട്ടിക്കൊടുക്കാൻ ഇബ്ലീസ്  ആവശ്യപ്പെട്ടു. കാഹളത്തിലെ ഒന്നാം ഊതൽ വരെ അവന്റെ അയുസ്സ് നീട്ടികൊടുത്തു.മനുഷ്യന്റെ മുമ്പിലുള്ള ഒരു പ്രതികൂല ശക്തിയാണ് ഇബ്ലീസ്. ആത്മീയതയിലേക്കുള്ള മനുഷ്യമുന്നേറ്റത്തിന്റെ തടസ്സമാണ് ഇബ്ലീസും ശൈത്വാൻമാരും. അവരെ സമരം ചെയ്തു തോൽപിച്ചു മുന്നേറണം. അപ്പോഴാണ് വിജയത്തിന്റെ മധുരം അനുഭവിക്കുക...


ഇബ്ലീസ് ജിന്നുകളുടെ പിതാവല്ല എന്ന അഭിപ്രായവും നിലവിലുണ്ട്. ജിന്നുകളുടെ പിതാവിന്റെ  പേര് ജാത് എന്നാണത്രെ.  ജാതിന്റെ പുത്രന്മാരിൽ ഒരാളാണത്രെ ഇബ്ലീസ്. ഒരു ജിന്ന് സ്ത്രീയെ ഇബ്ലീസ് വിവാഹം ചെയ്തു. ഇതിലുണ്ടായ മകളെ ശൈത്വാൻമാർ എന്നു വിളിക്കുന്നു. ആ നിലക്ക് ശൈത്വാൻമാരുടെ പിതാവാണ് ഇബ്ലീസ് എന്നു പറയാം ...