Wednesday - 22 April, 2026 4-Dhu al-Qadah-1447

സുജൂദ് (2)

   ആദമിനെ സൃഷ്ടിക്കാൻ എവിടെ നിന്നൊക്കെയാണ് മണ്ണ് എടുത്തതെന്ന് ജിബ്രീൽ (അ) എന്ന മലക്കിനോട് ഇബ്ലീസ് ചോദിച്ചു മനസ്സിലാക്കിയിരുന്നു...


ആ സ്ഥലങ്ങളിലെല്ലാം പോയി നോക്കി. തസ്ബീഹിന്റെ ശബ്ദം കേട്ടു. ഈ സൃഷ്ടി തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് ഇബ്ലീസിന്ന് തോന്നി. അത് കാരണം വെറുപ്പോടുകൂടിയാണ് ആദമിനെ നോക്കിയത്. മനസ്സിൽ അസൂയ വളർന്നു. മനസ്സിൽ അണുഅളവ് അസൂയയുള്ളവർ സ്വർഗത്തിൽ കടക്കുകയില്ല ...


ഇക്കാര്യങ്ങൾ ഇബ്ലീസ് തുറന്നു പറഞ്ഞില്ലെങ്കിലും അല്ലാഹുﷻവിന് നന്നായറിയാം. അസൂയയും അഹങ്കാരവും അവൻ മനസ്സിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അല്ലാഹുﷻ മലക്കുകളോട് ഇങ്ങനെ കല്പിച്ചു. "ആദമിന്ന് സുജൂദ് ചെയ്യുക". അല്ലാഹുﷻവിന്റെ കല്പനയാണ്  ഉടൻ അനുസരിക്കുക അതാണ് മലക്കുകളുടെ രീതി...


മലക്കുകൾ കൂട്ടത്തോടെ സുജൂദ് ചെയ്തു. ഇബ്ലീസ് സുജൂദ് ചെയ്തില്ല. കല്പന ലംഘിച്ചു നന്ദികെട്ടവനായി മാറി... ശപിക്കപ്പെട്ടവനായി ... ഇബ്ലീസിന്റെ പേര് കേട്ടാൽ എന്ത് പറയണം! "ലഅനത്തുല്ലാഹി അലൈഹി". അല്ലാഹുﷻവിന്റെ ശാപം അവനിലുണ്ടാവട്ടെ. അന്ത്യനാൾ വരെ ഈ ശാപ വചനം തുടരും. ആദമിന്ന് സുജൂദ് ചെയ്യാൻ മടിച്ചതിന്റെ ആഘാതം...!


വിശുദ്ധ ഖുർആൻ പറയുന്നു :

നാം മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ ആദമിന് ‎സുജുദ് ചെയ്യുക." അവരൊക്കെയും സുജൂദ് ചെയ്തു; ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു; ‎അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ അവന്‍ ‎സത്യനിഷേധികളില്‍ പെട്ടവനായി...(2:34)


സൃഷ്ടാവായ ‎അല്ലാഹുﷻ  കല്പിച്ചാൽ ഉടനെ  അനുസരിക്കണം ചിന്തിച്ചു നിൽക്കരുത്. സംശയിക്കരുത്. യുക്തിചിന്തക്കൊന്നും നിൽക്കരുത്. സുജൂദ് ചെയ്യാൻ കൽപിച്ചു. സുജൂദ് ചെയ്തവരെല്ലാം അത് വഴി പുണ്യം നേടി. യുക്തിനിരത്തിയ ഇബ്ലീസ് ശാപം വാങ്ങുകയും ചെയ്തു ...


ഈ സുജൂദിനെ പറ്റി മഹാന്മാർ പറഞ്ഞ അഭിപ്രായങ്ങൾ ശ്രദ്ധേയമാണ്.

സുജൂദ് ആദമിന്ന് തന്നെയായിരുന്നു. പക്ഷെ ഇത് ഇബാദത്തിന്റെ സുജൂദ് ആയിരുന്നില്ല. ബഹുമാനത്തിന്റെയും ഉപചാരത്തിന്റെയും സുജൂദായിരുന്നു. സുജൂദ് അല്ലാഹുﷻവിന്ന് തന്നെയായിരുന്നു. ആദം നബി (അ) ഖിബ് ലയായിരുന്നു ...


സൂറത്ത് അഅറാഫിൽ അല്ലാഹുﷻ പറയുന്നു: "തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങള്‍ക്ക് രൂപമേകി. തുടര്‍ന്ന് നാം മലക്കുകളോട് പറഞ്ഞു: "ആദമിന്ന് സുജൂദ് ചെയ്യുക.” അവര്‍ സുജൂദ് ചെയ്തു. ഇബ്ലീസൊഴികെ. അവന്‍ ചെയ്തവരുടെ കൂട്ടത്തിൽ പെട്ടില്ല...(7:11)


മനുഷ്യവർഗ്ഗത്തിന് അല്ലാഹുﷻ ചെയ്തു കൊടുത്ത വമ്പിച്ച അനുഗ്രഹങ്ങൾ  ഓർമ്മപ്പെടുത്തിയ ശേഷം ആദ്യമനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പറഞ്ഞതാണിത്. ഭൂമി സൃഷ്ടിച്ചു. മനുഷ്യജീവിതത്തിന് പാകപ്പെടുത്തിക്കൊടുത്തു. പലതരം  ഉപജീവന മാർഗ്ഗങ്ങൾ നൽകി. സന്തുഷ്ടരായി  ജീവിക്കാൻ പാകത്തിൽ ഭൂമിയെ ആക്കിക്കൊടുത്തു. എന്നിട്ടും നന്ദിയുള്ളവർ വളരെ കുറച്ചു മാത്രമേയുള്ളു ...


അല്ലാഹുﷻ പറയുന്നു: " നിങ്ങള്‍ക്കു നാം ഭൂമിയില്‍ സൗകര്യമൊരുക്കിത്തന്നു. ജീവിത വിഭവങ്ങള്‍ തയ്യാറാക്കിത്തരികയും ചെയ്തു. എന്നിട്ടും നന്നെക്കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ..."(7;10)


യഥേഷ്ടം സഞ്ചരിക്കാനും, പാർപ്പിടം നിർമ്മിക്കാനും, കൃഷി ചെയ്യാനും ജലസേചനം നടത്താനുമെല്ലാം ഭൂമിയിൽ സൗകര്യമുണ്ട്. ഉപജീവന മാർഗ്ഗങ്ങൾ നിരവധിയാണ്. വായുവും വെള്ളവും വെളിച്ചവും നൽകുന്നു. ഇതെല്ലാമായിട്ടും മനുഷ്യൻ നന്ദികാണിക്കുന്നില്ല. ഇക്കാര്യം പറഞ്ഞ ശേഷം മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ചു പറഞ്ഞു. മനുഷ്യവർഗ്ഗത്തെ അല്ലാഹുﷻ അനുഗ്രഹിച്ചു. ആദരിച്ചു. മലക്കുകളുടെ സുജൂദ് ആദരവാണ്. ഇബ്ലീസ് സുജൂദ് ചെയ്തില്ല ...


അതിനെപ്പറ്റി സൂറത്ത് അഅറാഫിൽ പറയുന്നു: അല്ലാഹുﷻ ചോദിച്ചു: "ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്ത് ?” അവന്‍ പറഞ്ഞു: "ഞാനാണ് അവനേക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍ നിന്നാണ്. അവനെ മണ്ണില്‍ നിന്നും...” (7:12)


സുജൂദ് ചെയ്യുന്നതിൽ  നിന്ന് ഇബ്ലീസിനെ തടഞ്ഞ വികാരം അതായിരുന്നു. അഹങ്കാരം. എന്നെ അഗ്നിയിൽ നിന്നാണ് സൃഷ്ടിച്ചത്. ആദമിനെ മണ്ണിൽ നിന്നും. അതിനാൽ ഞാനാണ് കൂടുതൽ ഉത്തമൻ. മലക്കുകൾ പ്രകാശത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് അവർ സുജൂദ് ചെയ്തു. അഗ്നിയിൽ സൃഷ്ടിക്കപ്പെട്ട ഇബ്ലീസ് മാറിനിന്നു ...


മനുഷ്യരുടെയും ജിന്നുകളുടെയും ഉല്പത്തിയെക്കുറിച്ച് സൂറത്ത് ഹിജ്റിൽ പറയുന്നുണ്ട്. ആദമിനെ സൃഷ്ടിച്ച  മണ്ണിനെ ക്കുറിച്ച്  പലവിധത്തിൽ പരാമർശം കാണാം. മണ്ണ്, കളിമണ്ണ്‌, ഒട്ടുന്ന പശിമയുള്ള കളിമണ്ണ്. ചുളമണ്ണ്പോലെ ചിലപ്പുള്ള മണ്ണ്. ജിന്നിനെ അഗ്നിയിൽ  നിന്ന്  സൃഷ്ടിച്ചു. ജിന്നിനെ അഗ്നിയുടെ ജ്വാലയിൽ നിന്ന് സൃഷ്ടിച്ചു എന്നിങ്ങനെയും കാണാം...


സൂറത്ത് ഹിജ്റിൽ അല്ലാഹുﷻ പറയുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു...(15:26)


*وَلَقَدْ خَلَقْنَا الْإِنْسَانَ مِنْ صَلْصَالٍ مِنْ حَمَإٍ مَسْنُونٍ*


ഈ വചനത്തിലെ മൂന്നു പദങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സ്വൽസ്വാൽ, ഹമഇൻ, മസ്നൂൻ.


മനുഷ്യനെ സൃഷ്ടിച്ച മണ്ണിനെക്കുറിച്ചാണ് ഈ പദങ്ങൾ പ്രയോഗിച്ചത്.

സ്വൽസ്വാൽ = ചിലചിലപ്പുള്ള മണ്ണ്

ഹമഅ = കളിമണ്ണ്, ചളിമണ്ണ്

മസ്നൂൻ = മുശപിടിച്ച് പാകപ്പെടുത്തപ്പെട്ട മണ്ണ്, പശിമ പിടിച്ച മണ്ണ്.

സുദീർഘമായ കാലഘട്ടം കടന്നു പോയപ്പോൾ മണ്ണിന്ന് പല മാറ്റങ്ങളും വന്നു പല ഗുണങ്ങളുണ്ടായി. പഴകി പഴക്കത്തിന്റെ മണം വന്ന മണ്ണ് എന്നും വ്യഖ്യാനമുണ്ട്...


ഇനി ജിന്നുകളുടെ കാര്യം നോക്കാം...

"അതിന് മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം  സൃഷ്ടിച്ചു".(15:27)

ആദ്യ മനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു. അദ്യ ജിന്നിനെ അഗ്നിയിൽ നിന്ന് സൃഷ്ടിച്ചു. മനുഷ്യനുമുമ്പുതന്നെ ജിന്ന് സൃഷ്ടിക്കപ്പെട്ടു എന്നും മനസ്സിലാക്കാം...


وَالْجَانَّ خَلَقْنَاهُ مِنْ قَبْلُ مِنْ نَارِ السَّمُومِ

ജാന്ന = ജിന്നുകൾ

ഖലഖ്നാഹു = നാം അവനെ സൃഷ്ടിച്ചു

മിൻഖബ് ലു = മുമ്പെ

മിന്നാരി = അഗ്നിയിൽ നിന്ന്

സമൂം = അത്യൂഷണമുള്ള


അല്ലാഹുﷻ പറയുന്നു: "നിന്റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌... (15:28)


ആദ്യ മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച് അല്ലാഹുﷻ മലക്കുകൾക്ക് വിവരിച്ചു കൊടുക്കുന്ന ഭാഗമാണിത്. മണ്ണിന്റെ ഗുണവിശേഷങ്ങൾ മനുഷ്യ സ്വഭാവമായി മാറുകയാണ് ...


അല്ലാഹുﷻ മലക്കുകളോട്  കല്പിച്ചു : അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍.(15:29)

" അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു."(15:30)

" ഇബ്ലീസ് ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.(15:31)

ഇബ്ലീസ് സുജൂദ് ചെയ്തില്ല. സുജൂദ് ചെയ്തവരോടൊപ്പം അവൻ ചേർന്നില്ല ...