ഇബ്ലീസ് അല്ലാഹുﷻവിനോട് പറഞ്ഞു: "ആദം കാരണം ഞാൻ നാശത്തിലായി. എന്റെ സ്ഥാനമാനങ്ങളെല്ലാം നഷ്ട്ടപ്പെട്ടു. ഞാൻ വഴികേടിലായി. ആദമിന്റെ സന്താനപരമ്പരയെ ഞാൻ വഴികേടിലാക്കും. അവർ സഞ്ചരിക്കുന്ന വഴികളിലെല്ലാം ഞാൻ അവരെ കാത്തിരിക്കും. അവരുടെ മനസ്സിൽ ഞാൻ ദുഷിച്ച ചിന്തകൾ നിറയ്ക്കും. തെറ്റുകൾ ചെയ്യാൻ ഞാനവരെ പ്രേരിപ്പിക്കും. നീച കാര്യങ്ങൾ ഭംഗിയായി തോന്നിപ്പിക്കും. മനുഷ്യവർഗ്ഗത്തിൽ ബഹുഭൂരിഭാഗത്തെയും ഞാൻ വഴികേടിലാക്കുക തന്നെ ചെയ്യും...
സൂറത്ത് അഅറാഫിൻ ഇങ്ങനെ കാണാം. ഇബ്ലീസ് പറഞ്ഞു: "നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ മനുഷ്യര്‍ പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കുക തന്നെ ചെയ്യും." (7:16)
ധിക്കാരത്തിന്റെ ഭാഷയിൽ ഇബ്ലീസ് തുടർന്നു. " മനുഷ്യരുടെ മുമ്പിലൂടെയും പിന്നിലൂടെയും ഞാൻ വരും. അവരുടെ ഇടതു ഭാഗത്തുകൂടെയും വലതുഭാഗത്തുകൂടെയും ഞാൻ വരും. ഞാൻ പറയുന്നവർ കേൾക്കും. അനുസരിക്കും. അവരിലധികപേരും നിനക്ക് നന്ദി കാണിക്കുകയില്ല. നന്ദികെട്ടവരായി നിനക്കവരെ കാണും വരെ. മനുഷ്യരെ വഴിപിഴപ്പിക്കാൻ കഴിയുമെന്ന കാര്യത്തിൽ അവന്ന് നല്ല വിശ്വാസമുണ്ട്...
വിശുദ്ധ ഖുർആൻ പറയുന്നു: ഇബ്ലീസ് പറഞ്ഞു: "പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും ഞാനവരുടെ അടുത്ത് ചെല്ലും. ഉറപ്പായും അവരിലേറെ പേരെയും നന്ദിയുള്ളവരായി നിനക്കു കാണാനാവില്ല.”
(7:17)
അല്ലാഹുﷻവിനോടാണ് ഈ വീരവാദം മുഴക്കിയത്. ഏത് ഹീന മാർഗ്ഗം ഉപയോഗിച്ചും മനുഷ്യരെ വഞ്ചിക്കുമെന്നാണ് ഇബ്ലീസ് വാദിച്ചത് ...
സൂറത്തുൽ ഹിജറിലെ വചനങ്ങൾ നോക്കാം. അല്ലാഹുﷻ പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോവുക. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.(15:34)
"തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്."(15:35)
ഇബ്ലീസ് പറഞ്ഞു: "എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ." (15:36)
അല്ലാഹുﷻ പറഞ്ഞു: "എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും." (15:37)
"നിശ്ചിതസമയം വന്നെത്തുന്ന ദിനംവരെ.” (15:38)
അന്ത്യനാൾ വരെ ഇബ്ലിസിന് സമയം നീട്ടി കൊടുത്തു. പുനരുത്ഥാനം വരെ കിട്ടിയില്ല. അന്ത്യനാൾവരെയുള്ളവരെ വഴിപിഴപ്പിക്കാൻ
ശ്രമിക്കാം ...
വിശുദ്ധ ഖുർആൻ പറയുന്നു: ഇബ്ലീസ് പറഞ്ഞു: "എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച." (15:39)
എല്ലാവരെയും ഞാൻ വഴികേടിലാക്കുമെന്ന് ഇബ്ലീസ് പറഞ്ഞു. പിന്നെ അവൻ ഇങ്ങനെ തിരുത്തി. "നിന്റെ നിഷ്കളങ്കരായ അടിയാൻമാരെ ഒഴികെ." സർവ്വകാര്യങ്ങളും അല്ലാഹുﷻവിൽ ഭരമേല്പിച്ച സത്യവിശ്വസികളുടെ ഒരു സംഘം ഭൂമിയിലുണ്ടാകും. അവരെ വഴിപിഴപ്പിക്കാൻ കഴിയില്ല. അവരുടെ മുമ്പിൽ ഇബ്ലീസ് വിജയിക്കില്ല...
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം. ഇബ്ലീസ് പറഞ്ഞു: "അവരിലെ നിന്റെ ആത്മാര്‍ഥതയുള്ള ദാസന്മാരെയൊഴികെ.” (15:40)
അല്ലാഹുﷻ പറഞ്ഞു: "ഇതാണ് എന്നിലേക്കെത്താനുള്ള നേര്‍വഴി." (15:41)
എന്റെ നിഷ്കളങ്കരായ അടിമകളെ നിനക്കു വഴിപിഴപ്പിക്കാനാവില്ല. അവരെ ഞാൻ കാത്തുരക്ഷിക്കും. അതെന്റെ ബാധ്യതയാണ്. അല്ലാഹുﷻ വീണ്ടും പറയുന്നു: "എന്റെ അടിമകളുടെ മേല്‍ നിനക്കൊരു സ്വാധീനവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലൊഴികെ." (15:42). ഇബ്ലീസിന്നും അവനെ പിൻപറ്റുന്നവർക്കും പരലോകത്ത് താമസിക്കാനുള്ള ഭവനം ഏത്?
ജഹന്നം എന്ന നരകം. വിശുദ്ധ ഖുർആൻ പറയുന്നു: "തീര്‍ച്ചയായും ജഹന്നം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു." (15:43)
ഇബ്ലീസിന്റെ പ്രേരണക്കൊണ്ട് മനുഷ്യർ പല തരം പാപങ്ങൾ ചെയ്യും. എല്ലാ പാപങ്ങളും ഒരുപോലെയല്ല. ചിലർ മനുഷ്യരെ വധിക്കും. അത്കൊടും പാപമാണ്. അല്ലാഹുﷻവിൽ പങ്ക്കാരെ കല്പിക്കും. അത് ശിർക്കാണ്. വൻപാപം. അഹങ്കാരം, അസൂയ, നുണപറയൽ, എല്ലാം തെറ്റുകൾ തന്നെ. പാപത്തിന്റെ കടുപ്പം അനുസരിച്ച് പലതരം ശിക്ഷകൾ നൽകും. പല നരകങ്ങൾ. അതിലേക്ക് പല വാതിലുകൾ...
വിശുദ്ധ ഖുർആൻ വചനത്തിൽ ഏഴ് നരകവാതിലുകളെക്കുറിച്ച് പരാമർശിക്കുന്നത് നോക്കൂ! "നരകത്തിന്ന് ഏഴ് കവാടങ്ങളുണ്ട്. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്." (15:44)
എല്ലാ വാതിലിലൂടെയും ആളുകൾ കടന്നുവരാനുണ്ടാവും. ഒന്നും വെറുതെയാവില്ല. അതികഠിനമായ ശിക്ഷയാണ് അവർ അനുഭവിക്കുക. ഇബ്ലീസിനെ പിൻപറ്റിയവർ ഏറ്റവും വലിയ നിർഭാഗ്യവാന്മാരാകുന്നു. ദുനിയാവിന്റെ വഞ്ചനയിൽ പെട്ടവരാണവർ...
സൂറത്ത് അൽ കഹ്ഫിലെ ഒരു വചനം കാണുക. "ഓർക്കുക, നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ ആദമിന് സുജൂദ് ചെയ്യുക.” അവര്‍ സുജൂദ് ചെയ്യ്തു; ഇബ്ലീസ് ഒഴികെ.
അവന്‍ ജിന്നുകളില്‍പെട്ടവനായിരുന്നു. അവന്‍ തന്റെ നാഥന്റെ കല്‍പന ധിക്കരിച്ചു. എന്നിട്ടും നിങ്ങള്‍ എന്നെ വെടിഞ്ഞ് അവനെയും അവന്റെ സന്തതികളെയുമാണോ രക്ഷാധികാരികളാക്കുന്നത് ? അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. അതിക്രമികള്‍ അല്ലാഹുﷻവിന് പകരം വെച്ചത് വളരെ ചീത്തതന്നെ." (18:50).