Wednesday - 22 April, 2026 4-Dhu al-Qadah-1447

ബൈഅത്ത് (2)

   തൗറാത്തിനെയും മൂസ (അ)നെയും ശരിവെച്ചുകൊണ്ട് ഈസാ (അ)വന്നു. യഹൂദികൾ കരാർ പ്രകാരം ഈസ (അ)ൽ വിശ്വസിക്കേണ്ടതായിരുന്നു. വിശ്വസിച്ചില്ല. പ്രവാചകനെ കൊല്ലാൻ പരിപാടിയിട്ടു. തെറ്റിദ്ധരിച്ച് മറ്റൊരാളെ കുരിശിൽ തറച്ചുകൊല്ലുകയും ചെയ്തു... 


ഈസാ (അ) നെയും ഇഞ്ചീലും ശരിവെച്ച്കൊണ്ട് മുഹമ്മദ് നബി (സ)വന്നു. കരാർ പ്രകാരം ക്രൈസ്തവർ വിശ്വസിക്കേണ്ടതായിരുന്നു. വിശ്വസിച്ചില്ല. ശത്രുക്കളായിമാറുകയും ചെയ്തു. കരാർ പാലിക്കാത്തവർക്ക് നരക ശിക്ഷയുണ്ട്...


നബി (സ)പറഞ്ഞു :"മൂസ നബി (അ) ഇക്കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്നെ വിശ്വസിക്കുകയല്ലാതെ അദ്ദേഹത്തിന്ന് ഗത്യന്തരമില്ല." 


മറ്റൊരു നബിവചനം കാണുക. "യഹൂദിയോ ക്രിസ്ത്യാനിയോ മറ്റാരെങ്കിലുമോ ആവട്ടെ എന്നെക്കുറിച്ച് കേൾക്കുകയും എന്നിട്ട് എന്നിൽ വിശ്വസിക്കാതെ മരിക്കുകയും ചെയ്താൽ അവൻ നരകക്കാരൻ തന്നെയാണ്." 


അലി (റ) പറയുന്നു:  "അല്ലാഹുﷻ നിയോഗിച്ച എല്ലാ നബിമാരോടും നിങ്ങളുടെ കാലത്ത് മുഹമ്മദ് നബിയെ ഞാൻ നിയോഗിച്ചാൽ അദ്ദേഹത്തെ നിങ്ങൾ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം എന്ന ഉടമ്പടി ചെയ്തിട്ടല്ലാതെ നിയോഗിച്ചിട്ടില്ല...


അഞ്ച് നബിമാരിൽ നിന്ന് ഉടമ്പടി വാങ്ങിയ കാര്യം വിശുദ്ധ ഖുർആനിൽ പ്രത്യേകം പറയുന്നുണ്ട്. അസാമാന്യമായ നിശ്ചയദാർഢ്യവും കരുത്തുമുള്ള പ്രവാചകന്മാർ. അവർ ഉലുൽ അസ്മുകൾ എന്നറിയപ്പെടുന്നു. മുഹമ്മദ് മുസ്തഫാ (സ), നൂഹ് (അ), ഇബ്രാഹിം (അ),  മൂസ (അ), ഈസബ്നുമറിയം (അ)...


സൂറത്ത് അഹ്സാബിൽ ഇങ്ങനെ കാണാം:  "(നബിയേ) പ്രവാചകന്മാരിൽ നിന്ന് താങ്കളിൽ നിന്നും നൂഹ്, ഇബ്രാഹിം, മൂസ, മർയമിന്റെ മകൻ ഈസ എന്നിവരിൽ നിന്നു നാം കരാർ വാങ്ങിയ സന്ദർഭം ഓർക്കുക, അവരിൽ നിന്ന് ഗൗരവപ്പെട്ട ഉറപ്പ് വാങ്ങിയിരിക്കുന്നു. (33:7)

"അവന് സത്യവാന്മാരോട് അവരുടെ സത്യസന്ധതയെക്കുറിച്ച് ചോദ്യം ചെയ്യാൻ വേണ്ടിയാകുന്നു അത്. സത്യനിഷേധികൾക്ക് അവൻ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു." (33:8)


ആദം (അ)ന്റെ മുതുകിൽ റൂഹുകൾ ആയിരുന്ന കാലത്തെ സംഭവങ്ങളാണ് നാമിവിടെ കണ്ടത്. സ്വർഗ്ഗാവകാശികളെയും നരകവാസികളെയും തിരിച്ചറിയാനും ആദം (അ)ന്ന് കഴിഞ്ഞു. ആദം (അ) നബിമാരുടെ റൂഹുകൾ കണ്ടു. നല്ലമുഖപ്രകാശമുള്ള ഒരാളെ കാണുന്നു. അല്ലാഹുﷻവിനോട് ചോദിച്ചു:  "അല്ലാഹുﷻവേ! അതാരാണ്?" 

അത് നിങ്ങളുടെ മകൻ ദാവൂദ് നബി (അ) അല്ലാഹുﷻ അറിയിച്ചു. 

ദാവൂദിന്റെ പ്രായം എത്ര? അറുപത് വയസ്സ്...


ആദം (അ)ന്ന് ദുഃഖം തോന്നി. ഇത്രയും മുഖപ്രസന്നതയുള്ള മകന്ന് അറുപത് വയസ്സോ..? തനിക്ക് ആയിരം വർഷത്തെ ആയുസ്സാണ്. അതിൽ നാല്പത് കൊല്ലം ദാവൂദിന്ന് കൊടുക്കാം. അങ്ങനെ നൂറ് വർഷം ജീവിക്കട്ടെ. അല്ലാഹുﷻവിനെ തന്റെ ആഗ്രഹം അറിയിച്ചു. അത് രേഖപ്പെടുത്തപ്പെട്ടു ദാവൂദിന്ന് നൂറ് വയസ്സ്. ഉപ്പായുടെ വാത്സല്യസമ്മാനം. മലക്കുകൾ സാക്ഷ്യം വഹിച്ചു...


തൊള്ളായിരത്തി അറുപത് വയസ്സായപ്പോൾ മരണദൂതൻ അസ്റാഈൽ (അ)എത്തി. റൂഹ് പിടിക്കാൻ "എന്റെ പ്രായത്തിൽ നാല്പത് വയസ്സ് കൂടിയുണ്ടല്ലോ പിന്നെന്തിനിപ്പോൾ റൂഹ് പിടിക്കുന്നു ..?" ആദം (അ)ചോദിച്ചു. "നാല്പത് വയസ്സ് മകൻ ദാവൂദിന്ന് കൊടുത്തില്ലേ? മറന്നുപോയോ ..?" ആദം (അ) അക്കാര്യം മറന്നിരുന്നു. അക്കാര്യം എഴുതിയ കിത്താബ് അല്ലാഹുﷻ കാണിച്ചുകൊണ്ട് മലക്കുകൾ സാക്ഷ്യം വഹിച്ചു ...


ഒരു റിപ്പോർട്ട് അനുസരിച്ച് ദാവൂദ്  (അ)ന്ന് നൂറ് വർഷം തികച്ചു കൊടുത്തു. ആദം (അ)ന്ന് ആയിരവും തികച്ചുകൊടുത്തു. ഒരു റിപ്പോർട്ട് പ്രകാരം ആദം (അ) സ്വർഗ്ഗത്തിൽ നാല്പത് കൊല്ലം താമസിച്ചു. ഭൂമിയിൽ തൊള്ളായിരത്തി അറുപത് കൊല്ലവും. ആകെ ആയിരം ...


മറ്റൊരു റിപ്പോർട്ട് ഇങ്ങനെ, ദാവൂദ് (അ)നെ കണ്ടപ്പോൾ ആദം (അ)ന്ന് വലിയ സ്നേഹം. ഈ മകന്റെ പ്രായമെത്രയാണ് ..? ആദം (അ) ചോദിച്ചു. നാല്പത് വയസ്സ് അല്ലാഹുﷻ അറിയിച്ചു. കേട്ടപ്പോൾ സങ്കടം തോന്നി ഇത്ര ചെറിയ വയസ്സോ ..? 

എന്റെ വയസ്സിൽ നിന്ന് അറുപത് വയസ്സ് ദാവൂദിന്ന് നൽകാം. ആദം (അ)പറഞ്ഞു. അതംഗീകരിക്കപ്പെട്ടു...


ആദം (അ)തന്റെ സന്താന പരമ്പരകളെ നോക്കി മുടന്തന്മാർ, അന്ധന്മാർ, ബധിരർ, ഊമകൾ, അംഗവൈകല്യം വന്നവർ... എന്തെല്ലാം രീതിയിലുള്ള മനുഷ്യർ. ആദം (അ) ദുഃഖത്തോടെ ചോദിച്ചു: "എന്റെ റബ്ബേ! എന്ത്കൊണ്ടാണ് എന്റെ മക്കളെയെല്ലാം ഒരുപോലെയാക്കാത്തത് ..?"

അല്ലാഹുﷻ അതിന്ന് വ്യക്തമായ മറുപടി നൽകി.

 "ശരീരത്തിന്റെ അവശതകൾ അവർക്കനുഗ്രഹമായിമാറും. അവർ നന്ദിയുള്ളവരായാൽ..."


 ത്വബ്റാനിയുടെ റിപ്പോർട്ടിൽ പറയുന്നു: 

നബി (സ)തങ്ങൾ പറഞ്ഞു. ഞാൻ നിങ്ങൾക്കു അറിയിച്ചു തരട്ടെയോ? "മലക്കുകളിൽ ശ്രേഷ്ഠൻ ജിബ്രീൽ (അ).

നബിമാരിൽ ശ്രേഷ്ഠൻ ആദം (അ).

ദിവസങ്ങളിൽ പ്രധാനം ജുമുഅഃ ദിവസം.

മാസങ്ങളിൽ പ്രധാനം റമളാൻ മാസം.

രാത്രികളിൽ ശ്രേഷ്ഠം ലൈലത്തുൽ ഖദ്ർ. 

സ്ത്രീകളിൽ ശ്രേഷ്ഠ മർയം ബിൻത് ഇംറാൻ ..."


സ്വർഗവാസികൾ പരസ്പരം പേര് ചൊല്ലിയാണ് വിളിക്കുന്നത്. ആദം (അ) ഒഴികെ ആദം (അ)നെ സ്ഥാനപ്പേര് ചൊല്ലി വിളിക്കും.


" അബൂമുഹമ്മദ് "


നബി (സ) ജിബ്രീൽ (അ)നോടൊപ്പം മിഹ്റാജ് യാത്രയിലാണ്. ഒന്നാം ആകാശത്ത് വെച്ച് ആദം (അ)നെ കണ്ടുമുട്ടി. ആദം (അ) അഭിവാദ്യം ചെയ്തിങ്ങനെ, മർഹബൻ ബിൽഇബ്നി സ്വാലിഹ് വ ന്നബിയ്യി സ്വാലിഹ്   സൽപുത്രന്ന് സ്വാഗതം, സ്വാലിഹായ നബിക്ക് സ്വാഗതം. ആദം (അ) വലതുഭാഗത്തേക്ക് നോക്കുന്നു. ചിരിക്കുന്നു. ഇടത് ഭാഗത്തേക്ക് നോക്കുന്നു. കരയുന്നു. നബി (സ) ജിബ്രീൽ (അ) നോട് ചോദിച്ചു : "എന്താണിത്?"  വലത്ത് ഭാഗത്തുള്ളത് സ്വർഗ്ഗവാസികളായ സന്താനങ്ങളാണ്. അവരെ നോക്കി ചിരിക്കുന്നു...


സന്താനപരമ്പരയെ നന്നായറിഞ്ഞ പിതാവായിരുന്നു ആദം (അ). മരണസമയമാകുമ്പോഴേക്കും മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമായി ഒരു ജനസമൂഹം രൂപംകൊണ്ട് കഴിഞ്ഞിരുന്നു. ആ ജനതയുടെ പ്രവാചകനായിരുന്നു ആദം (അ). സദുപദേശങ്ങൾ നൽകി അവരെ സൻമാർഗത്തിലേക്ക് നയിച്ചു. മക്കളോട് വളരെ നേരം സംസാരിച്ചിരിക്കും. നോമ്പ്, നിസ്കാരം തുടങ്ങിയ കാര്യങ്ങൾ പരശീലിപ്പിച്ചു. അവസാനകാലം സംസാരം കുറവായിരുന്നു ...


ആ ജനസമൂഹം കഹ്ബാലയം കാണാൻ പോകും. ഹജ്ജ് നിർവഹിക്കും. ആ സമൂഹത്തിന്ന് അമ്പത് നേരത്തെ നിസ്കാരം നിർബന്ധമായിരുന്നു എന്ന് റിപ്പോർട്ടുകളിൽ കാണുന്നു. അയ്യാമുൽ ബീളിലെ നോമ്പും നിർബന്ധമായിരുന്നു. ഹലാലും ഹറാമും വിവരിച്ചുകൊടുത്തു. ഇബ്ലീസിനെക്കുറിച്ചു നന്നായി പറഞ്ഞുകൊടുത്തു. സ്വന്തം അനുഭവം വെച്ചാണ് സംസാരിച്ചത് ...


അവസാനകാലത്ത് വരുന്ന മുഹമ്മദ് നബി (സ) തങ്ങളെക്കുറിച്ചു സന്തോഷപൂർവ്വം സംസാരിച്ചു. അല്ലാഹുﷻ ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി (സ) തങ്ങളുടെ പ്രകാശമായിരുന്നു. അക്കാലത്ത് തന്നെ മുഹമ്മദ് എന്ന് പേർ വെക്കപ്പെട്ടു. ആ നബി യുടെ പിതാവാകാൻ കഴിഞ്ഞതിൽ ആദം (അ) അഭിമാനം കൊണ്ടു. നമ്മുടെ മങ്കൂസ് മൗലീദിന്റെ തുടക്കത്തിൽ ഇക്കാര്യം കാണാം. 


اَلَا هُوَ الّّذِي تَََوسَّلَ بَهِ اَدَمُ وَ افَْتخَرَ بَِكوْنِهِ وَالِد

 

(ആദം നബി  (അ)) നബി തങ്ങളെക്കൊണ്ട് ഇടതേടി - തവസ്സുൽ നടത്തി. ആ നബി തങ്ങളുടെ പിതാവായതിൽ അഭിമാനം കൊണ്ടു...