Wednesday - 22 April, 2026 4-Dhu al-Qadah-1447

ബൈഅത്ത് (1)

   ആത്മാവുകളുടെ ലോകത്ത് വെച്ചു നടന്ന ഒരു കരാറിനെക്കുറിച്ച് നാം ഓർക്കേണ്ടതുണ്ട്. അല്ലാഹുﷻവും മനുഷ്യാത്മാക്കളും തമ്മിൽ നടന്നതാണ് കരാർ. ആദം നബി (അ)ന്റെ മുതുകിൽ നിന്ന് സ്വസന്താനങ്ങളെ പുറത്തെടുത്തു. അവരുടെ മുതുകിൽ നിന്ന് സന്താനപരമ്പരകളെ പുറത്തെടുത്തു. എന്നിട്ടവരോടും അല്ലാഹുﷻ സംസാരിച്ചു. ഒരു ചോദ്യം. "ഞാനല്ലയോ നിങ്ങളുടെ റബ്ബ്!" അപ്പോൾ അവർ പറഞ്ഞു: "അതെ ഇതൊരു ബൈഅത്ത് ആണ്. മറക്കാൻ പാടില്ലാത്ത ബൈഅത്ത് ... 


പിന്നീട് ഭൂമിയിൽ നബിമാർ വന്നു. അനുയായികൾ അവരുടെ നബിമാരുമായി ബൈഅത്ത് ചെയ്തു. നേരത്തേയുള്ള കരാറിന്റെ പുതുക്കൽ നടന്നു. അത് കാരണം ബൈഅത്ത് മറന്നുപോവില്ല. അന്ത്യനാളിൽ വിചാരണ നടക്കുമ്പോൾ നീ റബ്ബാണ് എന്ന കാര്യം ഞാൻ അറിഞ്ഞില്ല എന്നാരും പറയരുത്. അങ്ങനെ പറയാതിരിക്കാനാണ് ബൈഅത്ത് നടത്തിയത്... 


അന്ത്യപ്രവാചകനോട് സ്വഹാബികൾ ബൈഅത്ത് ചെയ്തു. നബിമാരുടെ കാലം കഴിഞ്ഞു. പിന്നീട് ആരിഫീങ്ങളായ ഔലിയാക്കൾ ദീൻ നടത്തി. ജനങ്ങൾ അവരുമായി ബൈഅത്ത് ചെയ്തു. അല്ലാഹുﷻവിന്റെ കല്പനകൾ അനുസരിച്ചു ജീവിച്ചു കൊള്ളാം. അല്ലാഹുﷻ നിരോധിച്ച കാര്യങ്ങളിൽ നിന്ന് ഒഴിവായിക്കൊള്ളാം. ഇതാണ് കരാർ. കരാർ വ്യവസ്ഥകൾ പാലിച്ചവർ വിജയിച്ചു. വ്യവസ്ഥ ലംഘിച്ചവർക്കു പരാജയം... 


സൂറത്ത് അഅ്‌റാഫിലെ വചനം കാണുക: "നിന്റെ നാഥന്‍ ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേല്‍ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം. അവന്‍ ചോദിച്ചു: "നിങ്ങളുടെ നാഥന്‍ ഞാനല്ലയോ?” അവര്‍ പറഞ്ഞു: "അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.” ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ “ഞങ്ങള്‍ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു”വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്." (7:172)


കരാർ വാങ്ങാൻ ഒരു കാരണം കൂടിയുണ്ട്. മുശ്രിക്കുകൾ മഹ്ശറയിൽ വെച്ച് ഇങ്ങനെ പറയാൻ സാധ്യതയുണ്ട്. "ഞങ്ങളുടെ പൂർവ്വപിതാക്കൾ ബഹുദൈവ വിശ്വാസികളായിരുന്നു. ഞങ്ങൾ അവർക്കു ശേഷം വന്ന സന്താനങ്ങളാകുന്നു. ഞങ്ങൾ പൂർവ്വപിതാക്കളെ പിൻപറ്റുക മാത്രമാണ് ചെയ്തത്. അവർ ചെയ്ത തെറ്റിന് ഞങ്ങളെ ശിക്ഷിക്കരുത്. ഇങ്ങനെ പറയാനുള്ള സാധ്യത അല്ലാഹുﷻ ഇല്ലാതാക്കി. ഒരോരുത്തർക്കും ബാധ്യതയുണ്ട്. അവരത് പാലിക്കണം ...


വിശുദ്ധ ഖുർആൻ പറയുന്നു: "അല്ലെങ്കിൽ, തീർച്ചയായും ഞങ്ങളുടെ പൂർവ്വപിതാക്കൾ ബഹുദൈവ വിശ്വാസികളായിരുന്നു. ഞങ്ങൾ അവർക്കുശേഷം വന്ന സന്താനങ്ങളാകുന്നു. പൂർവ്വികർ ചെയ്ത തെറ്റിന്ന് നീ ഞങ്ങളെ ശിക്ഷിക്കുകയാണോ? എന്ന് നിങ്ങൾ പറയാതിരിക്കാൻ വേണ്ടിയാണ് (അങ്ങനെ ചെയ്തത്)" (7:173) കരാർ വാങ്ങിയ ദിവസത്തെ അൽ-അഹ്ദ് വൽ മീസാഖ് ന്റെ ദിവസം എന്ന് പറയുന്നു ...


നീ ഞങ്ങളുടെ റബ്ബാണ്. ഞങ്ങൾ സാക്ഷ്യം വഹിച്ചു. എന്ന് മനുഷ്യാത്മാവുകൾ സാക്ഷ്യം വഹിച്ചപ്പോൾ അല്ലാഹുﷻ പറഞ്ഞു: ഏഴ് ആകാശങ്ങളും ഏഴും ഭൂമികളും സാക്ഷി. നിങ്ങളുടെ പിതാവ് ആദമും സാക്ഷി. ഞങ്ങൾ ഈ കരാറിനെക്കുറിച്ച് അറിയില്ല എന്ന് നിങ്ങൾ അന്ത്യനാളിൽ പറയരുത്. അറിയുക, ഞാനല്ലാതെ ഒരു ആരാധ്യനില്ല. ഞാനല്ലാതെ ഒരു റബ്ബ് ഇല്ല. എന്നോട് ആരെയും പങ്ക് ചേർക്കരുത്. ഞാൻ നിങ്ങളിലേക്ക് പ്രവാചകന്മാരെ അയക്കും. അവർ അഹ്ദ് മീസാഖി നെ കുറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്തും. ഞാൻ നിങ്ങളിലേക്ക് വേദഗ്രന്ഥങ്ങൾ അയക്കും ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ ആത്മാവുകൾ പറഞ്ഞു: നീ ഞങ്ങളുടെ റബ്ബാണെന്നും ഇലാഹ് ആണെന്നും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. നീയല്ലാതെ ഞങ്ങൾക്കൊരു റബ്ബില്ല. നീയല്ലാതെ ഞങ്ങൾക്കൊരു ഇലാഹ് ഇല്ല. അവർ അനുസരണ ശീലരായി നിലക്കൊണ്ടു ...


പിതാവായ ആദം (അ) അവരെ നോക്കി. അവർക്കിടയിൽ ധനികരെയും ദരിദ്രരെയും കണ്ടു. സൗന്ദര്യമുള്ളവരേയും ഇല്ലാത്തവരേയും കണ്ടു.  അവർക്കിടയിൽ നബിമാരെ കണ്ടു. പ്രകാശിക്കുന്ന ദീപങ്ങൾ പോലെ. നബിമാരിൽ നിന്ന് മറ്റൊരു കരാർ കൂടി വാങ്ങുന്നു. രിസാലത്തിന്റെയും നുബുവ്വത്തിന്റെയും ഉടമ്പടി. ദിവ്യദൗത്യത്തിന്റെയും പ്രവാചകത്വത്തിന്റെയും കരാർ. അല്ലാഹുﷻ അവരോട് പറഞ്ഞു: "ഞാൻ നിങ്ങളെ പ്രവാചകന്മാരായി നിയോഗിച്ചു. ദിവ്യസന്ദേശവും നൽകി. നിങ്ങൾ ദീൻ പ്രചരിപ്പിക്കാൻ തുടങ്ങി. അല്പകാലം കഴിഞ്ഞപ്പോൾ മറ്റൊരു നബി വന്നു. നിങ്ങളുടെ കൈവശമുള്ളതിനെ സത്യമാക്കി. നിങ്ങളുടെ ദൗത്യം അംഗീകരിച്ചു. എങ്കിൽ നിങ്ങൾ അദ്ദേഹത്തെ പിന്തുടരണം. നന്നായി സഹായിക്കണം. ഇക്കാര്യത്തിൽ നിങ്ങൾ ഉടമ്പടി ചെയ്യണം. സാക്ഷ്യം വഹിക്കണം. തയ്യാറാണോ? പ്രവാചകന്മാർ പറഞ്ഞു: "ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു." നിങ്ങൾ ഇക്കാര്യത്തിൽ നിങ്ങളുടെ സമുദായങ്ങളെക്കൊണ്ടും ഉടമ്പടി ചെയ്യിക്കണം ...


മൂസാ (അ) നെ കൊണ്ട് വിശ്വസിക്കുന്ന യഹൂദികൾ മുഹമ്മദ് നബി (സ) വരികയും തൗറാത്ത് ശരിവെക്കുകയും ചെയ്താൽ ഉടനെ മുഹമ്മദ് നബി (സ) യിൽ വിശ്വസിക്കണം. നബി (സ) തങ്ങളുടെ അനുയായി ആയിത്തീരണം. അതാണ് കരാർ. ഈസാ (അ) നെക്കൊണ്ട് വിശ്വസിക്കുന്ന ക്രൈസ്തവരുടെ മുമ്പിലേക്ക് മുഹമ്മദ് നബി (സ) വരുന്നു. ഈസാ (അ)നെയും ഇഞ്ചീൽ എന്ന വേദഗ്രന്ഥത്തെയും ശരിവെക്കുന്നു. എങ്കിൽ ക്രൈസ്തവർ ഉടനെ മുഹമ്മദ് നബി (സ) യെ പിൻപറ്റണം. അങ്ങനെ ഒരു കരാർ നടന്നിട്ടുണ്ട് ...


സൂറത്ത് ആലു ഇംറാനിൽ ഈ കരാറിനെക്കുറിച്ചു പറയുന്നു: "ഓര്‍ക്കുക, അല്ലാഹുﷻ പ്രവാചകന്മാരോടിങ്ങനെ ഉറപ്പ് ‎വാങ്ങിയ സന്ദര്‍ഭം: "ഞാന്‍ നിങ്ങള്‍ക്ക് വേദപുസ്തകവും ‎തത്ത്വജ്ഞാനവും നല്‍കി. പിന്നീട് നിങ്ങളുടെ ‎വശമുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൈവദൂതന്‍ ‎നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍ ഉറപ്പായും ‎നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ‎സഹായിക്കുകയും വേണം." അല്ലാഹുﷻ അവരോടു ‎ചോദിച്ചു: "നിങ്ങളിതംഗീകരിക്കുകയും അതനുസരിച്ച് ‎എന്നോടുള്ള കരാര്‍ ഒരു ബാധ്യതയായി ഏറ്റെടുക്കുകയും ‎ചെയ്തില്ലേ?" അവര്‍ അറിയിച്ചു: "അതെ, ‎ഞങ്ങളംഗീകരിച്ചിരിക്കുന്നു." 


അല്ലാഹുﷻ പറഞ്ഞു: "എങ്കില്‍ ‎നിങ്ങളതിന് സാക്ഷികളാവുക. ഞാനും നിങ്ങളോടൊപ്പം ‎സാക്ഷിയായുണ്ട്." (3:81) നബിമാർ ചെയ്ത കരാർ അവരുടെ സമുദായങ്ങൾക്കും ബാധകമാണ്...