ജീവിതത്തിന്റെ സായം സന്ധ്യ. പ്രായം ശരീരത്തെ ക്ഷീണിപ്പിച്ചു രോഗവും വന്നു. കിടപ്പിലിയി. കിടന്ന കിടപ്പിൽ പഴയകാലം ഓർത്തുപോയി. സ്വർഗത്തിലെ ജീവിതം. അവിടെത്തെ ആഹാര പാനീയങ്ങൾ, പഴവർഗങ്ങൾ. സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു പഴം കിട്ടിയിരുന്നെങ്കിൽ വല്ലാത്ത മോഹം. മക്കളോട് വിവരം പറഞ്ഞു. നിങ്ങൾ കഅബാലയത്തിൽ പോവുക. എന്റെ ആഗ്രഹം അല്ലാഹുﷻവിനോട് പറഞ്ഞു നന്നായി പ്രാർത്ഥിക്കുക. മക്കൾ കഅബാലയത്തിലെത്തി നന്നായി പ്രാർത്ഥിച്ചു. ജിബ്രീൽ (അ)അനേകം മലക്കുകളോട് കൂടി അവിടെയെത്തി. അവരോട് ആദം സന്തതികൾ ആവശ്യം പറഞ്ഞു. നിങ്ങളുടെ പിതാവിന്റെ ആഗ്രഹം ഞങ്ങൾ നിർവ്വഹിച്ചു കൊള്ളാം. നിങ്ങൾ മടങ്ങിപ്പോയ്ക്കൊള്ളുക ...ജിബ്രീൽ (അ) പറഞ്ഞു ...
മക്കൾ മടങ്ങിപ്പോന്നു. വീട്ടിൽ മലക്കുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഭർത്താവ് മരണാസന്നനണെന്ന് ഹവ്വ (റ)മനസ്സിലാക്കി. അവർ അടുത്തുതന്നെ വന്നു നിന്നു. ആദം (അ) ഭാര്യയെ നോക്കി പിന്നെ ഇങ്ങനെ പറഞ്ഞു: "നീ അങ്ങോട്ട് മാറി നിൽക്കുക മലക്കുകളുടെ വരവിന്ന് സൗകര്യം ചെയ്യുക."
ഭർത്താവിന്റെ മനസ്സിൽ ഇപ്പോഴും ആ ദുഃഖചിന്തയാണ്. താനാണ് വിലക്കപ്പെട്ട പഴം കഴിക്കാൻ പ്രേരിപ്പിച്ചത്. ആദം (അ) മടങ്ങിപ്പോവുകയാണ്. സുദീർഘമായൊരു കാലഘട്ടം ഭൂമിയിൽ ജീവിച്ചു. മക്കളുണ്ടായി. പൗത്രന്മാരുണ്ടായി. പൗത്രികളുണ്ടായി. അവർക്കു മക്കളുണ്ടായി. പിന്നെയും തലമുറകളുണ്ടായി. നാല്പതിനായിരം മനുഷ്യർ. അവർക്ക് സന്മാർഗം കാണിച്ചുകൊടുത്തു. ആവശ്യമായ ഉപദേശങ്ങളുമെല്ലാം നൽകി. ഇതാ യാത്രയാവുകയാണ്. മടക്കയാത്ര...
പ്രിയപുത്രൻ ഹാബീൽ. ഹബീൽ വധിക്കപ്പെട്ടു. ആ ദുഃഖവാർത്ത വീട്ടിലെത്തിയ നിമിഷങ്ങൾ. എവിടെയോ വധിക്കപ്പെട്ടു. എങ്ങോ ഖബറടക്കപ്പെട്ടു. ഭർത്താവിന്റെ മുഖം മങ്ങിപ്പോയി. പിന്നെ ചിരിച്ചില്ല. ദുഃഖം നിറഞ്ഞ മുഖം. ആ നിലയിൽ വർഷങ്ങളെത്ര കടന്നുപോയി. എല്ലാം കണ്ട് സഹിച്ച ഉമ്മയാണിത്. മനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നു. മനസ്സ് മരവിച്ചുപോയ വർഷങ്ങൾ. ഭാര്യ ഭർതൃ സമ്പർക്കമില്ലാത്തകാലം. സമുന്നതനായ പുത്രനെക്കുറിച്ച് സന്തോഷവാർത്ത വന്നു. അങ്ങനെയാണ് വീണ്ടും സമ്പർക്കമുണ്ടായത്. പിന്നെയും മക്കളുണ്ടായി. യോഗ്യരായ മക്കൾ. ഹാബീലിന്റെ വിയോഗം മനസ്സിൽ എരിയുന്ന കനലായി നിലനിന്നു...
ഹവ്വ (റ)യുടെ നയനങ്ങൾ നിറഞ്ഞൊഴുകി. ഭർത്താവിന്റെ മുറിയിൽ നിന്ന് അവർ ഇറങ്ങിപ്പോയി. ശീസ്മോന്റെ ജനനം. ആശ്വാസം നൽകിയ ഓമനപുത്രൻ. ഉപ്പ തന്റെ പിൻഗാമിയായി കണ്ടത് ആ മോനെയാണ്. തന്റെ ശരീഅത്ത് നടപ്പാക്കാൻ ബാധ്യത നൽകി. ശീസ് അല്ലാഹുﷻവിന്റെ നബിയാണ്. അന്ത്യനാൾവരെയുള്ള സത്യവിശ്വാസികൾ ശീസ്മോന്റെ പേര് കേൾക്കുമ്പോൾ അലൈഹിസ്സലാം (അദ്ദേഹത്തിന്ന് അല്ലാഹുﷻവിന്റെ രക്ഷയുണ്ടാവട്ടെ ) എന്ന് പ്രാർത്ഥിക്കും...
മരണത്തിന്റെ മാലഖയെത്തി. അനുഗ്രഹത്തിന്റെ മലക്കുകൾ ധാരാളമെത്തി. ആദം (അ) ന്റെ ശരീരം. മണ്ണിന്റെ മനുഷ്യരൂപത്തിൽ റൂഹിനെ കയറ്റി. മടിച്ചുമടിച്ചു റൂഹ് അതിൽക്കയറി. ഇന്ന് ആ റൂഹിനെ വലിച്ചെടുക്കുകയാണ് പുറത്തേക്ക്. ശാന്തത പ്രാപിച്ച ആത്മാവ് മെല്ലെമെല്ലെ വലിച്ചൂരപ്പെടുന്നു. ഉറക്കെ തൗഹീദ് ചൊല്ലുന്നു...
ബന്ധം വേർപ്പെട്ടു. ശരീരവും ആത്മാവും വേർപ്പെട്ടു. അനുഗ്രഹത്തിന്റെ മലക്കുകൾ എല്ലാ ആദരവോടും കൂടി റൂഹിനെ കൊണ്ട് പോയി. ഇരുപത്തൊന്ന് ദിവസം രോഗിയായി കിടന്ന ശേഷമാണ് വഫാത്തായത്. മയ്യിത്ത് വിരിപ്പിൽ കിടക്കുന്നു. മയ്യിത്ത് സംസ്കരണം അറിയില്ല. ജിബ്രീൽ (അ)മലക്കുകളോടൊപ്പം മയ്യിത്ത് സംസ്കരണം തുടങ്ങുകയാണ്. മനുഷ്യപുത്രന്മാരോട് ജിബ്രീൽ (അ) പറഞ്ഞു : "മയ്യിത്ത് സംസ്കരണം എങ്ങനെയാണെന്ന് കണ്ട് പഠിച്ച്കൊള്ളൂ. നിങ്ങളിലൊരാൾ മരിച്ചാൽ ഇങ്ങനെയാണ് സംസ്കരണം നടത്തേണ്ടത്..."
സുഗന്ധദ്രവ്യങ്ങളും, കഫൻതുണിയും, വിരിപ്പും, ചില ഇലകളും ജിബ്രീൽ (അ) സ്വർഗ്ഗത്തിൽ നിന്ന് കൊണ്ട് വന്നിരുന്നു. ജിബ്രീൽ (അ)മയ്യിത്ത് കുളിപ്പിച്ചു. സുഗന്ധം പുരട്ടിയ തുണികൾ കൊണ്ട് കഫൻചെയ്തു. മയ്യിത്ത് കട്ടിലിൽ കിടത്തി കഅബാലയത്തിലേക്ക് കൊണ്ട്പോയി. അവിടെ വെച്ച് മയ്യിത്ത് നിസ്കാരം നടന്നു. ജിബ്രീൽ (അ)ഇമാമായി നിന്നു. നാല് തക്ബീർ ചൊല്ലിയാണ് നിസ്കരിച്ചത്. മയ്യിത്ത് നിസ്കാരത്തിന്ന് നേതൃത്വം നൽകിയത് ശീസ് നബിയാണെന്ന് മറ്റൊരു റിപ്പോർട്ടിൽ കാണുന്നു...