Wednesday - 22 April, 2026 4-Dhu al-Qadah-1447

മനുഷ്യരുടെ ശത്രു (1)

   സ്വർഗ്ഗ ലോകം. മനുഷ്യഭാവന ചെന്നെത്താത്ത മഹാലോകം. അവിടത്തെ അലങ്കാരങ്ങളും ആഢംബരങ്ങളും വർണ്ണിക്കാനാവില്ല. എവിടെയും  സുഗന്ധപൂരിതം. വിടർന്നു  പരിമളം പരത്തുന്ന മനോഹരമായ പൂക്കൾ. തണൽ പരത്തുന്ന മരങ്ങൾ. ഒഴുകുന്ന  അരുവികൾ. കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചകൾ. ഇണക്കിളികൾ. അവയുടെ നാദം എത്ര മനോഹരം. പരസ്പരം സ്നേഹിച്ച്  കഴിയുന്ന കിളികൾ. ഇണ ചേർന്നുപോവുന്ന മൃഗങ്ങൾ...


ഇണ വേണം എങ്കിലേ സ്നേഹപ്രകടനം നടത്താൻ കഴിയൂ. തനിക്കും വേണം ഒരു ഇണ. ആദം (അ) ചിന്തിച്ചു. ഒരു നാൾ ആദം (അ) മയങ്ങുകയായിരുന്നു. ഉറക്കിന്റെയും ഉണർവ്വിന്റെയും മധ്യത്തിലുള്ള അവസ്ഥ. മലക്കുകൾ വന്നു. ഇടതു പാർശ്വത്തിലെ ഒരു വാരിയെല്ലെടുത്തു. അത് കൊണ്ട് സ്ത്രീയെ സൃഷ്ടിച്ചു. അതിസുന്ദരിയായ ഹവ്വ (റ) അതൊരു ജുമുഅഃ ദിവസമായിരുന്നു. ആദം (അ) ഉണർന്നു. തനിക്കരികിൽ ഒരു സുന്ദരി ഇരിക്കുന്നു. എന്തൊരതിശയം. നീ ആരാണ് ..? ആദം (അ) ആകാംക്ഷയോടെ ചോദിച്ചു. അല്ലാഹുﷻവിന്റെ പക്കൽ നിന്ന്  ഇങ്ങനെ മറുപടിയുണ്ടായി. " അവൾ നമ്മുടെ അടിമയാണ്. പേര് ഹവ്വ എന്നാകുന്നു. നിനക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവൾ."


ആദം (അ) ന്ന് എന്തെന്നില്ലാത്ത സന്തോഷം. ഹവ്വയെ ഒന്നു തൊട്ടുനോക്കാൻ മോഹം. കൈനീട്ടി. അപ്പോൾ ഇങ്ങനെ പറയപ്പെട്ടു. "ആദം, ഹവ്വയെ തൊടരുത്. മഹ്റ് നൽകി വിവാഹം ചെയ്തു ഹലാലായ ഇണയാക്കണം. അതിന് മുമ്പ് സ്പർശനം പാടില്ല.  


"എന്താണ് മഹറായി നൽകേണ്ടത്..?" ആദം (അ) ചോദിച്ചു.  "മുഹമ്മദ് നബി (സ) തങ്ങളുടെ മേൽ പത്ത് സ്വലാത്ത് ചൊല്ലുക . അത് മഹറായി നൽകുക."

ആരാണ് മുഹമ്മദ് നബി ..? 

താങ്കളുടെ സന്താന പരമ്പരയിൽ പെട്ട ആളാണ്. അന്ത്യ പ്രവാചകനാണ്. സൃഷ്ടികളിൽ വെച്ച് അത്യുന്നതാണ്. മുഹമ്മദ് നബിയെ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ പ്രപഞ്ചം തന്നെ സൃഷ്ടിക്കുമായിരുന്നില്ല. താങ്കളെയും സൃഷ്ടിക്കുമായിരുന്നില്ല...


സ്വലാത്ത് ചൊല്ലാൻ  പഠിച്ചു. പത്ത് സ്വലാത്ത് ചെല്ലി. അത് മഹറായി  നൽകി. മലക്കുകൾ സാക്ഷി നിന്നു. ഹവ്വ ഹലാലായ ഭാര്യയായി. മലക്കുകൾ ആദം (അ) നെ അണിയിച്ചൊരുക്കി. സിംഹാസനത്തിൻ ഇരുത്തി. ഹവ്വയെ വിലമതിക്കാനാവാത്ത ആഭരണങ്ങൾ ധരിപ്പിച്ചു. പട്ടുവസ്ത്രങ്ങളും ഉടുപ്പിച്ചു. ആദമും ഹവ്വായും. ആദ്യ ഇണകൾ. അവർ മുട്ടിയുരുമ്മി നടന്നു. സ്വർഗ്ഗത്തിലെ മലർവാടികളിലൂടെ. മനം നിറയെ ആനന്ദം...


ഹവ്വ (റ) യുടെ സൃഷ്ടിപ്പിനെക്കുറിച്ച് സൂറത്തുന്നിസാഇന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. അത് നോക്കം...


"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുﷻവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹുﷻ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു." (4:1)


ആദം (അ) നെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു. ഹവ്വ (റ)യെ ആദമിൽ നിന്ന് സൃഷ്ടിച്ചു. അവർ രണ്ടാളിൽ നിന്നായി കോടാനുകോടി മനുഷ്യരെ സൃഷ്ടിച്ചു. അങ്ങനെയുള്ള അല്ലാഹുﷻവിനെ സൂക്ഷിക്കുക...


ഇത്രയും വലിയ കാര്യം പറഞ്ഞ ഉടനെ പറയുന്നത് കുടുംബ ബന്ധം ചേർക്കണം എന്നാകുന്നു. കുടുംബ ബന്ധത്തിന്റെ ശ്രേഷ്ഠതയാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്. കുടുംബബന്ധം ഊട്ടിയുറപ്പിക്കണം. കുടുബാംഗങ്ങൾക്കിടയിൽ സ്നേഹവും വാത്സല്യവും വിശ്വാസവും സുദൃഢമായി നില നിൽക്കണം. അപ്പോർ അല്ലാഹുﷻവിന്റെ അനുഗ്രഹം കണക്കില്ലാതെ ചൊരിയപ്പെടും. കുടുംബ ബന്ധം ദുർബലമാക്കുന്ന ചിന്തയോ സംസാരമോ പ്രവർത്തനങ്ങളോ ഉണ്ടായിക്കൂടാ. അത് നമ്മെ അധഃപതനത്തിലേക്ക് നയിക്കും. കുടുംബബന്ധം മുറിക്കുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്നാണ് നബിവചനം...


സൂറത്ത് സ്വാദ് ആദം നബി (അ) ന്റെ സൃഷ്ടിപ്പിനെക്കുറിച്ചും അനന്തര സംഭവങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. അത് ശ്രദ്ധിക്കാം...


"നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌."(38:71)

" അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം." (38:72)

"അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു;"(38:73)

"ഇബ്ലീസ് ഒഴികെ. അവന്‍ അഹങ്കരിക്കുകയുംസത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു." (38:74)

"അല്ലാഹുﷻ പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌..? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ..?" (38:75)

"ഇബ്ലീസ്‌ പറഞ്ഞു:


ഞാന്‍ മനുഷ്യനെക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു." (38:76)

"അല്ലാഹുﷻ പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന് പുറത്ത് പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു." (38:77)

"തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്‌." (38:78)

"ഇബ്ലീസ്‌ പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചു തരേണമേ." (38:79)

"അല്ലാഹുﷻ പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു." (38:80)

"നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ." (38:81)


ഉയർത്തെഴുന്നേൽപ്പിന്റെ ദിവസം വരെ ആയുസ്സ് നീട്ടിത്തരണമെന്ന് ഇബ്ലീസ് അപേക്ഷിച്ചു. അതനുവദിച്ചില്ല.അന്ത്യനാൾ വരെ ആയുസ്സ് അനുവദിച്ചു. കാഹളത്തിൽ ഒന്നാം തവണ ഊതുന്നത് വരെ മാത്രം...


"ഇബ്ലീസ്‌ പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും." (38:82)

"അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ" (38:83)

"അല്ലാഹുﷻ പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ- സത്യമേ ഞാന്‍ പറയുകയുള്ളൂ" (38:84)

"നിന്നെയും അവരില്‍ നിന്ന് നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും." (38:85)


ഇബ്ലീസിന്റെ അഹങ്കാരം എവിടെ വരെ എത്തിനിൽക്കുന്നു എന്ന് നോക്കുക. അതിന്റെ അംശങ്ങളാണ് മനുഷ്യ മനസ്സിലുള്ളത് ...