Wednesday - 22 April, 2026 4-Dhu al-Qadah-1447

വസ്ത്രം മൂന്നുതരം (1)

   ആദം (അ) ന്റെ പശ്ചാത്താപം കഠിനമായിരുന്നു. സ്വർഗ്ഗത്തിലെ ആഡംബരം നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല ചിന്തിച്ചത്. അല്ലാഹുﷻവിന്റെ കല്പനയെക്കുറിച്ചാണ് ചിന്തിച്ചത്.  ഇബ്ലീസിന്റെ കെണിയിൽ പെട്ടുപോയതോർത്ത് വല്ലാതെ വ്യാകലപ്പെട്ടു. മനുഷ്യരുടെ ഔറത്ത് വെളിവാക്കുന്നത് പിശാചിന്ന് വളരെ ഇഷ്ട്ടമുള്ള കാര്യമാണ്. അന്യരുടെ നഗ്നത കാണുമ്പോൾ മനസ്സിന് ആനന്ദം തോന്നണമെന്നാണ് ഇബ്ലീസ് ആഗ്രഹിക്കുന്നത്. അങ്ങനെ തോന്നാൻ വെണ്ടതൊക്കെ അവൻ ചെയ്യുന്നു ...


ആധുനിക ലോകം ഇബ്ലീസിന്റെ ആധിപത്യത്തിലാണ്. ഇബ്ലീസിന്റെ വർഗ്ഗപരമ്പരയിൽ പെട്ട കോടിക്കണക്കായ ശൈത്വാൻമാർ ലോകമെങ്ങും അടക്കി വാഴുകയാണ്. സ്ത്രീകൾ അല്പ വസ്ത്രധാരിണികളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ ശൈത്വാന്മാർ പ്രോത്സാഹനം നൽകുന്നു. കിഴക്കൻ രാജ്യങ്ങളിലും പശ്ചാത്യനാടുകളിലും സൗന്ദര്യമത്സരങ്ങൾ നടക്കുന്നു. പരസ്യമായ നഗ്നതാപ്രദർശനം. അത് കണ്ട് പൈശാചികമായ ആനന്ദം അനുഭവിക്കുകയാണ് ആധുനികലോകം. സകലവാർത്താമാധ്യമങ്ങളും അവക്ക് വൻ പ്രാധാന്യം നൽകുന്നു ...


മാസികകളുടെ കവർ ചിത്രമായി നഗ്നഫോട്ടോകൾ വരുന്നു. നീല ചിത്രങ്ങൾ ലോകമെങ്ങും പ്രാചരത്തിലുണ്ട്. ബാലിക ബാലന്മാരുടെ മൊബൈൽ ഫോണുകളിൽ വരെ. ഇന്റെർനെറ്റിലൂടെ നഗ്നത നിറഞ്ഞൊഴുകുന്നു ... 


സിനിമകൾ, സീരിയൽ, കായികവിനോദങ്ങൾ എല്ലാം നഗ്നതാ പ്രദർശനത്തിന്റെ വേദികൾ തന്നെ. 

പരസ്യങ്ങളിൽ തെളിയുന്നതും നഗ്നതതന്നെ. ബാറുകളിലെ നഗ്നനൃത്തങ്ങളും കുപ്രസിദ്ധമാണ്. എല്ലാറ്റിനും പ്രേരണ ഇബ്ലീസും സന്താനപരമ്പരയും തന്നെ. ആദം ഹവ്വ ദമ്പതിമാർ സ്വർഗ്ഗീയ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. നഗ്നത വെളിവായില്ല. പലസ്പരം നഗ്നതകണ്ടില്ല. കാണുന്നതിനെക്കുറിച്ചും ചിന്തിച്ചുപോലുമില്ല...


ശത്രുവായ ഇബ്ലീസ് ചിന്തിച്ചതിങ്ങനെയാണ്. ഇവരുടെ സ്വർഗ്ഗീയ വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റണം  ഇവരുടെ നഗ്നത വെളിവാകണം.  പരസ്പരം കാണണം. ഇതിന്നുവേണ്ടിയാണവൻ പഴം തിന്നാൻ പ്രേരിപ്പിച്ചത്. പഴം തിന്നു നഗ്നത വെളിവായി...


സൂറത്ത് അഹ്റാഫിൽ ഇക്കാര്യം പറയുന്നു: 

"എന്നിട്ട് അവർക്ക് രണ്ട്പേർക്കും മറയ്ക്കപ്പെട്ടിരുന്നതായ അവരുടെ നഗ്നത വെളിവാക്കുവാനായി ശൈത്വാൻ അവരോട് ദുർമ്മന്ത്രം നടത്തി.

അവൻ പറയുകയും ചെയ്തു : "നിങ്ങളുടെ രണ്ടാളുടെയും റബ്ബ് നിങ്ങളോട് ഈ വൃക്ഷത്തെക്കുറിച്ച് വിരോധിച്ചിട്ടില്ല. നിങ്ങൾ രണ്ട് പേരും മലക്കുകൾ ആയിത്തീരുകയോ അല്ലെങ്കിൽ നിങ്ങളിരുവരും ശാശ്വത വാസികളായിത്തീരുകയോ ചെയ്യുമെന്നതിനാൽ അല്ലാതെ."  (7:20) 


പഴം തിന്നാൽ നിങ്ങളിരുവരും മലക്കുകളായിത്തീരും. അല്ലെങ്കിൽ ശാശ്വതമായി ഇവിടെ താമസിക്കും. അതുകൊണ്ട് പഴം തിന്നണമെന്ന് ഇബ്ലീസ് ഉപദേശിച്ചു. പഴം തിന്നാൽ സ്വർഗ്ഗത്തിൽ ശാശ്വതമായി താമസിക്കാം അല്ലെങ്കിൽ മലക്കുകളാവാം. കള്ളം പറഞ്ഞു പറ്റിച്ചു. 

അവൻ ഇത്രകൂടി പറഞ്ഞു : "ഞാൻ നിങ്ങളുടെ നിഷ്കളങ്കനായ ഉപദേശകനാകുന്നു." 


വിശുദ്ധ ഖുർആൻ പറയുന്നു: "അവൻ അവരോട് സത്യം ചെയ്തു പറയുകയും ചെയ്തു. നിശ്ചയമായും ഞാൻ നിങ്ങൾ രണ്ടാൾക്കും ഗുണകാംക്ഷികളിൽ പെട്ടവനാകുന്നു."  (7:21)


മനുഷ്യവർഗ്ഗത്തോടുകാണിച്ച ഇബ്ലീസിന്റെ ആദ്യവഞ്ചനയാണത്. അന്ന് ഇബ്ലീസ് ഒറ്റക്കാണ്. ഇന്നത്തെ കഥ അതല്ല  അനേക കോടി ശൈത്വാൻമാരുണ്ട്. മനുഷ്യരുടെ എണ്ണത്തേക്കാൾ എത്രയോ ഇരട്ടിയാണ് ശൈത്വാൻമാർ. മനുഷ്യൻ കുറച്ചുകാലം ജീവിച്ചുമരിച്ചുപോവുന്നു. ശൈത്വാൻ നൂറ്റാണ്ടുകളോളം ജീവിക്കുന്നു. മനുഷ്യനെ കളിപ്പാട്ടം പോലെ തട്ടിക്കളിക്കുകയാണ് ശൈത്വാൻ. അസൂയയും അഹങ്കാരവും മനുഷ്യമനസിൽ വളർത്തിയെടുക്കാൻ ശൈത്വാന്മാർക്ക് ഒരു പ്രയാസവുമില്ല...


ഭാഷയുടെയും വർഗ്ഗത്തിന്റെയും, വർണ്ണത്തിന്റെയും, ദേശിയതയുടെയും പേരിൽ നടക്കുന്ന എല്ലാ കലാപങ്ങൾക്കു പിന്നിലും ശൈത്വാന്മാരുടെ പ്രേരണയുണ്ട്. പദ്ധതികളും പരിപാടികളുമുണ്ട്. എവിടെയും വഞ്ചന, കള്ളം പറച്ചിൽ, നുണ പറഞ്ഞ് ചിരിപ്പിക്കൽ, വിവിധതരം കളികൾ, കോമാളി വേഷങ്ങൾ...


മനുഷ്യന്റെ വായിലൂടെ പിശാചിന്റെ ശബ്ദം കേൾക്കും. നിസ്കരിക്കുമ്പോൾ പോലും ചിലരുടെ കോട്ടുവാ ശബ്ദം കേട്ടിട്ടില്ലേ ...? 


വഞ്ചനയിലൂടെ ശൈത്വാൻ മനുഷ്യനെ തരംതാഴ്ത്തും. നിലം പരിശാക്കും. സൂറത്ത് അഹ്റാഫിലെ വചനങ്ങൾ കാണുക : 

"എന്നിട്ട് അവർ രണ്ട് പേരെയും വഞ്ചനമൂലം അവൻ തരംതാഴ്ത്തി. അങ്ങിനെ അവർ വൃക്ഷഫലത്തെ രുചിനോക്കിയപ്പോൾ അവർക്ക് അവരുടെ നഗ്നത വെളിവായി. സ്വർഗ്ഗത്തിലെ ഇലയിൽ നിന്നും എടുത്ത് തങ്ങളുടെ മേൽ ഒട്ടിക്കാൻ തുടങ്ങുകയും ചെയ്തു...

അവർ ഇരുവരുടെയും റബ്ബ് അവർ ഇരുവരേയും വിളിച്ചു ചോദിച്ചു ആ വൃക്ഷം നിങ്ങളിരുവർക്കും ഞാൻ വിരോധിച്ചിട്ടില്ലേ..? പിശാച് നിങ്ങളിരുവരുടേയും പ്രത്യക്ഷ ശത്രുവാണെന്ന് ഞാൻ പറയുകയും ചെയ്തിട്ടില്ലേ..?" (7:22)


എത്ര ഗൗരവമുള്ള ചോദ്യങ്ങൾ. "ആ വൃക്ഷം ഞാൻ നിങ്ങൾക്ക് വിലക്കിയില്ലേ ..? 

പിശാച് പ്രത്യക്ഷ ശത്രുവാണെന്ന് പറഞ്ഞില്ലേ ..?"

ഇത് മനുഷ്യവർഗ്ഗത്തോടുള്ള ചോദ്യം കൂടിയാണ്. വേദഗ്രന്ഥങ്ങളിറങ്ങി അത് വിശദീകരിക്കാൻ നബിമാർ വന്നു നന്നായി വിശദീകരിച്ചു തന്നു. അനുവദനീയമായ ആഹാരം ഏത് ..? വിലക്കപ്പെട്ട ആഹാരം ഏത് ..?  

ഓരോ നബിയും അത് വിവരിച്ചു തന്നു ...