Wednesday - 22 April, 2026 4-Dhu al-Qadah-1447

പശ്ചാത്താപം (2)

   ജിബ്രീൽ (അ) ഇടക്കിടെ ആദം (അ) നെ കാണാൻ വരും. ഒരിക്കൽ ഏതാനും ഗോതമ്പുമണികൾ കൊണ്ടുവന്നുകൊടുത്തു. ഇരുമ്പുകൊണ്ടു വന്നു കൃഷി ആയുധങ്ങൾ ഉണ്ടാക്കാൻ പരിശീലിപ്പിച്ചു. ഗോതമ്പുമണികൾ കൃഷി ചെയ്തു നനച്ചു വളർത്തി. ഗോതമ്പ് വിളഞ്ഞു. കൊയ്തെടുത്തു. ധാന്യം പൊടിച്ചു മാവ്കുഴച്ചു റൊട്ടിയുണ്ടാക്കി. ആഹാരം കഴിച്ചു...


ഹവ്വ (റ) യും കൃഷി ചെയ്യാൻ പഠിച്ചു.  പലതരം ജോലികൾ ചെയ്തു. ആഹാരം പാകപ്പെടുത്തിക്കഴിച്ചു. വിലക്കപ്പെട്ട പഴം കഴിച്ചത് മുതൽ ആദം (അ) പശ്ചാത്താപവിവശനായിരുന്നു. മനസ്സിനെ കാർന്നു തിന്നുന്ന ദുഃഖം സഹിക്കാനാവുന്നില്ല. ഹവ്വ (റ)ക്ക് രണ്ട് ദുഃഖമാണ്. പഴം കഴിച്ച ദുഃഖം. ഭർത്താവിനെ നിർബന്ധിച്ചു കഴിപ്പിച്ച ദുഃഖം...


കണ്ണീരൊഴുക്കി പ്രാർത്ഥിക്കുകയാണവർ. എത്ര കാലം ദുഃഖിച്ചു. കണ്ണീരൊഴുക്കി എന്തുമാത്രം പശ്ചാത്തപിച്ചു. 

ഭൂമിയിലെത്തിയപ്പോൾ വിരഹവേദനയും. എല്ലാം ഇബ്ലീസ് കാരണം. കണ്ണീരിനും നെടുവീർപ്പുകൾക്കുമിടയിലൂടെ സംവത്സരങ്ങൾ എത്രയോ കടന്നുപോയി...


സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തെക്കുറിച്ച് സൂറത്ത് ത്വാഹയിൽ പറയുന്നത് ശ്രദ്ധിക്കാം... 

"അങ്ങനെ ശൈത്വാൻ (ഇബ്ലീസ് ) ആദമിന്ന് ദുർബോധനം നൽകി. അവർ പറഞ്ഞു : നിത്യവാസത്തിനുള്ള വൃക്ഷത്തെയും നശിച്ചു പോകാത്ത രാജത്വത്തെയും ഞാൻ നിനക്ക് അറിയിച്ച് തരട്ടെയോ." (20:120)

"എന്നിട്ട് അവർ രണ്ട്പേരും അതിൽ നിന്ന്  (പഴം) തിന്നു. ഉടനെ അവർക്ക് തങ്ങളെ നഗ്നത വെളിപ്പെട്ടു. സ്വർഗ്ഗത്തിലെ ഇലകളിൽ നിന്ന് എടുത്ത് അവർ തങ്ങളുടെ മേൽ ഒട്ടിക്കുവാൻ തുടങ്ങി. 

ആദം തന്റെ റബ്ബിനോട് അനുസരണക്കേട് കാണിച്ചു. അങ്ങനെ വഴിപിഴച്ചു." (20:121)


ആദം (അ) ദീർഘകാലം പശ്ചാത്തപിച്ചു. കരഞ്ഞു പ്രാർത്ഥിച്ചു. അവരുടെ പ്രാർത്ഥനാവചനം വളരെ പ്രസിദ്ധമാണ്.

"റബ്ബനാ ളലംനാ അൻഫുസനാ വഇല്ലം തഗ്ഫിർ ലനാ ലനകൂനന്ന മിനൽ ഖാസിരീൻ"  

ഞങ്ങളുടെ റബ്ബേ! ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുകയാണ്. നീ ഞങ്ങൾക്ക് പൊറുത്തു തരികയും ഞങ്ങൾക്കു കരുണ ചെയ്യുകയും ചെയ്യാതിരുന്നാൽ തീർച്ചയായും ഞങ്ങൾ നഷ്ടപ്പെട്ടവരിൽ പെട്ടുപോവും." 


വിശുദ്ധ ഖുർആൻ പറയുന്നു.

"പിന്നീട് അദ്ദേഹത്തെ അല്ലാഹുﷻ നന്നാക്കിയെടുത്തു. അങ്ങനെ അദ്ദേഹത്തിന്റെ മേൽ പശ്ചാത്താപം സ്വീകരിച്ചു. മാർഗ്ഗദർശനം നൽകുകയും ചെയ്തു."  (20;122)

ആദം (അ) ഹവ്വ (റ) എന്നിവരെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയ ശേഷം അല്ലാഹുﷻ ചില നിർദേശങ്ങൾ നൽകുകയുണ്ടായി. അവർക്കും അവരുടെ സന്താന പരമ്പരയായ മനുഷ്യവർഗ്ഗത്തിന്നുമുള്ളതാണ് ആ നിർദ്ദേശങ്ങൾ. വിശുദ്ധ ഖുർആൻ പറയുന്നു. 

അല്ലാഹുﷻ പറഞ്ഞു : "നിങ്ങളെല്ലാവരും ഇതിൽ നിന്ന് ഇറങ്ങിപ്പോകുവീൻ. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാകുന്നു.

എന്നാൽ എന്റെ പക്കൽ നിന്ന് വല്ല മാർഗ്ഗദർശനവും നിങ്ങൾക്കു വന്നു കിട്ടുന്നതായാൽ അപ്പോൾ എന്റെ മാർഗ്ഗദർശനം ആർ പിൻപറ്റുന്നുവോ അവൻ വഴിപിഴക്കുകയില്ല. വിഷമിക്കേണ്ടി വരികയുമില്ല." (20:123)


സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആദം (അ) മിനും ഹവ്വ (റ)ക്കും സർവ്വശക്തനായ അല്ലാഹുﷻ സന്മാർഗ്ഗോപദേശങ്ങൾ നൽകും. അത് പിൻപറ്റിയാൽ മതി അപ്പോൾ അവൻ പൊറുത്തു കൊടുക്കും. സൽക്കർമ്മങ്ങൾ സ്വീകരിക്കും...


മനുഷ്യവർഗ്ഗത്തോടുള്ള പ്രഖ്യാപനം കൂടിയാണിത്. കാലാകാലങ്ങളിൽ പ്രവാചകന്മാർ വരും. അവർ സന്മാർഗം ഉപദേശിക്കും. ആരൊക്കെ അത് പിൻപറ്റിയോ അവർ രക്ഷപ്പെട്ടു. നബിമാരെ പിൻപറ്റിയവർ വഴിപിഴക്കുകയില്ല. മരണവേളയിലോ ഖബറിലോ, മഹ്ശറയിലോ അവർ വിഷമിക്കുകയുമില്ല...


പ്രവാചകന്മാരുടെ കാലം കഴിഞ്ഞു. ആരിഫീങ്ങളാണ് പ്രവാചകന്മാരുടെ പിൻഗാമികൾ. ഔലിയാക്കൾ, ത്വരീഖത്തിന്റെ മശാഇഖുമാർ  അവർ ജനങ്ങൾക്ക് സന്മാർഗം ഉപദേശിക്കും. അവരെ പിൻപറ്റിയവരും വഴിപിഴയ്ക്കുകയില്ല...


ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന ഔലിയാക്കൾ ലോകാവസാനം വരെ ലോകത്തുണ്ടാകും. അവരെ പിൻപറ്റുന്നവരുടെ എണ്ണം കുറവായിരിക്കും. വലിയൊരു വിഭാഗം എക്കാലവും അവർക്കെതിരായിരിക്കും...


സന്മാർഗം കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഏറെപ്പേരും. അവർ നബിമാരെ കണ്ടില്ല. ഔലിയാക്കളെ കണ്ടില്ല. വേദഗ്രന്ഥങ്ങൾ കണ്ടില്ല. സത്യവിശ്വാസികളെ കണ്ടില്ല. കണ്ണില്ലാത്തവരെപ്പോലെ നടന്നു.

നല്ലതിന്ന് നേരെ കണ്ണുതുറന്നില്ല...


ഇവരും മരിക്കും. മരണത്തിന്റെ മാലാഖ വന്നാൽ കീഴടങ്ങുകയേ നിവൃത്തിയുള്ളൂ. മരണദൂതനെ അകറ്റാൻ ഒരു ധിക്കാരിക്കും കഴിയില്ല. മരിക്കും മണ്ണിനടിയിലാവും. അന്ത്യനാളിൽ എഴുന്നേൽപ്പിക്കും വിചാരണക്ക് കൊണ്ട് പോവാൻ ഉയർത്തെഴുന്നേൽപ്പിച്ചപ്പോൾ അവന്ന് കഴ്ചയില്ല. അന്ധനാണ് ഒന്നും കാണാൻ വയ്യ. ഇതെന്ത് പറ്റി? ഭൂമിയിൽ താൻ കാഴ്ചയുള്ളവനായിരുന്നല്ലോ? തന്റെ കാഴ്ച എവിടെപ്പോയി? ഭൂമിയിൽ വെച്ച് നല്ലത് കാണത്തവന്റെ കാഴ്ചപോയി. 


കാണാൻ പാടില്ലാത്തതാണ് അവൻ കണ്ടത്. 

വിശുദ്ധ ഖുർആൻ പറയുന്നു.

"ആരെങ്കിലും എന്റെ ഉൽബോധനത്തെ വിട്ട് തിരിഞ്ഞുകളഞ്ഞാൽ, നിശ്ചയമായും അവന്ന് ഇടുങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കുന്നതാണ് അന്ത്യനാളിൽ. അവനെ നാം അന്ധനായി നിലയിൽ എഴുന്നേൽപിച്ച് ഒരുമിച്ച് കൂട്ടുന്നതുമാണ്." (20:124)


അവൻ പറയും : "റബ്ബേ എന്തിനാണ് നീ എന്നെ അന്ധനായ നിലയിൽ എഴുന്നേൽപിച്ച് ഒരുമിച്ചുകൂട്ടിയത്..? ഞാൻ കാഴ്ച്ചയുള്ളവനായിരുന്നവല്ലോ." (20:125)


അല്ലാഹുﷻ പറയും: "അങ്ങനെ തന്നെയാണ് നിനക്ക് നമ്മുടെ ലക്ഷ്യങ്ങൾ (ആയത്തുകൾ ) വന്നു അപ്പോൾ നീ അത് മറന്നുകളഞ്ഞു അപ്രകാരം ഇന്ന് നീയും വിസ്മരിക്കപ്പെട്ടിരിക്കുന്നു." (20:126)


"അങ്ങനെയാണ് അതിര് കവിയുകയും തന്റെ റബ്ബിന്റെ ലക്ഷ്യങ്ങളിൽ (ആയത്തുകളിൽ) വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവന്ന് നാം പ്രതിഫലം നൽകുക. 

പരലോക ശിക്ഷ കഠിനവും കൂടുതൽ ശേഷിക്കുന്നതുമാകുന്നു." (20:127)


മനുഷ്യർ സന്മാർഗത്തിൽ ചലിക്കണം. ധാരാളം നന്മകൾ പ്രവർത്തിക്കണം. അല്ലാഹുﷻവിന്റെ തൃപ്തിനേടണം.

സന്മാർഗം ഉപദേശിക്കാൻ അർഹതയുള്ള യോഗ്യരായ മഹാന്മാരുമായി സഹവാസം കൂടണം. അവരുടെ ഉപദേശമനുസരിച്ചു ജീവിക്കണം. എന്നാൽ വിജയിച്ചു...


സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ആദം (അ) വല്ലാതെ ദുഃഖപരവശനായിരുന്നു. അപ്പോൾ അല്ലാഹുﷻ നൽകിയ ഉപദേശം ഇതായിരുന്നു. 

ഭൂമിയിൽ ഒരു നിശ്ചിതകാലം നിങ്ങൾ ജീവിക്കണം നിങ്ങളുടെ അക്കാലത്തെക്കുള്ള പാർപ്പിടമാണത്. അത്രയും കാലത്തേക്കുള്ള ഭക്ഷ്യവിഭവങ്ങളും ഭൂമിയിൽ നിന്ന് ലഭിക്കും വായു ,വെള്ളം, ആഹാരം എന്നിവ ഓരോരുത്തടെ പേരിലും നിശ്ചയിക്കപ്പെടും. 


സൂറത്തുൽ ബഖറയിലെ വചനങ്ങൾ കാണുക.

"എന്നിട്ട് പിശാച് അവരെ അതിൽ നിന്ന് വ്യതിചലിപ്പിച്ചു അങ്ങനെ അവർ രണ്ടാളും അതിൽ നിന്ന് പുറത്താക്കപ്പെട്ടു നാം പറഞ്ഞു : എല്ലാവരും ഇറങ്ങിപ്പോകുവീൻ നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാകുന്നു 

നിങ്ങൾക്ക് ഭൂമിയിൽ ഒരു നിശ്ചിത സമയം വരേക്കുള്ള പാർപ്പിടവും ജീവിത വിഭവവും ഉണ്ടായിരിക്കും."  (2:36)

ആദം (അ) ഹവ്വ (റ), ഇബ്ലീസ് ഇവരാണ് ഭൂമിയിലേക്ക് അയക്കപ്പെട്ടത്.


ആദം (അ) ഹവ്വ  (റ) ഇവർ മുഹ്മിനീങ്ങളാണ്. 

ഇബ്ലീസ് അവരുടെ ശത്രുവാണ്. പിന്നീട് ഭൂമിയിൽ വരുന്ന മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥയെന്താണ്..? ഒന്നുകിൽ ആദം-ഹവ്വയുടെ ഭാഗത്ത്.

അല്ലെങ്കിൽ ഇബ്ലീസിന്റെ ഭാഗത്ത്. ശത്രുത ഭൂമിയുള്ള കാലത്തോളം നിലനിൽക്കും. പശ്ചാത്താപം. അഥവാ തൗബ...


ദുഃഖം നിറഞ്ഞ പ്രാർഥന, അതിലൂടെ പാപങ്ങൾ കഴുകിക്കളയുക, മനസ്സ് ശുദ്ധമായിത്തീരുക. ഇതാണ് മനുഷ്യരുടെ മോചനമാർഗ്ഗം. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം...

"അനന്തരം ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങൾ ഏറ്റെടുത്തു. അങ്ങനെ അല്ലാഹുﷻ അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. തീർച്ചയായും അവൻ പശ്ചാത്താപം വളരെയേറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു." (2:37)


പശ്ചാത്താപത്തിന്റെ (തൗബയുടെ) വചനങ്ങൾ ഏറ്റെടുത്തു ചൊല്ലി. ഒടുവിൽ പശ്ചാത്താപം സ്വീകരിച്ചു.


സൂറത്തുൽ ബഖറയിൽ ഇങ്ങനെ കൂടി കാണാം.  

 "നാം പറഞ്ഞു : നിങ്ങൾ മുഴുവൻ ഇവിടെ നിന്ന് ഇറങ്ങിപ്പോയ്ക്കൊള്ളുക എന്നിട്ട് എന്റെ പക്കൽ നിന്ന് വല്ല മാർഗ്ഗദർശനവും വന്നാൽ അപ്പോൾ എന്റെ മാർഗ്ഗദർശനം ആർ പിൻപറ്റിയോ അവരുടെ മേൽ യാതൊരു ഭയവുമില്ല അവർ വ്യസനിക്കുകയില്ല." (2:38)


സന്മാർഗദർശനം വന്നു. എന്നിട്ടതിനെ പിൻപറ്റിയില്ല എങ്കിലോ..? 

അപ്പോൾ അവൻ നരകത്തിന്റെ അവകാശിയായി. അതിൽ അവന്റെ ജീവിതം ശാശ്വതം തന്നെ. 

വിശുദ്ധ ഖുർആൻ പറയുന്നു : 

"സത്യത്തിൽ വിശ്വസിക്കാതിരിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ അക്കൂട്ടർ നരകത്തിന്റെ ആൾക്കാരാകുന്നു അവരതിൽ സ്ഥിരവാസികളായിരിക്കും." (2:39)


സത്യനിഷേധത്തിലേക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നത് ശപിക്കപ്പെട്ട ഇബ്ലീസ് ആകുന്നു. അവൻ തെറ്റുകൾ ഭംഗിയായി തോന്നിപ്പിക്കും. അതിൽ വഞ്ചിതരായാൽ നരകത്തിലെ ശാശ്വത വാസമായിരിക്കും ഫലം...