ശൈത്വാൻമാർക്ക് അഞ്ച് വൻ നേതാക്കന്മാരുണ്ട്. അവരുടെ ശക്തികേന്ദ്രങ്ങൾ, അവരുടെ പേരുകൾ താഴെപറയും വിധമാണെന്ന് റിപ്പോർട്ടുകളിൽ കാണാം...
1. സബർ
2. ദാസിം
3. അഅവർ
4. മസ് വത്വ്
5. സൽനബൂർ
ഇവർക്ക് ഓരോരുത്തർക്കും വൻ സൈന്യമുണ്ട് ...
സബറിന്റെ സൈന്യത്തിൽ പെട്ടവർ മരണവീടുകളിൽ വരും. അവരുടെ മനസ്സിൽ കടന്ന് കടുത്ത ദുഃഖവും നിരാശയുമുണ്ടാക്കും. അല്ലാഹുﷻവിന്റെ വിധിക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിക്കും. അങ്ങനെ കരച്ചിലും അലമുറയിടലും ഉണ്ടാകും ...
ഇബ്ലീസിന്റെ ഏറ്റവും പ്രിയപ്പെട്ട പുത്രനാണ് ദാസിം. ഭാര്യാഭർത്താക്കന്മാരെ തെറ്റിക്കലാണ് മുഖ്യ കർമ്മം. ഇതിന്നുവേണ്ട തന്ത്രങ്ങളെല്ലാം ഇവരിരുവരുടെയും മനസ്സിൽ കയറി ദുഷിച്ച ചിന്തകൾ ഉണ്ടാക്കും. തെറ്റിദ്ധാരണകൾ സൃഷ്ടിക്കും. നോക്കിലും വാക്കിലും സംശയം വരും. വഴക്കും വക്കാണവും പീഢനങ്ങളും നടക്കും. കേസും കൂട്ടവുമായി നടക്കും ഒടുവിൽ വിവാഹമോചനം. പിന്നെയും വെറുപ്പും വിരോധവും തുടരും ...
മൂന്നാമൻ അഅവർ - വ്യഭിചാരത്തിന്റെ ചുമതലക്കാരൻ. വേശ്യാവൃത്തി ഭംഗിയായി അവതരിപ്പിക്കും. വേശ്യകളുടെ മനസ്സിൽ സ്ഥിരമായി കാണും. അവരെ അണിയിച്ചൊരുക്കും. അലങ്കരിക്കും. ആണുങ്ങളെ അവരിലേക്കെത്തിക്കും. മനസ്സിൽ പിശാച് കയറിയ പുരുഷന്മാർ വേശ്യകളെ കണ്ട് ഭ്രമിക്കും...
വ്യപിചാരത്തിലേക്കു പ്രേരിപ്പിക്കുന്ന വേദികൾ ഒരുക്കും. പരസ്യമായ ചുംബനങ്ങൾ, ആലിംഗനം, അശ്ശീല പ്രസിദ്ധീകരണങ്ങൾ, വേശ്യകളുടെ ജീവചരിത്രം, ആഭാസകഥകൾ, സിനിമകൾ, സീരിയലുകൾ, നഗ്നതാ പ്രദർശനങ്ങൾ, സൗന്ദര്യ മത്സരങ്ങൾ... അങ്ങനെ എത്രയെത്ര മേഖലകൾ. കണ്ണിന്റെ വ്യഭിചാരം. കാതിന്റെ വ്യഭിചാരം. മനസ്സിന്റെ വ്യഭിചാരം. എല്ലാറ്റിനു പിന്നിലും പിശാചിന്റെ ശക്തിയായ പ്രേരണയുണ്ട് ...
പിശാചിന്റെ ഇത്തരം പ്രേരണകളിൽ നിന്ന് മനുഷ്യൻ മോചനം നേടണം. പരസ്ത്രീ പുരുഷ ദർശനം നിരോധിക്കപ്പെട്ടിട്ടുണ്ട്. ശബ്ദവും കുഴപ്പമുണ്ടാക്കും. പരസ്ത്രീ - പുരുഷ ബന്ധത്തിന്റെ അതിർത്തി രേഖകൾ ആധുനിക കാലഘട്ടത്തിൽ ഇല്ലാതായിരിക്കുന്നു. ആ രേഖ മായ്ച്ചു കളയുന്നത് അഅവർ പിശാചിന്റെ ശക്തികളാണ് ...
മസ് വത്വ് ശൈത്വാന്റെ സൈന്യം കളവും നുണയും പ്രചരിപ്പിക്കുന്നവരാണ്. നുണ പറയാൻ പ്രോത്സാഹിപ്പിക്കുംപോലെ ആസ്വാദ്യമായിമാറുക. മനുഷ്യരെ ചിരിപ്പിക്കാൻ വേണ്ടി നുണ പറയുക. നുണ പറയൽ ഒരു കലയായി വളരുക. മനുഷ്യജീവിതത്തിൽ നിന്ന് സത്യം അകന്നകന്ന് പോവുക. കളവ് നടത്തുക. അത് വ്യാപകമാവുക. കളവ് കണ്ട് പിടിക്കുകയും ശിക്ഷ നൽകുകയും ചെയ്യേണ്ടവർ കള്ളന്റെ കൂട്ടുകാരായിത്തീരുക. ഭരണാധികാരികൾ കളവ് നടത്തുകയും നുണപറയുകയും ചെയ്യുക. ഇതെല്ലാം വ്യാപകമായാൽ മസ് വത്വ് ശൈത്വാന്റെ ശക്തിയെ കുറിച്ച് നമുക്ക് ഊഹിച്ചു മനസ്സിലാക്കാം...
സൽനബൂൽ ശൈത്വാൻ. അങ്ങാടികളുടെ ചുമതലക്കാരൻ. അവിടത്തെ സംസാരവും സംസ്കാരവും ഒന്നു വേറെത്തന്നെയാണ്. മാന്യതയില്ലാത്തവർക്ക് പ്രിയപ്പെട്ട സ്ഥലം. അവർക്ക് അങ്ങാടി വിട്ടു പോരാൻ മനസ്സ് വരില്ല. വഴക്കും വാക്കേറ്റവും സർവ്വസാധാരണയാണ്. പോക്കിരിമീശയും പിരിച്ച്, ധിക്കാരത്തിന്റെ തലയിൽ കെട്ടും കെട്ടി, അഹങ്കാരം വിളിച്ചു പറഞ്ഞു നടക്കുന്ന ആഭാസന്മാരുടെ കേന്ദ്രം. വെല്ലുവിളികളും അടിപിടിയും അരങ്ങേറും. മായം ചേർക്കലും, ആളും തരവും നോക്കി വില പറയലും, മറ്റു പലതരം തട്ടിപ്പുകളും മാർക്കറ്റിൽ നടക്കും. സൽനബൂൽ പിശാച് തീരുമാനിക്കുന്നതൊക്കെ അവിടെ നടക്കും...
ഭൂമിയുടെ എഴുപത്തിരണ്ട് ശതമാനവും കടലും പുഴയും, തടാകങ്ങളും, കായലുകളും, മറ്റു ജലാശയങ്ങളുമാണ്. ഇരുപത്തെട്ട് ശതമാനം കര.ഇതിന്റെ നാലിലൊന്നിൽ മാത്രമേ മനുഷ്യവാസമുള്ളൂ. കടലിലും, നദിയിലും, കായലിലും, സകല ജലാശയങ്ങളിലും കരയിൽ മുഴുവനായും ജിന്നുകളും ശൈത്വാൻമാരും താമസിക്കുന്നു. വീടുകൾ, ഓടകൾ, കക്കൂസുകൾ, കുളിമുറികൾ, വിസർജന സ്ഥലങ്ങൾ, മാലിന്യം തള്ളുന്ന സ്ഥലങ്ങൾ തുടങ്ങിയവ പിശാചിന്റെ വിഹാര കേന്ദ്രങ്ങളാകുന്നു.
മുസ്ലിം ജിന്നുകൾ മുസ്ലിം മനുഷ്യന്മാരെ ഇഷ്ടപ്പെടുന്നു. മനുഷ്യർ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ മുസ്ലിം ജിന്നുകൾ ഭക്തിയോടെ കേട്ടുകൊണ്ടിരിക്കും. ശിക്ഷയുടെ ആയത്തുകൾ കേൾക്കുമ്പോൾ ഭയന്നുകരയും. മുസ്ലിം വീടുകളുടെ മേൽക്കൂരകളിൽ ഒട്ടിനിൽക്കും. വീട്ടുകാരുടെ ആരാധനകൾ കാണും. ജിന്നുകൾക്ക് മനുഷ്യരെ സഹായിക്കാൻ കഴിയും. വീട്ടുകാർ ദിക്റ് ചൊല്ലുന്നത് കേട്ടാൽ ജിന്നുകൾക്ക് സന്തോഷമാണ്. അവർ കൂടെ ചൊല്ലും. മുസ്ലിം വീടുകൾ വൃത്തിയാക്കി വെക്കണം. വീടും പരിസരവും പരിശുദ്ധമാണെങ്കിൽ മുസ്ലിം ജിന്നുകൾ വരും. മാലിന്യകേന്ദ്രങ്ങളാണ് പിശാചിന്ന് ഇഷ്ടം. വീടും പരിസരവും വൃത്തിഹീനമായിക്കിടന്നാൽ പിശാചുക്കൾ വന്നുകൂടും. പിശാച് വീട്ടുകാരെ ദ്രോഹിക്കും. എപ്പോഴും അസ്വസ്ഥത, ഭയം, അധമചിന്തകൾ, ഭീരുത്വം, നിന്ദ്യതാബോധം, അപകർഷത, തുടങ്ങിയ വീട്ടിൽ തങ്ങിനിൽക്കും...
ഉറങ്ങാൻ കിടക്കുമ്പോൾ ദിക്റ് ചൊല്ലണം. ഉറങ്ങി എണീറ്റ് പോവുമ്പോൾ വിരിപ്പ് മടക്കി വെക്കണം.അല്ലെങ്കിൽ പിശാച് വന്നു കിടക്കും. അടുത്ത തവണ ഉറങ്ങാൻ വേണ്ടി വിരിപ്പെടുക്കുമ്പോൾ രണ്ടു മൂന്ന് തവണ കുടയണം. പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹു ﷻവിനോട് കാവൽ തേടണം...
സന്ധ്യാവേളകൾ വളരെ സൂക്ഷിക്കണം. പിശാചുക്കൾ മനുഷ്യരെ വലയിൽ പെടുത്തുന്ന സമയമാണത്. കുട്ടികളെ പുറത്ത് വിടരുത്. പിശാച് ഉപദ്രവിക്കും. സസ്യാവേളകളിൽ സൗന്ദര്യം പ്രദർശിപ്പിക്കുന്ന സ്ത്രീകളെ പിശാച് കമ്പോളങ്ങളിലേക്ക് ഇറക്കിവിടും. ആണുങ്ങൾ വേശ്യകളുടെ സൗന്ദര്യത്തിലും, മധുരഭാഷണങ്ങളിലും, അംഗചലനങ്ങളിലും ആകർഷിക്കപ്പെടും. സന്ധ്യക്ക് മദ്യഷോപ്പുകളിൽ നല്ല തിരക്ക് അനുഭവപ്പെടും. മദ്യം മോന്തി മനുഷ്യന്റെ ലക്ക് കെടും. പിന്നെ അശ്ലീല പാട്ടുകൾ, തെറിയഭിഷേകം, വഴക്ക്, അടിപിടി, ആയുധ പ്രയോഗം വരെ നടക്കും...
മദ്യപാനി വീട്ടിലെത്തുന്നതോടെ യാതനകൾ തുടങ്ങുന്നു. ഭാര്യയും മക്കളും ദുരിതത്തിലാവുന്നു. പിശാച് പൊട്ടിച്ചിരിക്കുന്നു ...