Wednesday - 22 April, 2026 4-Dhu al-Qadah-1447

മനുഷ്യരുടെ ശത്രു (2)

   ശപിക്കപ്പെട്ട ഇബ്ലീസും അല്ലാഹുﷻവും തമ്മിൽ ഉഗ്രമായ വാഗ്വാദം നടന്നു. സൂറത്ത് ഇസ്റാഇൽ നിന്ന് അത് വ്യക്തമായി മനസ്സിലാക്കാം...


നിന്റെ അടിമകളിൽ വളരെക്കുറച്ചു പേരൊഴികെ. മറ്റെല്ലാവരെയും ഞാൻ വഴിപിഴപ്പിക്കുമെന്ന് ഇബ്ലീസ് വീരവാദം മുഴക്കുന്നു. അതിന്ന് അല്ലാഹുﷻ നൽകുന്ന മറുപടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിനക്ക് കഴിയാവുന്നേടത്തോളം ആളുകളെ വഴിപിഴപ്പിച്ചു കൊള്ളുക. നിന്റെ ശബ്ദംകൊണ്ട് അവരെ ഇളക്കി വിടുക. നിന്റെ കുതിരപ്പടയെ ഇറക്കുക. നിന്റെ കാലാൾപ്പടയെയും ഇറക്കുക. ജനങ്ങളുടെ സ്വത്തിലും സന്താനങ്ങളിലും നീ പങ്ക് ചേർത്തു കൊള്ളുക. അവർക്ക് വാഗ്ദാനം നൽകിക്കൊള്ളുക. പിശാചിന്റെ വാഗ്ദാനം വഞ്ചന മാത്രമാകുന്നു. അങ്ങനെ നീ മനുഷ്യരെ വഴിതെറ്റിച്ചു കൊള്ളുക. അറിഞ്ഞുകൊള്ളുക. മനുഷ്യരിൽ നിന്ന് ആരൊക്കെനിന്നെ പിൻപറ്റുന്നുവോ അവർ നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും. ഓർക്കുക! നരകമാണവരുടെ പ്രതിഫലം...


ഇനി സൂറത്ത് ഇസ്രാഈലിലെ വചനങ്ങൾ കാണുക. "നിങ്ങള്‍ ആദമിന് സുജൂദ് ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ.അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ സുജൂദ് ചെയ്യുകയോ ?" (17:61)

ഇബ്ലീസ് പറഞ്ഞു: "എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പ്പെടുത്തുക തന്നെ ചെയ്യും." (17:62)

അല്ലാഹുﷻ പറഞ്ഞു: "നീ പൊയ്ക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ." (17:63)


"അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു." (17:64)

"നിശ്ചയമായും എന്റെ ദാസന്മാരുടെ മേല്‍ നിനക്ക് ഒരധികാരവുമില്ല. ഭരമേല്‍പിക്കപ്പെടാന്‍ നിന്റെ നാഥന്‍ തന്നെ മതി.” (17;65)


ഇബ്ലീസിന്റെ അഹങ്കാരവും ഗമയും മനസ്സിലാക്കാൻ പറ്റുന്ന ചില വചനങ്ങൾ സൂറത്തുനിസാഇൽ കാണാം. ഇബ്ലീസ് വാചാലമായി സംസാരിക്കുന്നു. ഞാൻ നിന്റെ അടിമകളെ വഴിതെറ്റിക്കും. ഞാനവരെ വ്യാമോഹിപ്പിക്കും.അവർ എന്റെ  പിന്നാലെ  വരും. ഞാനവരോട് കല്പിക്കും. അവർ അനുസരിക്കും. അങ്ങനെ ഞാനവരെ നാശത്തിൽ ചാടിക്കും...


ആടുമാട് ഒട്ടകങ്ങളുടെ കാതുകൾ കീറിമുറിക്കാൻ ഞാനവരോട് കല്പിക്കും. അവരത് ചെയ്യും. അത് ബലിയാണെന്നും ആരാധനയാണെന്നും ഞാനവരോട് പറയും. അവരത്‌ വിശ്വസിക്കും. അല്ലാഹുﷻവിന്റെ  സൃഷ്ടിപ്പിനെ വികൃതമാക്കാൻ ഞാൻ പറയും അവരത് ചെയ്യും...


പ്രകൃതിയെ മാറ്റിമറിക്കും. മലകളും, കുന്നുകളും, ചതുപ്പുനിലങ്ങളും, വയലുകളും, പുഴകളും വ്യക്തമായ ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ടതാണ്. അതാണ് പ്രകൃതി. ആ പ്രകൃതിയെ തകർക്കും. അല്ലാഹുﷻ പറഞ്ഞു: നീ ശ്രമിക്കുക. കഴിവുകൾ മുഴുവൻ പ്രയോഗിക്കുക. നിന്നെ വിശ്വസിച്ചു പിന്നാലെ വന്നവർ ഒടുവിൽ ജഹന്നം എന്ന നരകത്തിലെത്തും ...


സൂറത്തുന്നിസാഇലെ വചനങ്ങൾ കാണുക: "പിശാചിനെ അല്ലാഹുﷻ ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുﷻവോട്‌) പറയുകയുണ്ടായി: നിന്‍റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്‍റെതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്‌." (4:118)

"അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുﷻവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുﷻവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു." (4:119)


"പിശാച്‌ അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല." (4:120)

"അത്തരക്കാര്‍ക്കുള്ള സങ്കേതം ജഹന്നം ആകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല." (4:121)


അന്ന്  അല്ലാഹുﷻവിനോട് എന്തെല്ലാം കാര്യങ്ങൾ പറഞ്ഞുവോ അവയെല്ലാം ലോകത്ത് ഇബ്ലീസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ആദം (അ) ന്റെ പുത്രന്മാരിൽ നിന്ന് തന്നെ അവൻ പ്രവർത്തനം തുടങ്ങി. പരിപാടികൾ ആസൂത്രണം ചെയ്തു. വിദഗ്ധമായി നടത്തിത്തുടങ്ങി...


ഒരു ലക്ഷത്തി ഇരുപത്തിനാലായിരം നബിമാർ കടന്നുപോയി. അവരുടെ സമുദായങ്ങളും കടന്നു പോയി. അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ സമുദായത്തിന്റെ അവസാന ഭാഗം മാത്രമാണ് ഇനിയും കടന്നു പോകാൻ ബാക്കിയുള്ളത്. ഇബ്ലീസും അവന്റെ സന്താനപരമ്പരയും, വളരെ സജീവമായി പ്രവർത്തിച്ചു. മനുഷ്യവർഗ്ഗത്തിൽ ഏറെപ്പേരെയും അവർ വഴിപിഴപ്പിച്ചു...


ലോകം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഇബ്ലീസിന്റെ സൈന്യം സർവ്വത്ര ജാഗ്രതയോടെ കർമ്മരംഗത്തുണ്ട്. മനുഷ്യവർഗ്ഗത്തിന്റെ ഇന്നത്തെ പോക്കുകണ്ടാൽ നമുക്കത് വ്യക്തമായി  മനസ്സിലാവും. എല്ലാരംഗത്തും ശൈത്വാന്റെ തേർവാഴ്ചയാണ് കാണാനുള്ളത്. അനീതിയും അഴിമതിയും കൊടികുത്തി വാഴുന്നു ...