Wednesday - 22 April, 2026 4-Dhu al-Qadah-1447

വന്ദ്യപിതാവിന്റെ പുണ്യസ്മരണയിൽ (2)

   എവിടെയാണ് ഖബറടക്കപ്പെട്ടത്. ആദം മലയിൽ ഖബറടക്കപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. മക്കയിലെ അബൂഖുസൈസ് പർവ്വതത്തിലാണെന്ന് ചില പണ്ഡിതന്മാർ പറയുന്നു. ഈ പർവ്വതത്തിലെ ഗർകൻസ് എന്ന ഗുഹയിലാണെന്നും റിപ്പോർട്ടുണ്ട്...


ആദം (അ) പോയി. ഹവ്വ (റ)ഒറ്റക്കായി തനിക്കും മടങ്ങണം. പ്രിയഭർത്താവിന്റെ സമീപത്തെത്തണം. ആ ഒരൊറ്റ ചിന്തയിൽ കഴിയുകയാണവർ. ആദം (അ)മരണപ്പെട്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഹവ്വ (റ) വഫാത്തായി. 


അനുഗ്രഹത്തിന്റെ മലക്കുകൾ ധാരളമെത്തിച്ചേർന്നു. മയ്യിത്ത് സംസ്കരണ മുറകൾ നടന്നു. ഭർത്താവിന്ന് സമീപം ഖബറടക്കി എന്നതാണ് ഒരു റിപ്പോർട്ടിൽ പറയുന്നത്. മസ്ജിദ് ഖൈഫിന്നു സമീപമാണ് ആദം (അ)ന്റെ ഖബർ എന്നും പറയപ്പെട്ടിട്ടുണ്ട് ...


പിതാവിന്റെ വഫാത്തിനുശേഷം മകൻ ശീസ് (അ) ആ സമുദായത്തെ നയിച്ചു. സന്മാർഗത്തിലൂടെ അവരെ നടത്തി. കാലം കടന്നുപോയ്ക്കൊണ്ടിരുന്നു. ശീസ് (അ) മരണാസന്നനായപ്പോൾ തന്റെ പുത്രൻ അനൂശ് നന്നായി നടത്തി പോന്നു...


അനൂശ് മരണാസന്നനായപ്പോൾ ദൗത്യം സ്വന്തം പുത്രൻ ഖൈനീൻ എന്നവർക്കു കൈമാറി. മഹ് ലായീൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പുത്രന്റെ പേര്. മഹ് ലായിൽ ദിവ്യദൗത്യം നിർവ്വഹിക്കുകയും വിശാലമായ രാജ്യം ഭരിക്കുകയും ചെയ്തു. മരം മുറിക്കുകയും ശക്തമായ കോട്ടകൾ നിർമ്മിക്കുകയും ചെയ്തു. അക്കാലമാവുമ്പോഴേക്കും ആദം സന്തതികൾ ലക്ഷക്കണക്കായി വർദ്ധിച്ചിരുന്നു. രാജ്യങ്ങളും ഭരണകൂടങ്ങളും നിലവിൽ വന്നു കഴിഞ്ഞിരുന്നു. പട്ടണങ്ങളും വാണിജ്യ കേന്ദ്രങ്ങളും നിർമ്മിച്ചു...


ബാബൽ പട്ടണവും സൂസ് പട്ടണവും നിർമ്മിച്ചത് മഹ് ലായീൽ അവർകളാകുന്നു. മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ നിന്ന് ഇബ്ലീസിനെയും സൈന്യത്തെയും ആട്ടിയോടിച്ചു. അവർ വിജനമായ മലകളിലും മറ്റും അഭയം തേടി. മഹ് ലായീൽ കിരീടം ധരിച്ച രാജാവായിരുന്നു. ജനങ്ങളോട് പ്രസംഗിച്ചിരുന്നു. രാജ്യം ഭരിക്കുകയും മതപ്രബോധനം നടത്തുകയും ചെയ്തു. ആ ഭരണം നാല്പത് കൊല്ലം നീണ്ടുനിന്നു. 

മഹ് ലായീലിന്റെ പിൻഗാമിയായി വന്നത് പുത്രൻ യറൂദ് ആയിരുന്നു. നല്ല ഭരണാധികാരിയും നല്ല ദീനി പ്രബോധകനുമായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനാണ് ഹനൂഹ്. ഇദ്ദേഹമാണ് ചരിത്രത്തിൽ അറിയപ്പെടുന്ന ഇദ് രീസ്  (അ)... 


ഇദ് രീസ്  (അ) ന്റെ പുത്രനാണ് മതൂശലഹ്. നല്ല പ്രബോധകൻ, ജനനായകൻ. ഇദ്ദേഹത്തിന്റെ പുത്രനാണ് ലാമക്. പ്രസിദ്ധനായ ലാമകിന്റെ പുത്രനാണ് നൂഹ്  (അ)...


ഇബ്നുഅബ്ബാസ് (റ) പറയുന്നു : "ആദം (അ) ന്നും നൂഹ് (അ)ന്നും ഇടക്കുള്ള കാലം പത്ത് നൂറ്റാണ്ടുകളാകുന്നു." അക്കാലത്തുള്ളവരെല്ലാം മുസ്ലിംകളായിരുന്നു. ഖാബീലിന്റെ മക്കൾ ഒഴികെ. അത് കഴിഞ്ഞ് ജനങ്ങൾ പിഴച്ചു. ബിംബാരാധന വന്നു. അക്കാലത്താണ് നൂഹ്  (അ) വരുന്നത്...


നൂഹ് (അ)ന്റെ കാലത്തുണ്ടായ ഒരു സംഭവം കൂടി പറഞ്ഞ് ഈ ചരിത്രത്തിന് വിരാമം കുറിക്കുകയാണ്... ഒരു റിപ്പോർട്ട് പ്രകാരം. ആദം (അ)ന്റെ വഫാത്ത് കഴിഞ്ഞ് ഒരു വർഷം കൂടി ഹവ്വ (റ)ജീവിച്ചു. വേർപാടിന്റെ ദുഃഖത്തിൽ മുടങ്ങിപ്പോയ ഒരു വർഷം. നൂഹ്  (അ)ന്റെ കാലത്ത് വൻപ്രളയമുണ്ടായി. കപ്പലിൽ കയറിയവർ മാത്രം രക്ഷപ്പെട്ടു ബാക്കിയല്ലാവരും നശിച്ചു... 


ആദം (അ) ഹവ്വ (റ) എന്നിവരുടെ മയ്യിത്തുകൾ രണ്ട് പെട്ടികളിലാക്കി കപ്പലിൽ സൂക്ഷിച്ചു. ആദ്യപിതാവിന്റെയും, ആദ്യമാതാവിന്റെയും, ജനാസകളോടൊപ്പ ആ സംഘം സഞ്ചരിച്ചു. പ്രളയം അവസാനിച്ചു. ആദം (അ)നെയും ഹവ്വ (റ)യെയും ബൈത്തുൽ മുഖദ്ദസിൽ ഖബറടക്കി. അബൂഖുബൈസ് പർവ്വതത്തിലെ ഗുഹയിൽ നിന്നാണ് മയ്യിത്തുകൾ കപ്പലിൽ കയറ്റിയത്. പ്രളയശേഷം ആ ഗുഹയിൽ തന്നെ ഖബറടക്കി. മറ്റൊരു റിപ്പോർട്ടിൽ അങ്ങനെയാണുള്ളത്...


ആദം (അ)ന്റെ ഉപദേശങ്ങൾ ശിരസാവഹിച്ചത് കാരണം സന്താനങ്ങളുടെ സമൂഹത്തെ വഴിതെറ്റിക്കാൻ ഇബ്ലീസിന്ന് കഴിഞ്ഞില്ല. ആയിരം വർഷത്തോളം ഈ നില തുടർന്നു. പിന്നെ ശൈത്വാൻമാരുടെ അധികാര ശക്തി ലോകത്ത് വളർന്നുവന്നു. ഇന്ന് ശൈത്വാൻമാരുടെ അധികാര ശക്തി നാൾക്കുനാൾ വളർന്നു വരുന്നതാണ് നാം കാണുന്നത്. ശാസ്ത്രസാങ്കേതിക വിദ്യകളെല്ലാം മനുഷ്യനിലെ ധാർമ്മിക മൂല്യങ്ങൾ ചോർത്തിക്കളയാൻ വേണ്ടി ദുരുപയോഗം ചെയ്യുന്ന സത്യവിശ്വാസം സംരക്ഷിക്കാൻ നല്ല ശ്രമം നടത്തേണ്ടതുണ്ട്...


ഈ ചരിത്രം വായിച്ചുതീരുമ്പോൾ ഈ വചനങ്ങൾ ഓർമ്മയിൽ അവശേഷിക്കട്ടെ!  "ആരെങ്കിലും അല്ലാഹുﷻവിനും അവന്റെ റസൂലിനും വഴിപ്പെട്ടു നടന്നാൽ അവർ (പരലോകത്ത് ) അല്ലാഹുﷻവിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ - നബിമാർ, സിദ്ദീഖീങ്ങൾ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ എന്നിവരുടെ കൂടെയായിരിക്കും. അവരാണ് വിശിഷ്ടസഹവാസികൾ." (4:69)

"അത് അല്ലാഹുﷻവിങ്കൽ നിന്നുള്ള സഹായം തന്നെയാണ്. എല്ലാം അറിയുന്നവനായി അല്ലാഹുﷻമതി." (4:70)


ആദം നബി (അ) ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹുﷻ സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...

ആമീൻ യാ റബ്ബൽ ആലമീൻ☝️ 


ആദം നബി (അ)നും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【ആദം നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】