ആദംനബി (അ)...
മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ...
ആദ്യ മനുഷ്യൻ. ആ മനുഷ്യനെ അല്ലാഹു ﷻ സൃഷ്ടിച്ചു ...
മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്...
ഇന്നും മനുഷ്യപുത്രന്മാർ പിതാവിന്റെ സൃഷ്ടിപ്പിനെക്കുറിച്ചോർത്ത് അമ്പരന്ന് നിൽക്കുകയാണ്...
അല്ലാഹുﷻവിന്റെ സൃഷ്ടി വൈഭവം ...!
ആദ്യ മനുഷ്യനെ ഖലീഫ എന്ന് വിളിച്ചു.
വിളിച്ചത് സൃഷ്ടാവ് തന്നെ...
ഞാൻ ഭൂമിയിൽ ഖലീഫയെ നിയോഗിക്കാൻ പോവുന്നു. മലക്കുകളുടെ മഹാസമൂഹത്തോട് അല്ലാഹു ﷻ പ്രസ്താവിച്ചു. വല്ലാത്തൊരു അമ്പരപ്പോടെയാണവർ അതു കേട്ടത്. ഭൂമിയിൽ നേരത്തെ നിലനിന്നിരുന്ന ഒരു വർഗ്ഗത്തെക്കുറിച്ചവർ പെട്ടെന്ന് ഓർത്തു പോയി...
ഭൂമിയിൽ തിങ്ങിനിറഞ്ഞ വർഗ്ഗം. കാമവും ക്രോധവും അവരെ വഴിപിഴപ്പിച്ചു. അക്രമാസക്തരായി. ശാന്തമായ ഭൂമി കലാപ പങ്കിലമാക്കി. രക്തം ചാലിട്ടൊഴുകി. അല്ലാഹു ﷻ ആ വർഗ്ഗത്തെ നശിപ്പിച്ചു കളഞ്ഞു. അപ്പോൾ എല്ലാം ശാന്തമായി. ഭൂമി സസ്യലതാദികളാൽ മനോഹരമായിത്തീർന്നു...
അങ്ങനെ കാലം കടന്നുപോയി. ഇപ്പോഴിതാ അല്ലാഹു ﷻ ഖലീഫയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നു...
മലക്കുകളുടെ പ്രതികരണം ഇങ്ങനെയായിരുന്നു "ഭൂമിയിൽ കലാപമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന ഒരു വിഭാഗത്തെ എന്തിന് സൃഷ്ടിക്കുന്നു. നിന്നെ വാഴ്ത്താനും സ്തുതി കീർത്തനങ്ങൾ നടത്താനും മലക്കുകളായ ഞങ്ങൾ ഉണ്ടല്ലോ..."
അല്ലാഹു ﷻ അവർക്കു നൽകിയ മറുപടി ഇങ്ങനെയായിരുന്നു : "നിങ്ങൾക്കറിയാത്തത് എനിക്കറിയാം"
അതെ, എല്ലാം അറിയുന്നത് അല്ലാഹുﷻവിന്നു മാത്രം...
മലക്കുകൾ അറിയുന്നത് അവർക്ക് അറിയിച്ചു കൊടുത്ത കാര്യങ്ങൾ മാത്രം. അതിനപ്പുറം അറിവുകളുടെ സാഗരങ്ങൾ തന്നെയുണ്ട്. അറിവുകളുടെ സാഗര സൂക്ഷിപ്പുകാരൻ അല്ലാഹു ﷻ തന്നെ. ആ സാഗരങ്ങളുടെ ആഴവും പരപ്പുമറിയുന്നവൻ അല്ലാഹു ﷻ മാത്രം ...
ഒരുകാര്യം തീരുമാനിക്കുമ്പോൾ കൂടിയാലോചന ആവശ്യമാണ്. മറ്റുള്ളവർ എന്തു പറയുന്നു എന്ന് കേൾക്കാമല്ലോ... ഇങ്ങനെ ഒരു പാഠം കൂടി മനുഷ്യർ ഈ സംഭവത്തിൽ നിന്ന് പഠിക്കേണ്ടതുണ്ട്. അല്ലാഹു ﷻ മലക്കുകളുമായി കൂടിയാലോചന നടത്തുന്നു. വിഷയം അവതരിപ്പിക്കുന്നു. മലക്കുകൾ പ്രതികരിക്കുന്നു. അല്ലാഹു ﷻ മറുപടി പറയുന്നു...
സൂറത്തുൽ ബഖറയിൽ ഈ രംഗം അവതരിപ്പിക്കുന്നത് നമുക്ക് കാണാം...
"നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക. നിശ്ചയമായും ഞാൻ ഭൂമിയിൽ ഒരു ഖലീഫയെ ഏർപ്പെടുത്തുവാൻ പോവുന്നു..."
അവർ പറഞ്ഞു: അതിൽ നാശമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ ഏർപ്പെടുത്തുകയോ ...?
ഞങ്ങൾ നിന്നെ സ്തുതിച്ചു കൊണ്ട് തസ്ബീഹ് ചെയ്യുകയും നിനക്ക് തഖ്ദീസ് (നിന്റെ പരിശുദ്ധിയെ വാഴ്ത്തൽ) ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുന്നു...
അല്ലാഹുﷻപറഞ്ഞു: "നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം" (2:30). മലക്കുകൾ അല്ലാഹുﷻവിന്റെ വചനം കേട്ട് മൗനം പാലിച്ചു. ഖലീഫ വരും എന്ന കാര്യം ഉറപ്പായി...
മനുഷ്യവർഗ്ഗം വരും മുമ്പ് ഭൂമിയിൽ കഴിഞ്ഞവർ ആരായിരുന്നു..?
രണ്ടു വർഗ്ഗക്കാരുടെ പേരുകൾ കാണുന്നു.
ജിന്നുകൾ
ബിന്നുകൾ
അല്ലാഹു ﷻ മലക്കുകളെ പ്രകാശത്താൽ സൃഷ്ടിച്ചു, അഗ്നികൊണ്ട് ജിന്നുകളെയും സൃഷ്ടിച്ചു, കാമവും ക്രോധവും നൽകപ്പെട്ട വിഭാഗമാണ് ജിന്നുകൾ...
അദൃശ്യരൂപികളാണ് അവർ...
അവർക്ക് വിവിധ രൂപങ്ങൾ സ്വീകരിക്കാൻ കഴിയും. അവർക്കിടയിൽ ബുദ്ധിമാന്മാരും മൂഢന്മാരും ഉണ്ട്. ധനികരും ദരിദ്രരുമുണ്ട്. നന്മ ചെയ്യുന്നവരും തിന്മ പ്രവർത്തിക്കുന്നവരുമുണ്ട്. നന്മ ചെയ്യുന്നവർ സ്വാലിഹീങ്ങൾ, തിന്മ പ്രവർത്തിക്കുന്നവർ ശൈത്വാൻമാർ...
ജിന്ന് വർഗ്ഗത്തിൽ സ്ത്രീ-പുരുഷൻമാരുണ്ട്. അവർ വിവാഹിതരാവുകയും വംശവർദ്ധന നടക്കുകയും ചെയ്യുന്നു...
ജിന്ന് വർഗ്ഗത്തെയും മനുഷ്യവർഗ്ഗത്തെയും വിശുദ്ധ ഖുർആൻ അഭിസംബോധന ചെയ്യുന്നുണ്ട്...
സൂറത്തു റഹ്മാനിൽ ഇങ്ങനെ കാണാം :
"ഹേ! രണ്ടു സമൂഹമേ, നിങ്ങളെ അടുത്ത് തന്നെ ഞാൻ വിചാരണ ചെയ്യുന്നതാണ്..." (55:31)
"അപ്പോൾ നിങ്ങൾ രണ്ട്കൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളിൽ നിന്ന് ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത് " (55:32)
"ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശ ഭൂമികളുടെ മേഖലകളിൽ നിന്ന് പുറത്ത് പോകുവാൻ നിങ്ങൾക്കു സാധ്യമാകുന്ന പക്ഷം നിങ്ങൾ പുറത്ത്പോവുക. വമ്പിച്ച ശക്തി കൂടാതെ നിങ്ങൾ പുറത്ത് പോകുന്നതല്ല"...(55:33)
അന്ത്യനാളിൽ മനുഷ്യരെല്ലാം വിചാരണ ചെയ്യപ്പെടുന്നത് പോലെ ജിന്നുകളും വിചാരണ ചെയ്യപ്പെടും.
മനുഷ്യർ ഭൂമിയിലെത്തുന്നതിന്റെ എത്രയോ കാലം മുമ്പ് ജിന്നുകൾ ഭൂമിയിലുണ്ടായിരുന്നു...
ജിന്നുകളെക്കുറിച്ച് പഠനം നടത്തിയ പണ്ഡിതന്മാർ അവർ മൂന്ന് വിഭാഗക്കാരാണെന്ന് പറയുന്നു:
1. വായുവിൽ സഞ്ചരിക്കുന്നവർ.
2. പട്ടികൾ, പാമ്പുകൾ, തുടങ്ങിയവയുടെ രൂപം സ്വീകരിക്കുന്നവർ.
3. മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നവർ...
കാഫ് മലയിലും, പരിസര പ്രദേശങ്ങളിലും ജിന്നുകൾ തിങ്ങി താമസിക്കുന്നതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്...
അഅശാൻ എന്ന ജിന്ന് രാജാവിന്റെ പ്രജകളാണത്രെ ഇവർ...
ലോകം സൃഷ്ടിക്കപ്പെട്ട് അനേകായിരം വർഷങ്ങൾ കഴിഞ്ഞാണ് ജിന്നുകൾ വന്നത്.
ഇരുപത്തിനാല് ലക്ഷത്തിപ്പതിനെണ്ണായിരം വർഷം ജിന്നുകൾ ഇവിടെ താമസിച്ചതായി റിപ്പോർട്ടുകളിൽ കാണുന്നു...
പിൽക്കാലത്ത് കലഹങ്ങളും യുദ്ധങ്ങളും സജീവമായി നടന്നു. അല്ലാഹുﷻവിന്റെ കോപത്തിന് വിധേയരായി ഒരു കൊടുങ്കാറ്റ് മൂലം അവർ നശിച്ചു.
ഒരു ശിശു ഒഴികെ എല്ലാവരും നശിച്ചുപോയി.
ഈ ശിശു പിൽക്കാലത്ത് ഇബ്ലീസ് ആയിത്തീർന്നുവെന്ന് കാണുന്നു...
ജിന്നുകൾക്കു ശേഷം ബിന്നുകൾ എന്നൊരു വർഗ്ഗം ഭൂമിയിൽ താമസിച്ചു. ഇവരും അക്രമകാരികളായിരുന്നു. ഇവരും നശിപ്പിക്കപ്പെട്ടു. പിൽക്കാലത്ത് ജിന്നുകൾ സജീവമായി...
വിശുദ്ധ ഖുർആനിൽ ജിന്നുകളുടെ പേരിൽ ഒരു അധ്യായം തന്നെയുണ്ട്.
എഴുപത്തിരണ്ടാം അധ്യായം "സൂറത്തുൽ ജിന്ന് ...
ഒരു കൂട്ടം ജിന്നുകൾ നബിﷺതങ്ങളിൽ നിന്ന് വിശുദ്ധ ഖുർആൻ കേൾക്കുകയുണ്ടായി. അവർ നബി ﷺ തങ്ങളിൽ വിശ്വസിച്ചു. തങ്ങളുടെ ജനതയെ അവർ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു...
ജിന്നുകൾ വിശുദ്ധ ഖുർആൻ പാരായണം കേട്ട കാര്യം, അല്ലാഹു ﷻ നബി ﷺ തങ്ങൾക്ക് വഹ് യ് മൂലം അറിയിച്ചുകൊടുക്കുകയാണ് ചെയ്തത്...
ഇക്കാര്യം പറഞ്ഞുകൊണ്ടാണ് സൂറത്തുൽ ജിന്ന് ആരംഭിക്കുന്നത്...
"നബിയേ പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു" (72:1)
"അത് സന്‍മാര്‍ഗത്തിലേക്ക് വഴി കാണിക്കുന്നു. അതു കൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല..." (72:2)
മനുഷ്യവാസത്തിന് വളരെ മുമ്പുതന്നെ ജിന്നുകൾ ഭൂമിയിലുണ്ടായിരുന്നു. മനുഷ്യവാസത്തിനു ശേഷവും അവരുടെ സാന്നിധ്യം ഇവിടെയുണ്ട്...