Saturday - 13 June, 2026 26-Dhu al-Hijjah-1447

മണ്ണുകൊണ്ടു മനുഷ്യരൂപം

   ആദമിനെ സൃഷ്ടിക്കാൻ പോവുകയാണ്. അതിന് മണ്ണ് വേണം. ഭൂമിയിൽ  നിന്ന് മണ്ണ് എടുക്കണം. അക്കാര്യം അല്ലാഹുﷻ ജിബ്രീൽ (അ) എന്ന മലക്കിനെ ഏൽപിച്ചു...


ജിബ്രീൽ (അ) മണ്ണെടുക്കാൻ വേണ്ടി ഭൂമിയിലെത്തി...


ഭൂമി ചോദിച്ചു: അല്ലാഹുﷻവിന്റെ സാമിപ്യം സിദ്ധിച്ച അഭിവന്ദ്യരായ ജിബ്രീൽ അവർകളേ! അങ്ങ് എന്തിനാണു വന്നത്..?

അല്ലാഹുﷻ ഖലീഫയെ സൃഷ്ടിക്കാൻ പോവുന്നു. അതിന്ന്  മണ്ണ് വേണം, ഞാൻ മണ്ണെടുക്കാൻ വന്നതാണ്. ... 

ജിബ്രീൽ (അ) മറുപടി നൽകി...


"ദയവായി  എന്നിൽ നിന്ന് മണ്ണ് എടുക്കരുത്. അക്കാര്യത്തിൽ എനിക്ക് സങ്കടമുണ്ട്. അല്ലാഹുﷻവിന്റെ പേരിൽ ഞാൻ അങ്ങയോടപേക്ഷിക്കുകയാണ്. തിരിച്ചുപോവുക. എന്റെ സങ്കടം അല്ലാഹുﷻവിനെ അറിയിക്കുക"

ജിബ്രീൽ (അ) മടങ്ങിപ്പോയി. ഭൂമിയുടെ സങ്കടം അല്ലാഹുﷻവിനെ അറിയിച്ചു...


ഭൂമിയിൽ നിന്ന് മണ്ണ് എടുത്ത് കൊണ്ടുവരാനുള്ള ചുമതല അല്ലാഹുﷻ മീക്കാഈൽ (അ) എന്ന മലക്കിനെ ഏൽപ്പിച്ചു...


മീക്കാഈൽ (അ) ഭൂമിയിലെത്തി. ഭൂമി അപ്പോഴും സങ്കടമുണർത്തി. മലക്കിനെ തിരിച്ചയച്ചു...


അടുത്ത ചുമതല ഇസ്റാഫീൽ (അ) എന്ന മലക്കിന്നായിരുന്നു. മലക്ക്  ഭൂമിയിലെത്തി. അപ്പോഴും ഭൂമി  സങ്കടമുണർത്തി. മലക്കിനെ തിരിച്ചയച്ചു...


നാലമത്തെ ചുമതലക്കാരൻ അസ്റാഈൽ (അ) എന്ന മലക്കാകുന്നു. മൂന്നു പേരെ തിരിച്ചയച്ച ഭൂമിയാണ്. താനങ്ങിനെ മടങ്ങില്ല. സങ്കടം താൻ പരിഗണിക്കില്ല. മണ്ണുമായി തിരിച്ചുവരും...


അസ്റാഈൽ (അ) ഭൂമിയിലെത്തി. ഭൂമി ചോദിച്ചു "മഹാനായ മലക്കേ, അങ്ങ് എന്തിനാണ് വന്നത്..?"


അല്ലാഹുﷻ ഖലീഫയെ സൃഷ്ടിക്കാൻ പോവുന്നു. അതിന്ന് മണ്ണ് വേണം. ഞാൻ , മണ്ണ് എടുക്കാൻ വന്നതാണ്...


"മണ്ണെടുക്കുന്നത് ദുഃഖകരമാണ്. എന്നെ സങ്കടപ്പെടുത്താതെ മടങ്ങിപ്പോവുക"...

ഭൂമി പറഞ്ഞു...


മണ്ണെടുക്കാതെ ഞാൻ മടങ്ങിപ്പോവില്ല. അസ്റാഈൽ (അ) ഭൂമിയുടെ സമ്മതമില്ലാതെ തന്നെ മണ്ണെടുത്ത് മടങ്ങിപ്പോയി ...


ഭൂമിക്ക് വലിയ സങ്കടമായി. ദയാലുവായ അല്ലാഹുﷻവിനോട് പരാതിപ്പെട്ടു. " ദയാലുവായ റബ്ബേ! എന്റെ സമ്മതമില്ലാതെ അസ്‌റാഈൽ (അ) എന്നിൽ നിന്ന്  മണ്ണെടുത്ത് കൊണ്ട്പോയി "...


അല്ലാഹുﷻ ഭൂമിയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു: " ഭൂമീ... നീ സങ്കടപ്പെടേണ്ട. ഒരു തരത്തിലും വിഷമിക്കേണ്ടതില്ല. നിന്നിൽ നിന്നെടുത്ത മണ്ണ് നിന്നിലേക്കു തന്നെ മടക്കപ്പെടും. ആ ചുമതലയും അസ്റാഈൽ എന്ന മലക്കിന്ന് തന്നെയായിരിക്കും."


അസ്റാഈൽ (അ) കൊണ്ടുവന്ന മണ്ണ് കൊണ്ട് മനുഷ്യനെ പടക്കും. ആത്മാവ് ഊതും. ജീവൻ ലഭിക്കും. കുറെ കാലം മനുഷ്യൻ ജീവിക്കും. നിശ്ചിത സമയം വരുമ്പോൾ അസ്റാഈൽ വരും. മനുഷ്യ ശരീരത്തിൽ നിന്ന് ആത്മാവിനെ വലിച്ചൂരിയെടുക്കും. മനുഷ്യൻ മരിച്ചു. മരിച്ച മനുഷ്യനെ ഭൂമിയിലേക്കു മടക്കും. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുന്നു ...


മനുഷ്യരുടെ റൂഹിനെ പിടക്കാനുള്ള ചുമതല അസ്റാഈൽ (അ) എന്ന മലക്കിന്ന് നൽകപ്പെടുകയാണ്...


മലക്ക് സങ്കടം ബോധിപ്പിച്ചു: "അല്ലാഹുﷻവേ! ജീവികൾ എന്റെ ശത്രുക്കളായി മാറും. അവരുടെ മരണത്തിന്ന് കാരണക്കാരൻ ഞാനാണെന്ന് വരും"...


അല്ലാഹുﷻ മലക്കിനെ സമാധാനിപ്പിച്ചു. ജീവികളുടെ മരണത്തിന് ഞാൻ ഓരോ കാരണങ്ങൾ നൽകും. രോഗവും വാർദ്ധക്യവും നൽകും. ചിലർ അഗ്നികാരണം മരിക്കും, ചിലർ വെള്ളം കാരണം മരിക്കും, അപകട മരണങ്ങളുണ്ടാവും.

ആ സംഭാഷണം അങ്ങനെ അവസാനിച്ചു...


കഅബാശരീഫ് നിൽക്കുന്ന ഭാഗത്തുള്ള വെള്ളം കൊണ്ടുവന്നു. മണ്ണിൽ വെള്ളമൊഴിച്ചു പാകപ്പെടുത്തി. സ്വർഗ്ഗവാതിൽ കൊണ്ട് വന്നു വെച്ചു. മണ്ണിന് ശോഭയും സുഗന്ധവും ഉണ്ടായി...


പിന്നീട് അതിൽ മഴ വർഷിച്ചു. മഴ വർഷിച്ച കാലത്തെക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ കാണുന്നു.

നാല്പത് ദിവസമെന്ന് ഒരു റിപ്പോർട്ടുണ്ട്.

നാല്പത് വർഷമെന്നും റിപ്പോർട്ടുണ്ട്...


മുപ്പത്തിമൂന്ന് ദിവസം സങ്കടത്തിന്റെ മഴ വർഷിച്ചു. ഒരു ദിവസം സന്തോഷത്തിന്റെ മഴ വർഷിച്ചു.

അല്ലെങ്കിൽ മുപ്പത്തിഒമ്പത് കൊല്ലം സങ്കടത്തിന്റെ മഴയും ഒരു വർഷം സന്തോഷത്തിന്റെ മഴയും വർഷിച്ചു. മനുഷ്യൻ അനുഭവിക്കുന്ന ദുഖത്തിന്റെയും സന്തോഷത്തിന്റെയും അനുപാതം മനസ്സിലായല്ലോ...


പിന്നെ മണ്ണിനെ ഉണക്കി. തട്ടിയാൽ ശബ്ദമുണ്ടാകും വിധം ഉണക്കി പാകമാക്കി. ഈ മണ്ണ് കൊണ്ടാണ് ആദമിനെ രൂപപ്പെടുത്തിയത്...


ആദമിനെ രൂപപ്പെടുത്താൻ എത്ര കാലമെടുത്തു..? നാല്പത് കൊല്ലം എന്ന് പറഞ്ഞവരുണ്ട്. നാലായിരം കൊല്ലം എന്നഭിപ്രായപ്പെട്ടവരുണ്ട്. ഭൂമിയിൽ ഏതെല്ലാം ഭാഗത്ത് നിന്നെടുത്ത മണ്ണുകൊണ്ടാണ് ആദമിന്റെ ശരീരം സൃഷ്ടിക്കപ്പെട്ടത്..?


ചില അഭിപ്രായങ്ങൾ കാണുക...

ആദമിന്റെ മുഖം കഅബയുടെ സ്ഥാനത്തുള്ള മണ്ണ് കൊണ്ടും, നെഞ്ചും മുതുകും ബൈത്തുൽ മുഖദ്ദസിന്റെ സ്ഥാനത്തുള്ള മണ്ണ് കൊണ്ടും സൃഷ്ടിച്ചു...


തുടകൾ യമനിലെ മണ്ണ്കൊണ്ടും, കണം കാലുകൾ  ഈജിപ്തിലെ മണ്ണ്കൊണ്ടും, പാദങ്ങൾ ഹിജാസിലെ മണ്ണ്കൊണ്ടും, വലതുകൈ പൗരസ്ഥ്യനാട്ടിലെ മണ്ണ്കൊണ്ടും, ഇടതുകൈ പാശ്ചാത്യ നാട്ടിലെ മണ്ണ്കൊണ്ടുമാണ് സൃഷ്ടിക്കപ്പെട്ടത്...


മറ്റൊരഭിപ്രായം ഇങ്ങനെ:

ആദമിന്റെ മുഖം ബൈത്തുൽ മുഖദ്ദസിന്റെ സ്ഥാനത്തുള്ള മണ്ണ് കൊണ്ടും, തൊലിയും തലമുടിയും സ്വർഗത്തിലെ മണ്ണ് കൊണ്ടും, പുരികങ്ങൾ ഹൗളുൽ കൗസറിലെ മണ്ണ് കൊണ്ടും സൃഷ്ടിക്കപ്പെട്ടു...


മറ്റെരു റിപ്പോർട്ട് കാണുക:

അല്ലാഹുﷻ ബൈത്തുൽ മുഖദ്ദസിലെ മണ്ണ്കൊണ്ട് ആദമിന്റെ ശിരസ്സും, സ്വർഗ്ഗത്തിലെ മണ്ണ്കൊണ്ട് മുഖവും, കൗസറിലെ മണ്ണ്കൊണ്ട് പല്ലുകളും, കഅബയിലെ മണ്ണ് കൊണ്ട് വലതു കൈയും, പേർഷ്യയിലെ മണ്ണ് കൊണ്ട് ഇടത്  കൈയും, ഇന്ത്യയിലെ മണ്ണ് കൊണ്ട് പാദങ്ങളും, പർവ്വതങ്ങളിലെ മണ്ണ് കൊണ്ട് അസ്ഥികളും, ബാബിലോണിയയിലെ മണ്ണ് കൊണ്ട് ഗുഹ്യസ്ഥാനവും സൃഷ്ടിച്ചു...


മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം:

ആദമിന്റെ ശിരസ്സ് വെള്ളം കൊണ്ടും, നെഞ്ച് അഗ്നികൊണ്ടും, വയർ മണ്ണ്കൊണ്ടും, പാദങ്ങൾ കാറ്റ് കൊണ്ടും നിർമ്മിച്ചു... ശിരസ്സിന് കുളിർമയും, മാർവിടത്തിന് ചൂടും, വയറിന് മാർദ്ദവവും, കാലുകൾക്ക് ദൃഢതയും ഉണ്ടാവാൻ അത് കാരണമായി...


ഒരു റിപ്പോർട്ട് കൂടി കാണുക:

ആദമിന്റെ കരൾ മൗസൻ ദേശത്തെ മണ്ണ് കൊണ്ടും, വയറ് ഹിജാസിലെ മണ്ണ് കൊണ്ടും, ത്വക്ക് ത്വാഇഫിലെ മണ്ണ് കൊണ്ടും, നെറ്റി കൻആനിലെ മണ്ണ് കൊണ്ടും, ഗുഹ്യസ്ഥാനം ബാബിലോണയായിലെ മണ്ണ് കൊണ്ടും, ആമാശയം ജസാഇറിലെ മണ്ണ് കൊണ്ടും, അസ്ഥികൾ പർവ്വതത്തിലെ മണ്ണ് കൊണ്ടും സൃഷ്ടിച്ചു...


ആദമിന്റെ വർണ്ണം, രൂപം, കൂറ്, പ്രകൃതി എന്നിവ മീതെ പറഞ്ഞ മണ്ണിന്റെ ഗുണങ്ങൾ ആയിരുന്നു. ആദം സന്തതികളായ മനുഷ്യരുടെ വർണ്ണത്തിലും, സ്വഭാവത്തിലും, താല്പര്യങ്ങളിലുമുള്ള മാറ്റങ്ങൾ ഈ മണ്ണുകളുടെ ഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നു...


ആദം എന്ന പദത്തിന്ന് മണ്ണ് എന്ന അർത്ഥമുണ്ട്. ഭൂമിയുടെ എല്ലാ ഭാഗത്തുനിന്നും മണ്ണെടുത്ത് സൃഷ്ടിച്ചതിനാലാണ് ഈ പേര് വന്നത്. റിപ്പോർട്ടുകളിൽ ഈ  വിവരണങ്ങൾ കാണാം...


ചില പണ്ഡിതന്മാരുടെ വിവരണം ഇങ്ങനെ: അദമത്ത് എന്ന പദത്തിൽ നിന്നാണ് ആദം ഉണ്ടായത്. അദമത്ത് എന്നാൽ ഗോതമ്പ് വർണ്ണം ...


ആദം നബി (അ) ന്ന് ഗോതമ്പ് വർണ്ണമായിരുന്നു. ആദമിന്റെ രൂപം മനുഷ്യരൂപം. മലക്കുകൾ ആ രൂപം കണ്ട് അതിശയത്തോടെ അവർ അല്ലാഹുﷻവിനെ വാഴ്ത്തി. ഇബ്ലീസ് മലക്കുകളുടെ നേതാവായി വാഴും കാലം. മലക്കുകളെപ്പോലെയല്ല ഇബ്ലീസ് ചിന്തിച്ചത്. ആദമിന്റെ രൂപം കണ്ട് അസ്വസ്ഥനായി. ഇതെന്തൊരു രൂപം..? എന്തിന്ന് ഇതിനെ സൃഷ്ടിച്ചു. മനസ്സിൽ അസൂയ വളർന്നു. ഈർഷ്യയുണ്ടായി. ശത്രുതയോടെ ആദമിനെ നോക്കി ...