ആദമിന്റെ രൂപം നോക്കുകയാണ് ഇബ്ലീസ്. ആ മനുഷ്യ രൂപത്തിനകത്ത് കയറി നോക്കണമെന്ന ആഗ്രഹം ജനിച്ചു. അതിന്റെ വായിലൂടെ ഇബ്ലീസ് അകത്തു കടന്നു. എന്തെല്ലാം അത്ഭുതങ്ങൾ. അല്ലാഹുﷻ എന്തെല്ലാം സംവിധാനിച്ചിരിക്കുന്നു. മാറിടത്തിൽ ഇടത്തുഭാഗത്തായി ഒരു അറയുണ്ട്. അതെന്തിനാണെന്ന് മനസ്സിലായില്ല...
പിന്നീട് ഇബ്ലീസ് പുറത്തു വന്നു. മലക്കുകളോട് താൻകണ്ട കാര്യങ്ങൾ വിശദീകരിച്ചു.എന്തൊക്കെയോ രഹസ്യങ്ങൾ ഇതിന്നകത്തുണ്ട്...
ആദമിന്റെ രൂപം കണ്ട് മലക്കുകൾക്ക് ഭയം തോന്നി. ഇബ്ലീസ് ഇങ്ങനെ പ്രസ്താവിച്ചു: ഇതിൽ പേടിക്കത്തക്കതായി ഒന്നുമില്ല. ഇതിന്റെ ഉള്ള് പൊള്ളയാണ് "...
ആദമിന്റെ ശരീരത്തിൽ ആത്മാവ് പ്രവേശിക്കാൻ കാലമായി. പരിശുദ്ധമായൊരു ലോകത്ത് നിന്ന് ആത്മാവിനെ കൊണ്ട് വരികയാണ്. ശരീരത്തിൽ പ്രവേശിക്കാൻ കല്പന നൽകി. അത്മാവ് മടിച്ചു നിന്നു. ശരീരത്തിനകത്ത് ഇരുട്ട്. ആ ഇരുട്ടിലേക്ക് കടക്കാൻ റൂഹിന്ന് മടി തോന്നി. "നീ അതിൽ പ്രവേശിക്കുക " ശക്തമായ കല്പന വന്നു. റൂഹ് ശരീരത്തിൽ പ്രവേശിച്ചു...
ആ സമയം ആദമിൽ നിന്ന് തുമ്മൽ വന്നു. തുമ്മി കഴിഞ്ഞപ്പോൾ അല്ലാഹുﷻവിന്റെ കല്പന പ്രകാരം ആദം പറഞ്ഞു: "അൽഹംദുലില്ലാഹ് ". അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് ഇങ്ങിനെ പറയപ്പെട്ടു. യർഹമുകല്ലാഹ് " (അല്ലാഹുﷻ നിന്നെ അനുഗ്രഹിക്കട്ടെ).
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം.
" പരിശുദ്ധ ലോകത്ത് നിന്ന് ആത്മാവിനെ കൊണ്ട് വന്നു. ആദമിന്റെ ശരീരത്തിൽ പ്രവേശിക്കാൻ കല്പിച്ചു. ശരീരം ഇരുട്ട് പോലെ തോന്നിച്ചു. ആത്മാവും മടിച്ചു നിന്നു...
മുഹമ്മദ് നബി (ﷺ) യുടെ പ്രകാശത്തെ ആദം നബിയുടെ നെറ്റിയിൽ പ്രവേശിപ്പിച്ചു. ആദമിന്റെ ശരീരമാകെ പ്രകാശമായിത്തീർന്നു. അപ്പോൾ റൂഹ് ശരീരത്തിൽ പ്രവേശിച്ചു...
റൂഹ് ആദ്യം പ്രവേശിച്ചത് തലച്ചോറിലായിരുന്നു. നൂറ് വർഷം വരെ അത് അവിടെ നിന്നു. പിന്നീട് റൂഹ് ആദമിന്റെ കണ്ണുകളിൽ പ്രവേശിച്ചു. അപ്പോൾ കാഴ്ച ശക്തി കിട്ടി. കണ്ണു തുറന്നു ചുറ്റും നോക്കി. ആർശിന്റെ കാലുകൾ കണ്ടു. അതിൽ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.
"ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹ് "
ആദമിന്റെ കണ്ണുകൾ ആദ്യമായി കണ്ടത് ഈ അക്ഷരങ്ങളായിരുന്നു ...
റൂഹ് കർണ്ണങ്ങളിൽ പ്രവേശിച്ചു. കേൾക്കാനുള്ള ശക്തി കിട്ടി. പിഅനുഗ്രഹീത ശബ്ദങ്ങൾ കേൾക്കുന്നു. റൂഹ് മൂക്കിലേക്ക് കയറി. പെട്ടെന്ന് തുമ്മൽ വന്നു തുമ്മിപ്പോയി. തുമ്മിയപ്പോൾ ഇങ്ങനെ പറഞ്ഞു: "അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ "
അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് പറയപ്പെട്ടു:
"യർഹമുക റബ്ബുക യാ ആദം".ആദമേ! നിന്റെ റബ്ബ് നിന്നെ അനുഗ്രഹിക്കട്ടെ...
റൂഹ് സഞ്ചരിച്ച സ്ഥലത്തെല്ലാം മാംസമുണ്ടായി. തൊലികൊണ്ട് പൊതിയപ്പെട്ടു. ഗ്രഹണശക്തിവന്നു. അവയവങ്ങൾ ചലിക്കാൻ തുടങ്ങി.
റൂഹ് വയറ്റിലെത്തിയപ്പോൾ വിശപ്പുണ്ടായി. അല്ലാഹുﷻവിന്റെ കല്പനയനുസരിച്ച് മലക്കുകൾ ആദമിന്ന് സലാം ചൊല്ലി. ആദം (അ) സലാം മടക്കി.
ആദമിന്റെ സൃഷ്ടിപ്പ് പൂർത്തിയായി. ഇനി വിജ്ഞാനം നൽകുകയാണ്. ആദം (അ) സംസാരം തുടങ്ങിയിട്ടില്ല. ഭാഷ പഠിച്ചിട്ടില്ല. ഭാഷ പഠിക്കണം. എന്നാൽ മാത്രമേ സംസാരിക്കാൻ കഴിയുകയുള്ളു. ഭാഷകൾ പഠിക്കുന്ന രീതി എല്ലാവർക്കുമറിയാം. ആദ്യം പഠിക്കുന്നത് നാമങ്ങളാണ്. നാമങ്ങൾ പഠിക്കാൻ ആദം (അ) ഒരുങ്ങുകയാണ്. അല്ലാഹുﷻവാണ് പഠിപ്പിച്ചു കൊടുക്കുന്നത്...
സൂറത്തുൽ ബഖറയൽ ഇങ്ങനെ കാണാം:
അല്ലാഹുﷻ ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: "നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?" അല്ലാഹുﷻ ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: "നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?" (2:31)
സർവ്വവസ്തുക്കളുടെയും നാമങ്ങൾ ആദം (അ) പഠിച്ചു കഴിഞ്ഞു. പിഞ്ഞാണവും, കയിലും വരെ. മലക്കുകൾക്ക് മുമ്പിൽ ഈ വസ്തുക്കൾ പ്രദർശിപ്പിച്ചു. അവയുടെ പേര് പറയാൻ അല്ലാഹുﷻ ആവശ്യപ്പെട്ടു. മലക്കുകൾക്ക് പേര് പറയാൻ കഴിഞ്ഞില്ല. അല്ലാഹുﷻ അവർക്ക് അവയുടെ പേരുകൾ പഠിപ്പിച്ചിട്ടില്ല. മലക്കുകൾക്ക് എന്താണോ പഠിപ്പിച്ചു കൊടുത്തിട്ടുള്ളത് അത് മാത്രമേ അവർക്കറിയുകയുള്ളൂ. സ്വയം പഠിക്കുന്നില്ല. പഠിച്ചാൽ ശരിയാവില്ല...
അവർ അക്കാര്യം തുറന്നു പറയുന്നു. വിശുദ്ധ ഖുർആൻ പറയുന്നു:
മലക്കുകൾ പറഞ്ഞു: "നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. നീ പഠിപ്പിച്ചുതന്നതല്ലാത്തതൊന്നും ഞങ്ങള്‍ക്കറിയില്ല. എല്ലാം അറിയുന്നവനും യുക്തിമാനും നീ മാത്രമാകുന്നു." (2:32)
ഭൂമിയിൽ അല്ലാഹുﷻവിന്റെ ഖലീഫയാണ് ആദം (അ). ആ ഖലീഫക്ക് സകല വസ്തുക്കളുടെയും പേര് പഠിപ്പിച്ചു. ഖലീഫയുടെ പദവി ഉയർത്തുകയാണ്. സകല വസ്തുക്കളും മലക്കുകളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു. അവയുടെ പേര് പറയാൻ മലക്കുകളോടാവശ്യപ്പെടുന്നു. അവർക്ക് കഴിയുന്നില്ല. അവരുടെ കഴിവുകേട് തുറന്ന് സമ്മതിക്കുന്നു...
അപ്പോൾ ആദം (അ)നോട് അവയുടെ പേരുകൾ പറഞ്ഞു കൊടുക്കാൻ അല്ലാഹുﷻ ആവശ്യപ്പെടുന്നു. ആദം (അ) എല്ലാ വസ്തുക്കളുടെയും പേര് പറഞ്ഞുകൊടുത്തു. ചില പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ചു സകല സന്താനങ്ങളെക്കുറിച്ചും ആവശ്യമായ വിവരണങ്ങളും നൽകിയിട്ടുണ്ട്...
അപ്പോൾ അല്ലാഹുﷻ മലക്കുകളോട് പറഞ്ഞു : ആകാശത്തിലേയും ഭൂമിയിലേയും സകല അദ്യശൃകാര്യങ്ങളും ഞാനറിയുമെന്ന് ഞാൻ നിങ്ങളോട് നേരത്തേ തന്നെ പറഞ്ഞിട്ടില്ലേ? നിങ്ങൾ വെളിവായി പറയുന്നത് ഞാനറിയും. വെളിവായിപ്പറയാതെ ഒളിച്ചുവെക്കുന്നതും ഞാനറിയും. വിശുദ്ധ ഖുർആൻ പറയുന്നു:
അല്ലാഹുﷻ പറഞ്ഞു: "ആദം! ഇവയുടെ പേരുകള്‍ അവരെ അറിയിക്കുക." അങ്ങനെ ആദം അവരെ, ആ പേരുകളറിയിച്ചു. അപ്പോള്‍ അല്ലാഹുﷻ ചോദിച്ചു: "ആകാശഭൂമികളില്‍ ഒളിഞ്ഞുകിടക്കുന്നതൊക്കെയും ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? നിങ്ങള്‍ തെളിയിച്ചു കാണിക്കുന്നവയും ഒളിപ്പിച്ചുവെക്കുന്നവയും ഞാനറിയുന്നതാണ് " (2:33)
നിങ്ങൾ ഒളിച്ചുവെക്കുന്നതും ഞാനറിയും എന്നു പറഞ്ഞത് ആരെപ്പറ്റിയാണ്. ഇബ്ലീസിനെ പറ്റിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അവൻ മനസ്സിൽ ചിലതൊക്കെ ഒളിച്ചു വെച്ചിരുന്നു. ആദം (അ) നോടുള്ള വെറുപ്പും വിരോധവും അവൻ മനസ്സിൽ ഒളിച്ചു വെച്ചിരുന്നു ...