ആദം (അ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. മറുപടിയും കിട്ടി. ഇബ്ലീസ് അതറിഞ്ഞു. അവൻ നിരാശനായി. പിൻമാറിയില്ല. താനും പ്രാർത്ഥിക്കണം. നേടിയെടുക്കണം. ഇബ്ലീസിന്റെ പ്രാർഥന ഇങ്ങനെ:
"റബ്ബേ! ആദമിലും അവന്റെ സന്തതികളിലും നീ വലിയ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു, നീ എന്നെയും സഹായിക്കണം"
അല്ലാഹുﷻവിന്റെ മറുപടി ഇങ്ങനെ.
"ആദമിന്റെ സന്തതികളിൽ ഓരോരുത്തരോടുമൊപ്പം നിന്റെ സന്തതികളിൽ ഓരോരുത്തരെ ഞാൻ നിയോഗിക്കാം."
"അല്ലാഹുﷻവേ അത്പോര അതിനേക്കാൾ വലിയ സഹായമാണ് ഞാൻ ചോദിക്കുന്നത്."
അല്ലാഹുﷻവിന്റെ മറുപടി: "മനുഷ്യരുടെ ശരീരത്തിലുടനീളം രക്തസഞ്ചാരം പോലെ സഞ്ചരിക്കാൻ നിനക്കും നിന്റെ സന്തതികൾക്കും ഞാൻ കഴിവ് നൽകുന്നു."
ഇബ്ലീസ് അതുകൊണ്ടും തൃപ്തനായില്ല അവൻ ചോദ്യം തുടരുകയാണ്.
"അല്ലാഹുﷻവേ ഇതിനെക്കാളും വലിയ സഹായമാണ് ഞാൻ ചോദിക്കുന്നത്"
അല്ലാഹുﷻവിന്റെ മറുപടി ഇങ്ങനെ:
"നിന്റെ സൈന്യങ്ങളോടും പരിവാരങ്ങളോടും കൂടി മനുഷ്യനോട് യുദ്ധം ചെയ്യുക മനുഷ്യരുടെ സന്താനങ്ങളിലും ധനത്തിലും നീ പങ്കാളിയാവുക."
ഇബ്ലീസിന്ന് സന്തോഷമായി. കിട്ടിയ ചാൻസുകൾ എല്ലാം ഉപയോഗപ്പെടുത്തി മനുഷ്യനെ വഴിപിഴപ്പിക്കാമെന്ന് അവന്ന് ബോധ്യമായി...
അല്ലാഹുﷻ ആദം (അ)ന്ന് ബോധനം നൽകി.
"എന്റെ മാർഗ്ഗദർശനം വരുമ്പോൾ ആർ അതിനെ പിൻപറ്റുമോ അവർക്ക് യാതൊരു ഭയവുമില്ല അവർ ദുഃഖിക്കുകയില്ല."
കാലാകാലങ്ങളിൽ അല്ലാഹുﷻവിന്റെ മാർഗ്ഗദർശനം വന്നുകൊണ്ടിരിക്കും. സന്മാർഗ്ഗം കാണിച്ചുകൊടുക്കാൻ പ്രവാചകന്മാർ വരും. മനുഷ്യർ അവരുടെ വാക്കുകൾ കേൾക്കണം. ശ്രദ്ധിച്ചു മനസ്സിലാക്കണം. സന്മാർഗ്ഗികളായിത്തീരണം. അങ്ങനെയുള്ളവർ ഭയപ്പേടേണ്ടതില്ല. അവർക്ക് ദുഃഖിക്കേണ്ടതായി വരികയുമില്ല. വളരെ നല്ല സന്ദേശമാണ് ആദം (അ)ന്ന് ലഭിച്ചത്. ഈ സന്ദേശം ഇബ്ലീസിനെ സങ്കടപ്പെടത്തി...
അവൻ അല്ലാഹുﷻവിനോട് ദുആ ഇരന്നു ഇങ്ങനെ: "അല്ലാഹുﷻവേ നീ ആദം സന്തതികൾക്ക് എന്തെല്ലാം അനുഗ്രഹങ്ങളാണ് നൽകുന്നത്. അവർക്ക് വേദഗ്രന്ഥങ്ങൾ നൽകുന്നു. അവരിലേക്ക് നബിമാരെ അയക്കുന്നു. അവർക്ക് വിജ്ഞാനം നൽകുന്നു. വാസസ്ഥലവും ഭക്ഷണപാനീയങ്ങളും നൽകി അനുഗ്രഹിക്കുന്നു. ഇമ്പമുള്ള ശബ്ദം നൽകുന്നു. എനിക്കും അത്പോലുള്ള അനുഗ്രഹങ്ങൾ നൽകേണമേ..."
ഇതിന്ന് അല്ലാഹുﷻ നൽകിയ മറുപടി നാം വളരെ ശ്രദ്ധിക്കേണ്ടതാണ്. അതിപ്രകാരമാണ്. പച്ചകുത്ത് അഭ്യസിക്കാൻ ഗ്രന്ഥം തരാം വേദഗ്രന്ഥങ്ങൾക്കുപകരം പാട്ടുകൾ തരാം. ദൗത്യത്തിന് പകരം ജ്യോതിഷം നൽകാം. വിജ്ഞാനത്തിന് പകരം ആഭിചാരം നൽകാം. നിനക്കും സന്താനങ്ങൾക്കും ഭക്ഷണമായി ശവം ലഭിക്കും. എന്റെ പേരിൽ അറുക്കപ്പെടുന്ന മൃഗങ്ങളെ കിട്ടും. നിന്റെയും മക്കളുടെയും പാനീയം മദ്യമാകുന്നു. നിങ്ങളുടെ വാസസ്ഥലം കളിപ്പുരയാകുന്നു. സംഭാഷണം കള്ളക്കഥകളാകുന്നു. നിന്റെ ആരാധനാലയം അങ്ങാടിയാവുന്നു. മണിമുഴക്കമാണ് നിന്റെ ശബ്ദം. വേട്ടയാടാനുള്ള വലയാണ് സ്ത്രീകൾ. ഇബ്ലീസിന്ന് ആഹ്ലാദമായി അവൻ പറഞ്ഞു: "മതി അല്ലാഹുﷻവേ എനിക്കിത്രയും മതി"
അല്ലാഹുﷻ ആദം (അ)നോട് ഇങ്ങനെ കല്പിച്ചു: "നാല് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുക...
ഒന്ന് : എനിക്കുള്ള ആരാധനയിൽ മറ്റാരെയും പങ്കാളിയാക്കരുത്. അത് എന്റെ അവകാശം.
രണ്ട് : നിന്റെ പ്രവർത്തികൾക്ക് കൃത്യമായ പ്രതിഫലം നൽകും. അത് നിന്റെ അവകാശം.
മൂന്ന് : ഞാനും നീയും തമ്മിലുള്ള ഇടപാടുകൾ അത് സൂക്ഷിക്കുക...
നാല് : നീയും ജനങ്ങളും തമ്മിലുള്ള ഇടപാടുകൾ അത് നന്നായി സൂക്ഷിക്കുക. ജനങ്ങൾ എങ്ങനെ പെരുമാറുന്നത് നിനക്ക് ഹിതമായിത്തോന്നുവോ അതേ രീതിയിൽ അവരോടും പെരുമാറുക...
ആദം (അ) സറം ദ്വീപിൽ താമസിക്കുന്ന കാലം ജിബ്രീൽ (അ)ഒരു വിളംബരം ചെയ്തു. ഭൂമിയിൽ അധിവസിക്കുന്ന ജീവികളേ നിങ്ങളുടെ റബ്ബ് ഭൂമിയിൽ നിങ്ങൾക്കൊരു ഭരണാധികാരിയെ നിയോഗിച്ചിരിക്കുന്നു. അദ്ദേഹത്തെ നിങ്ങൾ ആനുസരിക്കുവീൻ. വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളും തല ഉയർത്തി ആ കല്പന അനുസരിച്ചു. ഭൂമിയിലുള്ള ജീവികളെല്ലാം ആദം (അ)ന്റെ ചുറ്റും വന്നുകൂടി. ചിലതിന്റെ തലയിലും മുതുകിലും ആദം (അ)തലോടി സ്നേഹം പ്രകടിപ്പിച്ചു. കരസ്പർശമേറ്റ ജന്തുക്കൾ മനുഷ്യനോട് ഇണങ്ങിച്ചേർന്നു. വളർത്തുമൃഗങ്ങളായി. അല്ലാത്തവ വന്യമൃഗങ്ങളായിത്തീർന്നു ...
സ്വർഗ്ഗത്തിൽ നിന്ന് ആദം (അ)ന്ന് ഒരു ആടിനെക്കൊണ്ട് വന്നു കൊടുത്തു. ഹവ്വ (റ) ആട്ടിൻ രോമം കൊണ്ട് നൂലുണ്ടാക്കി. ആദം (അ)നെയ്ത് വസ്ത്രമാക്കി. ഒരു ഉടുപ്പും ഒരു പുതപ്പും ഉണ്ടാക്കി. ആദം (അ) ഉടുപ്പു ധരിച്ചു. ഹവ്വ (റ) പുതപ്പ് പുതച്ചു. അവർ ആദ്യമായി അവ ഉപയോഗിച്ചത് വെള്ളിയാഴ്ച ദിവസമായിരുന്നു ...
ഏകദൈവ വിശ്വാസം (തൗഹീദ് ), നിസ്കാരം, നോമ്പ്, തുടങ്ങിയവ ആദം (അ)ന്റെ ശരീരത്തിൽ ഉൾപ്പെട്ടിരുന്നു. തച്ചുശാശ്ത്രം, വൈദ്യശാസ്ത്രം ഏന്നിവ പഠിച്ചു. പ്രകൃതിയെക്കുറിച്ചുള്ള വിജ്ഞാനം, ഉപകാരവും ഉപദ്രവമുള്ള വസ്തുക്കളെ കുറിച്ചുള്ള അറിവ് തുടങ്ങിയവ ലഭിച്ചിരുന്നു...
ആദം (അ) ഹവ്വ (റ) യോടൊപ്പം സറം ദ്വീപിൽ വന്ന് താമസമാക്കി. ഏറെക്കഴിയും മുമ്പെ ഹവ്വ (റ) ഗർഭിണിയായി. പ്രസവത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു. ഒരാണും ഒരു പെണ്ണും. ആൺകുട്ടിക്ക് ഖാബീൽ എന്ന് പേരിട്ടു. പെൺകുട്ടിക്ക് ഇഖ്ലീമ എന്നും പേരിട്ടു. ഇഖ്ലീമ കാണാൻ നല്ല അഴകുള്ള കുഞ്ഞായിരുന്നു. രണ്ടാമത്തെ പ്രസവത്തിലും രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു. ഒരാൺ കുഞ്ഞും ഒരു പെൺകുഞ്ഞും. ആൺ കുഞ്ഞ് ഹാബീൽ. പെൺകുഞ്ഞ് ലബൂദ. എല്ലാ പ്രസവത്തിലും ഈരണ്ട് കുട്ടികൾ ആണും പെണ്ണും. ഒടുവിലത്തെ പ്രസവത്തിൽ അബ്ദുൽ മുഗീസും അമത്തൽ മുഗീസും ജനിച്ചു. ഇരുപത് പ്രസവം നാല്പത് കുഞ്ഞുങ്ങൾ...
സ്വർഗ്ഗത്തിൽ നിന്ന് പോന്ന് നൂറ് വർഷം കഴിഞ്ഞാണ് ആദം (അ) ഹവ്വ (റ)യെ കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ട്. അതിന്ന് ശേഷമാണ് ഈ കുഞ്ഞുങ്ങൾ ജനിച്ചത് ...