ഖലീഫ വലീദ് ബിൻ അബ്ദുൽ മാലിക് ഏറെ സന്തോഷിച്ച ദിനമായിരുന്നു അത്. ആനന്ദാതിക്യത്താൽ മനസ്സ് ഭൂതലം വിട്ട് നക്ഷത്രങ്ങളെ ചുംബിക്കാൻ തുടങ്ങിയ നിമിഷം. മൂസബ്നു നുസ്വൈറിന്റെ യുദ്ധതന്ത്രവും മുസ്ലിം സൈന്യത്തിന്റെ വീരസാഹസവും അദ്ദേഹത്തെ ഹർഷപുളകിതനാക്കി...
എന്തായാലും ഈ ദൗത്യ വിജയത്തിന്റെ സൂത്രധാരൻ മൂസക്ക് നല്ലൊരു പാരിതോഷികം നൽകണം. ഖലീഫ തീരുമാനിച്ചുറച്ചു. അതിന്റെ ഭാഗമായി അദ്ദേഹത്തെ ഉത്തരാഫ്രിക്കയുടെ ന്യായാധിപനാക്കി. അവിടെ ഗവർണറെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ ഇഷ്ടത്തിനു വിട്ടു...
തന്റെ എളിയ സേവനത്തിനു കിട്ടിയ ഈ മഹത്തായ അംഗീകാരം ഗൗരവപൂർവ്വം ഉൾകൊള്ളാനാണ് പിന്നീടദ്ദേഹം ശ്രമിച്ചത്...
ആദ്യം ത്വൻജയിൽ ഗവർണറെ നിയമിക്കണം.
അതിനാരെ നിയമിക്കും ...?
മൂസക്ക് ഏറെ ചിന്തിക്കേണ്ടി വന്നില്ല. ത്വാരീഖിനെ അതിനായി തെരഞ്ഞെടുത്തു. വിവരം അദ്ദേഹത്തെ അറിയിക്കും മുമ്പാണ് ഈ തീരുമാനം. അറിഞ്ഞാൽ ഒരുപക്ഷെ നിരസിച്ചേക്കും. അതുകൊണ്ട് ഒരു കൂടിക്കാഴ്ചക്ക് ശേഷമാവാം നിയമനം...
യോഗ്യനായൊരു ഗവർണറെ കണ്ടെത്തിയതിൽ സന്തോഷിച്ചുവെങ്കിലും അദ്ദേഹം നിരസിച്ചാലുള്ള പ്രയാസമോർത്ത് മൂസക്ക് ആശങ്ക കുറഞ്ഞില്ല.
മൂസ ത്വാരീഖിനെ വിളിച്ചു വരുത്തി...
"താങ്കളെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് അങ്ങേക്കറിയാമല്ലോ ത്വാരീഖ്. എനിക്കൊപ്പം നിരവധി യുദ്ധങ്ങൾ താങ്കൾ പങ്കുകൊണ്ടിട്ടുണ്ട്. നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ താങ്കളാണ് എന്നെ സഹായിച്ചിട്ടുള്ളത്. ഈ യുദ്ധത്തിലും താങ്കളുടെ സേവനം വിലപ്പെട്ടതായിരുന്നുവെന്ന് ഞാൻ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഇതൊരു മുഖസ്തുതിയായി കാണരുത്. ഞാൻ എന്റെ ആത്മാർത്ഥമായ സംതൃപ്തി താങ്കളെ അറിയിച്ചുവെന്നു മാത്രം."
"സയ്യിദേ... വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ ഞാൻ ആളല്ല. ഒന്നാമതായി അല്ലാഹുവിന്റെ നിയോഗമാണത്. പിന്നെ അങ്ങയുടെ തന്ത്രപൂർണമായ നേതൃത്വവും."
ത്വാരീഖ് വിനയത്തോടെ പറഞ്ഞു...
"ശരി. വിജയം അല്ലാഹുവിൽ നിന്ന് തന്നെ. എങ്കിലും ത്വാരീഖ്, താങ്കളെ പോലുള്ള കരുത്തുറ്റ സൈനികരാണ് നമ്മുടെ വിജയത്തിനാദാനം."
"ഞാൻ അർഹിക്കുന്നതിലുപരി പരിഗണന എനിക്കങ്ങ് നൽകുകയാണ്."
"എന്ത് പരിഗണന ത്വാരീഖ് ...? ഇതുവരെ താങ്കളുടെ ആത്മാർത്ഥ സേവനത്തിനുള്ള പ്രതിഫലം താങ്കൾക്ക് ലഭിച്ചിട്ടില്ല."
"അങ്ങയുടെ തൃപ്തി മതിയെനിക്ക്."
"തൃപ്തി മാത്രം പോരല്ലോ... താങ്കളെ ഞാൻ ത്വൻജയിലെ ഗവർണറായി നിയമിക്കുകയാണ്."
"ഗവർണർ സ്ഥാനമോ ...?"
"അതെ, എന്താ സംശയം. ഈ സ്ഥാനം എന്തിനാണ് നൽകിയതെന്നറിയുമോ?"
"അങ്ങയുടെ ഔദാര്യം കൊണ്ട് തന്നെ."
"അല്ല, താങ്കളുടെ പക്വതയും തന്റേടവും കണ്ടിട്ടാണ്. ഏത് പ്രതികൂലാവസ്ഥയും തരണം ചെയ്യാൻ താങ്കൾക്ക് കഴിവുണ്ട്. ത്വൻജയിലെ സ്ഥിതിഗതികൾ താങ്കൾക്കറിയാമല്ലോ. നമ്മെ സംബന്ധിച്ചെടുത്തോളം മൊറോക്കോയിലെ ഏറ്റവും പ്രശ്നകലുഷിതമായ ഒരിടമാണിത്. അവിടെയിപ്പോൾ ആഭ്യന്തര പ്രശ്നങ്ങൾ ശക്തമാവുകയാണ്. പ്രശ്നങ്ങളൊതുക്കി ശാന്തത കൈവരിക്കാൻ സ്വല്പം പാടുപെടേണ്ടി വരും. അതിനു യോഗ്യൻ താങ്കളല്ലാതെ മറ്റാരുമില്ലെന്ന് എനിക്കുറപ്പാണ്."
"അള്ളാഹു തൗഫീഖ് ചെയ്യട്ടെ."
"ഇത് മാത്രമല്ല താങ്കളുടെ ദൗത്യം. ആരോഗ്യ ദൃഢഗാത്രരായ യുവാക്കളെ കൂട്ടി താങ്കൾ സുശക്തമായൊരു സൈന്യത്തെ സജ്ജീകരിക്കണം. സ്പെയിൻ കീഴടക്കി ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭഗമാക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്."
"സ്പെയിൻ കീഴടക്കുകയോ?"
കേട്ടമാത്രയിൽ ത്വാരീഖിന്റെ മുഖം പഴയ സ്വപ്നങ്ങളിലെ സ്വച്ഛന്ദൃം പോലെതന്നെ പ്രകാശമായി.
ഈ സ്വപ്നമോന്നു പൂവണിഞ്ഞിരുന്നുവെങ്കിൽ...
ത്വാരീഖ് യാത്ര പറഞ്ഞിറങ്ങി. നേരെ ത്വൻജയിലേക്ക് തിരിച്ചു. അവിടെ എത്തിയയുടൻ തന്റെ ദൗത്യം ആരംഭിച്ചു. നിയമത്തിന്റെ പിടിയിൽ നിന്ന് തെറിച്ചു നിൽക്കുന്നവരെ തിരിച്ചു കൊണ്ടുവന്നു. കുടുംബകലഹങ്ങളും പരിഹരിച്ചു.
ആഭ്യന്തര പ്രശ്നങ്ങൾക്കറുതി വരുത്തി.
തീർത്തും നീതിപൂർണമായ ഭരണം.
ഒടുവിൽ ത്വൻജയുടെ കലുശാന്തരീക്ഷം ശാന്തതക്ക് വാഴിമാറിക്കൊടുത്തു...
അടുത്ത ലക്ഷ്യം ഖൂത്തുകാരുടെ നാടാണ്. അതുകൂടി കീഴടക്കി ഇസ്ലാമിന്റെ ഭാഗമാക്കണം. ആഭ്യന്തര പ്രശ്നങ്ങൾ അവിടെയും കുറവല്ല.
ത്വാരീഖ് പന്ത്രണ്ടായിരത്തോളം വരുന്ന സൈന്യത്തെ സജ്ജമാക്കി. അതിൽ ഭൂരിഭാഗവും പുതുവിശ്വാസികളായിരുന്നു...
ഒരു പാടനായകന്റെ കർമകുശലതയോടെ ത്വാരീഖ് അവർക്കുവേണ്ട എല്ലാ പരിശീലനങ്ങളും വിദ്യയും പകർന്നുകൊടുത്തു ...