ഖൂത്തു വംശജർ അശാന്തിയുടെ മുൾമുനയിലാണ്...
ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥത രാജ്യത്തെ സമാധാനം തകർക്കുന്നു...
ജനങ്ങൾക്ക് ഒരു സ്വസ്ഥതയുമില്ല. വിവിധ നാടുകളായിട്ടാണ് രാജ്യം വിഭജിക്കപ്പെട്ടത്. ഓരോ നാടിനും ഓരോ രാജാവ്. അങ്ങനെ അനേകം നാട്ടുരാജാക്കന്മാർ... പക്ഷെ എല്ലാവരും സ്വാർത്ഥതയും സ്വേച്ഛാധിപതികളുമാണെന്നു മാത്രം ...
വ്യക്തി താൽപര്യങ്ങൾക്കുള്ള കരുവായിട്ടാണ് അധികാരത്തെ അവർ കാണുന്നത്. ഭരണീയരെ പറ്റി ഒരു ബോധവുമില്ലാത്തവർ. അധികാര വടംവലിക്കിടയിൽ ഞെരിഞ്ഞമർന്ന് അശാന്തിയുടെ ക്രൂരമായ പരിഹാസങ്ങൾക്ക് വിധേയരാകേണ്ടി വരുന്ന ഇവരിൽ ഭൂരിഭാഗവും അടിമകളാണ്...
അടിമവേല ചെയ്ത് ഉൽപ്പന്നങ്ങൾ മുഴുവനും രാജസന്നിധിയിൽ കൊണ്ടുപോയി സമർപ്പിക്കണം. ലഭിക്കുന്ന കൂലി ശരിക്കുമൊന്നു പശിയടക്കാനുള്ള വകക്കുപോലും തികയില്ല. യുദ്ധമുണ്ടായാൽ പോരാട്ടത്തിനിറങ്ങണം. ഇല്ലെങ്കിൽ കുഴഞ്ഞതുതന്നെ...
അവർക്ക് ഈ വിവസ്ഥയുമായി സമരസപ്പെട്ട് പോവാൻ കഴിഞ്ഞില്ല. പറഞ്ഞിട്ടെന്ത് ? ഉള്ളിലിരിക്കുന്ന പ്രതിഷേധാഗ്നി പുറത്തെടുക്കാൻ അവകാശമില്ലാത്തവരാണല്ലോ അവർ.
എന്നാലും അവർ അടക്കം പറഞ്ഞിരിക്കും; പുറംലോകമറിയാതെ... ഭരണ വർഗം തങ്ങൾക്കു മേൽ വിധിച്ച ദുരന്ത ജീവിതത്തെക്കുറിച്ച്... പുറത്തറിയിച്ചാൽ പിന്നെ പറയേണ്ടതില്ല.
ഒന്നുകിൽ ബന്ധനം, അല്ലെങ്കിൽ കഴുമരം.
വല്ലാത്തൊരു വിധി...!!
ഏത് ഭരണാധികാരി വന്നാലും ഇതേ അവസ്ഥ തന്നെ. ഭരണം മാറി എന്ന് കരുതി അവർക്കൊരു പ്രതീക്ഷയും ഉണ്ടാവില്ല. കാരണം പരമ്പരാഗതമായി അന്യന്റെ ചൊൽപ്പടിക്കു കീഴിൽ കഴിയാൻ വിധിക്കപ്പെട്ടവരാണവർ.
നികുതി കൃത്യമായി നൽകിക്കൊള്ളണം.
നിയമത്തിന്റെ പിടിയിൽ നിന്ന് മാറിയാൽ പിന്നെ ചാട്ടവാർ അടിയുടെ കാലമായിരിക്കും ...
ഇത്തരം അടിമകളിൽ നിന്നാണ് സ്പെയിൻ സൈന്യം ഉറവം കൊണ്ടത്. അതുകൊണ്ടുതന്നെ ആ സൈന്യത്തെ ശക്തിക്ഷയമേറ്റ ഒരു ആൾകൂട്ടമെന്നേ പറയാനൊക്കൂ ... കടന്നാക്രമണം നടത്തുന്നത് പോയിട്ട് ഒന്ന് പിടിച്ചു നിൽക്കാൻ പോലും കഴിയാതെ കേവലമൊരു ആൾക്കൂട്ടം ...
വിവരങ്ങളെല്ലാം മൂസ യാഥാവിധം അറിഞ്ഞു കൊണ്ടിരുന്നു. അധികാരി വർഗ്ഗത്തിന്റെ കാര്യബോധക്കുറവും പാവങ്ങളുടെ ദുരിത ജീവിതവും അദ്ദേഹത്തിന് സഹിക്കാനായില്ല...
ഇതിനൊരു അടിയന്തര പരിഹാരം അത്യാവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ യുദ്ധമാണതിനുള്ള പ്രായോഗിക മാർഗം.
അല്ലെങ്കിലും മുൻപേ അവിടൊരു യുദ്ധത്തിന് കോപ്പുണ്ട്.
കാരണം ആഭ്യന്തര കലഹങ്ങൾ കൊണ്ട് പുകയുകയാണാ നാട്. നിലവിലെ ഭരണാധികാരി റോഡറിക് അധികാരമോഷണം നടത്തിയതാണ് ഹേതു...
സംഭവമിങ്ങനെ ...,
മുൻഭരണാധികാരി ഗൈത്വശയിൽ നിന്ന് റോഡറിക് അധികാരം തട്ടിയെടുത്തു. ജനങ്ങൾക്കിത് സഹിച്ചില്ല. ഒരു വിഭാഗം റോഡറികിനെതിരെ ശക്തമായി രംഗത്തെത്തി. സ്ഥാനമൊഴിഞ്ഞ് ചെങ്കോലും കിരീടവും മുൻരാജാവിന്റെ മക്കൾക്ക് തിരിച്ചു നൽകണമെന്നാണ് അവശ്യമുന്നയിച്ചത്.
ഗൈത്വശയുടെ രണ്ടു മക്കളാണ് ഈഫയും സീസ്‌യൂത്തും...
റോഡറിക് ഇവരുടെ കണ്ണിലെ കരടായിരുന്നു. എവിടെവെച്ചും അദ്ദേഹത്തെ തളർത്താനുള്ള വഴികൾ അവർ അന്വേഷിച്ചു നടന്നു.
ഇതിനായി സ്പെയിനിലെ ഭൂരിപക്ഷം ആളുകളുടെയും വികാരത്തെ അവർ റോഡറികിനെതിരെ തിരിച്ചുവിട്ടു. നാടെങ്ങും പ്രതിഷേധമിരമ്പി...
സബ്‌തയിലെ ന്യായാധിപൻ ജൂലിയാനും ഇവർക്കൊപ്പം ചേർന്നു. റോഡറികിനെ വകവരുത്താൻ സാമ്പത്തികമായും ശാരീരികമായും ഏത് ത്യാഗവും ചെയ്യാൻ ഒരുക്കമായിരുന്നു ജൂലിയാൻ.
ഇതിനിടയിലാണ് ഒരു സംഭവം നടക്കുന്നത്. ജൂലിയാൻ തീരെ കേൾക്കാനിഷ്ടപ്പെടാത്ത സംഭവം ...
തന്റെ പുത്രി ഫ്ലോറിന്റയെ റോഡറിക് മനഭംഗപ്പെടുത്തിയിരിക്കുന്നു...
സുന്ദരിയായും സുശീലയുമായ അവൾ ടോലിഡോവിലെ രാജകൊട്ടാരത്തിൽ പഠിക്കാൻ ചെന്നതായിരുന്നു. അവളുടെ നിസ്തുല സൗന്ദര്യത്തിന്റെ മാസ്മരികതയിൽ രാജാവ് മതിമറന്നുപോയി.
പിന്നെ തന്നെ നിയന്ത്രിക്കാൻ അയാൾകായില്ല. ആ നീച കൃത്യത്തിന് അവളെ നിർബന്ധിപ്പിച്ചു. കുതറി മാറാൻ പലതവണ ശ്രമിച്ചെങ്കിലും അവൾക്ക് സാധിച്ചില്ല ...
നടന്നതെല്ലാം വിശദീകരിച്ചു കൊണ്ട് അവൾ പിതാവിനൊരു കത്തെഴുതി.
കാത്തുവായിച്ച ജൂലിയാന് വിശ്വസിക്കാനായില്ല. കോപം കൊണ്ട് പരിസരം മറന്നുപോയി.
എന്റെ മകളെ ഉപയോഗപ്പെടുത്താൻ ഇയാൾക്കെങ്ങനെ ധൈര്യം വന്നു ...?
റോഡറികിനെ ഇനിയും വെച്ച് പൊറുപ്പിക്കാനാവില്ല. ഈ മനുഷ്യ പിശാചിന്റെ ക്രൂരത കാലങ്ങളായി സഹിക്കുന്നു.
ഇനിയും ക്ഷമിക്കുന്നത് ബുദ്ധിയല്ല. എന്റെ സൈന്യശക്തി അവനറിഞ്ഞിട്ടില്ല.
അവന്റെ സിംഹാസനം പിഴുതെറിഞ്ഞിട്ടേ ഇനി ബാക്കി എന്തും ...