സൈന്യത്തിലേക്ക് ക്ഷണം ലഭിച്ചെന്നോ! ഏതായാലും പോയി നോക്കാം... ആയോധനകല ഇളം പ്രായത്തിലെ വശമാക്കിയതാണല്ലോ ...
ത്വാരീഖിന്റെ ജീവിതം ദിശ മാറുകയാണ്.
ഇനി മുതൽ ശത്രുവിനു മുന്നിലാണ് ജീവിതം.
രണ്ടും കല്പിച്ചു ത്വാരീഖ് അങ്കക്കളത്തിലിറങ്ങി.
കന്നി പോരാട്ടത്തിൽ തന്നെ രണപാടവും തെളിയിച്ചു...
റൊമക്കാർക്കെതിരെ മൊറോക്കോയിൽ മുസ്ലിം സൈന്യം നടത്തിയ പോരാട്ടങ്ങളിലെല്ലാം ത്വാരീഖ് വലിയ സംഭാവനകളാണ് നൽകിയത്...
മൊറോക്കോയുടെ വിവിധ ഭാഗങ്ങളിൽ റൊമക്കാർക്ക് സഹായികളേറെയുണ്ട്. മുസ്ലിം സൈന്യത്തിന്റെ പിളർച്ച മാത്രമാണ് അവരുടെ ലക്ഷ്യം. സൈന്യാധിപൻ മൂസ ഇത് ശരിക്കും തിരിച്ചറിഞ്ഞു. ഇതിനെതിരെ പ്രതിരോധ നടപടി അത്യാവശ്യമാണ്. ഇല്ലെങ്കിൽ ദാരുണ പരിണത്തിക്ക് സാക്ഷിയാവേണ്ടി വരും...
ആദ്യം മോറോക്കോയിൽ നിന്നവരെ തുടച്ചു നീക്കണം. എന്നാൽ പിന്നെ പ്രശ്നമില്ല. വലിയൊരു കടമ്പ ഒഴിഞ്ഞു കിട്ടും.
ഒട്ടും വൈകാതെ മൂസ ഒരുക്കങ്ങളാരംഭിച്ചു. രാജ്യത്തെ മെയ്മിടുക്കാരായ അതികായന്മാരെ വിളിച്ചുകൂട്ടി. ആവേശോജ്വലമായൊരു യുദ്ധത്തിന് അവരോട് ആഹ്വാനം ചെയ്തു. ത്വാരീഖ് അടക്കമുള്ള കരുത്തുറ്റ യോദ്ധാക്കൾ സസന്തോഷം അതേറ്റടുത്തു...
പിന്നെ യുദ്ധം തന്നെ...
തുടരെ തുടരെയുള്ള ആക്രമണങ്ങൾ
റോമൻ സിൽബന്ധികൾക്ക് പിടിച്ചു നിൽക്കാനായില്ല. അടിതെറ്റിയ അവർ മുസ്ലിം സൈന്യത്തിനു മുൻപിൽ കൂപ്പു കൈകളോടെ പരാജയം സമ്മതിച്ചു...
അതോടെ മോറോക്കോയിൽ നിന്ന് റോമൻ സൈന്യം പൂർണമായി പിൻവാങ്ങി. പലരും ഇസ്ലാമിലേക്ക് കടന്നുവന്നു. സബ്ത (സ്പൈനിനോട് അഭിമുഖമായി നിൽക്കുന്ന തീരപ്രദേശമാണ് സബ്ത. അവിടുത്തെ ഭരണാധികാരി മുസ്ലിം വിരോധിയല്ലാത്തതിനാൽ മുസ്ലിംകൾക്ക് അവിടെ കീഴടക്കേണ്ടിവന്നില്ല.) ഒഴികെയുള്ള ആഫ്രിക്കയുടെ വടക്കുഭാഗം മുഴുവൻ മുസ്ലിംകൾക്ക് കീഴൊതുങ്ങി ...
മൂസയുടെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം. കണ്ണുകളിൽ പതിനാലാം ചന്ദ്രിക ഉദിച്ചതുപോലുള്ള തെളിമ...
ഈ വൻ ജൈത്രയാത്ര അദ്ദേഹത്തെ ഉൾപ്പുളകമണിയിച്ചിരിക്കുന്നു ...
വിശിഷ്യാ, ത്വാരീഖിന്റെ പ്രകടനവും.
പ്രതിയോഗിവൃന്ദത്തെ നിലം പരിശാക്കാൻ ത്വാരീഖ് വഹിച്ച പങ്ക് ശെരിക്കും കണ്ടതാണ്.
ഇടംവലം നോക്കാത്ത പൊരിഞ്ഞ പോരാട്ടം...
കണ്ടാൽ ആരും പതറിപ്പോവുന്ന നിമിഷങ്ങൾ...
ത്വാരീഖിനെ കേവലമൊരു സൈനികനായി നിർത്തിയാൽ പോരാ. ഉന്നതമായൊരു തസ്‌തിക കൊടുക്കണം. മൂസ അവസരം കാത്തിരുന്നു ...