Wednesday - 22 April, 2026 4-Dhu al-Qadah-1447

സ്പെയിൻ യുദ്ധം

"യുദ്ധ സാഹചര്യങ്ങളെല്ലാം ഞാൻ പഠിച്ചിട്ടുണ്ട്. നിഷ്പ്രയാസം കീഴിലൊതുക്കാമെന്നാണ് എന്റെ വിശ്വാസം. മാത്രമല്ല സബ്തയിലെ ഭരണാധികാരി എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്."


"എന്ത്...? സബ്തയിലെ ഭരണാധികാരിയോ...?!! വിഡ്ഢിത്തം പറയാതെ"


"അതേ തിരുമേനീ.., അദ്ദേഹം റൊഡറികിന്റെ കഠിന ശത്രുവാണ്."


"വസ്തുതകൾ ഇങ്ങനെയാണെങ്കിൽ ഞാൻ സ്പെയിൻ യുദ്ധം സ്വാഗതം ചെയ്യുന്നു."


പ്രഭാേ.., അതിന് നാമെന്തൊക്കെയാണ് ചെയ്യേണ്ടത്..?


"ആദ്യം പരീക്ഷണാർത്ഥം അഞ്ഞൂറ് സൈനികരെ അയക്കാം. ഫലം ഉദ്ദിഷ്ട രൂപത്തിലെങ്കിൽ നമുക്കവിടം ഒരു വൻ സൈന്യത്തെ തന്നെ വിന്യസിക്കാം."


ശരി, സൈന്യത്തിന്റെ നേതൃത്വം ആരെയേൽപിക്കണം..?"


"അത് നിന്റെയിഷ്ടം. നിന്റെ കമാൻഡർമാരെക്കുറിച്ച് നിനക്കറിയാമല്ലോ."


"എങ്കിൽ ഞാൻ ത്വരീഫ് ബ്നു മാലികിനെ സൈനിക നായകനായി നിയമിക്കുന്നു."


"ശരി, പൊയ്ക്കോളൂ.., യുദ്ധ വിവരങ്ങളെല്ലാം യഥാവിധി എന്നെ അറിയിക്കണം."


"ഇൻശാ അല്ലാഹ്...."


മൂസ യാത്ര പറഞ്ഞിറങ്ങി.


വാഹനപ്പുറത്തേറി നേരെ ഖൈറുവാനിലേക്ക് തിരിച്ചു. അവിടെ എത്തിയ ഉടനെ ത്വരീഫിനെ കണ്ട് ചുമതലയേൽപ്പിച്ചു. യുദ്ധ സന്നാഹങ്ങൾക്ക് മൂസ തന്നെ മുൻകൈയ്യെടുത്തു. സമർത്ഥരായ അഞ്ഞൂറ് രണവീരരെ തെരഞ്ഞെടുത്തു. ഓരോ മുഖത്തും ആവേശം തുടിച്ച് കൊണ്ടിരിക്കുന്നു...


സ്പെയ്ൻ യുദ്ധത്തിന് നാന്ദികുറിക്കാൻ ത്വരീഫും സംഘവും വരുന്നുണ്ടെന്നും അവർക്ക് മറുകര പറ്റാൻ സൗകര്യങ്ങളേർപെടുത്തണമെന്നും മൂസ ജൂലിയാന് കത്തെഴുതി.


കത്ത് വായിച്ചു കഴിയേണ്ട താമസം ജൂലിയാൻ കപ്പൽ ജോലിക്കാരെ വിളിച്ച് വരുത്തി ഏതാനും സൈനികരെ സ്പെയിൻ തീരത്തെത്തിക്കാൻ അവരെ ഏൽപ്പിച്ചു. ആജ്ഞപോലെ അവർ ദൗത്യത്തിനിറങ്ങി...


വൈകുന്നേരമായപ്പോഴേക്കും ത്വരീഫിന്റെ നേതൃത്വത്തിൽ അറബ് സൈന്യം സബ്തയിലെത്തി. ജൂലിയാൻ  അവരെ ഹൃദ്യമായി സ്വീകരിച്ചു. പിറ്റേന്ന് രാവിലെ തന്നെ അവരെ കടൽ തീരത്തെത്തിച്ചു...


വിശാല സൗകര്യമുള്ള ഒരു കപ്പൽ അവിടെ തയ്യാറാക്കി നിൽക്കുന്നുണ്ടായിരുന്നു. ത്വരീഫും സംഘവും അതിൽ കയറി. ആർത്തിരച്ചുവരുന്ന തിരമാലകളെ വകഞ്ഞുമാറ്റി കപ്പൽ മുന്നോട്ട് നീങ്ങി. ഒടുവിൽ അവർ ഒരു ദ്വീപിലെത്തി. തീർത്തും അപരിചിതമായെരു പ്രദേശം...


കപ്പൽ തീരത്തേക്കടുപ്പിച്ചു. സർവ്വായുധ വിഭൂഷിതരായി കടന്നുവരുന്ന ത്വരീഖിനെയും കൂട്ടരെയും കണ്ടപ്പോൾ ദ്വീപുകാർ ആയുധവുമായി രംഗത്തിറങ്ങി...


പക്ഷേ, മുസ്ലിങ്ങൾക്ക് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല. മുസ്ലിംകളിൽ നിന്ന് ഒരാളെ പോലും. അംഗഭംഗം വരുത്താനാവാതെ ഒറ്റയടിക്കവർ നിലം പരിശായി...


വിവരങ്ങളെല്ലാം ത്വരിഫ് മൂസക്ക് കൈമാറി. സ്പെയ്ൻ യുദ്ധത്തിന് പിൻബലമേകുന്ന ചരിത്ര വിജയം അദ്ദേഹത്തിന് നൂതനാവേശം പകർന്ന് നൽകി...


ഉടൻ മൂസ സന്തോഷകരമായ ഈ വാർത്ത ഖലീഫക്കെത്തിച്ചു. ഖലീഫ ഹർഷപുളകിതനായി. പ്രതീക്ഷിച്ചതിലും ഭംഗിയായി കാര്യങ്ങൾ നീങ്ങുന്നുണ്ട്...


ഖലീഫയുടെ മറുപടിയെത്തി. "എല്ലാ സൈനികരെയും ഒറ്റയടിക്ക് പറഞ്ഞയക്കരുത്. വ്യത്യസ്ത ഭാഗങ്ങളിലായി ഘട്ടം ഘട്ടമായി അയക്കണം. അങ്ങനെ പുതിയെ സ്പെയ്ൻ വിജയകരമായി കീഴടക്കണം."


ആജ്ഞപോലെ മൂസ ദൗത്യത്തിനിറങ്ങി. സ്പെയിൻ യുദ്ധം നാടാകെ വിളംബരം ചെയ്തു. ജനം സന്തോഷപൂർവ്വം അത് ഏറ്റെടുത്തു. ആയിരങ്ങൾ ദേശത്തിന്റെ മുക്കുമൂലകളിൽ നിന്ന് ഒഴുകിയെത്തി. യുദ്ധത്തിൽ പങ്ക് ചേരാൻ എല്ലാവർക്കും അതിയായ താൽപര്യം. പക്ഷേ മൂസ അതിൽ നിന്ന് ആരോഗ്യദൃഢഗാത്രരെ മാത്രം തിരഞ്ഞെടുത്തു. ബാക്കിയുള്ളവരെ അടിയന്തരാവസ്ഥയിൽ എടുക്കാമെന്ന വ്യവസ്ഥയിൽ മാറ്റി നിർത്തി...


സ്പെയിൻ നിവാസികൾ ഒരു സുപ്രഭാതത്തിലാണ് ഈ വാർത്ത അറിയുന്നത്. അതോടെ അവരുടെ   ആഹ്ലാദത്തിനതിരുണ്ടായിരുന്നില്ല.


"റോഡരിക്കിന്റെ ക്രൂര ഭരണത്തിന് തിരശ്ശീല വീഴാൻ സമയമായിരിക്കുന്നു" അവരുടെ അധരങ്ങൾ മന്ത്രിച്ചു. സമാശ്വാസത്തിന്റെ നിശ്വാസങ്ങളുതിർത്ത് അവർ ആ ധന്യ മുഹൂർത്തത്തിനായി കാത്തിരുന്നു..