Wednesday - 22 April, 2026 4-Dhu al-Qadah-1447

വഴിയൊരുങ്ങുന്നു

മൂസയോട് യാത്ര പറഞ്ഞിറങ്ങിയ ജൂലിയാൻ നേരെ സബ്‌തയിലേക്ക് യാത്ര തിരിച്ചു. കൊട്ടാരത്തിൽ നടന്ന ചർച്ചകളെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് തികട്ടിത്തികട്ടി വരുന്നുണ്ടായിരുന്നു. മനിസ്സിപ്പോൾ എന്തിനൊക്കെയോ വെമ്പൽകൊള്ളുന്ന പോലെ. 

നാളെ ടോലിഡോവിൽ പോവണം. മകൾ വിളിച്ചതാണ്. പോകാതിരിക്കാനാവില്ല. യാത്രാസന്നാഹങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്...


തീരുമാനിച്ചുറപ്പിച്ചപോലെ അടുത്ത ദിവസം അതിരാവിലെ തന്നെ ജൂലിയാൻ യാത്ര തുടങ്ങി. ടോലിഡോവിലെത്തിയ ഉടനെ നേരെ രാജകൊട്ടാരം ലക്ഷ്യമാക്കി നടന്നു...


സിംഹാസനത്തിൽ റോഡറിക് ആസനസ്ഥനായിട്ടുണ്ട്. കാര്യമായി എന്തോ ആലോചിക്കുകയാണദ്ദേഹം. 

ജൂലിയാന്റെ അപ്രതീക്ഷിത വരവ് റോഡറികിനെ വല്ലാതെ ഉലച്ചു. മുഖത്തെ ജാള്യത എത്ര ശ്രമിച്ചിട്ടും മാറ്റിയെടുക്കാനാവുന്നില്ല. 


ഫ്ലോറിന്റയെ താൻ മനഭംഗപ്പെടുത്തിയത് ജൂലിയാൻ അറിഞ്ഞിരിക്കുമോ ...? 

അറിഞ്ഞാൽ തന്റെ കഥ കഴിഞ്ഞതു തന്നെ, തീർച്ച!!! നാട്ടിലൊക്കെ പട്ടാകുമെന്നത് മാത്രമല്ല, ധാരാളം ഗവർണർമാരുടെ മക്കൾ ഇവിടെ പഠിക്കുന്നുണ്ട്, അവരെങ്ങാനും ഈ വർത്തയറിഞ്ഞാൽ....!!

സങ്കൽപിക്കാൻ പോലുമാവുന്നില്ല. റോഡറിക് തളർന്നു വിവശനായി. 


ജൂലിയാൻ അടുത്തെത്താറായിരിക്കുന്നു. റോഡറിക് ശാന്തത വരുത്താൻ നന്നേ പാടുപെട്ടു. ഒരു നിമിഷം എല്ലാം മറക്കാൻ കിണഞ്ഞു ശ്രമിച്ചു. 


ജൂലിയാൻ തൊട്ടടുത്തെത്തി. മുഖത്ത് ഒരുവിധം പുഞ്ചിരി വരുത്തി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി...


"ജൂലിയാൻ, എന്തൊക്കെയുണ്ട് നാട്ടിലെ വിശേഷങ്ങൾ ? പ്രശ്നങ്ങൾ വല്ലതും ...?" റോഡറിക് സംഭാഷണത്തിന് തുടക്കമിട്ടു. 


"ഇല്ല, മഹാരാജാ... പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. ഞാൻ മകളെ കണ്ട് പഠനവിവരങ്ങൾ അന്വേഷിക്കാൻ വന്നതാണ്."


"അവൾ അതിസമർത്ഥയാണ്... ഞാനവളെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പിതാവിനെപോലെത്തന്നെ ബുദ്ദിമതിയാണവൾ"


"നന്ദിയുണ്ട് രാജാ... എങ്കിലും കുറെയേറെ വർഷങ്ങളായല്ലോ അവളിവിടെ കഴിയുന്നു."


"അതെയതെ, അവളിപ്പോൾ ഒരു പണ്ഡിതയായിരിക്കുന്നു."


"അഥവാ, അവൾകിപ്പോൾ നാട്ടിലേക്ക് മടങ്ങാൻ സമയമായി എന്നർത്ഥം, അല്ലെ?"


"എന്തിന് ? സമ്പൂർണ സംസ്കൃതയാവാൻ ഇനിയുമുണ്ടല്ലോ കാലം ?"


"ദയവായി അത് പറയരുത് രാജാ, ഞാനവളെ കൊണ്ടുപോവുകയാണ്."


"എങ്കിൽ ഞാൻ തടസ്സം നിൽക്കുന്നില്ല. പക്ഷെ, അല്പംകൂടി കാത്തിരിക്കണം, എനിക്കവൾക്കൊരു സമ്മാനം കൊടുക്കാനുണ്ട്."


"ഹൊ സമ്മാനം! ചാരിത്ര്യം അപഹരിച്ചെടുത്ത ശേഷം ഇപ്പോൾ ഒരു സമ്മാനം കൊടുക്കുന്നു" ജൂലിയാൻ മനസ്സിൽ പറഞ്ഞു.


അല്പനേരത്തെ മൗനത്തിനു ശേഷം ജൂലിയാൻ തുടർന്നു. 

"ഏറ്റവും നല്ല സമ്മാനം സ്റ്റേറ്റിന്റെ സംരക്ഷണതത്തിനാവിശ്യമായ ഏതാനും സൈനികരാണ്."


"അതെല്ലാം ഞാനെറ്റു. പക്ഷെ ഒരുകാര്യം, സബ്‌തയിലെത്തിയാൽ എനിക്ക് കുറച്ചു പ്രാപിടിയൻ പക്ഷികളെ അയച്ചു തരണം. കൊട്ടാരത്തിലിപ്പോൾ പ്രാപിടിയാൻ പക്ഷികളുടെ കുറവ് മാത്രമേയുള്ളൂ."


"ശരി രാജാ, അങ്ങ് ഇന്നേവരെ ദർഷിച്ചിട്ടില്ലാത്ത മുന്തിയ ഇനം പ്രാപിടിയന്മാരെത്തന്നെ ഒട്ടും വൈകാതെ ഞാനയച്ചുതരാം..."


ദിവസങ്ങളേറെ കഴിഞ്ഞില്ല. ടോളിഡോവിൽ നിന്ന് സർവായുധസജ്ജരായ വൻ സൈനിക വ്യൂഹമെത്തി. ജൂലിയാൻ അവരെ സുരക്ഷിത തവളത്തിലേക്ക് മാറ്റി. ആവശ്യമായ നിർദേശങ്ങൾ നൽകി. റോഡറികിന്റെ ക്രൂരഭരണത്തെ കുറിച്ച് സവിസ്തരം വിവരിച്ചു കൊടുത്തു. യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ റോഡറികിനെതിരെ അറബികൾക്കൊപ്പം പോരാടാൻ അവർക്ക് നിർദേശം നൽകി. ജൂലിയാന്റെ തന്ത്രം അവർക്ക് നന്നായി പിടിച്ചു. അവർ ആവേശം കൊണ്ടു. അസാധാരണമായ ഏതോ ശക്തി ആവേശിച്ച പോലെ...


മൂസ ചിന്തനിമഗ്നനായി ഇരുന്നു. വിജയം; അതുമാത്രമാണ് ചിന്ത. സ്പെയിൻ കീഴടക്കണം. സഹചര്യങ്ങളെല്ലാം തീർത്തും അനുകൂലമാണ്. പക്ഷെ അമാന്തം കാണിച്ചാൽ പ്രശ്നം സങ്കീർണമായേക്കും. അതുകൊണ്ട് തന്നെ ഒട്ടും വൈകിക്കൂടാ...


മൂസ ഡമസ്കസിലേക്ക് തിരിച്ചു. നേരെ ഖലീഫ വലീദിന്റെ വസതിയിലേക്ക്. മൂസയെ കണ്ടപാടെ നിറപുഞ്ചിരിയോടെ ഖലീഫ ആരാഞ്ഞു:

"ഇബ്നു നുസ്വൈർ, എന്തുണ്ട് വിശേഷം?"


"അൽഹംദുലില്ലാഹ്. ഞാനൊരു പ്രധാന കാര്യം ചർച്ച ചെയ്യാൻ വന്നതാണ്..."


"എന്ത് കാര്യം?!" ഖലീഫ ഉത്സാഹഭരിതനായി.  


"മൊറോക്കോ കീഴടക്കിയ പോലെ സ്പെയിൻ ഇസ്ലാമിന്റെ ഭാഗമാകാൻ അതിയായ ആഗ്രഹമുണ്ട്."


"സ്പെയിൻ കീഴടക്കുകയോ ? 

എത്ര ശ്രമകരമാണ് ...?!"