മൂസ ബിനു നുസ്വൈർ സൈന്യത്തെ സജ്ജമാക്കി. ഏകദേശം എഴുപതിനായിരത്തോളം പടയാളികൾ.
എല്ലാവരും മെയ്‌മിടുക്കുള്ള കരുത്തന്മാർ. ത്വാരിഖിനെ മുൻനിർത്തി മൂസ അവർക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകി.
വൈകാതെ സൈന്യം മുന്നോട്ട് ഗമിക്കുകയായി.
നേരെ സബ്‌തയിലേക്ക് ...
സൂര്യൻ പടിഞ്ഞാർ ചാഞ്ഞപ്പോഴേക്കും അവർ സബ്‌തയിലെത്തി.
ജൂലിയാനും പരിവാരങ്ങളും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ത്വാരീഖിന്റെ നേതൃത്വത്തിൽ കുതിച്ചുവരുന്ന കുതിരപ്പടയെ കണ്ട മാത്രയിൽ അവരുടെ മനം ആനന്ദതുന്ദിലമായി...
സ്ഥലമെത്താറായപ്പോൾ എല്ലാവരും വേഗത കുറച്ചു. ത്വാരീഖ് കുതിരപ്പുറത്തുനിന്ന് ഇറങ്ങി.
ജൂലിയാനേയും കൂട്ടരെയും ഹസ്തദാനം ചെയ്തു. എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത പ്രസന്നത, അതിരറ്റ സന്തോഷം.
തങ്ങളുടെ നാടിന്റെ വിമോചനത്തിനായി കടന്നുവന്നവരോടുള്ള ബഹുമാനം.
അന്നവർക്ക് ഉറക്കം വന്നില്ല...
കൊട്ടാരത്തിനകത്തും പുറത്തും മുസ്ലിം സൈനികർ നിറഞ്ഞു കവിഞ്ഞു.
നഗരം ഇരുൾ വലയത്തിലാണ്. മാനത്ത് വെള്ളകീറാൻ ഇനിയും സമയമുണ്ട്...
ഫ്ലോറിന്റ ഇതുവരെയും ഉറങ്ങിയിട്ടില്ല. എന്തൊക്കെയോ ആലോചിരിക്കുകയാണവൾ. തൊഴിമാർ ഇടയ്ക്കിടെ അവളോട് ഉറങ്ങാൻ അവിശ്യപ്പെടുന്നുണ്ട്. പക്ഷെ, സ്നേഹത്തോടെ അവളത് നിരസിക്കുന്നു. ഇത് ഉറങ്ങാനുള്ള രാത്രിയല്ല എന്ന ഭാവത്തിൽ.
ഇടയ്ക്കിടെ അവൾ ജനലഴികളിലൂടെ തുറമുഖം വീക്ഷിക്കും.
പിന്നെ കുറെ സമയം കൊട്ടാരത്തിനകത്തേക്കും.
അപ്പോൾ കേൾക്കുന്നത് മുസ്ലിം സൈനികരുടെ മധുരമനോഹരമായ ഖുർആൻ പാരായണമായിരിക്കും.
അവൾക്കത് സന്തോഷം നൽകി, കാരണം, അവൾ കാത്തിരുന്നത് ഈ മുസ്ലിം പടയുടെ കരങ്ങളാൽ റോഡറികിന്റെ പതനമാണ്.
രാവേറെ ചെന്നപ്പോൾ ത്വരീഖിനും ജൂലിയാനുമിടയിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കാൻ തുടങ്ങി. അറബ് സൈന്യത്തിന് താനൊരുക്കിയ സഹായങ്ങളെ കുറിച്ച് ജൂലിയാൻ വാചാലനായി...
സൈന്യത്തിന് സഞ്ചരിക്കേണ്ട സ്പെയിനിലെ മുഴുവഴികളും, മേഖലകളും അടങ്ങുന്ന ഒരു ഭൂപടം അദ്ദേഹം ത്വാരീഖിന് മുന്നിൽ വെച്ചു.
തങ്ങളെ സഹായിക്കാൻ ജൂലിയാൻ സർവാത്മനാ തയ്യാറാണെന്ന് ത്വരീഖിനറിയാം.
മുൻപ് ഈ കാര്യം മൂസ സൂചിപ്പിച്ചിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ചോദിച്ചു: "യുദ്ധ വേളയിൽ ഞങ്ങൾക്കൊപ്പം അങ്ങ് വാഗ്ദാനം ചെയ്ത ശക്തികളെവിടെ ...?"
"അവർ പൂർണമായും തയ്യാറായിക്കഴിഞ്ഞു. ഇവിടത്തെ സൈനികർ മാത്രമല്ല, ടോലിഡോവിൽ നിന്ന് കൊണ്ടുവന്ന ഒന്നാന്തരം പടയാളികളും അക്കൂട്ടത്തിലുണ്ട്. റോഡറികിന്റെ സംരക്ഷകരായിരുന്നു അവർ."
"റോഡറികിന്റെ സംരക്ഷകരോ?! അവരെ നിങ്ങൾക്കെങ്ങനെ ലഭിച്ചു ...?!"
"റോഡറികുമായി ഒരു കൂടിക്കാഴ്ചക്ക് അവസരമുണ്ടായിരുന്നു. സംസാരമധ്യേ സ്‌റ്റേറ്റിലെ അവസ്ഥകളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞാൻ പറഞ്ഞു കുറച്ചു സൈനികരെ അവിശ്യമുണ്ടെന്ന്. തന്നെ ഏതു നിലക്കും തൃപ്തിപെടുത്താൻ അദ്ദേഹം തയ്യാറായതു കൊണ്ട് തന്നെ എനിക്ക് ഒന്നാന്തരം സൈനികരെ തന്നു. കുറച്ചു പ്രാപിടിയൻ പക്ഷികളെ അയച്ചു കൊടുക്കണമെന്ന അപേക്ഷയോടെ..."
"എന്നിട്ട് പ്രാപിടിയന്മാരെ അയച്ചു കൊടുത്തോ...?"
"അതെ അവരിപ്പോൾ അങ്ങോട്ടുള്ള വഴിയിലാണ്."
അല്പം മൗനിയായി ശേഷം ചെറു പുഞ്ചിരിയോടെ...
"റോഡറികിന്റെ കിരീടം തകർക്കാൻ പറ്റിയ പ്രാപിടിയന്മാർ നിങ്ങൾ തന്നെയല്ലേ ...?"
"റോഡറികിന്റെ യുദ്ധ തയ്യാറെടുപ്പുകൾ എന്തൊക്കെയാണ് ...?"
"വിഷയമാക്കാനൊന്നുമില്ല, യുദ്ധകല റോഡറികിന് അജ്ഞാതമണല്ലോ ...?"
"മറ്റു നേതാക്കൾ, അവരുടെ അവസ്ഥ എന്തൊക്കെയാണ് ...?"
"അതും പ്രശ്നമാക്കേണ്ടതില്ല. സ്വകാര്യ ചുറ്റുപാടുകളുമായി കഴിഞ്ഞു കൂടുന്നവരാണവർ. യുദ്ധ മുഖത്ത് ധീരത കാണിക്കാൻ പറ്റിയ ഒരു പടയാളി പോലും അവർക്കില്ല. അടിമകളോടുള്ള ഭരണകൂടത്തിന്റെ ക്രൂര സമീപനം അവരെ ബദ്ധവൈരികളാക്കുകയും ചെയ്തിട്ടുണ്ട്."
സംഭാഷണം കഴിഞ്ഞു ഇരുവരും വഴിപിരിഞ്ഞു. ത്വാരീഖ് തന്റെ താൽകാലിക റൂമിലേക്കും ജൂലിയാൻ കൊട്ടാരത്തിലേക്കും.
അപ്പോഴാണ് അദ്ദേഹം ഉറക്കമൊഴിച്ചിരിക്കുന്ന ഫ്ലോറിന്റയെ കണ്ടത്. അത്ഭുതത്തോടെ അദ്ദേഹം ചോദിച്ചു:
"ഫ്ലോറി! ഇപ്പോഴും നീ ഉറങ്ങിയിട്ടില്ലേ ...?"
"ഇത് മറക്കാനാകാത്ത രാത്രിയാണ് ഉപ്പാ …"
"മോളെ, റോഡറികിനോടുള്ള നിന്റെ പ്രതികാര ദാഹം എത്രത്തോളമുണ്ടെന്ന് എനിക്കറിയാം. എങ്കിലും നീ ക്ഷമിക്ക്. എല്ലാം ശരിയാവും. അവന്റെ ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നു ..."