തപ്ത ഹൃദയനായി ജൂലിയാൻ ചിന്തയിൽ മുഴുകി. ഈ ഒരു സൗഭാഗ്യത്തിന് കാലങ്ങളായി അവർ കാത്തുനിൽക്കുന്നു. അതുകൊണ്ട് പിന്തുണയില്ലാത്തതിന്റെ പേടിവേണ്ട...
പക്ഷെ, ആദ്യം കുറച്ചു ആൺകുട്ടി കളെ കിട്ടണം. ഇവടത്തുകാർ ദുർബലരാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചു നിൽക്കാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല.
മുസ്ലിങ്ങളാണിപ്പോൾ ഏക ശരണം.
അവരുടെ സഹായം ലഭിച്ചാൽ പിന്നെ രക്ഷപെട്ടു. കാര്യങ്ങളെല്ലാം അവർ നോക്കിക്കൊള്ളും.
ജൂലിയാൻ പ്രധാനികളുമായി ചർച്ച നടത്തി. എല്ലാവർക്കും സമ്മതം.
അനുയായികളുടെ അനുകൂല പ്രതികരണം ജൂലിയാന് വളരെ ഇഷ്ടപ്പെട്ടു...
വൈകാതെ മൂസക്ക് കത്തെഴുതി.
അടിയന്തരമായി ഒരു കൂടിക്കാഴ്ചക്ക് അപേക്ഷിച്ചു കൊണ്ട്...
സ്പെയിനിൽ ഒരു യുദ്ധത്തിനുള്ള ഒരുക്കത്തിലായിരുന്നു മൂസ ബിനു നുസ്വൈർ. അപ്പോഴാണ് അദ്ദേഹത്തിന് ജൂലിയാന്റെ കത്ത് ലഭിക്കുന്നത്. അദ്ദേഹം ആകാംഷയോടെ കത്ത് തുറന്നു വായിച്ചു.
കാര്യങ്ങളുടെ കിടപ്പ് ബോധ്യപ്പെട്ടിട്ടെന്നവണ്ണം ഗൗരവം വിടാത്ത അദ്ദേഹത്തിന്റെ മുഖം ഒന്നയഞ്ഞു...
ജൂലിയാൻ ആഗ്രഹിച്ച മറുപടി തന്നെ അദ്ദേഹം എഴുതി. കൂടിക്കാഴ്ചക്കുള്ള സ്ഥലം നിർണയിച്ചു കൊടുത്തു. ഖൈറുവാൻ പട്ടണം...
വൈകാതെ ഇരുവരും അവിടെ സംഗമിച്ചു.
സംസാരത്തിനു തുടക്കമിട്ട് ജൂലിയാൻ പറഞ്ഞു:
"നാം അയൽവാസികളാണ്. പരസ്പര സഹായോപദേശങ്ങളാണ് ചെയ്യാൻ കഴിയുന്ന വലിയ ധർമം.
അതുകൊണ്ട് നിങ്ങളുടെ ജൈത്രയാത്ര ഈ പരിധിയിൽ മാത്രം പരിമിതപ്പെടുത്തരുത്.
ഖൂത്തുകാരുടെ നാട്ടിലേക്കു കൂടി അത് വ്യാപിക്കേണ്ടതുണ്ട്.
എന്റെ സ്റ്റേറ്റടക്കം ഉൾക്കൊള്ളുന്ന ആ നാട് ആക്രമിക്കാൻ ഞാനാവിശ്യപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. റോഡറിക്കിന്റെ ശല്യം കൊണ്ട് പൊറുതി മുട്ടിയിട്ടാണ്.
അവന്റെ ക്രൂരഭരണം മാറി നിങ്ങളുടേത് പോലുള്ള ഒരു ഭരണവ്യവസ്ഥ അവിടെ നിലവിൽ വരണമെന്ന പക്ഷക്കാരനാണ് ഞാൻ..."
ഇതുകേട്ടപ്ലോൽ മൂസയുടെ കണ്ണുകൾ വിടർന്നു. മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം. വിശിഷ്യാ, ഇരു ഖൂത്ത് അനുഭാവിയിൽ നിന്ന് ഇത് കേട്ടപ്പോൾ...
എങ്കിലും ചെറിയൊരു ശങ്ക.
മുസ്ലിംകളെ മാത്രം ഇതിനായി തെരഞ്ഞെടുത്തതിന്റെ പിന്നിൽ വല്ല പന്തികേടും..?
എന്തായിരിക്കും അദ്ദേഹം ഇങ്ങനെ ചിന്തിക്കാൻ..?
അധികം ആലോചിച്ചു നിൽക്കാതെ മൂസ ചോദിച്ചു:
"സ്പെയിനിന്റെ ഭാഗമായ ആ പ്രവിശ്യ എങ്ങനെയാണ് കീഴടക്കാനാവുക ?
ആ സ്ഥലങ്ങളും സാഹചര്യങ്ങളും ഞങ്ങൾക്കപരിചിതമാണല്ലോ ...?"
"അത് വിഷയമല്ല, നിങ്ങൾക്ക് മുൻപിൽ വഴികാട്ടിയായി ഞാനുണ്ടാകും.
തന്നെയുമല്ല, നിങ്ങൾക്ക് യുദ്ധക്കപ്പലുകൾ കുറവാണെങ്കിൽ അത് തരാനും ഞാൻ ഒരുക്കമാണ്."
"സ്പെയിനിലെ സ്ഥിതിഗതികൾ യുദ്ധത്തിനു പറ്റുന്നതാണൊ?"
"തീർച്ചയായും...
എല്ലാവിധ യാതനയും പേറിയാണ് അവിടുത്തുക്കാർ ജീവിക്കുന്നത്.
രാജാവ് സ്വച്ഛാധിപതിയും സുഖപ്രിയനുമായതിനാൽ നാട്ടുകാർക്കദ്ദേഹത്തോട് വെറുപ്പാണ്.
എന്തിനേറെ, തന്റെ സൈനികരുടെ പൂർണ പിന്തുണപോലും അദ്ദേഹത്തിനില്ല.
മാത്രമല്ല, ഭരണകൂടത്തെ തച്ചുതകർക്കാൻ തക്കം പാർത്തിരിക്കുകയാണ് ഗൈത്വശയുടെ അനുയായികൾ.
അതിന്റെ അലയൊലികൾ ഇപ്പോൾ തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു."
മൂസക്ക് പ്രതീക്ഷകൂടി.
യുദ്ധസാധ്യതകൾ തീർത്തും അനുകൂലമാണ്. ഇനി ഖലീഫയുടെ സമ്മതം കൂടി ലാഭിക്കുകയേ വേണ്ടു...
"ഞാൻ ഖലീഫയുമായി ചർച്ച ചെയ്യട്ടെ.
അദ്ദേഹത്തിനു യോജിപ്പാണെങ്കിൽ ഞാൻ നിങ്ങളുമായി ചേരും. നമുക്ക് മറ്റൊരു കൂടിക്കാഴ്ച കൂടി നടത്താം"–മൂസ പറഞ്ഞു.
"സബ്‌തയെ സ്പെയിൻ അക്രമത്തിനുള്ള കേന്ദ്രമാക്കി മാറ്റും. പ്രധാനസ്ഥലങ്ങളെ പറ്റിയും ദുർഘട പാതകളെ കുറിച്ചും വ്യക്തമായൊരു മാപ്പ് ഞാൻ ഒരുക്കാം.
ഇതുപോലെ ഗൈത്വശയുടെ മക്കളോടും പറയുന്നുണ്ട്.
കൂടാതെ ഖൂത്തുകാരെ പലതും പറഞ്ഞു ഭയപ്പെടുത്തും.
അങ്ങനെ ചഞ്ചലചിത്തരായിട്ടായിരിക്കും അവർ നിങ്ങളോട് പൊരിനിറങ്ങുക.
അതോടെ നിങ്ങൾക്കവരെ അനായാസം കീഴടക്കാം.
വൈകാതെ, നിങ്ങൾക്ക് ആ നാട് കീഴൊതുങ്ങുകയും ചെയ്യും."
എല്ലാം കേട്ട് മൂസ അനുകൂല ഭാവനതലയാട്ടി.
പിന്നെ സന്തോഷപൂർവം ജൂലിയാനെ യാത്രയാക്കി...