Wednesday - 22 April, 2026 4-Dhu al-Qadah-1447

ഉദ്വേഗം പൂണ്ട നിമിഷങ്ങൾ

പ്രഭാതം ...

സുഖ സുഷുപ്തിയിൽ നിന്ന് സബ്‌ത കണ്ണു തുറന്നു. ഉറക്കച്ചടവുമാറ്റി സൈനികർ പ്രഭാത വേലകൾ തകൃതിയിൽ ചെയ്തു തീർത്തു. തുറുമുഖത്ത് കപ്പൽ  തയ്യാറായി നില്പുണ്ട്. സമയമായപ്പോൾ എല്ലാവരും അതിൽ കയറി. 


കപ്പൽ മുന്നോട്ട് ചലിച്ചു. കാറ്റ് ശക്തമാവാൻ തുടങ്ങി. തിരമാലകൾക്കിടയിലൂടെ ആടിയും ഇളകിയും അത് സഞ്ചാരം തുടർന്നു. മെല്ലെ മെല്ലെ ഉൾകടലിലേക്ക്....


ഒടുവിൽ മറുകര കണ്ടു തുടങ്ങി. കപ്പൽ തീരത്തേക്കടുത്തു. അടുത്തു തന്നെ ഒരു പടുകൂറ്റൻ പാറയുണ്ട്. ത്വാരീഖും സംഘവും അതിന്റെ പരിസരത്തിറങ്ങി. പിൽകാലത്ത് അവിടെ പേര് വന്നു, ജബലു ത്വാരീഖ് . ജിബ്രാൾട്ടർ എന്ന നമധേയത്തിൽ വിഖ്യാതമായ ഭൂപ്രദേശം...


ത്വാരീഖ് വിശ്രമത്തിന് നിന്നില്ല. ഉടനെ തന്നെ ദൗത്യമാരംഭിച്ചു. നാട് വെട്ടിപിടിക്കാൻ തുടങ്ങി. 

ത്വരീഫിന്റെ മിന്നൽ വിപ്ലവം തീർത്ത വിഹ്വലതയിൽ നിന്ന് ദ്വീപ് നിവാസികൾ ഇപ്പോഴും മുക്തരായിട്ടില്ല. അപ്പോഴാണ് അവർക്കു മുന്നിൽ അറബിപ്പടയുടെ രണ്ടാം വിപ്ലവം. 

അവർ ആലോചിച്ചു നിന്നില്ല. പ്രതിരോധത്തിന് നിൽക്കാതെ പരാജയം സമ്മതിച്ചു മാറിനിന്നു. അതോടെ ത്വാരീഖിന് എല്ലാം എളുപ്പമായി. ഹരിത ദ്വീപ് (ജസീറത്തുൽ ഖള്റാഅ്) വരെയുള്ള പ്രദേശങ്ങൾ പറയത്തക്ക ഏറ്റുമുട്ടലുകളൊന്നും കൂടാതെ അദ്ദേഹത്തിന് കീഴടങ്ങി...


വിവരമറിഞ്ഞ റോഡറിക് പ്രതിരോധത്തിനായി തദ്മീറിന്റെ നേതൃത്വത്തിൽ വൻ സൈന്യത്തെ പറഞ്ഞുവിട്ടു. പക്ഷെ, മുസ്ലിംകൾക്ക് അതൊന്നും വിഷയമായില്ല. അല്ലറ ചില്ലറ ഏറ്റുമുട്ടലുകൾ നടന്നെങ്കിലും അവസാനം അവരെയും തുന്നം പാടിച്ചു...


ഇതുകണ്ട പരിസര പ്രദേശത്തെ ഭരണാധികാരികളും വിറപൂണ്ടു. തത്തുല്യ പരിണിതി തങ്ങൾക്കും വരുമെന്നവർ ദീർഘവീക്ഷണം നടത്തി. ഉടനെ റോഡറികിന് കത്തെഴുതി. 


എല്ലാം കൂടി കേട്ടു കഴിഞ്ഞപ്പോൾ റോഡറികിന് വല്ലാത്ത വെപ്രാളം. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഉയർന്നു കേൾക്കുന്ന ദയനീയ വാർത്തകൾ ശരിക്കും സ്വാസ്ഥ്യം കെടുത്തുന്നു. ഉത്തര ഭാഗത്ത് കൊടുമ്പിരി കൊള്ളുന്ന യുദ്ധത്തെക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല. അതിന്റെ പിന്നാലെ പോവുകയാണെങ്കിൽ ഒട്ടും വൈകാതെ ടോലിഡോ മുസ്ലിം കാരങ്ങളിലെത്തുകയും ചെയ്യും..! ആകപ്പാടെ അങ്കലാപ്പിലായ അവസ്ഥ...


ഈ അഴിയാകുരിക്കിൽ നിന്ന് രക്ഷ നേടാൻ അദ്ദേഹം അടിയന്തര യോഗം വിളിച്ചുകൂട്ടി. വിഷയമാവതരിപ്പിച്ച് സംസാരിച്ചപ്പോൾ കൂട്ടത്തിൽ നിന്നൊരാൾ ചോദിച്ചു. "നമ്മോട്‌ യുദ്ധത്തിനിറങ്ങുന്ന സൈന്യത്തിന്റെ എണ്ണമെത്ര കാണും?"


"അറബികളിൽ നിന്നും ബർബരികളിൽ നിന്നുമായി ഏകദേശം പതിനായിരത്തിൽ പരം വരുമെന്നാണ് കേൾവി."


"എങ്കിൽ അവരെ തുരത്താൻ പണിയില്ലല്ലോ.... നമ്മുടെ സൈന്യം രണ്ടു ലക്ഷത്തോളമില്ലേ...?!"


"നിനക്കറബികളെ അറിയില്ല. കരുത്തന്മാരാണവർ. യുദ്ധത്തിനിറങ്ങിയാൽ മതി; പിന്നെ എൽകുന്നതൊന്നും നോക്കാതെ മരണപ്പോരാട്ടമായിരിക്കുമവർ. ആരുടേയും പ്രതിരോധമേൽകാതെ അവർ സ്പെയിനിൽ നുഴഞ്ഞു കയറുമോ എന്നാണെനിക്കു പേടി."


"പ്രഭോ.. വിഷയമാക്കാതിരിക്കൂ ... അവരെക്കാൾ പതിന്മടങ്ങ് ശക്തിയെവിട്ട് ആദ്യയുദ്ധതിൽ തന്നെ നമുക്കവരെ കീഴടക്കാം."


"കമാൻഡർ.. താങ്കളുടെ അഭിപ്രായമെന്താണ്?"


"ഉള്ള ശക്തിയുപയോഗിച്ചു യുദ്ധത്തിനൊരുങ്ങുക. എന്നാൽ തന്നെ നാം പാതി വിജയം കൈവരിച്ചു."


"ഈ പണിക്ക് ആരെയാണ് പറ്റുക?"


"കമാൻഡർ ഇതീക്കു തന്നെ.. അയോധന കല നന്നായി വശമുള്ളവനാണല്ലോ അദ്ദേഹം."


"എങ്കിലും ഒട്ടും വൈകാതെ അദ്ദേഹത്തെ വിളിക്കു... ഒരു വൻ യുദ്ധതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങട്ടെ."


സൈനിക തലവൻ ഇതീക്കുവിനെ അന്വേഷിച്ചിറങ്ങി. ചർച്ച വീണ്ടും ആരംഭിച്ചു. 

"ഉത്തരഭാഗത്ത് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ നാമിവിടെ യുദ്ധത്തിനിറങ്ങുന്നത് ബുദ്ദിയാണ്?" റോഡറിക് ആശങ്ക പ്രകടിപ്പിച്ചു. 


മന്ത്രി: "ആദ്യം നാം ചെയ്യണ്ടത് ആഭ്യന്തര പ്രശ്നങ്ങളൊതുക്കി സുസ്ഥിതി വരുത്തുകയാണ്. തൻമൂലം വൈദേശികൾ നമുക്കൊരു പ്രതിബന്ധമാവില്ല."


"അതിന് വിപ്ലവകാരികളെ ഒതുക്കാൻ എന്താണ് വഴി?"


"ഗൈത്വശയുടെ അനുയായികളെയാണോ അങ്ങ് ഉദ്ദേശിക്കുന്നത്?"


"അതെ."


"ഉന്നത തസ്തികകൾ കൊടുത്തു അവരെ വശീകരിക്കുക. ഉദാഹരണത്തിന് അവർക്ക് സൈനിക നേതൃത്വം നൽകുക. അവരുടെ ശല്യമൊഴിയും."


"സൈനിക നേതൃത്വം അവർക്കു കൊടുക്കുന്നത് അപകടമല്ലേ?"


"എന്തപകടം? വല്ല ചതിയും അവരിൽ നിന്നുണ്ടായാൽ നമ്മിടെ സൈന്യം അവരെ വെച്ചേക്കില്ല."


"അപ്പോൾ ബാക്കിയുള്ള വിമതരോ?"


"അവരുടെ നേതാക്കൾ അങ്ങയുടെ ഭാഗം ചേരുമ്പോൾ നിർബന്ധിതരായി അവരും വന്നുകൊള്ളും"


"ശരി, ഇനി ഈ ചുരുങ്ങിയ വേളയിൽ ആയിരങ്ങളെ നാമെങ്ങനെ വിളിച്ചുകൂട്ടും? മുസ്ലിംകൾക്ക് മറ്റൊരു നാടും കീഴടക്കാൻ അവസരം നൽകരുത്."


"ഇത് പ്രധാനികളുടെ പണിയാണ്. കഴിയും വേഗം ഓരോരുത്തരും തങ്ങളുടെ അനുയായികളെ സംഘടിപ്പിക്കേണ്ടി വരും."


"അത് നല്ല അഭിപ്രായമാണ്. ഉടനടി നമുക്ക് നടപ്പാക്കണം. ഏകദേശം ഒരു പതിനായിരം സൈനികരെയാണ് കിട്ടേണ്ടത്."


മുസ്ലിംകൾ തമ്പടിച്ചിടത്ത് ഇദീക്ക് സൈന്യവുമായെത്തി. മു


സ്ലിംകളെക്കാൾ എണ്ണത്തിലും ആയുധത്തിലും അവർക്കൊരു കുറവുമില്ല. എല്ലാം കൊണ്ടും സമ്പന്നം. പക്ഷെ, ഭൂരിഭാഗവും അടിമകളാണെന്നു മാത്രം...