Saturday - 13 June, 2026 26-Dhu al-Hijjah-1447

പരീക്ഷണങ്ങൾ തുടരുന്നു (1)

യജമാനന്റെ മൂത്ത മകളെക്കൊണ്ടുള്ള ശല്യം കൂടി വന്നു. സുന്ദരിയായ ആ പെണ്ണ് ഈ അടിമയിൽ ആകൃഷ്ടയാവാൻ കാരണമെന്തായിരിക്കും? ഒരു ദിവസം അനുജത്തിമാരെല്ലാം വെളിയിലെവിടെയോ പോയ തക്കം നോക്കി അവൾ അണിഞ്ഞൊരുങ്ങി. പട്ടുവസ്ത്രങ്ങളും കനകാഭരണങ്ങളും അണിഞ്ഞപ്പോൾ അവളുടെ സൗന്ദര്യം പതിൻമടങ്ങ് വർദ്ധിച്ചു. 


 ആരോഗ്യമുള്ള ഏതു ചെറുപ്പക്കാരനും ഈ സന്ദർഭത്തിൽ അവളെ കണ്ടാൽ സ്വന്തമാക്കാൻ കൊതിക്കുക തന്നെ ചെയ്യും...


 ഈ വേഷത്തിൽ തന്നെ അടിമ കണ്ടാൽ അവൻ തന്റെ അഭീഷ്ടം സാധിപ്പിച്ചു തരാൻ തയ്യാറാകുമെന്ന് ആ യുവതിക്കു തോന്നി. അവൾ അടിമയെ തന്റെ അറയിലേക്ക് വിളിപ്പിച്ചു. പെണ്ണിന്റെ ദുരുദ്ദേശ്യമൊന്നും ലുഖ്മാനുൽ ഹഖീം (റ)നു മനസ്സിലായില്ല...

താനൊരടിമ. യജമാനന്റെ മകൾ വിളിച്ചാൽ പോകണം. അതു കൊണ്ട് പോകുന്നു...


 അടിമ അറയിലെത്തിയപ്പോൾ ആ സുന്ദരി വശ്യമനോഹരമായ രീതിയിൽ കുണുങ്ങിച്ചിരിച്ചു. അവളുടെ വേഷത്തിലേക്കോ ഭാവത്തിലേക്കോ ലുഖ്മാൻ(റ)ന്റെ മിഴികൾ ചിന്തിച്ചില്ല. നിഷിദ്ധമായത് കാണാനുള്ള കണ്ണ് മഹാന് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വിലക്കപ്പെട്ടത് കേൾക്കാനുള്ള ശ്രവണശക്തി മഹാനിൽ നിന്നും എടുത്തുകളയപ്പെട്ടിരുന്നു. പെണ്ണിന്റെ ചാപല്യങ്ങളിലേക്കൊന്നും ശ്രദ്ധ കൊടുക്കാതെ ലുഖ്മാൻ (റ) ചോദിച്ചു:


  എന്തിനാണ് എന്നെ വിളിപ്പിച്ചത്..?


  നീ ഈ മുറിയൊന്ന് വൃത്തിയാക്ക്.


 മുറി വൃത്തിയാക്കുന്നതിനിടയിൽ അവളുടെ മിഴികൾ മഹാനെ കഴുകനെപ്പോലെ കൊത്തിവലിക്കാൻ തുടങ്ങി...


അടിമയെ നോക്കും തോറും അവളുടെ അഭിനിവേശം ആളിപ്പടരാൻ തുടങ്ങി. ഒരു നിമിഷം മുറി വൃത്തിയാക്കുന്ന ലുഖ്മാൻ(റ) യെ അവൾ കേറിപ്പിടിച്ചു...


 മൃദുലമായ ആ സ്പർശനം വാളുകൊണ്ടതു പോലെയാണ് ലുഖ്മാൻ (റ) ന് അനുഭവപ്പെട്ടത്. മഹാൻ ഒരൊറ്റ കുടയൽ. ആ സുന്ദരിപ്പെണ്ണ് അതാ കിടക്കുന്നു ദൂരെ... 


അവളുടെ ശരീരമാകെ മുറിഞ്ഞ് ചോരയൊഴുകുന്നു. നിമിഷനേരം കൊണ്ട് പെണ്ണ് അബോധാവസ്ഥയിലായി... 


ലുഖ്മാൻ(റ) തെല്ലും ശങ്കിച്ചു നിന്നില്ല. പച്ചിലകൾ പറിച്ചെടുത്ത് പിഴിഞ്ഞ് അവളുടെ മുറിവുകൾ സുഖപ്പെടുത്തി. യുവതി പൂർണ്ണാരോഗ്യത്തോടു കൂടി എഴുന്നേറ്റിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾക്ക് ഒരു കുറ്റബോധവുമുണ്ടായില്ല എന്നതാണ് കഷ്ടമായത്...


 അവൾ പറഞ്ഞു: എടോ അടിമേ, നിന്നെ ഞാൻ വെറുതെ വിടുകയില്ല. ഇപ്പോൾ നിനക്ക് പോകാം. മറ്റൊരവസരത്തിൽ എന്റെ അഭീഷ്ടം നീ നിറവേറ്റിത്തരണം. അല്ലാത്തപക്ഷം നിന്നെ ഞാൻ നാണക്കേടിലാക്കും.  


 രക്ഷപ്പെട്ടതു ഭാഗ്യം എന്നു നിനച്ച് ലുഖ്മാൻ(റ) അവിടെ നിന്നും ഇറങ്ങിയോടി...


 എന്തെല്ലാം പരീക്ഷണങ്ങൾ. എത്രയെത്ര പ്രതിബന്ധങ്ങൾ. ഏതെല്ലാം മർദ്ദനമുറകൾ. ഒക്കെയും ക്ഷമിച്ചും സഹിച്ചും കഴിഞ്ഞുകൂടുകയാണ് ലുഖ്മാനുൽ ഹഖീം(റ). രാത്രി മുഴുവൻ നിന്ന് നമസ്കരിക്കും. ഇടയിൽ എപ്പോഴെങ്കിലുമൊന്ന് മയങ്ങിയെങ്കിലായി. അത്തരം ഒരു മയക്കത്തിൽ മഹാനവർകൾ മനോഹരമായൊരു കിനാവു കണ്ടു ...