ലുഖ്മാനുൽ ഹകീം(റ)യുടെ ശിഷ്യന്മാരുടെ പ്രസിദ്ധിയും നാടെങ്ങും പരന്നു. തന്റെ ശിഷ്യൻമാർക്കിടയിൽ ഒരു നേതാവിനെ തെരഞ്ഞെടുക്കാൻ മഹാൻ ആഗ്രഹിച്ചു. ആരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ചിന്തിച്ചപ്പോൾ രണ്ടുപേരാണ് മനസ്സിൽ ഓടിയെത്തിയത്...
രണ്ടു പേരും അഗ്രഗണ്യൻമാരു തന്നെ. ഇബാദത്തു കൊണ്ടും, വിജ്ഞാനം കൊണ്ടും, സ്വഭാവ മഹിമകൊണ്ടും മൂസയും ദാവൂദും ഒരേ തട്ടിൽ നിൽക്കുന്നു. ഇവരിൽ ആരെ തെരഞ്ഞെടുക്കും. ഒടുവിൽ മഹാൻ ഒരു വഴി കണ്ടെത്തി...
രണ്ടു ശിഷ്യൻമാരെയും അരികിൽ വിളിച്ചു പറഞ്ഞു:
പ്രിയപ്പെട്ട ശിഷ്യൻമാരെ നിങ്ങളുടെ ഈ ഇബാദത്തുകൾ കൊണ്ടൊന്നും നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പോകുന്നില്ല.
അതു കേട്ടപ്പോൾ മൂസക്കു വലിയ സങ്കടമായി. അദ്ദേഹം അന്നപാനീയങ്ങൾ ഉപേക്ഷിച്ചു കിടന്നു കരച്ചിൽ തന്നെ. ഒരു ദിവസം മുഴുവനും ഇതു തുടർന്നു. എന്നാൽ ദാവൂദ് ഒട്ടും വ്യാകുലപ്പെട്ടില്ല. അദ്ദേഹം ഇബാദത്തുകൾ തുടർന്നു കൊണ്ടേയിരുന്നു...
ഞാൻ ആരാധന ചെയ്യുന്നത് സർവ്വശക്തനായ അല്ലാഹു ﷻ ന് വേണ്ടിയാണ്. അല്ലാതെ നരകമോ, സ്വർഗ്ഗമോ കാംക്ഷിച്ചല്ല. എന്നതായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം...
ലുഖ്മാനവർകൾ രണ്ടു പേരുടെയും അവസ്ഥ മനസ്സിലാക്കി. നേതാവായി തെരഞ്ഞെടുക്കാൻ അർഹൻ ദാവൂദാണെന്ന് കണ്ടെത്തി. മഹാൻ വീണ്ടും രണ്ടു ശിഷ്യൻമാരെയും അരികിൽ വിളിച്ചു കൊണ്ടു പറഞ്ഞു:
പ്രിയപ്പെട്ട ശിഷ്യന്മാരെ, നിങ്ങൾ സ്വർഗ്ഗത്തിൽ കടക്കുകയില്ല എന്നല്ല ഞാൻ ഇന്നലെ പറഞ്ഞതിന്റെ സാരം. നിങ്ങളുടെ ഇബാദത്തു കൊണ്ട് മാത്രം സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്നാണ്
സ്വർഗ്ഗ പ്രവേശനം നടക്കണമെങ്കിൽ അല്ലാഹു ﷻ ന്റെ അനുഗ്രഹം വേണം. അല്ലാഹു ﷻ ന്റെ അനുഗ്രഹമില്ലാതെ ഒരു ജീവിത സൗഭാഗ്യവും നമുക്ക് ലഭിക്കുകയില്ല. എന്റെ വാക്കുകൾ കേട്ടിട്ട് യാതൊരു ചാഞ്ചല്യവുമില്ലാതെ ഇബാദത്തുകളിൽ മുഴുകിയ ദാവൂദ് മൂസയേക്കാൾ ഒരു പടി മുന്നിട്ടു നിൽക്കുന്നു. മൂസ കരഞ്ഞു നേരം കഴിക്കുകയായിരുന്നുവല്ലോ. ഞാൻ നടത്തിയത് ഒരു പരീക്ഷണമായിരുന്നു. ഈ പരീക്ഷണത്തിൽ ദാവൂദ് വിജയിച്ചിരിക്കുന്നു. ദാവൂദിനെ ഞാൻ എന്റെ ശിഷ്യൻമാർക്കിടയിലെ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നു.
ശിഷ്യൻമാർക്ക് സന്തോഷമായി. മൂസ തന്റെ മനസ്സിന്റെ ദൗർബല്യത്തെക്കുറിച്ച് ബോധവാനായി. അതുകൂടാതെ മറ്റൊരു പരീക്ഷണം കൂടി അവർക്കിടയിൽ ലുഖ്മാനവർകൾ നടത്തിയിരുന്നു. അതിലും വിജയം ദാവൂദിന് തന്നെയായിരുന്നു. അതൊരു പതിവു സഞ്ചാരത്തിനിടയിലായിരുന്നു...
വിജനമായ ഒരു സ്ഥലത്ത് മഹാനവർകളും ശിഷ്യൻമാരും എത്തിച്ചേർന്നു. യാത്രാ ക്ഷീണം കൊണ്ട് അവരെല്ലാം ദാഹവിവശരായിത്തീർന്നിരുന്നു. ശിഷ്യൻമാർ അവിടെയെല്ലാം വെള്ളത്തിനു വേണ്ടി പരതി. അപ്പോഴാണ് ഒരു കിണർ അവരുടെ ദൃഷ്ടിയിൽ പെട്ടത്. കിണറ്റിൽ വെള്ളമുണ്ട്. പക്ഷെ കോരിയെടുക്കാനുള്ള ഒരു സംവിധാനവുമില്ല...
ലുഖ്മാനവർകൾ ഒട്ടും സംശയിക്കാതെ ബിസ്മി ചൊല്ലി കിണറിനു മുകളിൽ കൈ നീട്ടി. വെള്ളം ഉയർന്നു വന്നു. മഹാൻ ദാഹം തീരുവോളം കുടിച്ചു. പിന്നീട് ദാവൂദും അപ്രകാരം തന്നെ വെള്ളം കുടിച്ചു...
മൂസ വെള്ളത്തിനു വേണ്ടി കൈ നീട്ടിയെങ്കിലും വെള്ളം ഉയർന്നു വന്നില്ല. ലുഖ്മാനവർകൾ പറഞ്ഞു:
മൂസാ നിന്റെ ഹൃദയത്തിൽ സംശയത്തിന്റെ ചെറിയൊരു പാട കെട്ടിക്കിടന്നിരുന്നു. അതാണ് വെള്ളം ഉയർന്നു വരാതിരുന്നത്.
മൂസ പശ്ചാത്തപിച്ചു. ദൃഢമാനസനായി വീണ്ടും കൈ നീട്ടിയപ്പോൾ വെള്ളം ഉയർന്നു വന്നു. അദ്ദേഹവും മതിയാകുന്നതുവരെ കുടിച്ചു. ഈ സംഭവത്തിൽ നിന്നും നേതാവാകാൻ യോഗ്യൻ ദാവൂദ് തന്നെയെന്നു തെളിഞ്ഞു...