ഭൗതിക സുഖങ്ങളെ ത്യജിച്ച് ആത്മാവിനെ കീഴടക്കി ജീവിക്കുന്ന സൂഫിവര്യൻമാർക്ക് അസാധ്യമായതൊന്നുമില്ല. അത്തരം മികവ്പരീക്ഷ ലുഖ്മാനവർകൾ തന്റെ ശിഷ്യൻമാരിൽ പലപ്രാവശ്യം നടത്തിയിരുന്നു...
ഒരവസരത്തിൽ മഹാനവർകൾ കുറെ ശിഷ്യൻമാർക്ക് വെള്ളത്തിനു മുകളിൽ നടക്കുവാൻ നിർദ്ദേശം നൽകി. ഒരു സംശയവും കൂടാതെ ആ ശിഷ്യൻമാർ വെള്ളത്തിനു മുകളിലൂടെ നടന്നു. പാറപ്പുറത്തു കൂടെ നടക്കുന്ന അനുഭവമാണ് അവർക്കുണ്ടായത്...
പക്ഷെ, ഒരു ശിഷ്യൻ മാത്രം കാലുവെച്ച മാത്രയിൽ വെള്ളത്തിലേക്കാണ്ടു പോയി. നീന്തിക്കയറിയ അയാളോട് ലുഖ്മാനവർകൾ ചോദിച്ചു:
നീ എന്തുകൊണ്ട് ഇവിടെ പരാജയപ്പെട്ടു. അടുത്ത കാലത്ത് എന്തെങ്കിലും ഒരു തെറ്റ് നിന്നിൽ നിന്നുണ്ടായിട്ടുണ്ടോ..?
ശിഷ്യൻ എത്ര ആലോചിച്ചിട്ടും ഒരു തെറ്റും ചെയ്തതായി ഓർമ്മ വന്നില്ല. എങ്കിലും കൊല്ലത്തിലൊരു പ്രാവശ്യം ഉമ്മയെ കാണാൻ പോകുന്ന പതിവ് ഇപ്രാവശ്യം തെറ്റിച്ചിരിക്കുന്നു. അതായിരിക്കുമോ കാരണം. അയാൾ സംശയിച്ചു. അക്കാര്യം ഗുരുവിനോട് തുറന്നു പറഞ്ഞു. മഹാനവർകൾ പറഞ്ഞു:
തെറ്റ് അതു തന്നെയാണ്. മാതാപിതാക്കളെ വേദനിപ്പിച്ചതുകൊണ്ടാണ് നിന്റെ മാനസിക സിദ്ധി നഷ്ടമായത്. ഉടൻ പോയി ഉമ്മയോട് മാപ്പ് പറയൂ. അവരുടെ തൃപ്തി ലഭിച്ചിട്ട് തിരിച്ചു വന്നാൽ മതി.
ആ ശിഷ്യൻ കുറ്റബോധത്തോടെ ഉമ്മായെ തേടിപ്പോയി. മാതാവിനോട് മാപ്പ് പറഞ്ഞ് അവരെ തൃപ്തിപ്പെടുത്തി തിരിച്ചെത്തി...
വർഷം തോറും ലുഖ്മാനവർകൾ മക്കയിൽ മഹത് യോഗത്തിൽ അദ്ധ്യക്ഷ സ്ഥാനമലങ്കരിക്കാൻ എത്തിച്ചേരുക പതിവായിരുന്നു. രാത്രിയായിരിക്കും യാത്ര. ശിഷ്യൻമാരെല്ലാം ഇബാദത്തിലും നിദ്രയിലും ലയിച്ച അവസരത്തിൽ പതിവുപോലെ ആ വർഷവും മഹാനവർകൾ മക്കയിലേക്കു പുറപ്പെട്ടു. എന്നാൽ പ്രഥമ ശിഷ്യനായ ദാവൂദ് മഹാന്റെ പിന്നാലെ കൂടി...
നീയെന്തിനാണ് എന്റെ കൂടെ വരുന്നത്.
എനിക്ക് അങ്ങയുടെ കൂടെ വന്നാൽ എന്തെങ്കിലും കൂടുതൽ പഠിക്കാമല്ലോ.
പിന്നെ മഹാനവർകൾ എതിർപ്പൊന്നും പറഞ്ഞില്ല. അവർ നേരേ സമുദ്രത്തിലെത്തി. തിരമാലകൾക്കു മുകളിൽ കയറി നിന്നു. മിന്നൽ പിണർ കണക്കെ തിരമാല ചലിച്ചു. നിമിഷങ്ങൾക്കകം അവർ മക്കയിലെത്തി...
ലുഖ്മാനവർകൾ ശിഷ്യനോടു പറഞ്ഞു. ആദ്ധ്യാത്മികമായ ഒരു കൂടിച്ചേരലിലാണ് എനിക്ക് പങ്കെടുക്കാനുള്ളത്. അവിടെ നിനക്കു കടന്നു ചെല്ലാൻ അനുവാദമില്ല. അതു കൊണ്ട് ഒരു പ്രത്യേക സ്ഥലം കാണിച്ചു തരാം. അവിടെ ഇരുന്നാൽ മതി.
അവിടെയെങ്ങും കനത്ത വെളിച്ചം പരന്നു. ഒരു വലിയ ഹാളും പ്രവേശന കവാടവും ഒരു ദ്വരപാലകനും അവിടെ ദൃശ്യമായി. ലുഖ്മാനവർകളുടെ നിർദ്ദേശപ്രകാരം പാറാവുകാരാൻ ദാവൂദിന് ഒരു ഇരിപ്പിടം തയ്യാറാക്കി കൊടുത്തു. ദാവൂദ് ഇരിക്കുന്ന സ്ഥലത്തു നിന്നു നോക്കിയാൽ അകത്തു നടക്കുന്ന കാര്യങ്ങൾ കാണാം...
ഒരുയർന്ന പീഠത്തിൽ ലുഖ്മാനവർകൾ ഇരിക്കുന്നു. ലുഖ്മാനുൽ ഹകീം(റ)നു ചുറ്റും നിരത്തിയ ഇരിപ്പിടങ്ങളിൽ ദിവ്യ തേജസു വിളയാടുന്ന മഹോന്നതർ മഹാനവർകളുടെ വാക്കുകൾ ശ്രവിക്കാനെന്നവണ്ണം ഇരിക്കുകയാണ്...