ബഹുമാന്യരെ അദ്ദേഹമെന്താണ് ഇങ്ങനെ മുട്ടുകാലിൽ ഇഴഞ്ഞു നടക്കുന്നത്. ഈ വാഹനങ്ങളിലൊന്നിൽ കയറിയിരുന്നാൽ നമ്മൾക്ക് അദ്ദേഹത്തെ ഉദ്ദിഷ്ട ദിക്കിലെത്തിക്കാമല്ലോ...
ഭൗതികമായ ഒരു സുഖസൗകര്യങ്ങളും സ്വീകരിക്കാൻ അദ്ദേഹം തയ്യാറില്ല. നിങ്ങൾ ഈ വാഹനങ്ങളുമായി മുന്നിൽ പോവുക. എന്റെ ഗുരുനാഥൻ മുട്ടിൽ ഇഴഞ്ഞു നടക്കുമ്പോൾ വാഹനത്തിൽ പോകാൻ എന്റെ മനസ്സനുവദിക്കില്ല. ഞാനും അതേ പ്രകാരം മുട്ടിൽ ഇഴഞ്ഞു നടന്നു വരാം.
ലുഖ്മാനുൽ ഹകീം (റ)യുടെ ശിഷ്യൻമാർ അതിനു തയ്യാറായില്ല. അവരും ഗുരുവിനോടൊപ്പം മുട്ടിൽ ഇഴഞ്ഞു നീങ്ങി...
ലുഖ്മാനുൽ ഹകീം(റ)വും ശിഷ്യൻമാരും നോർദി ലക്ഷ്യമാക്കി മുട്ടിൽ ഇഴഞ്ഞു നീങ്ങുന്നതു കണ്ട് ഒരുപാട് ആളുകൾ അതനുകരിച്ചു...
ആയിരക്കണക്കിനാളുകൾ തന്റെ കൂടെ ഇഴഞ്ഞു നീങ്ങാനെത്തിയതു കണ്ട് ലുഖ്മാനവർകൾ അമ്പരന്നു. മഹാൻ അവരോട് പിരിഞ്ഞു പോകാൻ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ജാഥ നീങ്ങിക്കൊണ്ടേയിരുന്നു. ഒടുവിൽ മഹാനവർകൾ അവരോട് പറഞ്ഞു:
നിങ്ങൾ ഇവിടെ നിൽക്കുക. എന്റെ ഗുരുനാഥൻ ഇതേപോലെ ഇഴഞ്ഞുനീങ്ങി വരുന്നുണ്ട്. മഹാന് തണലായി ഇഴഞ്ഞു നീങ്ങിക്കൊള്ളുക. ഒരു കാരണവശാലും ഞാൻ നിർദ്ദേശിച്ചതുകൊണ്ടാണ് നിങ്ങളിതു ചെയ്യുന്നതെന്ന് ഗുരുവര്യൻ അറിയാൻ പാടില്ല.
ജനം അതു സമ്മതിച്ചു. അങ്ങനെ അവർ രണ്ടു സംഘമായി. ലുഖ്മാനവർകളും സംഘവും കുറച്ചു മുന്നിലായി നീങ്ങി. ഗുരുനാഥനും സംഘവും പിറകിലും. രണ്ടു സമയങ്ങളിലായി രണ്ടു സംഘവും നോർദിയിലെത്തിച്ചേർന്നു...
ഗുരു എത്തിച്ചേർന്നാൽ അദ്ദേഹത്തിനു വിശ്രമിക്കാൻ പ്രത്യേക സ്ഥലം ലുഖ്മാനവർകൾ തയ്യാറാക്കിയിരുന്നു. പക്ഷെ ഗുരുനാഥൻ ആ നടപടിയെ വിമർശിക്കുകയാണുണ്ടായത്. വീണ്ടും അവിവേകം പ്രകടിപ്പിച്ചതിന് മഹാനവർകൾ ഗുരുനാഥനോട് ക്ഷമ ചോദിച്ചു...
മഹാനായ ആ സൂഫിവര്യൻ വെറും തറയിൽ കിടന്നു. തനിക്ക് അന്ത്യവിശ്രമത്തിനുള്ള സ്ഥലം പെട്ടെന്ന് തയ്യാറാക്കാൻ അദ്ദേഹം ശിഷ്യനോട് കൽപ്പിച്ചു. ഖൽബിൽ നിറയുന്ന നൊമ്പരം പുറത്തു കാണിക്കാതെ ലുഖ്മാനവർകൾ ഗുരുവിനു വേണ്ടി ഖബറൊരുക്കി...
പിന്നെ അധികം താമസിച്ചില്ല. ശുദ്ധജലം ആവശ്യപ്പെട്ടു. അതുകൊണ്ട് വുളൂ ചെയ്തു. അൽപ്പം കുടിച്ചു. അനന്തരം ലാ ഇലാഹ ഇല്ലള്ളാ എന്ന വിശുദ്ധ വചനം ഉച്ചരിച്ച് ഗുരുവര്യൻ അന്ത്യശ്വാസം വലിച്ചു. തയ്യാർ ചെയ്യപ്പെട്ട ഖബ്റിൽ തന്നെ അദ്ദേഹത്തെ മറവു ചെയ്തു...