Wednesday - 22 April, 2026 4-Dhu al-Qadah-1447

അർഹതപ്പെടാത്ത സ്ഥലത്ത് എത്തിച്ചേരാൻ കൊതിക്കരുത്

ദാവൂദ് നബി(അ) വഫാത്താകുകയും മകൻ സുലൈമാൻ നബി(അ) തൽസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. ആ വിവരങ്ങൾ ലുഖ്മാനവർകൾ സഭയിൽ അറിയിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു...


 അവിടെ സഭാംഗങ്ങൾക്ക് കുടിക്കാൻ നൽകിയ പാനീയം ഒരു ചഷകത്തിലാക്കി ദാവൂദിനു നൽകി. മധുരതരവും രുചികരവുമായ അത്തരമൊരു പാനീയം ജീവിതത്തിലൊരിക്കലും ദാവൂദ് കുടിച്ചിട്ടുണ്ടായിരുന്നില്ല...


അത്ഭുതം.., ആ മധുര പാനീയം കുടിച്ചു കഴിഞ്ഞപ്പോൾ ദാവൂദ് അറിയാതെ നിദ്രയിലേക്ക് വഴുതി വീണു. ഉറക്കത്തിൽ നിന്നുണർന്നപ്പോൾ നേരം പരപരാ വെളുക്കുന്നതേയുള്ളു. കടലോരത്ത് വിജനമായ ഒരു സ്ഥലത്താണ് ദാവൂദ് കിടക്കുന്നത്. പരിസര ബോധമുണ്ടാവാൻ കുറെ നിമിഷങ്ങൾ വേണ്ടിവന്നു...


 എന്ത്? താനെവിടെയാണ് കിടക്കുന്നത്? ആ സമ്മേളന നഗരി എവിടെ? തന്റെ ഗുരുനാഥനും മറ്റുള്ളവരും എവിടെ? ഒന്നും കാണുന്നില്ല. പിന്നിൽ നീണ്ടു പരന്നു കിടക്കുന്ന മണൽത്തിട്ട. മുന്നിൽ അറ്റം കാണാത്ത കടൽ. പടച്ചവനെ ഇതെന്തത്ഭുതം!


 എല്ലാം അല്ലാഹു ﷻ ന്റെ പരീക്ഷണമാണെന്ന് അടിയുറച്ചു വിശ്വസിച്ച ദാവൂദ് ഒട്ടും നിരാശനായില്ല. അദ്ദേഹം അംഗശുദ്ധി വരുത്തി ആ മണൽത്തിട്ടയിൽ ഇബാദത്തിലേർപ്പെട്ടു... 


 നിമിഷങ്ങൾ മണിക്കൂറുകളായി ഓടിയകലുന്നത് ദാവൂദ് അറിഞ്ഞില്ല. അർക്കൻ തലക്കു മുകളിൽ കത്തി ജ്വലിച്ചു നിൽക്കുകയാണ്. ഒരാൾ തോളിൽ തട്ടിയപ്പോഴാണ് ദാവൂദിനു പരിസര ബോധമുണ്ടായത്. നോക്കുമ്പോൾ കടലിലതാ ഒരു കപ്പൽ. ഒരപരിചിതൻ ദാവൂദിനെ കപ്പലിൽ കയറാൻ ക്ഷണിക്കുകയാണ്...


 ലുഖ്മാനവർകളുടെ നിർദ്ദേശപ്രകാരമാണ് അവർ ദാവൂദിനെ വിളിക്കുന്നത്. ഒട്ടും സംശയിക്കാതെ ദാവൂദ് അപരിചിതനോടൊപ്പം നടന്നു കപ്പലിൽ കയറി. യാത്രയിൽ ഒരുപാട് ചിന്തകൾ ദാവൂദിന്റെ മനസ്സിൽ മുളപൊട്ടി...


 എന്തുകൊണ്ട് താൻ ഉറങ്ങിപ്പോയി. എന്തു കൊണ്ട് അവിടെ നടന്നതൊന്നും കാണാൻ സാധിച്ചില്ല. തന്റെ പ്രിയപ്പെട്ട ഗുരുനാഥൻ കൂടെ കൊണ്ടു പോകാതിരുന്നത് എന്തുകൊണ്ടാണ്. ഇത്തരം സംശയങ്ങൾ മനസ്സിലൊതുക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ... 


 ഗുരുവിനോടൊപ്പമുള്ള യാത്രയിൽ കണ്ണു ചിമ്മി തുറക്കുന്നതിനു മുമ്പ് മക്കയിലെത്തിയതാണ്. എന്നാൽ തിരിച്ചുള്ള യാത്രയിൽ ഒരു മാസം കൊണ്ടാണ് നോർദിയിലെത്താൻ കഴിഞ്ഞത്. കപ്പലിറങ്ങിയ പാടെ ദാവൂദ് ഗുരുനാഥന്റെ സമീപത്തേക്കോടി. ലുഖ്മാനവർകൾ പറഞ്ഞു: 


പ്രിയശിഷ്യാ, ഇതു നിനക്കൊരു പാഠമാകട്ടെ. ഒരിക്കലും അർഹതപ്പെടാത്ത സ്ഥലത്ത് എത്തിച്ചേരാൻ കൊതിക്കരുത്.  


 ദാവൂദിനു തെറ്റു മനസ്സിലായി. അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങി. ദാവൂദിനുണ്ടായ അനുഭവം മറ്റു ശിഷ്യൻമാരിലും അത്ഭുതമുളവാക്കി...