Wednesday - 22 April, 2026 4-Dhu al-Qadah-1447

മലക്കിന്റെ വാക്കുകൾ

ലുഖ്മാനുൽ ഹഖീം (റ) തന്റെ സഞ്ചാരം തുടർന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും മഹാൻ ചുറ്റിക്കറങ്ങി. പലവിധ അനുഭവസമ്പത്തുകളും മഹാനുണ്ടായി. പ്രഗത്ഭമതികളായ പല ജ്ഞാനികളുമായും ലുഖ്മാനവർകൾ സമ്പർക്കം പുലർത്തി. ഭൗതിക പരിത്യാഗികളായ പല സൂഫീ വര്യൻമാരെയും സന്ദർശിച്ചു. ആത്മീയ വിജയത്തിനുള്ള മാർഗ്ഗങ്ങൾ മനസ്സിലാക്കി അതിനു വേണ്ടിയുള്ള പ്രയത്നത്തിൽ മുഴുകി. അല്ലാഹു ﷻ വിന്റെ പല പരീക്ഷണങ്ങളെയും ലുഖ്മാനുൽ ഹഖീം(റ) അതിജീവിച്ചു...


ഒരിക്കൽ അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ഒരു മലക്ക് മഹാനവർകളുടെ സന്നിധിയിലെത്തി. മലക്ക് പറഞ്ഞു:


  ബഹുമാന്യരെ, അല്ലാഹു അങ്ങയെ ആരിഫീങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അജ്ഞതയെ അതിജീവിച്ച് ജ്ഞാനിയെന്ന മഹൽപട്ടം അങ്ങ് നേടിയിരിക്കുന്നു.


 മലക്കിന്റെ വാക്കുകൾ കേട്ട ഉടനെ ലുഖ്മാനുൽ ഹഖീം(റ) പ്രപഞ്ചനാഥന്റെ മുമ്പിൽ സുജൂദിലായി വീണു. തനിക്ക് നൽകിയ കീർത്തിയിലും ബഹുമതിയിലും രാജാധിരാജന് അതിരറ്റ നന്ദി രേഖപ്പെടുത്തി. മലക്ക് വീണ്ടും പറഞ്ഞു:


  മഹാനവർകളെ, അങ്ങ് ആവശ്യപ്പെടുന്ന പക്ഷം ഐഹികമായ ഏതു സുഖഭോഗങ്ങളെയും കീഴ്പ്പെടുത്തിത്തരുവാൻ നാഥന്റെ കൽപ്പനയുണ്ട്. ഭൗതികസുഖങ്ങളിൽ ഏതാണ് അങ്ങ് ആഗ്രഹിക്കുന്നത്..?


ഇഹലോകത്തിലെ ഒരു സുഖവും ഇന്നുവരെ എന്നെ ഭ്രമിപ്പിച്ചിട്ടില്ല. പാരത്രിക സൗഭാഗ്യങ്ങളെ കുറിച്ചോർക്കുമ്പോൾ നൈമിഷികമായ ദുനിയാവിലെ സുഖങ്ങൾ എനിക്ക് സുഖങ്ങളായല്ല മുൾക്കിരീടമായാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് അല്ലാഹുവിന്റെ പരീക്ഷണങ്ങൾക്ക് വിധേയനായി അവശരും ദരിദ്രരുമായ ജനവിഭാഗങ്ങളുടെ കൂടെ അവരുടെ സുഖദു:ഖങ്ങൾ പങ്കിട്ടു ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്...


ബഹുമാന്യരെ, ഭൗതിക സുഖങ്ങൾ മുഴുവൻ നിഷിദ്ധമല്ലെന്നറിയാമല്ലോ. ഹലാലും ഹറാമുമുണ്ട്. ഹലാലായ സൗഭാഗ്യങ്ങൾ എന്തുകൊണ്ട് സ്വീകരിച്ചു കൂടാ.


  ഹലാലായ സൗഭാഗ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം ഹറാമിലേക്കു ചാഞ്ഞു പോയെങ്കിലോ എന്നു ഞാൻ ഭയപ്പെടുന്നു...


  ദുരിതമനുഭവിച്ചു ജീവിക്കാനാണിഷ്ടമെങ്കിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരും...


എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്.


 ലുഖ്മാനുൽ ഹഖീ(റ)മിന്റെ ദൃഢസ്വരത്തിലുള്ള മറുപടി കേട്ട് മലക്ക് സംതൃപ്തിയോടെ മടങ്ങിപ്പോയി...


വിജനമായ പർവ്വതനിര. ഏകാന്തവാസത്തിനും ഇബാദത്തിനുമായി ലുഖ്മാനുൽ ഹഖീം(റ) തെരഞ്ഞെടുത്ത സ്ഥലം. ആരുടെയും ശല്യമില്ലാതെ ഏക ഇലാഹിനു സുജൂദ് ചെയ്തു കൊണ്ട് മഹാനവർകൾ ആ മലമ്പ്രദേശത്ത് കഴിഞ്ഞുകൂടുകയായിരുന്നു... 


അങ്ങനെയിരിക്കെ തികച്ചും അപരിചതനായ ഒരു അതിഥി അവിടെ എത്തിച്ചേർന്നു...


 ശുഭ്രവസ്ത്രധാരിയായ ആ മഹത് വ്യക്തി സലാം ചൊല്ലിയതിനു ശേഷം ലുഖ്മാനുൽ ഹഖീം(റ)നോടു പറഞ്ഞു: പ്രിയപ്പെട്ട ലുഖ്മാൻ, താങ്കളുടെ ഹൃദയത്തിനു ആനന്ദം പകരുന്ന വൃത്താന്തമാണ് എനിക്കറിയിക്കാനുള്ളത്.


  അഭിവന്ദ്യരെ, എന്റെ കരളിൽ ഹർഷം പകരുന്ന എന്ത് വൃത്താന്തമാണ് അങ്ങ് കൊണ്ടു വന്നിട്ടുള്ളത് ...


  ബഹുമാന്യരെ, മഹത്തുക്കളിൽ മഹോന്നതനായ ഒരു വലിയ്യിന്റെ അന്ത്യം ഇന്നലെ സംഭവിച്ചിരിക്കുന്നു. ഭൂമിയിൽ ആ മഹാനുഭാവന്റെ വിടവു നികത്താൻ അല്ലാഹു അങ്ങയെയാണ് പകരക്കാരനാക്കിയിരിക്കുന്നത്...


എന്ത്..? വിനീതനായ ഈ എളിയ ദാസനോ..?


അതെ, അങ്ങു തന്നെ. അല്ലാഹു ﷻ ന്റെ നിശ്ചയമാണ്.


യാ റബ്ബീ.., ഞാൻ എത്രയോ നിസ്സാരൻ. നീയെന്നെ പരമോന്നത സ്ഥാനത്ത് ഉയർത്തിയിരിക്കുന്നു. നിനക്കാണ് സർവ്വ സ്തുതിയും. ഇത്രയും പറഞ്ഞു കൊണ്ട് ലുഖ്മാനുൽ ഹഖീം (റ) അല്ലാഹു ﷻ ന് സാഷ്ടാംഗം ചെയ്തു...