"ആരവിടെ ...!!"
പെട്ടെന്ന് ഒരു രാജഭടൻ ഭവ്യതയോടെ മുന്നിലെത്തി...
ഉടൻ ഒരു മൂർച്ചയേറിയ വാൾകൊണ്ടു വരൂ ...
ഭടൻ നിമിഷങ്ങൾക്കകം വാളുമായി തിരിച്ചെത്തി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും ഊഹിക്കാൻ പോലും സാധിച്ചില്ല. ലുഖ്മാൻ യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി. എന്നിട്ട് പറഞ്ഞു:
ഞാൻ ഈ കുഞ്ഞിനെ വാളുകൊണ്ട് മുറിച്ച് രണ്ടുപേർക്കും ഓരോ ഭാഗം തരാനാണുദ്ദേശിക്കുന്നത്. എന്താ എതിർപ്പു വല്ലതുമുണ്ടോ..?
ചോദ്യം കേട്ടപ്പോൾ കറുത്ത യുവതിയിൽ നിന്നും ഒരു പ്രതികരണവുമുണ്ടായില്ല. കുഞ്ഞിനെ വെട്ടിമുറിച്ചാലും തനിക്കൊന്നുമില്ലെന്ന മട്ടിൽ അവൾ നിർവ്വികാരയായി നിന്നു. എന്നാൽ വെളുത്ത യുവതിയുടെ ഭാവം ആകെ മാറി. അവൾ വാവിട്ടു കരഞ്ഞുകൊണ്ട് ലുഖ്മാന്റെ കാൽക്കൽ വീണു. ശിലയെപ്പോലും അലിയിക്കുമാറ് ദീനഭാവത്തോടെ അവൾ പറഞ്ഞു:
ബഹുമാനപ്പെട്ടവരെ, എന്റെ കുഞ്ഞിനെ വെട്ടിമുറിക്കരുത്. എനിക്കതിനെ തന്നില്ലെങ്കിലും ശരി, എന്റെ പൊന്നോമന പ്പൈതലിനെ കൊന്നുകളയരുത്. കുഞ്ഞിനെ അവൾക്ക് കൊടുത്തുകൊൾക. ഞാനെന്റെ അവകാശവാദം ഇതാ പിൻവലിച്ചിരിക്കുന്നു...
ഇതു കേട്ടമാത്രയിൽ ലുഖ്മാൻ ശരിയായ വിധി പ്രസ്താവിച്ചു:
"കുഞ്ഞ് ഈ വെളുത്ത യുവതിയുടേതാണ്. സ്വന്തം കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുമെന്നറിഞ്ഞപ്പോൾ അവളുടെ മാതൃഹൃദയം നൊന്തു. എന്നാൽ കറുത്തവൾ കഠിനഹൃദയക്കാരിയാണ്. കുഞ്ഞിനെ കൊന്നാലും തനിക്കൊരു ചുക്കുമില്ലെന്ന അവളുടെ ഭാവം തന്നെ അതിന് തെളിവാണ്..."
അങ്ങനെ വെളുത്ത യുവതിക്ക് തന്റെ സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടി. കള്ളവാദവുമായി എത്തിയവൾക്ക് അതിനുള്ള ശിക്ഷയും കിട്ടി. ലുഖ്മാന്റെ വിധിന്യായം ദാവൂദ് നബി (അ)യെ സന്തുഷ്ടനാക്കി...
നബി പറഞ്ഞു: ലുഖ്മാൻ നീ തന്ത്രജ്ഞൻ തന്നെ...
ഒരു സംവത്സരക്കാലം ദാവൂദ് നബി(അ)യുടെ സന്നിധിയിൽ ലുഖ്മാൻ കഴിച്ചുകൂട്ടി. ഐഹികസുഖഭോഗങ്ങളിൽ നിന്നകന്ന് ലോകൈകനാഥനെ വണങ്ങി വിജ്ഞാനത്തിന്റെ വിവിധ മേഖലകൾ കീഴടക്കി ഒരു വർഷം കൊണ്ട് ഒരായിരം വർഷത്തെ പരിശുദ്ധി മഹാൻ നേടിയെടുത്തു...
ഒരിക്കൽ ദാവൂദ് നബി(അ) ലുഖ്മാന്റെ അരികിലെത്തി ഒരു പ്രത്യേക കാര്യമറിയിച്ചു. അല്ലയോ, ലുഖ്മാൻ താങ്കളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. ഹഖീം എന്ന വിശേഷണത്തിനു താങ്കളെ അർഹനാക്കിയിരിക്കുന്നു. ഹിൽമത്ത് താങ്കളിൽ ലോകരക്ഷിതാവ് നൽകിയിരിക്കുന്നു...
ദാവൂദ് നബി (അ)യുടെ വാക്കുകൾ കേട്ടപ്പോൾ ലുഖ്മാനുൽ ഹഖീം(റ) സർവ്വശക്തനായ നാഥനിൽ ഹംദുകളും ശുക്റുകളും അർപ്പിച്ചു. ജഗന്നിയന്താവിന്റെ അറിയിപ്പുപ്രകാരം ദാവൂദ് നബി (അ) യിൽ നിന്നു ഫലസ്തീനിനോടു വിടപറയാനുള്ള സമ്മതം ലുഖ്മാനുൽ ഹഖീമിനു ലഭിച്ചു. ഒരു സ്ഥലത്തു തളച്ചിടാനുള്ളതല്ല മഹാൻമാരുടെ ജീവിതം. പ്രപഞ്ചമാകെ ചുറ്റിത്തിരിഞ്ഞു പണ്ഡിതൻമാരെയും സൂഫിവര്യൻമാരെയും കണ്ടെത്തി അവരിൽ നിന്നും അറിവിന്റെ മധുരം കിട്ടാവുന്നിടത്തോളം നേടിയെടുക്കുക എന്ന ദൗത്യവുമായി പുറപ്പെടാൻ തന്നെ ലുഖ്മാനുൽ ഹഖീം(റ) ഒരുങ്ങി...
യാത്രക്കൊരുങ്ങിയപ്പോൾ സുലൈമാൻ നബി(അ)യും കൂടെ പോകാൻ തുനിഞ്ഞു. തന്റെ ഉദ്ദേശ്യം പിതാവിനെ അറിയിച്ചെങ്കിലും ദാവൂദ് നബി(അ) അതിനു സമ്മതം നൽകിയില്ല...
ഒരു വർഷത്തെ ഒന്നിച്ചുള്ള ജീവിതം അവർക്കു നഷ്ടപ്പെടുകയാണ്. സുലൈമാൻ നബി(അ)യുടെ മനസ്സിലും സുഹൃത്തിനെന്ന പോലെ നൊമ്പരം നിറഞ്ഞു നിന്നു. എങ്കിലും ക്ഷമയോടെ സുഹൃത്തിനെ യാത്രയാക്കി...