വിചിത്രമായൊരു കേസ്

ദാവൂദ് നബി (അ)യുടെ വാക്കുകൾ അവർ ശ്രദ്ധാപൂർവ്വം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്തു...


 ദാവൂദ് നബി (അ) ആ സന്ദർഭത്തിൽ ലുഖ്മാനോട് മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഉണർത്തുകയുണ്ടായി. ഒരു വർഷം കൂടി കഴിഞ്ഞാൽ ദാവൂദ് നബി(അ)ക്ക് നുബുവ്വത്ത് ലഭിച്ച് മൂന്നു കൊല്ലം തികയും.


ആ സുദിനം ലുഖ്മാന്റെ ജീവിതത്തിലും ഒരു പ്രധാനപ്പെട്ട ദിവസമായി മാറാൻ പോവുകയാണ്. ലുഖ്മാന്റെ ഖൽബിൽ ആ പ്രത്യേക സുദിനത്തിൽ അല്ലാഹു ﷻ അറിവിന്റെ  ദിവ്യജ്ഞാനം നൽകും...


 നബിയുടെ വാക്കുകൾ കേട്ട് ലുഖ്മാൻ നന്ദിസൂചകമായി അല്ലാഹു ﷻ വിന് സ്തുതികളർപ്പിക്കുകയും സാഷ്ടാംഗം ചെയ്യുകയും ചെയ്തു...


 ആ സന്ദർഭത്തിൽ സുലൈമാൻ നബി(അ)ന് ഒരു സംശയം. ലുഖ്മാനോടും തന്നോടും ഒരുമിച്ച് ഇബാദത്തുകളിൽ മുഴുകി ജീവിക്കാനാണ് പിതാവ് നിർദ്ദേശിച്ചത്. പക്ഷെ തന്നെ ഒഴിവാക്കി ലുഖ്മാന് മാത്രം ദിവ്യജ്ഞാനം കിട്ടുമെന്ന് പിതാവ് പറയാൻ കാരണമെന്താണ്..? സുലൈമാൻ നബി(അ)യുടെ മാനസികനില മനസ്സിലാക്കിയ പിതാവ് പറഞ്ഞു:


മകനേ, നീ വ്യാകുലപ്പെടേണ്ടതില്ല. ഓരോ മനുഷ്യനും അവൻ ചെയ്യുന്ന കർമങ്ങളെ വിലയിരുത്തിയാണ് അല്ലാഹു തന്റെ അനുഗ്രഹത്തിന്റെ ഖജനാവ് തുറന്നുകൊടുക്കുന്നത്...


നീ സൽക്കർമങ്ങളിൽ മുഴുകി ലുഖ്മാനോടൊത്ത് കഴിഞ്ഞു കൊൾക. വിജയം സുനിശ്ചിതമായിരിക്കും...


ദാവൂദ് നബി(അ)യുടെ വാക്കുകൾ കേട്ട് അവർ രണ്ടു പേരും സന്തോഷഭരിതരായി അവിടെ നിന്നും യാത്രപറഞ്ഞു പിരിഞ്ഞു. ദിനരാത്രങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്നു...


ലുഖ്മാനും സുലൈമാൻ നബി(അ)യും അല്ലാഹുവിന് ഇബാദത്തുകൾ ചെയ്തു കൊണ്ട് ജീവിച്ചു. നന്മയുടെ വഴികളിലൂടെ മാത്രം സഞ്ചരിച്ച് തിൻമയുടെ ചിറകുകളരിഞ്ഞ് ദാവൂദ് നബി(അ)യിൽ നിന്നും അറിവിന്റെ അനർഘ മുത്തുകൾ അവർ ധാരാളം സംഭരിച്ചു...


ആ ഹൃദയങ്ങൾ അല്ലാഹു എന്ന ചിന്തയിൽ വലയം പ്രാപിച്ചു...


ദാവൂദ് നബി(അ)യുടെ സന്നിധിയിൽ പല ആവലാതിക്കാരും വരാറുണ്ടായിരുന്നു. ആക്ഷേപങ്ങളും അഭിപ്രായങ്ങളുമെല്ലാം കേട്ട് നബി ന്യായമായ വിധി പറയും. ഇരു കക്ഷികൾക്കും നീതി ബോധ്യപ്പെടുന്ന രീതിയിലായിരുന്നു നബിയുടെ വിധി പ്രസ്താവന...


ഒരിക്കൽ ദാവൂദ് നബി(അ)യുടെ കോടതിയിൽ വിചിത്രമായൊരു കേസ് വാദത്തിനെത്തി. രണ്ടു യുവതികളായിരുന്നു കേസുമായി വന്നത്. വാദിയാര്, പ്രതിയാര് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. യുവതികളിലൊരുത്തി കറുത്തുവികൃതമായ രൂപമായിരുന്നു. അവളുടെ കൈകളിൽ ഒരു പൈതൽ...


ആ കുഞ്ഞ് അലമുറയിട്ട് കരയുകയാണ്. കൂടെ വന്ന യുവതി വെളുത്ത സുന്ദരിയായിരുന്നു. ഒരു ശാലീനത അവളുടെ മുഖത്ത് പ്രകടമായിരുന്നു. യുവതികളുടെ കേസ് വിസ്തരിച്ചു വിധി പറയുവാൻ നബി ലുഖ്മാനെയും സുലൈമാൻ നബി(അ)യെയുമാണ് ചുമതലപ്പെടുത്തിയത്... 


ലുഖ്മാൻ യുവതികളെ വിളിപ്പിച്ചു വിസ്തരിച്ചു. കൂട്ടത്തിൽ വെളുത്ത യുവതിയെയാണ് ആദ്യമായി വിചാരണ ചെയ്തത്. അവൾ ന്യായാധിപൻമാരുടെ മുന്നിൽ വന്നു. അവൾ സങ്കടം കൊണ്ട് വീർപ്പുമുട്ടുന്നതു പോലെ തോന്നി. ആ മിഴികളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു...


ഹേ, യുവതീ എന്താണ് നിന്റെ സങ്കടത്തിനു കാരണം. കരയാതെ കാര്യം പറയൂ... സുലൈമാൻ നബി ആവശ്യപ്പെട്ടു. അതുകേട്ട യുവതി വളരെ വ്യസനത്തോടു കൂടി മൊഴിഞ്ഞു:


  ബഹുമാനപ്പെട്ടവരെ, ഞാൻ പ്രസവിച്ച പൊന്നോമനപ്പൈതലിനെ ഈ നിൽക്കുന്ന സ്ത്രീ തട്ടിയെടുത്ത് കുഞ്ഞ് അവളുടേതാണെന്ന് അവകാശവാദമുന്നയിക്കുകയാണ്. ഞാൻ പത്ത് മാസം വയറ്റിൽ ചുമന്ന കുഞ്ഞാണത്. നൊന്തു പ്രസവിച്ച പൊന്നോമനയാണത്. ദയവു ചെയ്ത് എനിക്കെന്റെ കുഞ്ഞിനെ വാങ്ങിത്തരണം...  


ഇതല്ലാം കേട്ട് കൊണ്ട് നിസ്സംഗഭാവത്തിൽ നിൽക്കുന്ന കറുത്ത പെണ്ണിനെ ലുഖ്മാൻ തന്റെ സന്നിധിയിലേക്ക് വിളിച്ചു കൊണ്ടു ചോദിച്ചു: 


നിനക്കു വല്ലതും പറയാനുണ്ടോ..?  


അവൾ ഒരു കൂസലുമില്ലാതെ മുന്നോട്ടുവന്നു. സ്ത്രീ സഹജമായ ലജ്ജ അവളിൽ കണ്ടില്ല. സന്തോഷമോ ദു:ഖമോ എന്ന് തിരിച്ചറിയാത്ത ഒരു നിർവ്വികാരഭാവമായിരുന്നു അവളുടെ മുഖത്ത്...


അവൾ ശബ്ദമുയർത്തിക്കൊണ്ടു പറഞ്ഞു:


  ഈ കുട്ടി എന്റെ സ്വന്തമാണ്. അവൾ കളവ് പറയുകയാണ് ...


രണ്ടു പേരും കുഞ്ഞിന് ഒരു പോലെ അവകാശവാദം ഉന്നയിക്കുകയാണ്. ഹാജരാക്കാൻ സാക്ഷികളായ ആരുമില്ല. ഇനിയെന്തു ചെയ്യും. ആ പ്രത്യേക നിമിഷത്തിൽ ലുഖ്മാന്റെ മനസ്സിൽ ഒരു ബുദ്ധിയുദിച്ചു. ലുഖ്മാൻ സുലൈമാൻ നബി(അ)യോട് പറഞ്ഞു: പ്രിയപ്പെട്ടവരെ, ഇവർ രണ്ടു പേരും പറയുന്നു കുഞ്ഞ് അവരുടേതാണെന്ന്. അല്ലെന്നു പറയാൻ ഒരു സാക്ഷി പോലുമില്ല. അതു കൊണ്ട് ഞാൻ ന്യായമായൊരു തീർപ്പു കൽപ്പിച്ചോട്ടേ..? സുലൈമാൻ നബി(അ) അനുവാദം കൊടുത്തു...


യുവതികൾ രണ്ടു പേരും നീതിപീഠത്തിലേക്കുറ്റു നോക്കി. ലുഖ്മാൻ എന്ത് വിധിയായിരിക്കും നടത്താൻ പോകുന്നതെന്ന സംശയം സുലൈമാൻ നബി(അ)ക്കുമുണ്ടായി. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. എങ്ങും ശ്മശാന മൂകത. നിശബ്ദതയെ ഭേദിച്ച് കൊണ്ട് ലുഖ്മാൻ ഗർജ്ജിച്ചു...


"അവരവിടെ ...!!"


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

ചികിത്സ (1) ചികിത്സ (2) അല്ലാഹു അഹദ് അയാൾ നിരപരാധിയാണ് നോർദി കൊട്ടാരത്തിൽ നോർദി കൊട്ടാരത്തിൽ (2) രണ്ടു ശിഷ്യൻമാർ ലുഖ്മാൻ വളർന്നു മലക്കിന്റെ വാക്കുകൾ പരീക്ഷണങ്ങൾ തുടരുന്നു (1) ദിവ്യ ഔഷധം ചാട്ടവാറടികൾ ഒരു പാവം ഫഖീർ ഒരു പാവം ഫഖീർ (2) ഒരു പാവം ഫഖീർ (3) വെള്ളത്തിനു മുകളിൽ അർഹതപ്പെടാത്ത സ്ഥലത്ത് എത്തിച്ചേരാൻ കൊതിക്കരുത് ഈ നാണയങ്ങൾ നിങ്ങളുടേതാണോ..? ഫാത്വിമ (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(2) ആഇശ (റ) ചരിത്രം : മുഖവുര ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര അസൂറാ ബീവി (റ) ചരിത്രം : മുഖവുര ഇബ്രാഹീമിബ്നു അദ്ഹം (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(1) ഉമറുബ്നുൽ ഖത്വാബ് (റ) ചരിത്രം : മുഖവുര ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര അലി ഇബ്നു അബിത്വാലിബ് (റ) ചരിത്രം : മുഖവുര