Wednesday - 22 April, 2026 4-Dhu al-Qadah-1447

മൂഢ സ്വർഗ്ഗത്തിന് താഴെ

ആരവിടെ ...


ചക്രവർത്തിയുടെ സ്വരം കേട്ട് ഒരു ഭടൻ ഇങ്ങോട്ടോടിവന്നു ...

എന്താണ് ഇവിടെയൊരു ബഹളം...?

അത് ഒരപരിചിതൻ കൊട്ടാരത്തിൽ കയറിയിരിക്കുന്നു ... അയാളെ പിടിച്ച് പുറത്താക്കുന്നതിന്റെ ബഹളമാണ്...


അയാളുടെ ആവശ്യമെന്താണ് ... ?


ഒരാവശ്യവുമില്ല... വർത്തമാനം കേട്ടിട്ട് അയാളൊരു ഭ്രാന്തനാണെന്നാണ് തോന്നുന്നത്...


ങും അതെന്താ ...


അയാളുടെ ഓരോട്ടകം കാണാതായിരിക്കുന്നുവത്രെ... അത് തിരയാനാണ് കൊട്ടാരത്തിനകത്ത് കയറിയതെന്നാണ്...


രാജാവിന് ആ വാർത്ത കേട്ട് അത്ഭുതം തോന്നി... ഒട്ടകം തിരയുന്നത് രാജകൊട്ടാരത്തിലോ ...? വിചിത്രം തന്നെ ... ആട്ടെ അയാളെ ഉടൻ നമ്മുടെ സന്നിധിയിൽ ഹാജരാക്കൂ ...

രാജാവ് കല്പിച്ച നിമിഷങ്ങൾക്കകം രാജകീയാജ്ഞ നിറവേറ്റപ്പെട്ടു ...

ആഗതൻ ചക്രവർത്തിയുടെ മുന്നിലെത്തി...


 താങ്കൾ ആരാണ് ...? എങ്ങനെ ഈ കൊട്ടാരത്തിനകത്തെത്തി ... ചക്രവർത്തി ചോദിച്ചു ...


അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാനിവിടെ എത്തിച്ചേർന്നു ... അവന്റെ കഴിവിന്നതീതമായി വല്ലതുമുണ്ടോ ... ആഗതൻ പ്രതിവചിച്ചു ...


ആട്ടെ, നിങ്ങൾ ഇത്രയും പാടുപെട്ട് ഇവിടെ വന്നതെന്തിനാണ്...


എന്റെ ഒരൊട്ടകം കാണാതായിരിക്കുന്നു ... അത് ഇവിടെയെങ്ങാനും വന്നുപെട്ടിട്ടുണ്ടോ എന്നന്വേഷിച്ചു വന്നതാണ്...


താങ്കൾക്ക് ചിത്തഭ്രമം പിടിപെട്ടോ... ? രാജകൊട്ടാരത്തിനകത്ത് ആരെങ്കിലും ഒട്ടകത്തെ തിരഞ്ഞു വരുമോ ...?

രാജാവിന്റെ ചോദ്യം കേട്ട് ആഗതൻ പൊട്ടിച്ചി രിച്ചു ...


എന്താ ഹേ നിങ്ങൾ ചിരിക്കുന്നത് ... രാജാവ് കോപാകുലനായി ചോദിച്ചു ...


ഒന്നുമില്ല. രാജകൊട്ടാരത്തിൽ വന്ന് ഒട്ടകത്തെ അന്വേഷിക്കുന്ന എനിക്ക് ഭ്രാന്താണെന്ന് അങ്ങയും പരിചാരകന്മാരും ഒന്നടങ്കം പറയുന്നു. ശരി സമ്മതിച്ചിരിക്കുന്നു എനിക്ക് ഭ്രാന്ത് തന്നെ. എന്നാൽ എന്നെക്കാൾ വലിയ ഭ്രാന്തൻ ചക്രവർത്തിയാണെന്നു ഞാൻ പറയുന്നു ...


ഹെന്ത് നമുക്ക് ഭ്രാന്താണെന്നോ ...?


അതേ തിരുമേനി. അങ്ങ് സുകലോലുപനായി ഈ കൊട്ടാരത്തിൽ ജീവിക്കുന്നു. വെഞ്ചാമരം വീശാൻ കന്യകമാർ, ആജ്ഞാനുവർത്തികളായ പരിചാരകന്മാർ, രാസ സമ്പൂർണ്ണമായ ഭക്ഷ്യ വിഭവങ്ങൾ, എല്ലാമെല്ലാം കൈപ്പിടിയിൽ അമർന്നുനിൽക്കുന്നു. അങ്ങ് ഭൗതിക സുഖത്തിന്റെ ഏറ്റവും വലിയ പറുദീസയിലാണ് വാഴുന്നത്. ഇങ്ങനെ സുഖസമൃദ്ധിയിൽ വാഴുന്നതോടൊപ്പമാണ് അങ്ങ് അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുന്നു. പാരത്രിക വിജയം കൊതിക്കുന്നു...  സർവ്വലോക രക്ഷിതാവിന്റെ പ്രീതി കാംക്ഷിക്കുന്ന ഭൗതിക സുഖത്തിന്റെ പരിലാണനമേറ്റുകൊണ്ട് ആഖിറത്തിന്ന് വേണ്ടി ആഗ്രഹിക്കുന്നത് രാജകൊട്ടാരത്തിൽ ഒട്ടകത്തെ തിരയുന്നതിനെക്കാൾ എത്രയോ മടങ്ങ് അബദ്ധമാണ്...


ഇബ്റാഹീമിബ്നു അദ്ഹം എന്ന മഹാരാജാവ് ആ മനുഷ്യന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചുപോയി ...  ഇത്രയും കാലം മൂഢസ്വർഗ്ഗത്തിലായിരുന്നു താൻ എന്ന ഉത്തമ വിശ്വാസം അദ്ദേഹത്തിനുണ്ടായി ... ചക്രവർത്തിയുടെ ഹൃദയത്തിൽ ആയിരമായിരം ചിന്താശകലങ്ങൾ മുള പൊട്ടുവാൻ തുടങ്ങി. അദ്ദേഹം എന്തോ സംശയം തീർക്കുവാൻ വേണ്ടി ആഗതന്റെ മുഖത്തേക്ക് ഒന്നുകൂടി തലയുയർത്തി നോക്കി. അത്ഭുതം അയാളെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല... തന്റെ അടുക്കൽ വന്നത് വെറും ഒരു സാധാരണ മനുഷ്യനല്ലെന്നു രാജാവിന് ബോധ്യമായി. പശ്ചാത്താപം കൊണ്ട് ആ ഹൃദയം നീറിപ്പുകഞ്ഞു ... രാജാവിന്റെ ഇരു നയങ്ങളിൽ നിന്നും കണ്ണുനീർ കണങ്ങൾ ധാരധാരയായി ഒഴുകാൻ തുടങ്ങി...


യാ റബ്ബീ ... എന്തൊരു ജീവിതമാണ് ഞാൻ ഇതുവരെ നയിച്ചത്. വെറും നശ്വരമായ ഐഹിക ജീവിതത്തിലെ സുഖഭോഗങ്ങൾക്കു വേണ്ടി ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ എത്രയാണ് തുലച്ചത്. ചിന്തിക്കുന്തോറും എന്തോ ഒരു ഭീതി അദ്ദേഹത്തിന്റെ ഹൃദയത്തിൽ അടിഞ്ഞുകൂടി ...


ഭൗതിക സുഖങ്ങൾ വെട്ടിപ്പിടിക്കാൻ വേണ്ടി യത്നിച്ചതല്ലാതെ പാരത്രിക ജീവിതത്തിന്റെ നന്മക്കു നിതാനമായ ഒരു പ്രവർത്തനവും തന്നിൽ നിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല, ഇപ്പോൾ അങ്ങനെ ഒരു ചിന്ത ഉണ്ടായതോ,  സുഖസമൃദ്ധിയുടെ ചുമലിലേറിയിരുന്നു കൊണ്ടും കുടം കമിഴ്ത്തി വെള്ളമൊഴിക്കുന്നതിന് തുല്യമല്ലേ ഇപ്പണി ... ഇത് തനിക്ക് തീരെ ബാധമുണ്ടായില്ല. എന്റെ മനസ്സിനെ നേർ വഴിയിലേക്കു തിരിക്കാനായി വന്ന ആ അജ്ഞാനതനായ അതിഥി ആരായിരിക്കും ...? അയാൾ പറഞ്ഞതത്ര ശരി... രാജകൊട്ടാരത്തിൽ ഒട്ടകത്തെ തിരയുന്നു ...


സുഖസൗഭാഗ്യങ്ങളുടെ മുകളിൽ ഇരുന്നുകൊണ്ട് പാരത്രിക മോക്ഷം കൊതിക്കുന്നു. ഇല്ല ... ഒരിക്കലും ഞാനിനി ഈ സിംഹാസനത്തിൽ ഇരിക്കില്ല ...