അഹങ്കാരത്തിന്റെയും അഹന്തയുടെയും പ്രതീകമായി രാജ്യമായ രാജ്യമെല്ലാം വെട്ടിപ്പിടിച്ച് സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിച്ചുപോന്ന ചക്രവർത്തി ... അദ്ദേഹത്തിന് ഒരു സുപ്രഭാതത്തിൽ പെട്ടന്നങ്ങോട്ട് മാനസാന്തരം സംഭവിച്ചതല്ല. പിന്നെയോ ...?
ആ മനഃപരിവർത്തനത്തിന്റെ പിന്നിൽ ഒരുപാട് ചരിത്രങ്ങളുണ്ട്. ചിന്തിക്കുന്നവർക്ക് പാഠമായ ഒരുപാട് അനുഭവങ്ങൾ. ഇബ്റാഹീമിബ്നു അദ്ഹം ചക്രവർത്തിയുടെ ഹൃദയത്തിൽ ചലനങ്ങൾ ഉണ്ടാക്കിയ ചില സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണിവിടെ ...
പതിവുപോലെ അന്ന് രാജ്യസഭ കൂടി. തന്റെ സാമ്രാജ്യത്തോട് ചേർത്ത പുതിയ രാജ്യങ്ങളെക്കുറിച്ച് രാജാവ് സന്തോഷത്തോട്കൂടി സഭയെ അറിയിക്കുകയും അതിൽ പുളകമണിയുകയും ചെയ്തു. ദർബാർ പിരിഞ്ഞപ്പോൾ രാജാവ് അല്പം മാനസികോല്ലാസത്തിന് വേണ്ടി കൊട്ടാരത്തിന് സമീപമുള്ള പൂന്തോട്ടത്തിലെത്തി. പലവിധ സുഗന്ധങ്ങൾ മന്ദമാരുതൻ അദ്ദേഹത്തിന്റെ നാസദ്വാരങ്ങളിലേക്കെത്തിച്ചു. അനന്തരം രാജാവ് തന്റെ ശയനമുറിയിലേക്ക് തിരിച്ചു. പതിവുപോലെ പള്ളിയുറക്കത്തിലേക്ക് വഴുതിവീഴാനടുത്ത അദ്ദേഹം തന്റെ വിശേഷപ്പെട്ടതും പതുപതുത്തതുമായ തന്റെ മെത്തയിലേക്ക് മറിയാൻ വേണ്ടി അടുത്തുചെന്നു...
ഹെന്ത് ...! ഇവിടെയാരോ കിടക്കുന്നുണ്ടല്ലോ ... എന്നാത്മഗതം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ശയ്യ കീഴടക്കിയതാരെന്ന് സൂക്ഷിച്ച് നോക്കി ...
സാധാരണ രാജാവിന്റെ കിടപ്പ് മുറിയും മറ്റും അടിച്ചുവാരുന്ന തൂപ്പുകാരി പതിവുപ്രകാരം ആ മുറിയിലേക്ക് കയറിവന്നു ...
മഹാരാജാവപ്പോൾ പതിവുപോലെ പൂന്തോട്ടത്തിൽ ഉലാത്താൻ പോയതായിരുന്നു ... ദാസി ചൂലുമായി അറയിലെത്തി. അടിച്ചുവാരുന്നതിനിടയിൽ അലംകൃതമായ ആ മുറിയാകെ ഒന്നു സൂക്ഷിച്ചുനോക്കി...
താഴെ വിരിച്ചിരിക്കുന്നത് ഉയർന്ന തരം പരവതാനികൾ. കൊത്തുപണികളും മറ്റലങ്കാരങ്ങളുമുള്ള കട്ടിൽ. അതിൽ വിരിച്ചിരിക്കുന്ന മെത്ത എത്ര അഴകാർന്നതാണ്...
തൂപ്പുകാരിക്ക് ആ മെത്തയിൽ ഒന്നു തൊട്ടുനോക്കാൻ തോന്നി. അവൾ തൊട്ടു. ഹാവൂ ... എന്ത് മൃദുലത. പിന്നെ പെണ്ണിന്റെ മനസ്സ് സ്വസ്ഥമായില്ല...
ആ മെത്തയിൽ കിടന്നാൽ എന്ത് രസമായിരിക്കും, അവൾ ആത്മഗതം ചെയ്തു. ആ രാജമെത്തയിൽ ഒന്നു കയറിക്കിടക്കുവാനുള്ള അദമ്യമായ അഭിനിവേശം ആ തൂപ്പുകാരിപ്പെണ്ണിനെ പിടികൂടി. ഇത് രാജാവ് പള്ളിയുറക്കം കൊള്ളുന്ന അറയാണ്. രാജാവ് മാത്രം ശയിക്കുന്ന മെത്തയാണ്. അതിൽ കയറിക്കിടന്നാൽ കിട്ടാൻ പോകുന്ന ശിക്ഷ അതിഭയങ്കരമായിരിക്കും. ഈ ചിന്തയൊന്നും അപ്പോൾ ആ യുവതിക്കുണ്ടായില്ല. അവൾക്ക് ഒരൊറ്റ ആഗ്രഹം മാത്രം. ആ ശയ്യയിലൊന്ന് കയറിക്കിടക്കണം...
പിന്നെ മുമ്പിലും പിന്നിലും ആലോചിച്ചില്ല. വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ ആ പെണ്‍കൊടി രാജാവിന്റെ പട്ടുമെത്തയിൽ കയറിക്കിടന്നു. മെത്തയിൽ കിടന്നപ്പോൾ താൻ കേവലം ഒരു അടിച്ചുതളിക്കാരിയാണ്, താനിവിടെ വന്നത് രാജാവിന്റെ മുടി അടിച്ചുവാരാനാണ് എന്നുള്ള വിചാരമെല്ലാം അവളിൽ നിന്നകന്നുപോയി. ഇവിടെ താൻ തന്നെ രാജകുമാരി എന്ന് ആ പാവം തൂപ്പുകാരിക്ക് തോന്നിപ്പോയി...
ആ സുപ്രമഞ്ചത്തിലെ സുഖശീതളിമയിൽ അവൾ മെല്ലെമെല്ലെ ഉറക്കത്തിലേക്ക് വഴുതിപ്പോയി ... ഈ കാഴ്ച കണ്ടുകൊണ്ടാണ് ചക്രവർത്തി വന്നത്...
ഒരു തൂപ്പുകാരി, കേവലം അടിമ തന്റെ ശയ്യയിൽ കയറിക്കിടക്കുക... എന്നിട്ട് എല്ലാം മറന്ന് കൂർക്കം വലിച്ചുറങ്ങുക... ഒരു സാധാരണ നാട്ടുപ്രമാണിക്കുപോലും ക്ഷമിക്കാനാവാത്ത കൃത്യമാണിത്. പിന്നെ എങ്ങിനെ ചക്രവർത്തിയായ ഇബ്റാഹീമിബ്നു അദ്ഹത്തിന് ക്ഷമിക്കാനാകും...
രോഷം അദ്ദേഹത്തിന്റെ സിരകളിലൂടെ ഇരച്ചുകയറി. ആ രക്തം ചൂടുപിടിച്ചു. കോപം കൊണ്ട് മഹാരാജാവ് വിറച്ചു...
എന്റെ മെത്തയിൽ കയറിക്കിടക്കാൻ ധൈര്യം വന്നവൾ ആരടാ ...? എന്നാക്രോശിച്ചുകൊണ്ട് അദ്ദേഹം ഉറങ്ങിക്കിടക്കുന്ന അടിമസ്ത്രീയുടെ കരണത്തുതന്നെ ശക്തമായൊരു അടികൊടുത്തു. അടിയേറ്റുകൊണ്ട് തൂപ്പുകാരി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. പെട്ടന്നവൾക്ക് പരിസരബോധമുണ്ടായി...
താൻ ഉറങ്ങിപ്പോയോ ...? ആ മെത്തയുടെ മൃതുലത കണ്ട് ഭ്രമിച്ച് അതിലൊന്ന് കയറിക്കിടന്നതാണ്. അപ്പോഴേക്കും നിദ്രയിലേക്ക് വഴുതിയോ ... രാജാവ് തന്റെ അഹംഭാവം കണ്ടുപിടിച്ചോ ...? ബുദ്ധിമതിയായ ആ അടിമസ്ത്രീ രാജാവിൽ നിന്ന് കിട്ടിയ പ്രഹരമോർത്ത് ചിരിച്ചു. പൊട്ടിച്ചിരിതന്നെ ... രാജാവ് ആ അടിമസ്ത്രീയെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടതുപോലെ അവളുടെ ചിരി നിന്നു. ഇതാ ഇപ്പോൾ അവൾ പൊട്ടിക്കരയുകയാണ്. അലമുറയിട്ട് കരയുകയാണ് ...
തന്റെ അടികൊണ്ട് അടിമസ്‌ത്രീ പൊട്ടിച്ചിരിക്കുന്നു... നിമിഷങ്ങൾക്കകം പൊട്ടിക്കരയുന്നു. ചക്രവർത്തിക്കുണ്ടായ അത്ഭുതത്തിനളവുണ്ടായിരുന്നില്ല. ആ ദാസിയോട് അദ്ദേഹം ചോദിച്ചു ...
ഹേ ... അടിമപ്പെണ്ണേ ... നീയെന്താണ് ഭ്രാന്തിയെപ്പോലെ പെരുമാറുന്നത്. എന്റെ മെത്തയിൽ കയറിക്കിടന്നതിന് ഞാൻ നിന്നെ പ്രഹരിച്ചു. പ്രഹരമേറ്റാൽ എല്ലാവരും സാധാരണ കരയാറാണ് പതിവ്. എന്നാൽ പതിവിന്ന് വിപരീതമായി നീ ചിരിക്കുകയാണ് ചെയ്തത്. അത് പോട്ടെ ... നിന്റെ ചിരി പെട്ടെന്ന് നിൽക്കുകയും പിന്നെ അതേ സ്വരത്തിൽ പൊട്ടിക്കരയുകയും ചെയ്തു. എന്താണ് ഇതിന്റെയൊക്കെ അർത്ഥം ...?
രാജാവിന്റെ ചോദ്യത്തിന് അടിമസ്‌ത്രീ മറുപടി പറയാൻ തുടങ്ങി...
അതൊരു പരിവർത്തനത്തിന്റെ തുടക്കമായിരുന്നു ...