യാത്ര അനന്തമായ യാത്ര തന്നെ. ഏകാന്തത അതൊന്നുമാത്രമാണ് തനിക്കാവശ്യം. അത് കിട്ടുവോളം നടക്കണം. അങ്ങിനെ നിനച്ചുകൊണ്ട് ഇബ്റാഹീമിബ്നു അദ്ഹം മുന്നോട്ട് ഗമിച്ചുകൊണ്ടിരുന്നു ...
വഴിയിൽ ഒരപരിചിതൻ എതിരിൽ വരുന്നത് ഇബ്‌റാഹീം കണ്ടു. മുമ്പ് കണ്ട വയോവൃദ്ധന്മാരുമായി സാമ്യമുണ്ട്. വേഷത്തിൽ മാത്രമേ സാദൃശ്യമുള്ളൂ ... ശുഭവസ്ത്രം, നീളൻ തലയിൽകെട്ട്, വെള്ളത്താടി എല്ലാമെല്ലാം ... പക്ഷെ, ഒന്നുമാത്രമില്ല, മുഖത്ത് ഒളിമിന്നുന്ന തേജസ്സ്. ഇയാളുടെ മുഖം മാരിക്കാർ പോലെ കരുത്തിരുണ്ടതാണ്. ഒരു പ്രസാദവുമില്ല...
അപരിചിതൻ ഇബ്റാഹീമിബിനു അദ്ഹമിന്റെ സമീപം വന്ന് ഇപ്രകാരം പറഞ്ഞു ...
" അല്ലയോ മഹാരാജാവേ, അങ്ങ് എന്ത് മൗഢ്യമാണീ കാണിക്കുന്നത് ...? അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാൻ സ്വന്തം ശരീരത്തെയിട്ട് ഇങ്ങനെ കഷ്ടപ്പെടുത്തണമെന്നോ ...? അല്ലാതെത്തന്നെ അതിന് എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. താങ്കളെന്തിന് ആ സമുന്നതമായ രാജാധികാരവും പദവിയും കളഞ്ഞുകുളിച്ചു ... രാജകൊട്ടാരത്തിലിരുന്നാലും ഏതുതരം ഇബാദത്തും ചെയ്യാമായിരുന്നില്ലേ ..., തന്നേയുമല്ല, സമ്പത്ത് കൈവശമുണ്ടെങ്കിൽ ദാനധർമ്മങ്ങൾ കൊണ്ട് വേറെയും പുണ്യം നേടാം. ഇതൊന്നുമാലോചിക്കാതെ വെറുതെ എടുത്ത് ചാടിയത് ഏതായാലും ബുദ്ധിയായില്ല... താങ്കൾ എന്നെ കണ്ടില്ലേ ...? ഭൗതികമായ എല്ലാ ആഡംബരങ്ങളും അസ്വദിക്കുന്നവനാണ് ഞാൻ. എന്നിട്ടും അല്ലാഹുവിന്റെ പ്രീതി പാത്രഭൂതനാകാൻ എനിക്ക് കഴിഞ്ഞു. താങ്കൾ വേഗം മടങ്ങിപ്പോകുക. ബൽഖയിലെ സിംഹാസനത്തിലിരിക്കുക. എന്നിട്ട് ഇഹത്തിലും പരത്തിലും സന്തുഷ്ടജീവിതം നയിക്കുക ..."
ഇബ്റാഹീമിബിനു അദ്ഹം അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലാം കേട്ടു ... അയാൾ ഏതായാലും തന്റെ ഗുണകാംക്ഷിയല്ലെന്ന് അദ്ദേഹത്തിന് ഉറപ്പായി. ഇബ്ലീസ് പല നിലയിലും വന്ന് പരീക്ഷിക്കുമെന്ന ഇൽയാസ് നബിയുടെ ഉപദേശം അദ്ദേഹം ഓർത്തു ... ഇവൻ തീർച്ചയായും ശപിക്കപ്പെട്ട പിശാച് തന്നെ. അദ്ദേഹം നഊദുബില്ല എന്നു വിളിച്ചുപറഞ്ഞു ...
തൽക്ഷണം ഭയവിഹ്വലയായി വായോധികന്റെ വേഷത്തിൽ വന്ന പിശാച് പിന്തിരിഞ്ഞോടി ...
അൽഹംദുലില്ലാഹ് ... ദ്രോഹിയായ ശൈത്താനിൽ നിന്ന് എന്നെ രക്ഷിച്ച അല്ലാഹുവിന് തന്നെ സർവ്വസ്തുതിയും ... എന്നു പറഞ്ഞുകൊണ്ട് ഇബ്‌റാഹീം ഒരുപാട് റകഅത്ത് നിസ്കരിച്ചു ...
ഇങ്ങനെ തന്റെ യാത്രയിൽ ഇടവിട്ട് അദ്ദേഹം നിസ്കരിച്ചുകൊണ്ടിരുന്നു ... തനിക്ക് ഏകാന്തവാസത്തിന് പറ്റിയ സ്ഥലം അന്വേഷിച്ചുകൊണ്ടാണ് അദ്ദേഹം യാത്ര തുടർന്നത് ...