ഇബ്രാഹിം പുതിയൊരു താവളം കണ്ടെത്തി. ബാഗ്ദാദിലെ ഒരു ഗ്രാമത്തിൽ ചെന്ന് അദ്ദേഹം ചുമടെടുക്കുകയും കൂലിവേല ചെയ്യുകയും ചെയ്തു. പകൽ അത്യദ്ധ്വാനം ചെയ്യുമ്പോൾ പോലും ഒരിറ്റുവെള്ളം തൊണ്ടയിലൂടെ ഇറക്കിയിരുന്നില്ല. എന്നും നോമ്പ് തന്നെ...
ഇത്രയും കാലം തിന്ന് സുഖിച്ച് മതിച്ച് നടന്ന ശരീരത്തെ അദ്ദേഹം ശിക്ഷിക്കുകയായിരുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ അത്യദ്ധ്വാനം ചെയ്തു കിട്ടുന്ന വെള്ളിനാണയങ്ങളിൽ നിന്ന് തന്റെ ഒരു നേരത്തെ ലളിതമായ ശാപ്പാടിനുള്ളത് മാത്രം എടുത്ത് ബാക്കി അദ്ദേഹം പാവങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ് ...
അന്നും പതിവുപോലെ സുബ്ഹി നിസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞ് ഇബ്രാഹീം ഗ്രാമത്തിലേക്കിറങ്ങി. അന്നദ്ദേഹത്തിന് ലഭിച്ചത് ഒരു വലിയ ചുമടായിരുന്നു. അതിന്റെ ഉടമക്കാരൻ നിർദ്ദേശിച്ച സ്ഥലത്ത് ചുമട് എത്തിയപ്പോഴേക്ക് അദ്ദേഹത്തിന്റെ മുത്ക് ഒടിയാനടുത്തിരുന്നു. ചുമട് താഴെ വെച്ച് പതിവുപോലെ ഉടമക്കാരന്റെ സമീപം ചെന്ന് അദ്ദേഹം കൂലിക്ക് കൈനീട്ടി. ഇത്തവണ ഇബ്രാഹീം ചുമന്ന ചരക്കിന്റെ ഉടമക്കാരൻ വെറും സാധാരണക്കാരനായിരുന്നില്ല . കുപ്രസിദ്ധികൊണ്ട് ആ നാടിനെയാകെ വിറപ്പിച്ച ഒരു കൊള്ളക്കാരനായിരുന്നു. അയാൾ തന്നോട് കൂലി ചോദിച്ചത് ആ കവർച്ചക്കാരന് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ലെന്ന് അയാളുടെ മുഖഭാവം തെളിയിച്ചു... ഇബ്രാഹീമുബ്നു അദ്ഹം അതൊന്നും ശ്രദ്ധിച്ചില്ല. തന്റെ അന്നത്തെ അദ്ധ്വാനത്തിെന്റെ ഫലം കിട്ടാൻ വേണ്ടി അദ്ദേഹം കൈനീട്ടി ...
" എടാ ധിക്കാരി. നീ ആരുടെ നേരെയാണ് കൂലി ചോദിച്ച് കൈനീട്ടുന്നത്. ഞാൻ ജോലിയെടുപ്പിച്ച ആരും എന്നോട് ഇതുവരെ കൂലി ചോദിച്ചിട്ടില്ല. അതു കൊണ്ട് നിനക്കും വേഗം തടി രക്ഷപ്പെടുത്താൻ ഇവിടെ നിന്ന് പോവുകയാണ് നല്ലത് ..."
എന്തൊരു അനീതിയാണിത് പടച്ചവനെ...? ചുമരൊടിയോളം ചുവടെടുപ്പിച്ചിട്ട് കൂലി ചോദിച്ചപ്പോൾ വധഭീഷണി ...
ഇബ്രാഹീമുബ്നു അദ്ഹം ഒന്നും ഉരിയാടിയില്ല. ഇതെല്ലാം താൻ അനുഭവിക്കേണ്ടവനാണെന്നുള്ള മനോഭാവത്തോടെയായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത് ...
ഒന്നും മിണ്ടിയില്ലെങ്കിലും ഇബ്രാഹീമിബ്നു അദ്ഹം അവിടെ തന്നെ നിന്നു ...
"താനെന്താടൊ ഒന്നുമിണ്ടാത്തത്....? ഊമയാണോ...? പോകാൻ പറഞ്ഞത് കേട്ടില്ലേ...?"
കവർച്ചക്കാരന് കലിയിളകിത്തുടങ്ങിയിരുന്നു. അപ്പോഴും ഇബ്രാഹീമിബ്നു അദ്ഹം ഒന്നും ഉരിയാടിയില്ല. കോപത്തിന്റെ മൂർദ്ധന്യതയിലെത്തിയപ്പോൾ ആ ദുഷ്ടൻ തന്റെ കൈവശമുണ്ടായിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ഇബ്രാഹീമിബ്നു അദ്ഹമിന്റെ ശിരസ്സിന് ശക്തമായൊരു താണ്ഡനം കൊടുത്തു. അടിയുടെ ശക്തിയാൽ അദ്ദേഹം നിലത്തുവീണു. തല പൊട്ടി രക്തം കൂടുതൽ ഒഴുകാൻ തുടങ്ങി. എന്നിട്ടും അരിശം തീരാതെ കവർച്ചക്കാരൻ വീണ്ടും അടിക്കാനോങ്ങി ഇത്തവണ കറാമത്ത് സംഭവിക്കുക തന്നെ ചെയ്തു. അടിക്കാൻ വേണ്ടി ഉയർത്തിയ കരങ്ങൾക്ക് താഴ്ത്താൻ കഴിയുന്നില്ല ...
ഇതെന്തു കഥ ...? ആ കൊള്ളക്കാരന് ആകെ വേവലാതിയായി. അയാൾ ചിന്തിച്ചുനോക്കി. തന്റെ മുമ്പിൽ വീണുകിടക്കുന്ന ചുമട്ടുകാരൻ വെറും സാധാരണക്കാരനല്ലെന്ന് അയാൾക്ക് മനസ്സിലായി. ഇദ്ദേഹത്തെക്കൊണ്ട് പെരുത്തപ്പെടീക്കാതെ തന്റെ കൈകൾ പൂർവ്വസ്ഥിതി പ്രാപിക്കുകയില്ലെന്നുള്ള ഉത്തമബോധ്യം ആയാൾക്കുണ്ടായി. അതുവരെ ഒരു കൊലയാളിയുടെ ക്രൂരത നിഴലിച്ചിരുന്ന ആ മുഖത്ത് ഇപ്പോൾ കാണുന്നത് ഒരുതരം ദയനീയതയാണ് ...
" ബഹുമാന്യവരെ എനിക്ക് നിങ്ങളെ മനസ്സിലാകാതെ പറ്റിപ്പോയതാണ്. എന്നോട് ക്ഷമിക്കേണമേ ... എന്റെ കൈകൾ പൂർവ്വസ്ഥിതി പ്രാപിക്കുവാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കേണമേ ..."
ഇബ്രാഹീമിബ്നു അദ്ഹം അയാൾക്കുവേണ്ടി പ്രാർത്ഥിച്ചു. തൽക്ഷണം അയാൾക്ക് കരങ്ങൾ താഴ്ത്താൻ കഴിഞ്ഞു. ദുആക്ക് ഉത്തരം കിട്ടുന്ന ഒരു മഹനീയനെയാണല്ലൊ താൻ മർദ്ധിക്കുകയും അവഹേളിക്കുകയും ചെയ്തത് എന്നോർത്ത് ആ കവർച്ചക്കാരന് എന്തെന്നില്ലാത്ത പശ്ചാതാപമുണ്ടായി ...
അയാൾ ഇബ്രാഹീമിബ്നു അദ്ഹമിന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു ...
അപ്പോൾ ഇബ്രാഹീമിബ്നു അദ്ഹം പറഞ്ഞു ...
" ഇതെല്ലാം ഞാനനുഭവിക്കേണ്ടതാണ്. ഒരുപാട് പാവപ്പെട്ടവരെ ഞാൻ മർദ്ദിച്ചിട്ടുണ്ട്. അധികാരത്തിന്റെ അഹന്തയിൽ ഒരുപാട് രക്തം ചിന്തിയിട്ടുണ്ട്. അതിന്റെയെല്ലാം പ്രതികാരം ഈ ലോകത്തുനിന്നുതന്നെ അനുഭവിക്കുന്നതാണ് എനിക്കിഷ്ടം ..."
"എങ്കിൽ അങ്ങയുടെ ശിഷ്യനാകാൻ എന്നെയും എന്റെ അനുയായികളെയും അനുവദിക്കണം ..."
"ഈ ലോകത്തോടുള്ള സകല കെട്ടുപാടുകളും ഉപേക്ഷിക്കുന്നവർക്കേ അതിനു സാധിക്കുകയുള്ളൂ ..."
അയാൾ സമ്മതിച്ചിരിക്കുന്നു.
ഭൗതിമായ ഒന്നിനേയും ഇനി ഞങ്ങൾക്ക് ബന്ധമുണ്ടായിരിക്കുകയില്ല...
അങ്ങനെ ആ കവർച്ചക്കാരനെയും അനുയായികളെയും ഇബ്രാഹീമിബ്നു അദ്ഹം തന്റെ ശിഷ്യന്മാരായി സ്വീകരിച്ചു ...