പ്രഭാതം ... മക്കയിലാകെ വെളിച്ചം പരന്നു. കിഴക്കൻ മലകൾക്കപ്പുറത്ത് നിന്ന് സൂര്യൻ ഉയർന്നു വരുന്നതേയുള്ളൂ . ഖദീജ (റ) കൊച്ചു മകളെ വിളിച്ചുണർത്തി മുഖം കഴുകിക്കൊടുത്തു... മോളേ.... അതിരാവിലെ ഉണർന്നെഴുന്നേൽക്കണം അതൊരു ശീലമാക്കണം. ഇത്താത്തമാരൊക്കെ നേരത്തെ ഉണരും...
മരുഭൂമിയിലെ പ്രഭാതം അതിനെന്തൊരു ഭംഗി. ഒട്ടകക്കൂട്ടങ്ങൾ എല്ലാം ഉമ്മയുടെ വകയാണ്. അവ പ്രഭാതത്തെ സ്വാഗതം ചെയ്യുകയാണ്. നല്ല ഉത്സാഹം. കാലുകൾ ചലിപ്പിക്കുന്നു. തലയാട്ടുന്നു. വേലക്കാർ അവക്ക് വെള്ളവും തീറ്റയും നൽകുന്നു. ഒട്ടകങ്ങൾക്കിടയിലൂടെ ഓടി നടക്കുന്ന രണ്ട് ബാലന്മാർ. മിടുമിടുക്കന്മാർ ബുദ്ധിയുള്ള കുട്ടികൾ. നല്ല ആരോഗ്യവും അവർ വെറുതെയിരിക്കില്ല. മടിയും അലസതയും അവർക്കറിയില്ല. മരുഭൂമിയിലൂടെ നല്ല വേഗതയിൽ ഓടും. ആ ഓട്ടം കാണാൻ തന്നെ നല്ല രസം. മോൾ ആ ബാലന്മാരുടെ ഓട്ടവും ചാട്ടവും നോക്കി നിന്നു ആസ്വദിച്ചു. അവരെ പരിചയപ്പെടണ്ടേ ...
കഴിഞ്ഞ ഭാഗത്തിൽ രണ്ട് വല്യുപ്പമാരെ പരിചയപ്പെട്ടല്ലോ അബ്ബാസ് (റ), ഹംസ (റ) മറ്റൊരു വല്യുപ്പയുടെ പേര് കൂടിപ്പറയാം അബൂത്വാലിബ് അദ്ദേഹത്തിന്റെ ഓമനമകനാണ് അലി...
അലി ഈ വീട്ടിലാണ് താമസം. ഉപ്പ ചെറുപ്പത്തിലേ ഇവിടെ കൊണ്ടു വന്നു നിർത്തി വളർത്തിയതാണ്. ഉമ്മാക്കും അലിയെ വലിയ ഇഷ്ടമാണ്. അലിയുടെ കുസൃതികൾ പലപ്പോഴും ചിരിക്ക് വക നൽകും. വാചാലമായി സംസാരിക്കും. ഒരു കുട്ടിയെ പരിചയപ്പെട്ടല്ലോ ഇനി മറ്റേ കുട്ടിയെക്കുറിച്ചു പറയാം... സൈദ് എന്നാണ് പേര്. ദൂരെ എവിടെയോ ആണ് വീട്. കുട്ടിയായിരിക്കുമ്പോൾ കൊള്ളക്കാർ തട്ടിക്കൊണ്ട് പോയി അടിമയാക്കി. ഉക്കാള് ചന്തയിൽ കൊണ്ടുപോയി വില്പനക്കു വെച്ചു. അന്ന് അടിമകളെ വാങ്ങാൻ വേണ്ടി ഹകീം എന്നൊരാൾ ചന്തയിൽ പോയിരുന്നു. ആരാണ് ഹകീം എന്നല്ലേ ... പറഞ്ഞു തരാം ഫാത്വിമ മോളുടെ ഉമ്മായുടെ പേര് ഖദീജ. അവരുടെ ഉപ്പയുടെ പേര് ഖുവൈലിദ്. ഖുവൈലിദിന്റെ മകനാണ് ഹസാം. എന്നു വെച്ചാൽ ഹസാം എന്ന ആൾ ഖദീജയുടെ സഹോദരൻ. ഹസാമിന്റെ മകനാണ് ഹകീം. ഇപ്പോൾ ഹകീമിനെ മനസ്സിലായല്ലോ...
ഹകീം കുറെ അടിമകളെ വാങ്ങി. യുവാക്കളും കുട്ടികളും. സൈദിനെ കണ്ടപ്പോൾ ഹകീമിന്ന് ഇഷ്ടമായി എന്ത് വില വേണം...? വില പറഞ്ഞു വില പേശി ഒടുവിൽ 400 ദിർഹമിന്ന് ഉറപ്പിച്ചു അടിമകളേയും കൊണ്ട് ഹകീം മടങ്ങിപ്പോയി ..
ഖദീജ (റ) സഹോദരപുത്രനെ കാണാൻ ചെന്നു ...
അമ്മായീ ... നിങ്ങൾക്കിഷ്ടമുള്ള ഒരടിമയെ എടുത്തോളൂ. എന്റെ വക ഒരു സമ്മാനമാണത്. ഖദീജ (റ) അടിമകളെയെല്ലാം നോക്കി എനിക്ക് ഇത് മതി ...
കൊണ്ട് പോയ്ക്കൊള്ളൂ ...
സൈദ് അങ്ങനെയാണ് ഈ വീട്ടിലെത്തിയത്. അക്കാലത്താണ് ഉപ്പ ഉമ്മയെ വിവാഹം ചെയ്തത്. ഉമ്മാക്ക് ഒരാഗ്രഹം ഉപ്പാക്കൊരു സമ്മാനം കൊടുക്കണം. എന്താണ് സമ്മാനമായി നൽകിയത് ...?
സൈദ് എന്ന അടിമയെ. ഉമ്മ സൈദിനോട് ഒരു മകനോടെന്ന പോലെ പെരുമാറി. ഉപ്പ അതിനേക്കാൾ സ്നേഹം നൽകി. ആളുകൾ മുഹമ്മദിന്റെ മകൻ സൈദ് ഇന്ന് വിളിക്കാൻ തുടങ്ങി. സൈദിന്റെ യഥാർത്ഥ പിതാവ് ഗോത്രത്തലവനും ധനികനുമായ ഹാരിസ് ആയിരുന്നു. ഹാരിസ് മകനെ അന്വേഷിച്ച് നാടാകെ കറങ്ങി. വളരെക്കാലം തിരിഞ്ഞു നടന്നു മക്കയിലെത്തി, ഒടുവിൽ ഈ വീട്ടിലെത്തി ...
എന്റെ മകനെ വിട്ടു തരണം. എത്ര പണം വേണമെങ്കിലും തരാം. ഫാത്വിമ മോളുടെ ഉപ്പായോട് ഹാരിസ് പറഞ്ഞു ...
പണം വേണ്ട നിങ്ങൾക്കവനെ വിട്ടു തരാം. ഞാൻ നിർബന്ധിക്കില്ല. അവന്ന് ഇഷ്ടമാണെങ്കിൽ വന്നോട്ടെ ഉപ്പ പറഞ്ഞതിങ്ങനെയായിരുന്നു ...
ഹാരിസ് മകനോട് കൂടെപ്പോകാനാവശ്യപ്പെട്ടു ...
ഞാൻ വരില്ല. ഞാൻ ഈ വീട്ടിൽ തന്നെ താമസിച്ചു കൊള്ളാം. അതായിരുന്നു സൈദിന്റെ മറുപടി ...
നിങ്ങൾക്ക് മകനെ കാണാൻ വേണ്ടി ഇവിടെ വരാം. എപ്പോൾ വേണമെങ്കിലും വരാം. നബി (സ) ആശ്വസിപ്പിച്ചു ...
സൈദ് ഈ വീട്ടിലാണ് വളർന്നത്. ഇപ്പോൾ രണ്ടാമത്തെ ആളിനെയും പരിചയപ്പെട്ടല്ലോ... അലിയെക്കാൾ മൂത്തതാണ് സൈദ്. അവരും ഈ വീട്ടിലെ അംഗങ്ങൾ തന്നെയാണ്. ആൺ മക്കളില്ലാത്ത ഈ വീട്ടിൽ അലിക്കും സൈദിന്നും ഉയർന്ന സ്ഥാനമാണുള്ളത്. വീട്ടു ജോലികളിൽ സഹായിക്കും പണിയെടുക്കാൻ ഒരു മടിയുമില്ല...
ഒട്ടകപ്പുറത്ത് കയറി സഞ്ചരിക്കും. ഈത്തപ്പനമരങ്ങളിൽ കയറും. ഈയിടെയായി അവരുടെ മുഖത്തും ഗൗരവ ഭാവം. ഈ ലോകത്തിനൊരു നാഥനുണ്ടെന്ന് അവരും അറിഞ്ഞു. മുഹമ്മദ് അള്ളാഹുവിന്റെ ദൂതനാണെന്ന് അവരും കേട്ടു. ഒരു ദിവസം ഉപ്പയും ഉമ്മയും കൂടി നിസ്കരിച്ചു. അലി അത് കണ്ടു. നിസ്കാര ശേഷം അലി അതിനെപ്പറ്റി ചോദിച്ചു. ഉപ്പ അലിക്ക് ഇസ്ലാം മതത്തെക്കുറിച്ചു പറഞ്ഞു കൊടുത്തു. കേട്ടു കഴിഞ്ഞപ്പോൾ വലിയ ആവേശം. അടുത്ത ദിവസം തന്നെ ഇസ്ലാം മതം സ്വീകരിച്ചു. കുട്ടികളിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ആദ്യത്തെ ആൾ അലി (റ) ...