Wednesday - 22 April, 2026 4-Dhu al-Qadah-1447

വിശ്വാസത്തിന്റെ വെളിച്ചം

കാത്തുകാത്തിരിക്കെ ഉപ്പയെത്തും, മോളെ കോരിയെടുക്കും മുത്തം നൽകും. ഉപ്പയുടെ സ്നേഹം കവിഞ്ഞൊഴുകും അത് കാണുമ്പോൾ ഉമ്മായുടെ മനസ്സ് ആഹ്ലാദം കൊണ്ട് നിറയും. ഉപ്പയുടെ നേർ പകർപ്പാണ് മോൾ. പലരും പറയും ഉമ്മാക്കാണെങ്കിൽ അത് കേൾക്കുന്നത് വലിയ സന്തോഷം. ഉപ്പയെപ്പോലെ തന്നെ മോളുടെ നടപ്പ്.  ഉപ്പ ചിരിക്കുംപോലെ ചിരിക്കും. ഉമ്മ മോൾക്ക് മുടിചീകിയൊതുക്കിക്കൊടുക്കും. നഖം വെട്ടിക്കൊടുക്കും. അപ്പോൾ ഉമ്മ സന്തോഷത്തോടെ പറയും ഉപ്പയെ ഒപ്പിയെടുത്തതു പോലെ... 


എന്റെ പുന്നാരമോൾ വീട്ടിനകത്തും മുറ്റത്തും ഓടിനടക്കും, ശബ്ദമുയർത്തി ഇത്താത്തമാരെ വിളിക്കും, ഇത്താത്തമാർ ഓടിവരുമ്പോൾ പരിഭവം പറയും. മോൾക്ക് അഞ്ച് വയസ്സായി ബാലികയായി മാറുകയാണ്. എല്ലാ കാര്യങ്ങളും ചോദിച്ചറിയുന്ന പ്രകൃതം. അറിയാനുള്ള ആവേശം. മാനസിക വികാസത്തിനുള്ള വെമ്പൽ. ഉമ്മ ഉപ്പയെ ഭക്ഷണപ്പൊതികൾ ഏൽപിക്കുന്നു. അതുമായി ഉപ്പ പോകുന്നു. വീട്ടിൽ നിന്നിറങ്ങാൻ നേരത്ത് മോളെയെടുത്തു ലാളിച്ചു. അത് നന്നായി, അല്ലെങ്കിൽ മോൾക്ക് സങ്കടം വരില്ലേ...? 


ഉപ്പ എങ്ങോട്ടാണ് പോവുന്നത് ? അല്ലെങ്കിൽ അതിനെപ്പറ്റി അധികം അന്വേഷിക്കേണ്ട ഉപ്പാക്ക് ഉപ്പയുടെ കാര്യം?  രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഉപ്പായെ വീണ്ടും കാണാം. വരാൻ വൈകിയാൽ ഉമ്മാക്ക് ബേജാറാണ്. ഇത്താത്തമാരും വിഷമിക്കും. അതൊക്കെ കാണുമ്പോൾ മോൾക്ക് സങ്കടം വരും. ഒരു ദിവസം രാവിലെ മോൾ ഉണർന്നു വന്നു  നോക്കുമ്പോൾ ഒരാൾ മൂടിപ്പുതച്ചു കിടക്കുന്നു ആരാണുമ്മാ കിടക്കുന്നത് ? 


ഉപ്പ 


ഉപ്പയോ ?  ഉപ്പാക്കെന്ത് പറ്റി ?  


പനി  


തൊട്ടു നോക്കി ഹോ.... എന്തൊരു പനി  


ഉമ്മ ഉപ്പയെ പരിചരിക്കുന്നു... ആശ്വസിപ്പിക്കുന്നു ... 


പേടിക്കേണ്ട ഒരാപത്തും വരില്ല. താങ്കൾ കുടുംബബന്ധം ചേർക്കുന്ന ആളാണ് അന്യരെ സഹായിക്കുന്ന ആളാണ്... 


ഉപ്പയുടെ മുഖത്തെന്താണൊരു പേടിയുടെ ഭാവം? നെറ്റി വിയർക്കുന്നു, എന്തോ സംഭവിച്ചിരിക്കുന്നു. എന്താണെന്ന് ആർക്കറിയാം.  വീട്ടിൽ ചിലരൊക്കെ വരുന്നുണ്ട്. ഉമ്മയോട് സംസാരിക്കുന്നു. വലിയ ഗൗരവത്തിലാണ് സംസാരം. മോൾക്കൊന്നും മനസ്സിലായില്ല. മോൾ കൊച്ചു കുട്ടിയല്ലേ ? ഉപ്പ എഴുന്നേറ്റിരിക്കുന്നു. നല്ല ക്ഷീണം. ഉമ്മയും ഉപ്പയും ശബ്ദം താഴ്ത്തി സംസാരിക്കുന്നു. കൊച്ചു മോൾ അത് കേട്ടു... 


വറഖത്ത് ബ്നു നൗഫൽ ഉമ്മായുടെ ബന്ധു. ആ ബന്ധു പറഞ്ഞ കാര്യങ്ങൾ അതിനെപ്പറ്റിയാണ് സംസാരം. വറഖത്ത് പ്രായം ചെന്നയാളാണ് ഇടക്ക് വീട്ടിൽ വരാറുണ്ട്. മോൾ കണ്ടിട്ടുണ്ട് പഴയ വേദങ്ങളൊക്കെ പഠിച്ച ആളാണത്രെ. വലിയ പണ്ഡിതൻ. കാണുമ്പോൾ ബഹുമാനം തോന്നും. വിവരമുള്ളവരെയും പ്രായം ചെന്നവരെയും ബഹുമാനിക്കണമെന്ന് ഉമ്മ പറയാറുണ്ട്... 


പണ്ട് മൂസാ നബി (അ) ന്റെയടുത്ത് വന്ന അതേ മലക്ക് തന്നെയാണ് താങ്കളുടെയടുത്തും വന്നത്. അങ്ങനെയാണദ്ദേഹം പറഞ്ഞത്.  ഉമ്മ മെല്ലെപ്പറയുന്നു... 


മൂസാ നബി (അ) പണ്ടെന്നോ ജീവിച്ച നബിയാണ്. ആ നബിയുടെയടുത്ത് മലക്ക് വന്നു. ആ മലക്ക് ഇപ്പോൾ ഉപ്പായുടെയടുത്തും വന്നു. എന്നല്ലേ ഉമ്മ പറയുന്നത്  എന്തിനാ വന്നത്... ? ഉപ്പ വല്ലാതെ വിഷമിക്കുന്നുണ്ട്. ഉമ്മ നന്നായി ആശ്വസിപ്പിക്കുന്നുണ്ട്. ദിവസങ്ങൾ കടന്നു പോയി. വീട്ടിലുള്ളവരെല്ലാം ഗൗരവം പൂണ്ടത് പോലെ.  പഴയ കളിതമാശകളൊക്കെ എവിടെപ്പോയി.  സൈനബ് ഇത്താത്ത പറഞ്ഞപ്പോഴാണ് ചില കാര്യങ്ങൾ മനസ്സിലായത്...  


ഉപ്പ ഈ ജനങ്ങളിലേക്കുള്ള നബിയാണ്. അള്ളാഹുവാണ് നബിയായി നിയോഗിച്ചത്. അള്ളാഹുവിൽ നിന്ന് സന്ദേശങ്ങൾ വരുന്നുണ്ട്. മലക്കാണ് കൊണ്ടുവരുന്നത്. ആ മലക്കിന്റെ പേര് ജിബ്രീൽ... ഉമ്മയും ഇത്താത്തമാരും സംസാരിക്കുമ്പോൾ കൊച്ചുമോൾ അതിശയത്തോടെ കേട്ടു കൊണ്ടിരിക്കും. അള്ളാഹു ഒരുപാട് നബിമാരെ അയച്ചിട്ടുണ്ട്. ജനങ്ങൾക്ക് നല്ല മാർഗ്ഗം കാണിച്ചു കൊടുക്കാനാണ് അവരൊക്കെ വന്നത്. അവരുടെ കൂട്ടത്തിലെ അവസാനത്തെ നബിയാണ് ഉപ്പ. കേട്ടപ്പോൾ മോൾക്ക് സന്തോഷം തോന്നി. പിന്നീട് ഉമ്മ പറഞ്ഞത് കേട്ടപ്പോൾ പേടി തോന്നി...


അള്ളാഹുവിന്റെ സന്ദേശം പ്രചരിപ്പിക്കാൻ വന്ന എല്ലാ നബിമാരേയും ജനങ്ങൾ ഉപദ്രവിച്ചിട്ടുണ്ട്. ഉപ്പയെയും ഉപദ്രവിക്കും. ഉപദ്രവം സഹിക്കവയ്യാതെ നാട് വിടേണ്ടി വന്നിട്ടുണ്ട്. ഉപ്പാക്ക് ഉപദ്രവം സഹിക്കേണ്ടിവരുമോ... ?  അൽ അമീൻ എന്നു വിളിച്ച സമൂഹം ഉപ്പായെ വെറുക്കുമോ... ?  അങ്ങനെയൊരു കാലം വന്നാൽ മകളെന്ത് ചെയ്യും. മോൾക്കൊരെത്തും പിടിയും കിട്ടുന്നില്ല. ദിവസങ്ങൾ നീങ്ങിയപ്പോൾ ഉപ്പയുടെ അസുഖം കുറഞ്ഞു. ഇപ്പോൾ ഇസ്ലാം ദീനിനെക്കുറിച്ചു മാത്രം സംസാരിക്കുന്നു. അള്ളാഹുവിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ എന്നോട് കല്പിച്ചിരിക്കുന്നു...


 ഖദീജാ .....ഞാനാരെയാണ് ക്ഷണിക്കേണ്ടത് ...? 

ആരാണെന്റെ ക്ഷണം സ്വീകരിക്കുക...? എന്തൊരു ചോദ്യം. എന്തൊരു സ്വരം... ഉമ്മാക്ക് പിടിച്ചു നിൽക്കാനായില്ല. ഉമ്മ പ്രതികരിച്ചതിങ്ങനെ : 


അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിച്ചിരിക്കുന്നു ... 


ഖദീജാ..... സാക്ഷ്യം വഹിക്കൂ ... 


ഉമ്മാക്ക് ഒന്നും ആലോചിക്


കാനില്ല. ഒരാളോടും കൂടിയാലോചിക്കാനില്ല.  ഉപ്പ ഒരു കാര്യം പറഞ്ഞാൽ ഉമ്മാക്ക് പൂർണ്ണ വിശ്വാസം. ഉമ്മ ധീരമായി പ്രഖ്യാപിച്ചു ... 


അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.  ഉപ്പാക്ക് ആശ്വാസമായി.  ഇസ്ലാം മതത്തിലേക്ക് ഒരാളെ കിട്ടിയല്ലോ... ഞങ്ങൾ മക്കൾ നാലു പേർ. ഞങ്ങളും ഉമ്മയെപ്പോലെത്തന്നെയാണ്. ഞങ്ങൾക്കും ഉപ്പയെ പൂർണ്ണ വിശ്വാസം.  ഉപ്പ നബിയാണ്. നബിയാക്കി വെച്ചത് അള്ളാഹു തന്നെ. ഉമ്മയുടെ കൂട്ടുകാരി വരുന്നുണ്ട്. വന്നാലൊരു സ്നേഹപ്രകടനമുണ്ട്. ഈ മോളെ വന്നു കോരിയെടുക്കും, മുത്തം തരും, പിന്നെ കുറെ കിന്നാരവർത്തമാനങ്ങൾ. ഉമ്മുൽ ഫള്ല് അതാണ് ഉമ്മയുടെ കൂട്ടുകാരിയുടെ പേര്. കൂട്ടുകാരി മാത്രമല്ല ബന്ധുവാണ്. വല്യുപ്പാടെ ഭാര്യയാണ്. അബ്ബാസ് എന്നാണ് വല്യുപ്പാടെ പേര്... 


യഥാർത്ഥ വല്യുപ്പയുടെ പേര് അബ്ദുല്ല  എന്നേ മരണപ്പെട്ടു.  ഉപ്പ പോലും കണ്ടിട്ടില്ല.  ആ വല്യുപ്പായുടെ സഹോദരനാണ് അബ്ബാസ്. ഉപ്പയെക്കാൾ അല്പം പ്രായം കൂടും. ഉമ്മുൽ ഫള്ലിന്റെ ആദ്യത്തെ പേര് ലുബാബ. അൽ ഫള്ൽ എന്ന കുട്ടി ജനിച്ച ശേഷം ഉമ്മുൽ ഫള്ൽ എന്ന പേര് കിട്ടി. മറ്റൊരു വല്യുപ്പയുണ്ട്  ആള് ഗജപോക്കിരിയാണ്. മഹാധീരൻ ആരെയും പേടിയില്ല. ഇടക്കിടെ കയറിവരും. ഉപ്പയുടെ സമപ്രായക്കാരൻ. കൂട്ടുകാരെപ്പോലെയാണവർ ആ വല്യുപ്പായുടെ പേര് കേൾക്കണ്ടേ... ? 


ഹംസ  


ഹംസ എന്നവരുടെ ഭാര്യയുടെ പേര് പറഞ്ഞു തരാം സൽമ  ...

നല്ല പേര് ഇല്ലേ ? 

സൽമയെന്ന വല്യുമ്മയെ മോൾക്കിഷ്ടമാണ്. നല്ല നിറം. കാണാനെന്ത് ഭംഗി ... ഇനിയൊരു കാര്യം കൂടി പറഞ്ഞുതരാം ഉമ്മു ഫള്ലും സൽമായും സഹോദരിമാരാണ്. രണ്ടാളും ഉമ്മയുടെ കൂട്ടുകാർ. മൂന്നു പേരും കൂടിയിരുന്ന് വർത്തമാനം പറയാൻ തുടങ്ങിയാൽ സമയം പോവുന്നതറിയുകയേയില്ല ... 


ഉമ്മു ഫള്ൽ വല്യുമ്മ ഇങ്ങെത്തിയല്ലോ ... മോളെ വാരിയെടുത്തു. എന്തൊരു സ്നേഹപ്രകടനം  പൊന്നുമോളേ.... ഫാത്വിമക്കുട്ടി ഉമ്മു ഫള്ൽ ഉമ്മയോട് ചേർന്നിരുന്നു. എന്നിട്ട് പലതും സംസാരിച്ചു...  


അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു ഞാനതിന് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഉമ്മ ദൃഢസ്വരത്തിൽ പറഞ്ഞു.  ഞാനും അത് വിശ്വസിക്കുന്നു. നിങ്ങളുടെ ഭർത്താവ് ഈ ജനതയുടെ പ്രവാചകനാണെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല...


എന്നാൽ പിന്നെ നിനക്കും സാക്ഷ്യം വഹിച്ചു കൂടേ ... ? 


സാക്ഷ്യം വഹിക്കാം ഏതാനും ദിവസത്തിനുള്ളിൽ. ഞാനത് നിർവഹിച്ചു കൊള്ളാം.  മോൾക്ക് സന്തോഷമായി ... ആ വല്യുമ്മയും ഉമ്മയെപ്പോലെ ചെയ്യട്ടെ ...