Wednesday - 22 April, 2026 4-Dhu al-Qadah-1447

ഇത്താത്തമാർ

സൈദ് വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ കേൾക്കുന്നു. അലിയെപ്പോലെ തനിക്കും ഇസ്ലാം മതം സ്വീകരിക്കണം സൈദ് തീരുമാനിച്ചു. തീരുമാനം ഉപ്പയറിഞ്ഞു പിന്നെന്ത് താമസം ... അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു... സൈദിന്റെ പ്രഖ്യാപനം. 


ഉപ്പയുടെ കൂട്ടുകാരനാണ് അബൂബക്കർ (റ) ഇടക്കിടെ വീട്ടിൽ വരും. ഉപ്പായുമായി വളരെ നേരം സംസാരിച്ചിരിക്കും. മക്കളോടൊക്കെ വലിയ ഇഷ്ടം. വലിയ കച്ചവടക്കാരനാണ്. ഇടക്കിടെ യാത്ര ചെയ്യും. മടങ്ങിവന്നാലുടനെ ഉപ്പയെ കാണാനെത്തും. ഒരു ദിവസം മോളൊരു വിവരം കേട്ടു.  അബൂബക്കർ (റ) ഇസ്ലാം മതം സ്വീകരിച്ചു. കേട്ടപ്പോൾ സന്തോഷം തോന്നി. പതിവു പോലെ ഉമ്മു ഫള്ൽ വന്നു. വന്നു കയറിയാൽ ഉമ്മായുമായി സംസാരം തുടങ്ങും. ഇന്നെന്താ മുഖത്ത് വല്ലാത്ത ഗൗരവം ഇന്നെന്താ ഈ മോളോട് കിന്നാരം ചൊല്ലാൻ വരാത്തത്. മോളെ നോക്കി ഒന്നു ചിരിച്ചു. അത്ര തന്നെ  ഉമ്മയുടെ ശബ്‌ദം കേട്ടു മോൾ ശ്രദ്ധിച്ചു ...


ഉമ്മു ഫള്ൽ എനിക്കുശേഷം ഇസ്ലാം മതം സ്വീകരിക്കുന്ന ആദ്യത്തെ സ്ത്രീയാണ് നീ. ആ പദവി നിനക്കുള്ളതാണ്. നിനക്കു തന്നെയാണത് ലഭിക്കേണ്ടത് ...


ഓ...... അപ്പോൾ അതാണ് കാര്യം. മോൾക്ക് പിടികിട്ടി.  ഇസ്ലാം മതം സ്വീകരിക്കാൻ ഒരുങ്ങി വന്നതാണ്. നല്ല കാര്യം തന്നെ ഉമ്മയും ഉമ്മു ഫള്ലും ഉപ്പയുടെ സമീപത്തേക്കു നടന്നു. ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം മതത്തിൽ പ്രവേശിച്ചു. അപ്പോൾ ഉമ്മയുടെ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെ. ഫാത്വിമ മോൾക്ക് നല്ല പരിചയമുള്ള ആളുകളാണ് ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നത്.  എല്ലാ പേരുകളും ഓർത്തു പറയാൻ മോൾക്കു കഴിയും. മോളുടെ ഇത്താത്തമാരെക്കുറിച്ചു കേൾക്കണ്ടേ ... പറഞ്ഞു തരാം ... കേട്ടോളൂ ...


മൂത്ത ഇത്താത്ത സൈനബ്. കാണാനെന്ത് ഭംഗിയാണ്. നല്ല സ്വഭാവം. എല്ലാവരും ഇഷ്ടപ്പെടും. ഇടക്കിടെ വീട്ടിൽ വരുന്ന ഒരാളുണ്ട്. പേര് ഹാല.  ഉമ്മയുടെ സഹോദരിയാണ് ഹാല. അവരുടെ മകനാണ് അബുൽ ആസ്. ഹാലക്ക് മനസ്സിലൊരാഗ്രഹം തന്റെ മകൻ സൈനബിനെ വിവാഹം ചെയ്യണം. ഒരു ദിവസം ഹാല വന്നു ഉമ്മയേയും ബാപ്പയേയും കണ്ടു. വിവാഹക്കാര്യം പറഞ്ഞു. ഉമ്മാക്കും ഉപ്പാക്കും ഹാലയെ വളരെ ഇഷ്ടമാണ്. ഹാലയുടെ മകനേയും ഇഷ്ടമാണ്. അത് കൊണ്ട് വിവാഹത്തിന്ന് ആരും എതിരില്ല. എല്ലാവർക്കും സന്തോഷമേയുള്ളൂ...  


ഈ വീട്ടിൽ നടന്ന ആദ്യത്തെ കല്യാണം. ബന്ധുക്കളൊക്കെ വന്നു. നാട്ടുകാരും അയൽക്കാരും വന്നു. സൈനബ് ഇത്താത്ത അബുൽ ആസിന്റെ ഭാര്യയായി. അബുൽ ആസിന്ന് ഭാര്യയെ വളരെ ഇഷ്ടപ്പെട്ടു. ഇടക്കിടെ രണ്ടു പേരും വീട്ടിൽ വരും. വന്നാൽ എല്ലാവരും കൂടി സ്നേഹപൂർവ്വം സ്വീകരിക്കും. ഒരിക്കൽ അബുൽ ആസ് കച്ചവടത്തിന് വേണ്ടി ദൂരനാട്ടിലെവിടെയോ പോയി. ആഴ്ചകളോളം വീട്ടിലില്ല. അപ്പോഴാണ് ഉപ്പ ഇസ്ലാം മതപ്രചരണം തുടങ്ങിയത്. ഇത്താത്ത ഉമ്മയിൽ നിന്ന് വിവരങ്ങളൊക്കെ അറിഞ്ഞു. അവരുടെ മനസ്സിൽ ഈമാനിന്റെ പ്രകാശം... ഭർത്താവ് മടങ്ങി വരാനൊന്നും ഇത്താത്ത കാത്തു നിന്നില്ല. ഇസ്ലാം മതം സ്വീകരിച്ചു ... ഇതാണ് മൂത്ത ഇത്താത്തയുടെ കഥ. ഇനി ചെറിയ ഇത്താത്തമാരുടെ കഥ കൂടി കേട്ടോളൂ ...


ഒരിക്കൽ അബൂത്വാലിബ് വീട്ടിൽ വന്നു. മോളുടെ വല്യുപ്പയാണ് അബൂത്വാലിബ് എന്നറിയാമല്ലോ ... മറ്റൊരു വല്യുപ്പയാണ്  അബൂലഹബ് ...


അബൂലഹബിന്ന് രണ്ടാൺമക്കളുണ്ട്. ഉത്ത്ബയും ഉത്തൈബയും. ഇവരെക്കൊണ്ട് ഇത്താത്തമാരെ വിവാഹം ചെയ്യിക്കണം. അത് പറയാനാണ് അബൂത്വാലിബ് വന്നത്.   അബൂത്വാലിബാണ് ഉപ്പാനെ സംരക്ഷിച്ചത്. അദ്ദേഹം പറഞ്ഞാൽ ഉപ്പാക്ക് എതിർക്കാൻ കഴിയില്ല. സമ്മതിച്ചു. അക്കാലത്ത് ഇത്താത്തമാർ വളരെ ചെറുതാണ്. എന്നിട്ടും വിവാഹം നടന്നു ...


അബൂലഹബിന്റെ ഭാര്യയുടെ പേർ ഉമ്മു ജമീൽ എന്നായിരുന്നു. അവർ ചീത്ത സ്ത്രീയായിരുന്നു ... 


നബി (സ) ഇസ്ലാം മതം  പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോൾ അബൂലഹബും ഭാര്യയും കഠിന ശത്രുക്കളായി മാറി. ഖുറൈശികൾ അബൂലഹബിനെ ഇങ്ങനെ ഉപദേശിച്ചു ...


ഉത്ത്ബയും ഉത്തൈബയും മുഹമ്മദിന്റെ പെൺമക്കളെ വിവാഹമോചനം നടത്തണം.


അബൂലഹബ് പുത്രന്മാരോട് അവരുടെ ഭാര്യമാരെ വിവാഹമോചനം നടത്താൻ നിർബന്ധിച്ചു.  അങ്ങനെ വിവാഹം മോചനം നടന്നു. ബാല്യദശയിൽ തന്നെ ഇതൊക്കെ നടന്നു. വലിയ ഇത്താത്തമാർ മോളുടെ കൂടെത്തന്നെയുണ്ട്. ഖുറൈശികൾ ഉപ്പയുടെ ശത്രുക്കളായിമാറി. ജീവിതം ദുസ്സഹമായിത്തീർന്നു ...


ഇസ്ലാം മതം വിശ്വസിച്ചവർക്ക് ക്രൂരമർദ്ദനം. മർദ്ദനത്തിന്റെ വിവരണം കേട്ട് പൊന്നു മോളുടെ കൊച്ചു മനസ്സ് വേദനിച്ചു. ദുഷ്ടന്മാർ എന്ത് ക്രൂരതയാണിത് മോൾക്ക് കോപം വന്നു ...