പ്രവാചകനു മരുന്നു നൽകിയതിന്റെ പിറ്റെ ദിവസം പ്രഭാതമായി. നേർത്ത ആശ്വാസം വുളൂഹ് എടുത്തു പള്ളിയിൽ സുബ്ഹ് നിസ്കാരം തുടങ്ങിക്കഴിഞ്ഞു. അബൂബക്കർ (റ) ഇമാമായി നിസ്കരിക്കുന്നു ...
പ്രവാചകൻ ശിരസ്സ് മുറുക്കിക്കെട്ടി. അലി (റ)വിന്റെയും ഫള്ൽ ബ്നു അബ്ബാസ് (റ) വിന്റെയും ചുമലിൽ പിടിച്ചു നടന്നു. പള്ളിയുടെ വാതിൽക്കൽ നബി (സ)യുടെ മുഖം. അസുഖം കുറഞ്ഞിരിക്കുന്നു എന്ന് സ്വഹാബികൾക്കു തോന്നി. നിസ്കാരത്തിലായിരുന്നിട്ടും അവർക്കാഹ്ലാദം. ആ സംഘനിസ്കാരം കണ്ടപ്പോൾ പ്രവാചകനും ആഹ്ലാദം. നിസ്കാരം തുടരാൻ ആംഗ്യം കാണിച്ചു. അബൂബക്കർ (റ) പിന്നോട്ടു മാറാൻ തുടങ്ങുകയായിരുന്നു. പ്രവാചകൻ അതു തടഞ്ഞു. ഇമാമായി തുടരാനാവശ്യപ്പെട്ടു ...
അബൂബക്കർ (റ)വിന്റെ വലതു ഭാഗത്തു നബി (സ) തങ്ങൾ ഇരുന്നു. ഇരുന്നുകൊണ്ടു നിസ്കാരം നിർവഹിച്ചു ... നിസ്കാരത്തിനുശേഷം നബി (സ) ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:
ജനങ്ങളേ തീ കൊളുത്തപ്പെട്ടു കഴിഞ്ഞു. വലിയ കുഴപ്പങ്ങൾ വരാൻ പോകുന്നു. അല്ലാഹുവാണേ സത്യം ഞാനിതിനുത്തരവാദിയല്ല.
അല്ലാഹുവാണെ സത്യം ഖുർആൻ അനുവദനീയമാക്കിയതല്ലാതെ ഞാനൊന്നും അനുവദനീയമാക്കിയിട്ടില്ല. ഖുർആൻ നിരോധിച്ചതല്ലാതെ ഞാനൊന്നും നിരോധിച്ചിട്ടുമില്ല ...
നബി (സ) തങ്ങൾ ആഇശ (റ)യുടെ വീട്ടിലേക്കു മടങ്ങി. സ്വഹാബികൾ ആ പോക്കു നോക്കിനിന്നു. ഇന്നു രോഗത്തിനു ശമനം വന്നതുപോലെയുണ്ട്. എല്ലാവർക്കും ആഹ്ലാദം. സൂര്യൻ ഉദിച്ചുയർന്നു ...
ഫാത്വിമ (റ) പിതാവിനെ കാണാൻ വന്നു. സാധരാണഗതിയിൽ മകൾ വന്നാൽ എഴുന്നേറ്റുചെന്നു കെട്ടിപ്പിടിച്ചു സ്വീകരിക്കും. കവിളിൽ ചുംബിക്കും. തൊട്ടടുത്തു പിടിച്ചിരുത്തി സംസാരിക്കും. ഒരു കൊച്ചുകുട്ടിയെ ലാളിക്കുന്നതുപോലെ പെരുമാറും. ഫാത്വിമ (റ) വന്നു പിതാവിനെ ചുംബിച്ചു. മക്കളെല്ലാം മരിച്ചുപോയി. ഇനി ഈ മകൾ മാത്രമേയുള്ളൂ. എല്ലാവർക്കും കൂടിയുളള സ്നേഹം ഒറ്റ മകൾക്കു നൽകാം...
പിതാവു പുത്രിയെ ലാളിക്കുന്ന രംഗം കുടുംബാംഗങ്ങൾ നോക്കിനിൽക്കുന്നു. പിതാവു മകളുടെ ചെവിയിൽ എന്തോ പറഞ്ഞു. മകൾ പൊട്ടിക്കരഞ്ഞുപോയി ...
അൽപം കഴിഞ്ഞു പിതാവു മറ്റെന്തോ സ്വകാര്യം പറഞ്ഞു. അപ്പോൾ ഫാത്വിമ (റ) പുഞ്ചിരിതൂകി ...
കണ്ടുനിന്നവർക്കു വിസ്മയം എന്തായിരിക്കും ആ രഹസ്യം ... ?
ആഇശ (റ) ഇതിനെപ്പറ്റി ഫാത്വിമ (റ)യോടു ചോദിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ രഹസ്യം വെളിപ്പെടുത്തിക്കൂടെന്നായിരുന്നു ഫാത്വിമ (റ) യുടെ മറുപടി ...
നബി (സ) തങ്ങളുടെ വഫാതിനുശേഷം ഫാത്വിമ (റ)ആ രഹസ്യം വെളിപ്പെടുത്തി ...
ഒന്നാമതായി ചെവിയിൽ മന്ത്രിച്ച രഹസ്യം ഇതാകുന്നു... ഈ രോഗത്തിൽ നിന്നു ഞാനിനി മോചിതനാവുകയില്ല. ഇത് അവസാനത്തെ രോഗമാണ് ...
ഇതു കേട്ടു സങ്കടം സഹിക്കവയ്യാതെ ഞാൻ കരഞ്ഞു. രണ്ടാമത്തെ രഹസ്യം ഇതായിരുന്നു ...
മരണശേഷം എന്നോട് ആദ്യമായി വന്നുചേരുന്ന കുടുംബാംഗം നീയായിരിക്കും. അതു കേട്ടപ്പോഴാണു ഞാൻ ചിരിച്ചത്. സ്വർഗത്തിൽ വനികളുടെ നേതാവായിരിക്കും ഫാത്വിമ (റ) ...
ഫാത്വിമ (റ)യുടെ മക്കളെ കൊണ്ടുവരാൻ പറഞ്ഞു ...
ഹസൻ (റ) ഹുസയ്ൻ (റ) എന്നീ കുട്ടികളെ കൊണ്ടുവന്നു. അവരെ ചേർത്തിരുത്തി ഇളം കവിളുകളിൽ മുത്തം കൊടുത്തു. പിന്നെ അവർക്കു നല്ല ഉപദേശങ്ങൾ നൽകി. പത്നിമാരെയെല്ലാം വിളിച്ചു വരുത്തി. അവർക്കു നല്ല ഉപദേശങ്ങൾ നൽകി. ദുആ ചെയ്തു. വീണ്ടും വേദനയുടെ വേലിയേറ്റം. പിതാവിന്റെ പ്രയാസം കണ്ടു ഫാത്വിമ (റ) കരഞ്ഞു. അപ്പോൾ നബി (സ) മകളെ ആശ്വസിപ്പിച്ചതിങ്ങനെയായിരുന്നു ...
പിതാവിന്റെ എല്ലാ വേദനകളും ഇന്നോടെ തീരും മോളേ... നബി (സ) ശക്തമായ ഭാഷയിൽ ഇങ്ങനെ പറഞ്ഞു:
നിസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. ഗൗരവമായി പരിഗണിക്കുക. നിങ്ങളുടെ അധീനതയിലുള്ളവരുടെ കാര്യവും ശ്രദ്ധിക്കുക ...
അന്ത്യരോഗത്തിൽപെട്ടു കഠിന വേദന സഹിക്കുമ്പോഴും നിസ്കാരത്തിന്റെ കാര്യമാണു നബി (സ)സമുദായത്തെ ഉദ്ബോധിപ്പിച്ചിരുന്നത് ...
ദുനിയാവിലെ ദിവസങ്ങൾ തീരുകയായിരുന്നു. ആ പ്രഭാതത്തിൽ ചെറിയൊരു തെളിച്ചം. രോഗം ഭേദപ്പെടുകയാണെന്നു കൂടിനിന്നവർക്കു തോന്നി. പള്ളിയിൽ തടിച്ചുകൂടിയ ഭക്തജനങ്ങൾക്ക് ആഹ്ലാദം. അബൂബക്കർ (റ) കടന്നുവന്നു സലാം ചൊല്ലി. അല്ലാഹുവിന്റെ അനുഗ്രഹത്താൽ അങ്ങേയ്ക്ക് ഇന്നു നല്ല സുഖമുണ്ട്. ഞാൻ എന്റെ ഭാര്യയുടെ വീടുവരെ ഒന്നു പോയി വരട്ടെ സമ്മതം തരുമോ...? അബൂബക്കർ (റ) സമ്മതം ചോദിച്ചു ...
നബി (സ) സമ്മതം കൊടുത്തു ...
മദീനയുടെ പ്രാന്തപ്രദേശമായ ശുൻഹ് എന്ന സ്ഥലത്താണ് അവരുടെ വീട്. കുറെ നാളായി അങ്ങോട്ടു പോയിട്ട്. അദ്ദേഹം ധൃതിയിൽ അങ്ങോട്ടു തിരിച്ചു ...
ഉമർ (റ) സ്വന്തം വീട്ടിലേക്കു പോയി. തന്റെ ജോലികളിൽ വ്യാപൃതനായി...
അലി (റ)യും സ്ഥലം വിട്ടു ...
ആശ്വാസത്തിന്റെ പ്രഭാതം. കുറെ നാളായി ഉത്കണ്ഠയായിരുന്നു. ഇന്ന് എല്ലാവർക്കും ആശ്വാസം. ഇത് അവസാനത്തിനു മുമ്പുള്ള ഒരു തെളിച്ചം മാത്രമാണെന്ന് അവർ അറിഞ്ഞിരുന്നില്ല. മരണം അടുത്തടുത്തു വരികയായിരുന്നു. മുഖം പ്രസന്നമായിരുന്നെങ്കിലും വേ
ദന ശമിച്ചിരുന്നില്ല. നേരിയ ആശ്വാസം മാത്രം. വേദന വർധിച്ചു ക്ഷീണം കൂടി...
ഒരു പാത്രം തണുത്ത വെള്ളം കൊണ്ടു വരൂ... നബി (സ)തങ്ങൾ ആവശ്യപ്പെട്ടു. തണുത്ത വെള്ളം കൊണ്ടു വന്നു. അതിൽ കൈ മുക്കി മുഖം തടവിക്കൊണ്ടിരുന്നു. ഒരാൾ മിസ് വാക്കുമായി കടന്നുവന്നപ്പോൾ പ്രവാചകൻ അതിലേക്കു നോക്കി. ആഇശ (റ) ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി. മിസ് വാക്കു വാങ്ങി പതം വരുത്തി പ്രവാചകൻ ദന്തശുദ്ധി വരുത്തി. വേദനകൂടിക്കൂടി വരികയാണ്. ശ്വാസം വലിച്ചു തീരുകയാണ് ...
അല്ലാഹുവേ മരണവേദനയുടെ ശക്തി കുറച്ചു തരേണമേ ...
നബി (സ) തങ്ങൾ ആഇശ (റ) യുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു. ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നു ...
അല്ലാഹുവേ നീ അനുഗ്രഹിച്ചവരുടെ കൂടെ ... അമ്പിയാക്കൾ ... സ്വാലിഹീങ്ങൾ, സിദ്ദീഖീങ്ങൾ, ശുഹദാക്കൾ ... ഇവരുടെ കൂടെ .... ഉന്നത സ്ഥാനത്തേക്കു ചേർക്കേണമേ .... അല്ലാഹുവേ .... പൊറുത്തു തരേണമേ ...
കണ്ണുകൾ മേൽപോട്ട് ...
നബി (സ)തങ്ങൾ അത്യാസന്ന നിലയിലാണ്. ശരീരം കനക്കുന്നതായി ആഇശ (റ)ക്കു തോന്നി. വെപ്രാളത്തോടെ ആ മുഖത്തേക്കു നോക്കി. വിറയാർന്ന സ്വരത്തിൽ ആഇശ (റ) ഇങ്ങനെ പറഞ്ഞു:
അല്ലാഹുവാണെ ... അങ്ങേക്കു തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കിട്ടി. ഉന്നതമായത് അങ്ങു തിരഞ്ഞെടുക്കുകയും ചെയ്തു...
നിമിഷങ്ങൾ കടന്നുപോയി ...
അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു. പെട്ടെന്നു ശ്വാസം നിലച്ചു. കൈകൾ കുഴഞ്ഞു. ആഇശ (റ)യുടെ മടിയിൽ തലവച്ചുകൊണ്ടുതന്നെ നബി (സ) വഫാതായി. അന്ത്യപ്രവാചകൻ യാത്രയായി. ഇനിയൊരു പ്രവാചകനില്ല. ഇസ്ലാം ദീൻ പൂർത്തിയായി. ദൗത്യം പൂർത്തിയാക്കി പ്രവാചകൻ കടന്നുപോയിരിക്കുന്നു ...
"ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ"
ആഇശ (റ) തന്റെ മടിയിൽ നിന്നു നബി (സ) തങ്ങളുടെ പുണ്യശിരസ്സ് മെല്ലെ ഉയർത്തി തലയിണയിൽ വച്ചു. മുറിയിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു. ആഇശ (റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തിളങ്ങുന്ന മുഖവുമായി നബി (സ)തങ്ങൾ കട്ടിലിൽ കിടക്കുന്നു. ആഇശ (റ)കട്ടിലിൽ നിന്ന് എഴുന്നേറ്റു. പതറുന്ന പാദങ്ങൾ നിലത്തു വച്ചു മെല്ലെ നടന്നു. സ്ത്രീകളുടെ കൂട്ടത്തിൽ ചേർന്നു. എല്ലാം അസ്തമിച്ചു. പ്രവാചകനിൽ നിന്നു തനിക്കു കിട്ടിക്കൊണ്ടിരുന്ന പ്രത്യേകമായ പദവികൾ എല്ലാം ഓർമകളായി മാറി. അവർ വിതുമ്പി. രോഗം തുടങ്ങിയതു മുതൽ തന്റെ കൈവലയത്തിലായിരുന്നു ലോകാനുഗ്രഹിയായ പ്രവാചകൻ. ഇപ്പോഴിതാ കൈവിട്ടുപോയിരിക്കുന്നു ...
മദീനാപട്ടണം ഒന്നാകെ ഒഴുകിവരും. അറേബ്യ ഒന്നാകെ ഉണരും. ഇവിടെ ജനസമുദ്രമായി മാറും. ഓർക്കാൻ കഴിയുന്നില്ല ... ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം ...
ക്രി.632, ജൂൺ 8.ഹി.11. റബീഉൽ അവ്വൽ 12. തിങ്കളാഴ്ച കാലം മറക്കാത്ത മുഹൂർത്തം ...
മദീനാ പട്ടണം മരവിച്ചു നിൽക്കുന്നു ... എന്താണു തങ്ങൾ കേട്ടത് ... ?
റസൂൽ (സ) വഫാതായി എന്നോ ...?
നബി (സ)തങ്ങൾ മരണപ്പെടുകയോ ... ? അതു സംഭവിച്ചിട്ടുണ്ടോ ... വെറും തോന്നലായിരിക്കുമോ ... ? ഇന്നു രാവിലെ പ്രസന്നമായ മുഖം കണ്ടതാണല്ലോ പള്ളിയിൽ. ജനങ്ങൾ കണക്കില്ലാതെ തടിച്ചുകൂടി. എന്താണു ചെയ്യേണ്ടതെന്ന് അവർക്കറിയില്ല. ഇരുട്ടിൽ തപ്പുന്നവന്റെ അവസ്ഥ. വഴി കാണുന്നില്ല. വിളക്കണഞ്ഞുപോയിരിക്കുന്നു. ചിലർ വാവിട്ടു കരയുന്നു. അതു കാണുമ്പോൾ ദുഃഖം വർധിക്കുന്നു. ഇനി ആരാണു തങ്ങൾക്കു നേതൃത്വം നൽകുക ... ആരു വഴികാണിക്കും ... ? ആരുടെ സവിധത്തിലേക്ക് ഓടിച്ചെല്ലും ... പ്രവാചകനെ കാണാതെ എങ്ങനെജീവിക്കും ...?
കൊടുങ്കാറ്റുപോലെ ഒരാൾ കുതിച്ചുവരുന്നു. ജനംവഴിമാറുന്നു. ധീരനായ ഉമറുബ്നുൽ ഖത്താബ് (റ). നേരെ ആഇശ (റ)യുടെ വീട്ടിലേക്കു കടന്നു ചെന്നു. കട്ടിലിൽ നബി (സ) തങ്ങളുടെ ജനാസ ഒരു തുണികൊണ്ടു മൂടിയിരിക്കുന്നു. മുഖത്തു നിന്നു തുണി മാറ്റി ശാന്തമായ പ്രസന്നവദനം. പെട്ടെന്ന് ഉമർ (റ)വിന്റെ മുഴങ്ങുന്ന ശബ്ദം ...
ഇല്ല... പ്രവാചകൻ വാഫാതായിട്ടില്ല ...
ങേ ... പള്ളിയിലുള്ളവർ ഞെട്ടി നബി (സ) മരണപ്പെട്ടിട്ടില്ലേ ... ? ചിലർക്ക് ആശ്വാസം, പ്രതീക്ഷ ...
റസൂല്ലുല്ലാഹി വഫാതായെന്നു പറയുന്നതു കപടന്മാരാണ്. അവരെ ഞാൻ വെറുതെ വിടില്ല ... നബിതങ്ങൾ ഉണരും എഴുന്നേൽക്കും ...
ഉമർ (റ)പള്ളിയിലൂടെ പാഞ്ഞു നടന്നു. അതു കണ്ടു പലരും ആവേശംകൊണ്ടു. നബി (സ) മരണപ്പെട്ടിട്ടില്ല ഉണരും, എഴുന്നേൽക്കും, ജനങ്ങൾ ആകപ്പാടെ അങ്കലാപ്പിലായി. പ്രവാചകൻ യഥാർത്ഥത്തിൽ മരണപ്പെട്ടിട്ടുണ്ടോ ...? അതോ ബോധമറ്റു കിടക്കുകയാണോ ...? ആശങ്കാകുലമായ നിമിഷങ്ങൾ അപ്പോൾ ദുഃഖകുലനായി ഒരാൾ ഓടിക്കിതച്ചു വരുന്നു...
സയ്യ്ദുനാ അബൂബക്കർ സിദ്ദീഖ് (റ). പള്ളിയിലെ രംഗം കണ്ട് അദ്ദേഹം പകച്ചുനിന്നുപോയി. ജനങ്ങളോട് ഉച്ചത്തിൽ സംസാരിക്കുന്ന ഉമർ (റ). ഭയാശങ്കകളോടെ നോക്കിനിൽക്കുന്ന ജനങ്ങൾ. നേരെ ആഇശ (റ)യുടെ വീട്ടിലേക്കു നടന്നു. ജനാസയുടെ മുഖത്തുനിന്നു വസ്ത്രം മാറ്റി. ജനങ്ങൾ നോക്കി നിൽക്കെ മുഖത്തുനിന്നു തുണി നീക്കി മുഖത്തേക്ക് ഉറ്റുനോക്കി. ചുണ്ടുകൾ വിതുമ്പി കണ്ണുകൾ നിറഞ്ഞൊഴുകി. ദുഃഖപാരവശ്യത്തോടെ ആ കവിളുകളിൽ ചുംബിച്ചു ...
അങ്ങ് എത്ര പരിശുദ്ധൻ ; ജീവിതത്തിലും മരണത്തിലും നബി (സ)തങ്ങളുടെ ശിരസ്സ് കയ്യിൽ താങ്ങി കണ്ടിട്ടുമതി വരുന്നില്ല എന്നിട്ടിപ്രകാരം പറഞ്ഞു:
അല്ലാഹു വിധിച്ച മരണം അങ്ങ് അത് ആസ്വദിച്ചു കഴിഞ്ഞു. ഇനി ഒരു മരണമില്ല ... ശിരസ്സിൽ നിന്നു കൈ മാറ്റി മുഖത്തു തുണി ഇട്ടു പള്ളിയിൽ ശബ്ദം മുഴങ്ങുന്നു ...
അബൂബക്കർ (റ)പള്ളിയിലേക്കു ചെന്നു. എന്നിട്ടു ശബ്ദമുയർത്തിപ്പറഞ്ഞു :
ഉമർ (റ) ശാന്തനാകൂ ...ശാന്തനായിരിക്കൂ ഉമർ അബൂബക്കർ (റ)വിന്റെ ശബ്ദം ഉയർന്നു. എല്ലാവരും ശാന്തരായി. അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കിനിന്നു ജനങ്ങളേ മുഹമ്മദ് നബി (സ)യെ ആരാധിച്ചിരുന്നുവോ ... എങ്കിൽ അറിയുക മുഹമ്മദ് നബി (സ)മരണപ്പെട്ടിരിക്കുന്നു ...
ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിൽ അറിയുക അല്ലാഹു മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനും ആകുന്നു ...
ഇത്രയും പറഞ്ഞ ശേഷം ഒരു ഖുർആൻ വചനം ഉദ്ധരിച്ചു ;
മുഹമ്മദ് ഒരു പ്രവാചകൻ മാത്രം. മുമ്പു പ്രവാചകന്മാർ കടന്നുപോയിട്ടുണ്ട്. പ്രവാചകൻ മരണപ്പെടുകയോ, വധിക്കപ്പെടുകയോ ചെയ്താൽ, നിങ്ങൾ പിന്തിരിഞ്ഞോടുകയോ ...? പിന്തിരിഞ്ഞാൽ അവൻ അല്ലാഹു ഒരു നഷ്ടവും വരുത്തുന്നില്ല. നന്ദി കാണിക്കുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകും. ഈ ആശയം വരുന്ന വിശുദ്ധ ഖുർആൻ വാക്യം കേട്ടതോടെ എല്ലാം സ്തംഭിച്ചുനിന്നുപോയി ... പഠിച്ചുവച്ച വചനമാണ് തക്ക സമയത്ത് ഓർമവന്നില്ല. കേട്ടപ്പോൾ ആദ്യം കേൾക്കുന്നതുപോലെ തോന്നി ...
ഉമർ (റ) വിതുമ്പിക്കരയുന്നു. നബി (സ) തങ്ങൾ വഫാതായിരിക്കുന്നു. ആ സത്യം ഉമർ (റ) മെല്ലെ ഉൾക്കൊള്ളുന്നു. അതോടെ ശക്തി ചോർന്നുപോകുന്നു. തളർന്നിരുന്നുപോയി. മദീനാ പട്ടണം ദുഃഖസാഗരമായി മാറി ...
നബി (സ) തങ്ങളുടെ അടുത്ത ബന്ധുക്കൾ മയ്യിത്തു കുളിപ്പിച്ചു ...
അലിയ്യ് ബ്നു അബീത്വാലിബ് (റ), അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് (റ), അബ്ബാസ് (റ)വിന്റെ പുത്രൻ ഫള്ൽ (റ), മറ്റൊരുപുത്രനായ ഖുസാം (റ),
ഉസാമത് ബ്നു സയ്ദ് (റ) ഇവരൊക്കെ നേതൃത്വം നൽകിയാണു കുളിപ്പിച്ചത്. അലി(റ) ദേഹം കഴുകി. ശരീരത്തിൽ സുഗന്ധം പരക്കുന്നു അതാസ്വദിച്ചുകൊണ്ട് അലി (റ) പറഞ്ഞു:
ജീവിതത്തിലെന്നപോലെ മരണത്തിലും അങ്ങു സുഗന്ധം പരത്തുന്നു ...
കുളിപ്പിച്ചു തീർന്നു. ശരീരത്തിലെ വെള്ളം തുടച്ചു. മൂന്നു തുണികളിൽ പൊതിഞ്ഞു. വമ്പിച്ച ജനാവലി എത്തിയിട്ടുണ്ട്. അവർക്കു മയ്യിത്തു നിസ്കരിക്കണം. ആദ്യം പുരുഷൻമാർക്ക് അവസരം നൽകാം. പള്ളിയുടെ ഭാഗത്തേക്കുള്ള കവാടം തുറക്കപ്പെട്ടു. ആളുകൾ മുറിയിലേക്കൊഴുകി. ഓരോരുത്തരായി മയ്യിത്തു നിസ്കാരം നിർവഹിക്കുന്നു...
പുറത്തു ജനക്കൂട്ടത്തിൽ വലുപ്പം വർധിച്ചുകൊണ്ടിരുന്നു. അവർക്കെല്ലാം നബി (സ) തങ്ങളെ ഒരു നോക്കു കാണാൻ അവസരം നൽകണം. അതിനു ദിവസങ്ങൾ തന്നെ വേണ്ടി വരും. ആദ്യം പുരുഷൻമാർ, പിന്നെ സ്ത്രീകൾ അവസാനം കുട്ടികൾ അങ്ങനെയാണു സന്ദർശനം. സ്വഹാബികൾ യോഗം ചേർന്നു. അബൂബക്കർ (റ)വിനെ നേതാവായി തിരഞ്ഞെടുത്തു...
മുസ്ലിംകളുടെ ഒന്നാമത്തെ ഖലീഫ ...
നബി (സ) തങ്ങൾക്കു രോഗം വന്നപ്പോൾ നിസ്കാരത്തിനു നേതൃത്വം നൽകാൻ കൽപ്പിച്ചത് അബൂബക്കർ സിദ്ദീഖ് (റ) വിനോടായിരുന്നു. അടുത്ത നേതാവ് അദ്ധേഹമാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു ജനം ഒഴുകിവരികയാണ്. കണ്ണീരും തേങ്ങലും നെടുവീർപ്പുകളും ... പകലും രാവും കടന്നു പോയി. ബുധനാഴ്ച സന്ധ്യയായി. സന്ധ്യയോടെ അവസാന കർമ്മങ്ങൾ ആരംഭിച്ചു. നബി (സ) തങ്ങൾ വഫാതായ അതേ മുറിയിൽത്തന്നെ ഖബ്ർ തയ്യാറാക്കി. കുളിപ്പിക്കുന്നതിനു നേതൃത്വം വഹിച്ചവർ തന്നെ ഖബറടക്കൽ കർമത്തിനും നേതൃത്വം വഹിച്ചു. പള്ളിയും പരിസരവും ജനനിബിഡമാണ്. അവർ തങ്ങളുടെ നേതാവിനുവേണ്ടി പ്രാർത്ഥിക്കുന്നു. ദിക്റുകളും വിശുദ്ധ ഖുർആൻ പാരായണം ഭക്തിനിർഭരമായ അന്തരീക്ഷം. നിർത്താതെ സ്വലാത്തു ചൊല്ലുന്നു. എല്ലാം പതിഞ്ഞ ശബ്ദത്തിൽ നടക്കുന്നു. ചുണ്ടുകളുടെ മന്ത്രം...
ലോകാനുഗ്രഹിയായ പ്രവാചകന്റെ ഭൗതിക ശരീരവും അപ്രത്യക്ഷമാകാൻ പോകുന്നു. മരുഭൂമിയിൽ ഇരുട്ടിനു കനം വച്ചു. രാത്രി വളരുകയാണ്. നനയാത്ത കണ്ണുകളില്ല. നീറിപ്പുകയാത്ത ഖൽബുകളില്ല. ലോകചരിത്രത്തിൽ ഇത്രയും ദുഃഖാകുലമായ ഒരു ദിവസമില്ല. ലോകാവസാനംവരെ ഇതുപോലൊരു നാൾ വരാനുമില്ല...
ലോകാനുഗ്രഹിയെന്ന് അല്ലാഹു വിശേഷിപ്പിച്ച പ്രവാചകൻ. മനുഷ്യവർഗത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി. ഇതാ പോകുകയായി ... സമയം പിന്നെയും നീങ്ങി. രണാങ്കണത്തിൽ വീരേതിഹാസം ചമച്ച ധീരസ്വഹാബികൾ ദുഃഖത്തിന്റെ പ്രതീകങ്ങളായി നിൽക്കുന്നു. ജനലക്ഷങ്ങൾ നിശ്ശബ്ദമായി നിൽക്കുന്നു. ശബ്ദമില്ലാത്ത പ്രാർത്ഥന. അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)തങ്ങളുടെ ജനാസ ഖബ്റിലേക്ക് ഇറക്കിവച്ചു. മണ്ണ് ഖബറിലേക്കു നീക്കിയിട്ടു ...
മിൻഹാ ഖലഖ്നാകും വഫീഹാ നുഈദുകും വമിൻഹാ നുഖ്രിജുകും താറതൻ ഇഖ്റാ ...
മണ്ണിൽ നിന്നും നിങ്ങൾ സൃഷ്ടിക്കപ്പെട്ടു മണ്ണിലേക്കു തന്നെ മടക്കം. (അന്ത്യനാളിൽ വിചാരണയ്ക്കു വേണ്ടി) ഒരിക്കൽകൂടി മണ്ണിൽനിന്നും ഉയർത്തെഴുന്നേൽപിക്കപ്പെടും...
ഖബർ മണ്ണുകൊണ്ടു മൂടി. ആഇശ (റ)യുടെ മുറിയിൽ ഒരു ഖബർ രൂപം കൊണ്ടു. കണക്കില്ലാത്ത ജനം. ആ രാത്രിയിൽ തന്നെ ഖബറിടം സന്ദർശിച്ചു. അന്നു തുടങ്ങിയ സന്ദർശനം ഇന്നും തുടരുന്നു. പതിനാലു നൂറ്റാണ്ടുകൾക്കു ശേഷവും സന്ദർശകരുടെ തിരക്കുതന്നെ മദീനാ മുനവ്വറയിലേക്ക് ...