പരുക്കൻ ജീവിതം, അതിനിടയിൽ ഫാത്വിമ (റ) ക്കു രോഗം വന്നു. മേലാസകലം വേദന ശരീരം ക്ഷീണിച്ചു പോയി. പിതാവ് കൂടെക്കൂടെ രോഗവിവരങ്ങൾ അന്വേഷിച്ചു വരും എങ്ങനെയുണ്ട് മോളേ? ഒരിക്കൽ നബിതങ്ങൾ മകളോടു ചോദിച്ചു...
ശരീരം സുഖപ്പെട്ടില്ല. ശരീരത്തിൽ വേദനയുണ്ട് അതുസാരമില്ലെന്നു കരുതാം വീട്ടിൽ ഭക്ഷ്യവസ്തുക്കൾ ഒന്നുമില്ല. അക്കാര്യമാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്. ഫാത്വിമ (റ) യുടെ വേദന നിറഞ്ഞ മറുപടി...
അതിനു പിതാവിൽ നിന്നുണ്ടായ പ്രതികരണം ഇപ്രകാരമായിരുന്നു...
എന്റെ പൊന്നുമോളേ .... എന്റെ മോൾ ലോകത്തിലെ സ്ത്രീകളുടെ നേതാവാണ്. നിന്റെ ജീവിതം എല്ലാവർക്കും മാതൃകയായിരിക്കണം. ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ ക്ഷമിക്കണം. എല്ലാം സഹിക്കുക, ഭർത്താവിനെ അനുസരിക്കുക, നിന്റെ ഭർത്താവിന്റെ കയ്യിൽ ധനം കുറവാണ്. എന്നാൽ ദീനീകാര്യങ്ങളിൽ അദ്ദേഹം ഉന്നതനാണ്. ഉത്തമനായ ഭർത്താവിനെയാണു നിനക്കു ലഭിച്ചത്... പിതാവിന്റെ വാക്കുകൾ മകളെ കോരിത്തരിപ്പിച്ചു. ഇല്ലായ്മയുടെ കഥകൾ ഇനിയൊരാളോടും പറയില്ല. നബി (സ) തങ്ങൾ അലി (റ)നെ ഇങ്ങനെ ഉപദേശിച്ചു:
അലീ ഫാത്വിമയെ വിഷമിപ്പിക്കരുത്. അവളോടു സ്നേഹപൂർവം പെരുമാറണം. പോരായ്മകൾ കണ്ടാൽ ക്ഷമിക്കണം. അലി (റ) ആ ഉപദേശങ്ങൾ പാലിച്ചു വന്നു. ചിലപ്പോൾ ചില്ലറ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകും. അൽപം കഴിയുമ്പോൾ അതു മാറുകയും ചെയ്യും. ഒരു ദിവസം അലി (റ) ഭാര്യയോട് അൽപം പരുഷമായി പെരുമാറി. ഫാത്വിമ (റ)ക്കു സഹിക്കാനായില്ല. പിതാവിന്റെ അടുത്തേക്കു പുറപ്പെട്ടു. ഭാര്യ പുറപ്പെട്ടപ്പോൾ അലി (റ)വിനു വിഷമമായി. നബി (സ)തങ്ങളോടു തന്നെപ്പറ്റി പരാതി പറയുമല്ലോ അതോർത്തപ്പോൾ വിഷമം. വേണ്ടിയിരുന്നില്ല... താനിവിടെ ഇങ്ങനെ ഇരുന്നാൽ പറ്റില്ല. കൂടെച്ചെല്ലാം എങ്ങനെയെങ്കിലും ഭാര്യയെ സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടുവരണം ...
അലി (റ) നടന്നു. നടന്നു നബി (സ)യുടെ വീട്ടിലെത്തി. അപ്പോൾ അകത്തു നിന്നു സംസാരം. ഉപ്പയും മകളും കൂടി സംഭാഷണം. അലി (റ) അവരുടെ മുമ്പിലേക്കു കടന്നു ചെന്നില്ല അവിടെത്തന്നെ നിന്നു ...
അപ്പോൾ നബി (സ) തങ്ങളുടെ വാക്കുകൾ കേട്ടു ...
ഫാത്വിമാ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇതൊക്കെ സാധാരണ സംഭവങ്ങളാണ്. ഭർത്താവിന്റെ സംസാരവും പെരുമാറ്റങ്ങളുമൊക്കെ ഭാര്യയുടെ ഇഷ്ടം നോക്കിയാകണമെന്നില്ല. നീ പിണങ്ങി പോരരുത് ...
ആ വാക്കുകൾ കേട്ടപ്പോൾ അലി (റ) വിനു കടുത്ത ദുഃഖം. അലി (റ) കടന്നു ചെന്നു എന്നിട്ടു ഭാര്യയോടു പറഞ്ഞു:
ഫാത്വിമാ .....ഞാനിനി നിന്നോടു ദേഷ്യപ്പെടുകയില്ല. പിണക്കം മറന്നു ഇണക്കമായി സന്തോഷത്തോടെ മടങ്ങിപ്പോന്നു ...
അലി (റ) മികച്ച കവിയാണ്. ഫാത്വിമ (റ) കവയിത്രിയുമാണ്. ചിലപ്പോൾ സംസാരം കവിതയിലായി മാറും. നബി (സ) തങ്ങളുടെ ശിക്ഷണത്തിൽ വളർന്ന കുട്ടിയാണു ഫാത്വിമ (റ). സംസാരത്തിൽപോലും
നബി (സ)തങ്ങളുടെ പകർപ്പ് ...
അലി - ഫാത്വിമ ദമ്പതികൾക്കു സന്താനങ്ങൾ അഞ്ച് ...
1. ഹസൻ (റ) 2. ഹുസയ്ൻ (റ) 3. മുഹ്സിൻ (റ) 4. സയ്നബ് (റ) 5. ഉമ്മുകുൽസൂം (റ)
മുഹ്സിൻ (റ) ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. മാതാപിതാക്കളെ ഏറെ ദുഃഖിപ്പിച്ച സംഭവം ...
ഹിജ്റ 11 റമളാൻ മാസത്തിലാണ് ഫാത്വിമയുടെ വഫാത്. റസൂൽ (സ) വഫാതിനുശേഷം നബികുടുംബത്തിൽ നിന്നും മരണപ്പെടുന്ന ആദ്യത്തെ ആൾ ഫാത്വിമ (റ) ആയിരുന്നു. നബി (സ) യുടെ പുത്രന്മാർ വളരെ ചെറുപ്പത്തിൽ മരണപ്പെട്ടു. പുത്രിമാർ യൗവനദശയിലും മരണപ്പെട്ടു ...
ഈ ചരിത്രം ഇവിടെ അവസാനിപ്പിക്കുന്നു ...
അൽ ഹംദുലില്ലാഹ് ... ☝️
ലോക സ്ത്രീകളുടെ നേതാവായ നമ്മുടെ ഹബീബിന്റെ കരളിന്റെ കഷ്ണമായ ഫാത്വിമ ബീവി (റ)ക്ക് ഒരു ഫാതിഹ ഓതി ഹദിയ ചെയ്യാൻ താൽപര്യപ്പെടുന്നു ...
【അവസാനിച്ചു】